പ്രബോധകന് നിക്ഷിപ്ത താല്‍പര്യങ്ങളില്ല

”അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍
പിന്തിരിഞ്ഞ് പോയതിനെത്തുടര്‍ന്ന് (അതിലുള്ള) ദുഃഖത്താല്‍ നീ
ജീവനൊടുക്കുന്നവനായേക്കാം.”
(വിശുദ്ധ ക്വുര്‍ആന്‍ 18:6)

മുഹമ്മദ് നബി(സ)യുടെ ഒരു മനോവ്യഥയെപ്പറ്റിയാണ് ഈ സൂക്തം പരാമര്‍ശിക്കുന്നത്. മുഖം തിരിക്കാന്‍ സാധ്യമല്ലാത്തവിധം സുവ്യക്തവും സുശക്തവുമായ ദൃഷ്ടാന്തങ്ങള്‍ വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിച്ചിട്ടും യാതൊരു മടിയുമില്ലാതെ അത് അവഗണിച്ചുതള്ളുന്ന ജനങ്ങളുടെ സ്ഥിതിവിശേഷത്തില്‍ പ്രവാചകനുണ്ടായ മനോവേദനയെപ്പള്ളി ക്വുര്‍ആന്‍ ഉണര്‍ത്തുകയാണ്. ജനങ്ങള്‍ സത്യം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതില്‍ നബി(സ)ക്ക് തീവ്രമായ വേദനയുണ്ടായിരുന്നു. സ്വന്തം ജീവന്‍പോലും അപകടപ്പെടുമാറ് തീവ്രമായ മാനസികസംഘര്‍ഷത്തിന് അവിടുന്ന് വിധേയനാവുകയുണ്ടായി. സ്വന്തം ജനതയോട് അടങ്ങാത്ത സ്‌നേഹവും കാരണ്യവും ഗുണകാംക്ഷയും പ്രവാചകന്‍മാരുടെ ഒരു സ്വഭാവമായിരുന്നു. ജനങ്ങളില്‍ സത്യബോധവും സന്മാര്‍ഗനിഷ്ഠയും ഉണ്ടായികാണുക എന്നത് അവരുടെ ജീവിതാഭിലാഷമായിരുന്നു. മനുഷ്യരുടെ ദുര്‍മാര്‍ഗവാസന അവരുടെ ഹൃദയങ്ങള്‍ക്ക് മാറാവ്രണമായിരുന്നു. ജനങ്ങളെല്ലാം സന്മാര്‍ഗികളായി തീരണമെന്ന തീവ്രാഭിലാഷം അവരുടെ ഹൃദയങ്ങളെ അധിനമാക്കിയിരുന്നു.
പ്രവാചകന്‍മാരുടെ അതേ മാനസികാവസ്ഥയാണ് പ്രബോധന്‍മാര്‍ക്കുള്ളത്. ഇസ്‌ലാമിക പ്രബോധനമെന്നത് ആളെ കൂട്ടുന്ന ഏര്‍പ്പാടാല്ല. മറിച്ച് അത് പ്രബോധിത സമൂഹത്തോടുള്ള അടങ്ങാത്ത സ്‌നേഹവും കാരുണ്യവും ഗുണകാംക്ഷയുമാണ്. തങ്ങള്‍ മനസ്സിലാക്കിയ സത്യത്തിലേക്ക് സ്വജനത എത്തിച്ചേരണമെന്ന നനവുള്ള ചിന്ത. അവിടെ സമുദായ വളര്‍ച്ചയോ, പാര്‍ട്ടി ശക്തിപ്പെടുത്തലോ, സംഘടനാവികാസമോ ഒന്നും പ്രബോധകന്റെ ഹൃദയത്തെ സ്വാധീനിക്കുന്നില്ല. കേവലം ജനനന്മ മാത്രമാണ് അവന്റെ ചിന്ത മുഴുവന്‍ വ്യാപിച്ചുകിടക്കുന്നത്. അതല്ല ഭൗതികമായ ലക്ഷ്യങ്ങളാണ് പ്രബോധനത്തിന്റെ ചേതോവികാരമെങ്കില്‍ അതിനെ പാപമായാണ് ഇസ്‌ലാം ഗണിക്കുന്നത്. പ്രവാചകന്‍ (സ) തന്നെ പഠിപ്പിച്ച ഒരു ഹദീഥില്‍ അത് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. മരണാനന്തര ജീവിതത്തില്‍ ആദ്യമായി നരകശിക്ഷക്കു വിധേയരാക്കപ്പെടുന്ന മൂന്നുപേരില്‍ ഒരാള്‍ ക്വുര്‍ആന്‍ പഠിപ്പിച്ചിരുന്ന ഒരു പണ്ഡിതനാണ്. ജനങ്ങള്‍ വേദഗ്രന്ഥം പഠിച്ച് സന്മാര്‍ഗികളാവുക എന്നതിനപ്പുറം ഭൗതികമായ ചില മോഹങ്ങളായിരുന്നു അയാള്‍ക്കുണ്ടായിരുന്നത്. തന്നിമിത്തം അയാള്‍ ദൈവവിചാരണക്ക് വിധേയനാവുകയും അയാളുടെ ഹൃദയത്തില്‍ രഹസ്യമായി സൂക്ഷിച്ച ഭൗതികമോഹം നിമിത്തം നരകശിക്ഷക്ക് പാ
ത്രമാവുകയും ചെയ്തു എന്നതാണ് പ്രസ്തുത ഹദീഥിലൂടെ നബി (സ) പഠിപ്പിച്ചത്. വിശുദ്ധ ക്വുര്‍ആന്‍ ജനങ്ങളെ പഠിപ്പിക്കുന്ന വ്യക്തികളില്‍, ജനങ്ങള്‍ സന്മാര്‍ഗം പ്രാപി
ക്കണം എന്ന ചിന്തയല്ലാതെ മറ്റൊന്നും കടന്നുവരരുത് എന്ന പാഠം ഓരോ ഇസ്‌ലാമിക പ്രബോധകനും ഈ പ്രവാചകാധ്യാപനത്തില്‍ നിന്നും ഉള്‍കൊള്ളേണ്ടിയിരിക്കുന്നു.
ഇസ്‌ലാമിക പ്രബോധനം ഒരു കുറ്റകൃത്യമെന്ന നിലയില്‍ നോക്കികാണുന്ന സ്ഥിതിവിശേഷം വര്‍ത്തമാനകാല ഇന്‍ഡ്യയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്‍ഡ്യന്‍ ജനതയെ മതത്തിന്റെ പേരില്‍ വര്‍ഗീയധ്രുവീകരണത്തിന് വിധേയമാക്കുന്ന ഫാഷിസം ഇസ്‌ലാമിക പ്രബോധനത്തെ ഭയപ്പെടേണ്ട ഒന്നായി കാണാന്‍ ജനങ്ങളെ ബോധവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണ്. മുസ്‌ലിം ജനസംഖ്യയും ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനത്തിന്റെ കണക്കുകളും പെരുപ്പിച്ചു കാണിച്ച് ഹിന്ദുജനസാമാന്യത്തെ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയമാക്കിയെങ്കിലേ തങ്ങളുടെ അധികാരക്കസേര ഉറപ്പിച്ചു നിര്‍ത്താന്‍ പറ്റൂ എന്ന ചിന്താഗതിയാണ് ഫാഷിസത്തിനുള്ളത്. അതുകൊണ്ട് തന്നെ ഓരോ ഹിന്ദുവിന്റെയും മനസ്സില്‍ ഇസ്‌ലാമിക പ്രബോധനം തങ്ങളുടെ അസ്ഥിത്വത്തിനു ഭീഷണിയാണെന്ന ചിന്ത വളര്‍ത്താന്‍ വ്യാപകമായ പരിശ്രമത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണവര്‍. ഇന്‍ഡ്യയെ വിഴുങ്ങാനുള്ള ആസൂത്രിതമായ നീക്കമായി ഇസ്‌ലാമിക പ്രബോധനത്തെ അവര്‍ പരിചയപ്പെടുത്തുന്നു.
ഇസ്‌ലാമിക പ്രബോധനത്തിന്റെ പിറകില്‍ രാഷ്ട്രീയമോ ഭൗതികമോ ആയ യാതൊരു മോഹവും ലക്ഷ്യവും ഇല്ലെന്ന് ഇന്‍ഡ്യന്‍ ജനതയെ ബോധ്യപ്പെടുത്തേണ്ടത് ഓരോ ഇസ്‌ലാമിക പ്രബോധകന്റെയും കടമയായിരിക്കുന്നു. പ്രവാചകരെപ്പോലെ മനുഷ്യരുടെ നന്മയും മോക്ഷവും മാത്രമാണ് പ്രബോധകന്റെയും ഹൃദയവികാരമെന്ന് ജനങ്ങളറിയേണ്ടിയിരിക്കുന്നു. ഇസ്‌ലാമിക മതപ്രബോധനം ആരുടെയും അസ്ഥിത്വത്തിന് ഭീഷണിയല്ലെന്നും മറിച്ച് അത് പരസ്പരം അറിയലും അറിയിക്കലും അടുക്കലും അടുപ്പിക്കലുമാണെന്ന് നാം സമൂഹത്തെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമാണ് പ്രബോധകന്റെ ഗുണകാംക്ഷയെ പ്രബോധിതര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കൂ. സ്വന്തം ജനത സന്മാര്‍ഗപാത പിന്‍പറ്റാത്തതിനാല്‍ അവരോട് അല്‍പംപോലും വെറുപ്പോ വിദ്വേഷമോ അമര്‍ഷമോ ഇല്ലാതിരുന്ന, മനോവേദന മാത്രമുണ്ടായിരുന്ന പ്രവാചകന്റെ (സ) അതേ വികാരമാണ് പ്രബോധകനെയും ഭരിക്കുന്നതെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ ആദ്യം ആ വികാരം പ്രബോധകനിലുണ്ടാകണം. അതിന് രാഷ്ട്രീയമോ സാമുദായികമോ കക്ഷിത്വപരമോ ആയ സങ്കുചിത ചിന്തകള്‍ അവനില്‍ അശേഷം ഉണ്ടാകാന്‍ പാടില്ല. കേവലം ജനനന്മ മാത്രം ലക്ഷം വെച്ചുള്ള ഭൗതികമോഹങ്ങളില്ലാത്ത, രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാത്ത നിഷ്‌കളങ്കവും നിഷ്പക്ഷവുമായ സ്‌നേഹവും കാരുണ്യവും ഗുണകാംക്ഷയും അവനെ അധീനപ്പെടുത്തണം. ആരോപണങ്ങളും കുപ്രചരണങ്ങളും പ്രബോധകന്റെ മുന്നില്‍ അന്നേരം പരാജയപ്പെടുമെന്നതു തീര്‍ച്ച