ആരാധനകളുടെ അന്തസത്ത ചോരുമ്പോള്‍

നമസ്‌കാരം ഇസ്‌ലാമിലെ സുപ്രധാനമായ ആരാധനയാകുന്നു; ദിനേന അഞ്ചു സന്ദര്‍ഭങ്ങളിലായി വിശ്വാസികള്‍ക്ക് സമയം ക്രമീകരിക്കപ്പെട്ട ആരാധന. നമസ്‌കാരം ഉപേക്ഷിക്കുന്നവര്‍ കഠിനമായ ശിക്ഷക്ക് അര്‍ഹരും മതത്തില്‍ നിന്ന് പുറത്തുപോ
യവരുമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ജനങ്ങള്‍ക്ക് അവരുടെ മതത്തില്‍നിന്ന് പ്രഥമമായി നിര്‍ബന്ധമാക്കിയ കര്‍മമാണ് നമസ്‌കാരം. അവസാനം വരെ ബാക്കിയാവുന്ന കര്‍മവും നമസ്‌കാരമാണ്. (അന്ത്യനാളില്‍) ആദ്യം വിചാരണ ചെയ്യപ്പെടുന്ന കാര്യവും നമസ്‌കാരമായിരിക്കുംഎന്നാണ് നബി () പഠിപ്പിച്ചത്. അത് (നമസ്‌കാരം) ശരിയായാല്‍ മറ്റെല്ലാ കര്‍മങ്ങളും ശരിയായി. അതുമോശമായാല്‍ മറ്റെല്ലാ കര്‍മങ്ങളും മോശമായിഎന്നുകൂടി അവിടുന്ന് പഠിപ്പിക്കുകയുണ്ടായി. നമസ്‌കാരമുപേക്ഷിക്കുന്നവന്‍ മരണാനന്തര ജീവിതത്തില്‍ അല്ലാഹുവിനെ കോപിഷ്ഠനായിട്ടായിരിക്കും കണ്ടുമുട്ടുകയെന്നും അവിടുന്ന് മുന്നറിയിപ്പ് നല്‍കി. ഇത്രയേറെ പ്രാധാന്യം ഇസ്‌ലാം നമസ്‌കാരമെന്ന ആരാധനക്കു കല്‍പിച്ചിട്ടുണ്ട്. നമസ്‌കരിക്കുകയും എന്നാല്‍ ആ നമസ്‌കാരം മുഖാന്തരം നാശം ഏറ്റുവാങ്ങുകയും ചെയ്യുന്നവരെ പറ്റിയാണ് വിശുദ്ധ ക്വുര്‍ആനിലെ ഈ സൂക്തങ്ങള്‍ പരാര്‍മശിക്കുന്നത്. നമസ്‌കാരം കൊണ്ട് നാശം സമ്പാദിച്ചവരുടെ മൂന്ന് അവസ്ഥകളാണ് ഇവിടെ വിവരിക്കപ്പെടുന്നത്. 
ഒന്ന്, ‘തങ്ങളുടെ നമസ്‌കാരത്തെപ്പറ്റി അശ്രദ്ധരാണവര്‍‘. നമസ്‌കാരം പാടേ ഉപേക്ഷിക്കുക, ചിലപ്പോള്‍ മാത്രം നമസ്‌കരിക്കുക, മറ്റുള്ളവരുടെ കൂട്ടത്തിലാകുമ്പോള്‍ മാത്രം നമസ്‌കാരം ശ്രദ്ധിക്കുക, നമസ്‌കാരത്തിന്റെ സമയനിഷ്ഠ പാലിക്കാതിരിക്കുക, നമസ്‌കാരത്തിന്റെ ഘടകങ്ങളും നിബന്ധനകളും പാലിക്കാതിരിക്കുക, പൂര്‍ണമായും അന്യചിന്തകളില്‍ മുഴുകി ബാഹ്യരൂപം മാത്രം നിര്‍വഹിക്കുക, നമസ്‌കാരത്തിലെ പ്രാര്‍ത്ഥനകളും പ്രകീര്‍ത്തനങ്ങളും കേവലം ഒരു ചടങ്ങായി നിരന്തരമായി ചെയ്യുക എന്നുതുടങ്ങി പല കാര്യങ്ങളും ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ തങ്ങളുടെ നമസ്‌കാരത്തെപ്പറ്റി അശ്രദ്ധരായവര്‍ എന്നുപരാമര്‍ശിക്കപ്പെട്ട സൂക്തത്തിന് വ്യാഖ്യാനം നല്‍കിയിട്ടുണ്ട്.
രണ്ട്, ‘ജനങ്ങളെ കാണിക്കുവാനായി പ്രവര്‍ത്തിക്കുന്നവരാണവര്‍‘. ദൈവപ്രീതിയും പ്രതിഫലവും ആഗ്രഹിച്ചുകൊണ്ടു മാത്രമായിരിക്കണം വിശ്വാസികള്‍ നന്മകള്‍ പ്രവര്‍ത്തിക്കേണ്ടത്. സമൂഹത്തിലെ സ്ഥാനവും ജനങ്ങളുടെ അംഗീകാരവും ഭൗതികമായ ലാഭവും ലക്ഷ്യമാക്കി ചെയ്യുന്ന ഏതൊരു ആരാധനയും ഇസ്‌ലാം പാ
പമായാണ് കാണുന്നത്. ബാഹ്യരൂപത്തില്‍ അതു സദ്കര്‍മമായാല്‍ പോലും ദൈവാരാധനയായി അതു വിലയിരുത്തപ്പെടില്ല. മരണാനന്തര ജീവിതത്തില്‍ ആ നന്മകള്‍ക്ക് കനം ഉണ്ടാവില്ല. നമസ്‌കാരമടക്കമുള്ള ഏതൊരു പുണ്യകര്‍മത്തിന്റെയും അവസ്ഥ ഇതുതന്നെയാണ്. തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലവും അംഗീകാരവും സ്രഷ്ടാവില്‍ നിന്നുമാത്രം ആഗ്രഹിക്കുമ്പോള്‍ മാത്രമേ അത് പ്രതിഫലാര്‍ഹമായ പ്രവൃത്തിയാവുകയുള്ളൂ. അല്ലെങ്കില്‍ അത് പാ
പമായിരിക്കും. രിയാഅ്അഥവാ ലോകമാന്യം
എന്നാണ് ഇസ്‌ലാം അത്തരം പ്രവര്‍ത്തനങ്ങളെ വിളിക്കുന്നത്. ജനങ്ങളെ കാണിക്കുക, അവരുടെ ശ്രദ്ധയും അംഗീകാരവും പിടിച്ചുപറ്റുക തുടങ്ങിയ ലക്ഷ്യത്തോടെ ഒരാള്‍ നമസ്‌കരിച്ചാല്‍ അയാള്‍ നമസ്‌കാരം മുഖാന്തരം നാശം സമ്പാദിക്കുന്നവനായി മാറുന്നു എന്നതാണിവിടെ പഠിപ്പിക്കപ്പെടുന്നത്. 
മൂന്ന്, ‘പരോപകാര വസ്തുക്കള്‍ മുടക്കുന്നവര്‍‘. ‘മാഊന്‍ എന്ന അറബി പദത്തിനാണ് പരോപകാര വസ്തുക്കള്‍ എന്ന് ഭാഷാന്തരം നല്‍കിയിട്ടുള്ളത്. അടിസ്ഥാനപരമായി ആളുകള്‍ക്ക് പ്രയോജനമുള്ള ചെറുതും വലുതുമായ എല്ലാ വസ്തുക്കളും ആ പദംകൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നുണ്ട്. അഥവാ സകാത്ത് മുതല്‍ നിസ്സാരമായ ഒരു സൂചി വരെ ആ പദം കൊണ്ട് ഉദ്ദേശിക്കപ്പെടുമെന്നര്‍ത്ഥം. വസ്തുക്കള്‍ മാത്രമല്ല, ഒരാളില്‍ നിന്ന് മറ്റുള്ളവര്‍ക്ക് ലഭിക്കേണ്ട സ്വഭാവവും, നിലപാടും, ഇടപാ
ടും, പെരുമാറ്റവുമെല്ലാം വിശാലാര്‍ത്ഥത്തില്‍ മാഊന്‍ എന്നപദം കൊണ്ട് അര്‍ത്ഥമാക്കുന്നുണ്ടെന്നാണ് ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പക്ഷം. മനുഷ്യനുമുന്നില്‍ സഹവര്‍ത്തിത്വത്തിന്റെ വാതായനം മലര്‍ക്കെ തുറന്നിടാന്‍ മടിക്കുന്ന നമസ്‌കാരക്കാര്‍ക്ക് നാശമായിരിക്കും പരിണിതഫലം എന്നുസാരം. മനുഷ്യനുമുന്നില്‍, മതത്തിന്റെയോ ജാതിയുടെയോ വര്‍ഗത്തിന്റെയോ വര്‍ണത്തിന്റെയോ എന്തിന്റെ പേരിലായാലും സഹവര്‍ത്തിത്വത്തിന്റെ വാതിലുകള്‍ തുറന്നിടാന്‍ മടിക്കുന്നവര്‍ എത്ര തീവ്രമായ ദൈവാരാധനയില്‍ മുഴുകിയാലും അവന് നാശമല്ലാതെ മറ്റൊരു പ്രതിഫലവുമില്ല. ദൈവത്തിന്റെ പേരില്‍ മനുഷ്യനെ മനുഷ്യന്‍ ശത്രുവായി കാണാന്‍ പഠിപ്പിക്കപ്പെടുന്ന വര്‍ത്തമാനകാലത്ത് വിശുദ്ധ ക്വുര്‍ആനില് ഈ സൂക്തം എത്രമാത്രം പ്രസക്തമാണ്.