ദൈവനിഷേധത്തിന്റെ ഊഷരത

ദൈവനിഷേധം കേവലമൊരു അപരാധം മാത്രമല്ല; നിരവധി അപരാധങ്ങളിലേക്ക് വഴിതുറക്കുന്ന വാതായനവും കൂടിയാണത്. മാനവരാശിയില്‍ ധാര്‍മിക-സദാചാരപരമായ പല മൂല്യങ്ങളും നിലനിര്‍ത്തുന്നതില്‍ ദൈവവിശ്വാസം വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. അന്ധവിശ്വാസങ്ങളെയും അത്യാചാരങ്ങളെയും ചൂണ്ടിക്കാണിച്ച് ദൈവവിശ്വാസത്തെ തല്ലാന്‍ വടിയെടുത്തവര്‍ യഥാര്‍ത്ഥത്തില്‍  പ്രകാശസുഷിരങ്ങളെ മറച്ചുപിടിച്ച് ഇരുട്ട് നിലനിര്‍ത്തുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മാനവികതയുടെ പുരോഗതിക്കും സ്വസ്ഥതക്കും വിലങ്ങുതടികളായ അന്ധവിശ്വാസങ്ങളും അത്യാചാരങ്ങളും വാസ്തവത്തില്‍ ദൈവവിശ്വാസത്തിന്റെ ഉല്‍പന്നങ്ങളല്ല. മറിച്ച് മനുഷ്യനിലെ ചൂഷണത്വരയുടെ നിര്‍മിതികളാണവ. ദൈവവിശ്വാസത്തിന്റെ മറവില്‍ ചൂഷണത്തിന്റെ ലോകം കെട്ടിപ്പടുത്ത പുരോഹിതന്‍മാരാണ് അതിന്റെ പാപഭാരം പേറേണ്ടത്. വടിയെടുക്കേണ്ടത് ദൈവവിശ്വാസത്തിനെതിരിലല്ല പൗരോഹിത്യത്തിനു നേരെയായിരിക്കണം.
ദൈവവിശ്വാസം മനുഷ്യനില്‍ സൃഷ്ടിക്കുന്ന ബോധമെന്താണ്? തന്റെ ജീവിതത്തെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന, രഹസ്യപരസ്യ വ്യത്യാസമില്ലാതെ തന്റെ വര്‍ത്തനങ്ങള്‍ മുഴുവനും അറിഞ്ഞുകൊണ്ടിരിക്കുന്ന, മരണാനന്തരം തന്നെ വിചാരണ ചെയ്യുന്ന ഒരു മഹാശക്തി തനിക്ക് മുകളിലുണ്ട് എന്ന ബോധമാണ് ദൈവവിശ്വാസം മനുഷ്യഹൃദയങ്ങളില്‍ സൃഷ്ടിക്കുന്നത്. ഈ ബോധം എങ്ങനെയാണ് മനുഷ്യന്റെ പു
രോഗതിക്കു തടസ്സമാകുന്നത്? അവന്റെ സ്വസ്ഥതയെയും സ്വാതന്ത്ര്യത്തെയും കവര്‍ന്നെടുക്കുന്നത്? ഈ ബോധം മനുഷ്യനെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവനാക്കുകയാണ് വാസ്തവത്തില്‍ ചെയ്യുന്നത്. തന്റെ വാക്കും നോക്കും വികാരങ്ങളും വിചാരങ്ങളും വര്‍ത്തനങ്ങളുമെല്ലാം നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നു തിരിച്ചറിഞ്ഞവനില്‍ രൂപപ്പെടുന്ന ഒരു ശ്രദ്ധയും ശുദ്ധിയും ദൈവവിശ്വാസം മനുഷ്യനില്‍ സൃഷ്ടിക്കുന്നു. ചലനങ്ങളൊപ്പിയെടുക്കുന്ന ഒരു ഛായാഗ്രാഹിക്കു മുന്നിലാണ് താന്‍ നില്‍ക്കുന്നതെന്ന് തിരിച്ചറിഞ്ഞവന്‍ എത്രമാത്രം മാന്യമായി നിലകൊള്ളുന്നുവോ അതിനേക്കാള്‍ ശ്രദ്ധയും സൂക്ഷ്മതയും ഉള്ളവനായിരിക്കും ഹൃദയത്തില്‍ ദൈവവിശ്വാസമുള്ളവന്‍. ദേഹേച്ഛകളുടെ പൂജകര്‍ക്കല്ലാതെ ആ വിശ്വാസം യാതൊരു അലോസരവും സൃഷ്ടിക്കുകയില്ല. അപരന്റെ ജീവിതത്തെ പരിഗണിക്കാത്ത സ്വാര്‍ത്ഥികള്‍ക്കല്ലാതെ ആ വിശ്വാസം പാരതന്ത്ര്യമായി അനുഭവപ്പെടുകയുമില്ല.
അന്ധവിശ്വാസങ്ങളോടും അത്യാചാരങ്ങളോടുമുള്ള നിഷ്‌കളങ്കമായ വെറുപ്പില്‍ നിന്നല്ല ദൈവനിഷേധം രൂപപ്പെട്ടത്. മറിച്ച് മ്ലേച്ഛവും സ്വാര്‍ത്ഥവുമായ രസാസ്വാദനങ്ങള്‍ക്ക് തടസ്സമാണ് ദൈവവിശ്വാസമെന്ന തിരിച്ചറിവില്‍ നിന്നാണ് അത് രൂപപ്പെട്ടത്. നിരീശ്വരവാദവും യുക്തിവാദവുമെല്ലാം ദൈവവിശ്വാസത്തെ തല്ലികൊഴിക്കാന്‍ അന്ധവിശ്വാസങ്ങളെയും അത്യാചാരാങ്ങളെയും ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ദൈവവിശ്വാസത്തിനെതിരില്‍ മനുഷ്യഹൃദയങ്ങളില്‍ ഒരു പ്രക്ഷോഭചിന്ത നട്ടുപിടിപ്പിച്ചെങ്കില്‍ മാത്രമാണ്, ധാര്‍മിക-സദാചാര വിരുദ്ധമായ തങ്ങളുടെ ജീവിത വീക്ഷണങ്ങള്‍ക്ക് ഒരു സാമൂഹിക അടിത്തറ പണിയാനാവുക എന്നവര്‍ക്ക് നന്നായറിയാം. തിന്നുക, കുടിക്കുക, രസിക്കുക, രമിക്കുക എന്നതിനപ്പുറം ജീവിതത്തിന് മറ്റൊരു ലക്ഷ്യവുമില്ലെന്നു വിശ്വസിക്കുന്നവര്‍, തങ്ങളുടെ ഊര്‍ജ്ജം മുഴുവന്‍ ദൈവവിശ്വാസത്തിനെതിരില്‍ ചിലവഴിക്കുന്നില്ലെങ്കിലാണ് അത്ഭുതപ്പെടേണ്ടത്. കാരണം ദൈവവിശ്വാസമാണ് മനുഷ്യന് ധാര്‍മിക-സദാചാര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാനുള്ള കരുത്ത് പ്രധാനം ചെയ്യുന്നത്. അന്ധവിശ്വാസങ്ങളെയും അത്യാചാരങ്ങളെയും മറയാക്കി അതിനെ മനുഷ്യഹൃദയങ്ങളില്‍ നിന്നും തല്ലിക്കൊഴിച്ചാല്‍ മാത്രമാണ് തങ്ങള്‍ സ്വപ്‌നം കാണുന്ന അതിരുകളും നിയന്ത്രണങ്ങളുമില്ലാത്ത സര്‍വതന്ത്രസ്വതന്ത്രമായ രസാസ്വാദനത്തിന്റെ ലോകം പടുത്തുയര്‍ത്താന്‍ അവര്‍ക്കാവുകയുള്ളൂ.
ജീവിതത്തെപ്പറ്റി ഗൗരവകരമായ ലക്ഷ്യബോധവും അച്ചടക്കപരമായ ദിശാബോധവും നല്‍കുന്ന ദൈവവിശ്വാസത്തെക്കാള്‍ എന്തുമികച്ച ജീവിതപദ്ധതിയാണ് യുക്തിവാദത്തിനും നിരീശ്വരവാദത്തിനും മാനവികതക്കുമുന്നില്‍ സമര്‍പ്പിക്കുവാനുള്ളത്? ഈ ചോദ്യത്തിന് ഉത്തരം പറയാതിരിക്കുവാനാണ്  അന്ധവിശ്വാസങ്ങളെയും അത്യാചാരങ്ങളെയും പ്രശ്‌നവല്‍ക്കരിച്ച് യുക്തിവാദികളും നിരീശ്വരവാദികളും അന്തരീക്ഷം ശബ്ദമുഖരിതമാക്കിക്കൊണ്ടിരിക്കുന്നത്. ദൈവനിരീക്ഷണത്തെയും ദൈവവിചാരണയെയും ഭയപ്പെടുന്ന ഒരാളുടെ ജീവിതത്തിനുണ്ടാകുന്ന വിശുദ്ധി, ജീവിതത്തിന് തിന്നുക, കുടിക്കുക, രസിക്കുക, രമിക്കുക എന്നതിനപ്പുറം മറ്റൊരു മാനവുമില്ലെന്ന് വിചാരിക്കുന്ന ഒരാളുടെ ജീവിതത്തിനുണ്ടാകുമോ? ഒരിക്കലുമില്ല. പുരോഗമനം, പരിഷ്‌കാരം, സ്വാതന്ത്ര്യം തുടങ്ങിയ എത്ര സുന്ദരമായ പദങ്ങള്‍കൊണ്ട് മൂടിപൊതിഞ്ഞവതരിപ്പിച്ചാലും യുക്തിവാദവും നിരീശ്വരവാദവും മുന്നോട്ടുവെക്കുന്ന മൂല്യവിരുദ്ധമായ ജീവിതവീക്ഷണത്തിന് ദൈവവിശ്വാസം മാനവികതക്കുമുന്നില്‍ സമര്‍പ്പിക്കുന്ന മൂല്യവത്തായ ജീവിതദര്‍ശനത്തിനുമുന്നില്‍ ഒരിക്കലും പിടിച്ചുനില്‍ക്കാനാവില്ലെന്നതാണ് സത്യം.