യുദ്ധവായനകളെ നയിക്കേ@ സന്ദര്‍ഭബോധം

വികലീകരണത്തിന്റെ അറിയപ്പെട്ട രീതിയാണ് കാര്യങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത് അവതരിപ്പിക്കുക എന്നത്. പ്രത്യേക സന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്യപ്പെടുന്ന നിയമങ്ങളും നിര്‍ദ്ദേശങ്ങളും ഏതൊരു ദര്‍ശനത്തിലും കാണാവുന്നതാണ്. അവയെ ആ സന്ദര്‍ഭങ്ങള്‍ക്കനുസൃതമായാണ് വായിക്കേണ്ടത്. സന്ദര്‍ഭങ്ങളെ പരിഗണിക്കാതെയുള്ള വായന ഒരുപക്ഷേ ആ ദര്‍ശനം മുന്നോട്ടുവെക്കുന്ന അടിസ്ഥാന ആശയങ്ങള്‍ക്കു തന്നെ എതിരായി മാറും. ഇസ്‌ലാമിന്റെ കാര്യത്തില്‍ ഇന്ന് സംഭവിക്കുന്നത് അതാണ്.  ഭീകരതയുടെ പ്രത്യയശാസ്ത്ര പരിസരം തേടി വിശുദ്ധ ക്വുര്‍ആന്‍ വായിച്ചവര്‍ കാര്യങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത് അവതരിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. വിശുദ്ധ ക്വുര്‍ആനും
നബിജീവിതവും മുന്നോട്ടുവെക്കുന്ന അടിസ്ഥാന ആശയങ്ങള്‍ക്ക് കടകവിരുദ്ധമായ ചിത്രമാണ്, അവയെ സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിയെടുക്കുമ്പോള്‍ പ്രതിഫലിക്കപ്പെടുന്നത്. അവിടെ പ്രശ്‌നം വായനയുടേതാണ്; വായിക്കപ്പെടുന്നവയുടേതല്ല.
‘സത്യനിഷേധികളെ നിങ്ങള്‍ കണ്ടിടത്തുവെച്ച് കൊന്നുകളയുക, അവരെ ഗളഛേദം ചെയ്യുക, അവരെ മിത്രങ്ങളായി സ്വീകരിക്കാതിരിക്കുക, അവരോടുള്ള മൈത്രീബന്ധങ്ങള്‍ വിഛേദിക്കുക, അവരോട് പരുഷമായി പെരുമാറുകയും അവരെ ഉപരോധിക്കുകയും ഭയപ്പെടുത്തുകയും ബന്ദികളാക്കുകയും ചെയ്യുക’ തുടങ്ങി വിശുദ്ധ ക്വുര്‍ആനില്‍ നിന്നും ഭീകരതയുടെ ‘തെളിവു’കള്‍ നിര്‍ദ്ദരിച്ചെടുത്തവര്‍ ക്വുര്‍ആന്‍ വചനങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തി വായിക്കുകയാണ് ചെയ്തത്. അമുസ്‌ലിംകളോട് പൊതുവെ സ്വീകരിക്കാന്‍ ഇസ്‌ലാം ആവശ്യപ്പെട്ട നിര്‍ദ്ദേശങ്ങളല്ല ഇതൊന്നും. ഇസ്‌ലാമിക രാഷ്ട്രസംവിധാനത്തെ നശിപ്പിക്കാനും രാഷ്ട്രസുരക്ഷയെ അപാ
യപ്പെടുത്താനും ഇറങ്ങിത്തിരിച്ച സത്യനിഷേധികളോടുള്ള നിലപാടുകള്‍ മാത്രമാണവ. അമുസ്‌ലിമാണ് എന്ന കാരണത്താല്‍ ഒരു മനുഷ്യനോടും അത്തരം സമീപനം സ്വീകരിക്കുവാന്‍ ഇസ്‌ലാം ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് അത് ആവശ്യപ്പെടുന്നത് ഏറെ മാനവികമായ സമീപനവും അങ്ങേയറ്റത്തെ സഹവര്‍ത്തിത്വവുമാണ്. നന്മയിലും നീതിയിലും അധിഷ്ഠിതമായ വ്യവഹാരാനുഭവം മാത്രമാണ് അമുസ്‌ലിമിന് മുസ്‌ലിമില്‍ നിന്നും ലഭിക്കേണ്ടത് എന്നതാണ് വിശുദ്ധ ക്വുര്‍ആനിന്റെ സന്ദേശം (ക്വുര്‍ആന്‍ 60:8).
എന്നാല്‍ ആ സഹവര്‍ത്തിത്വത്തില്‍ മാറ്റം സംഭവിക്കുന്നത് അമുസ്‌ലിംകളുടെ നിലപാടിന്റെ അടിസ്ഥാനത്തിലാണ്. അഥവാ ഒരു ഇസ്‌ലാമിക രാഷ്ട്ര സംവിധാനത്തോട് അമുസ്‌ലിംകള്‍ യുദ്ധത്തിലേര്‍പ്പെടുമ്പോള്‍ ആ രാഷ്ട്രത്തിലെ പൗരന്‍മാര്‍ എന്ന നിലക്ക് മുസ്‌ലിംകളുടെ നിലപാടുകളില്‍ മാറ്റം സംഭവിക്കും. അവിടെയാണ് മൈത്രീബന്ധങ്ങള്‍ അവസാനിക്കുന്നത്. ഉപരോധവും പ്രതിരോധവും പ്രത്യാക്രമണങ്ങളും ബന്ദനങ്ങളും പരുഷതയുമെല്ലാം കടന്നുവരുന്നത്. അതു തീര്‍ത്തും സ്വാഭാവികമാണ്. സ്വന്തം രാജ്യത്തോട് യുദ്ധത്തിലേര്‍പ്പെട്ടവരോട് സ്വീകരിക്കേണ്ട പൗരധര്‍മം മാത്രം. മാനവിക വിരുദ്ധമായ ഒരു സമീപനമായി അതിനെ കാണാനാവില്ല. എന്നാല്‍ യുദ്ധസന്ദര്‍ഭങ്ങളില്‍ സ്വീകരിക്കപ്പെടേണ്ട ഈ സമീപനം യുദ്ധം ഇല്ലാതാകുന്നതോടെ അവസാനിക്കുന്നതാണെന്ന വിശുദ്ധ ക്വുര്‍ആന്റെ അദ്ധ്യാപനം പക്ഷെ ഇസ്‌ലാംവിമര്‍ശകന്മാര്‍ മറച്ചുവെക്കുകയാണ് എന്നും പതിവ്. വിശുദ്ധ ക്വുര്‍ആന്‍ അതു വിവരിക്കട്ടെ.
”ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട് അതിനു ശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ‘ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് വരെയത്രെ അത്. അതാണ് (യുദ്ധത്തിന്റെ) മുറ…..” (ക്വുര്‍ആന്‍ 47 : 4)
”എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് ശത്രുതയില്ല.” (ക്വുര്‍ആന്‍ 2 : 193)
”…..എന്നാല്‍ നിങ്ങളോട് യുദ്ധം ചെയ്യാതെ അവര്‍ വിട്ടൊഴിഞ്ഞ് നില്‍ക്കുകയും, നിങ്ങളുടെ മുമ്പാകെ സമാധാനനിര്‍ദേശം വെക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരായി യാതൊരു മാര്‍ഗവും അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല.” (ക്വുര്‍ആന്‍ 4 : 90)
ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമാണ് ഇസ്‌ലാമിക രാഷ്ട്രസംവിധാനം യുദ്ധത്തിലേര്‍പ്പെടേണ്ടത്. ആ സാഹചര്യങ്ങള്‍ ഇല്ലാതാകുന്നതോടെ യുദ്ധാനുമതിയും ഇല്ലാതാകുന്നു. അതോടെ യുദ്ധസന്ദര്‍ഭങ്ങളില്‍ പ്രത്യേകമായി സ്വീകരിക്കപ്പെടുന്ന നിലപാടുകള്‍ക്കും മാറ്റം സംഭവിക്കുന്നു. എന്തു മാനവികവിരുദ്ധതയാണ് ഈ നിലപാടുകളില്‍ ദര്‍ശിക്കാനാവുക? ഭീകരതക്ക് എന്തു പ്രചോദനമാണ് ഈ നിലപാടുകള്‍ സമ്മാനിക്കുന്നത്? യുദ്ധം സംജാതമാകുമ്പോള്‍ ശത്രുവിനെതിരെ ഏതൊരു രാഷ്ട്രത്തിലെയും പൗരന്‍മാര്‍ സ്വീകരിക്കേണ്ട സ്വാഭാവികമായ നിലപാടുകള്‍ മാത്രമാണിത്. ഇസ്‌ലാമിക പ്രമാണങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത്, ഇസ്‌ലാംതമസ്‌കരണ പ്രയത്‌നത്തിലേര്‍പ്പെട്ടവര്‍ എത്ര വലിയ അപരാധമാണ് ആ ദര്‍ശനത്തോട് ചെയ്തുകൊണ്ടിരിക്കുന്നത് എന്നതിന് ഇതിനേക്കാള്‍ വലിയ ഉദാഹരണം ഇനി മറ്റെന്തുവേണം.!