സ്വാതന്ത്ര്യസമരത്തിലെ ‘ജിഹാദികള്‍’

ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സൈന്യം ദൈവപ്രീ
തി കാംക്ഷിച്ച് ത്യാഗമനോഭാവത്തോടെ സമൂഹനന്മക്കുവേണ്ടി നടത്തുന്ന സായുധ പോ
രാട്ടമാണ് ഇസ്‌ലാമിക പാരമ്പര്യത്തില്‍ ജിഹാദ് എന്ന പ്രയോഗത്തിന്റെ പ്രധാനപ്പെട്ട വിവക്ഷ. മധ്യകാല മുസ്‌ലിം ഭരണകൂടങ്ങളെ നിലംപരിശാക്കിയാണ് പല ഉത്തരേന്ത്യന്‍ പ്രവിശ്യകളും ബ്രിട്ടീഷുകാര്‍ കീഴടക്കിയത്. ഇന്‍ഡ്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരില്‍ സ്വാതന്ത്ര്യസമരജ്വാല ഉയര്‍ന്നുവന്നത് ഈ പശ്ചാതലത്തില്‍ മുസ്‌ലിം ബുദ്ധിജീവികള്‍ ഹിന്ദുക്കളും മുസ്ലിംകളുമാകുന്ന ഇന്‍ഡ്യക്കാരുടെ വിമോചനത്തിനുവേണ്ടി നടത്തിയ ജിഹാദാഹ്വാനങ്ങളിലൂടെയാണ്. ഇസ്‌ലാമോഫോബിയയുടെ ഉന്മാദത്തില്‍ വിറക്കുന്ന നമ്മുടെ ‘ദേശീയത’ ഇപ്പോള്‍ കുതറാന്‍ ശ്രമിക്കുന്നത് അതിന്റെ വേരുകളില്‍ നിന്ന് തന്നെയാണ്.
അല്ലാമാ മുഹമ്മദ് ഇസ്ഹാഖ് ഭട്ടിന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആദ്യത്തെ സായുധ പോരാട്ടം നടത്തിയത് 121 വര്‍ഷക്കാലം നീണ്ടുനിന്ന  ജിഹാദി പ്രസ്ഥാനമാണ്. മുസ്‌ലിം  പണ്ഡിതന്മാരുടെ ശക്തമായ മാര്‍ഗനിര്‍ദേശങ്ങളോടെ മാതൃരാജ്യത്തിന്റെ വിമോചനത്തിനു വേണ്ടി ഇന്‍ഡ്യയുടെ നാനാ ഭാഗങ്ങളിലായി നടത്തപ്പെട്ട ആദ്യകാല വിമോചന പോരാട്ടങ്ങളെ നിസ്സാരവല്‍ക്കരിക്കുവാനും അതിന്റെ ആഴവും വ്യാപ്തിയും കുറച്ചുകാണിക്കുവാനും
ബ്രിട്ടീഷ് പാദസേവകരായ ചരിത്രകാരന്മാരും ഭരണകൂടങ്ങളും എന്നും ശ്രമിച്ചിട്ടുണ്ട്.
ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തില്‍ സിംഹഭാഗവും വ്യക്തമായ വഞ്ചനയിലൂടെ കച്ചവടക്കാരായി വന്ന് കവര്‍ച്ചക്കാരായി മാറിയ ബ്രിട്ടീഷുകാര്‍ അധീനപ്പെടുത്തി എങ്കിലും മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായ ഡല്‍ഹിയെ സ്വന്തമാക്കാന്‍ 1803 വരെ അവര്‍ക്കു കാത്തുനില്‍ക്കേണ്ടി വന്നു. മുഗള്‍ ഭരണത്തോട് ബന്ധവും വിധേയത്വവും പു
ലര്‍ത്തിയിരുന്ന ഡല്‍ഹി നിവാസികള്‍ക്ക് ഇത് സഹിക്കാനാവാത്ത പ്രഹരമായിരുന്നു. കാരണം ഇന്‍ഡ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ബ്രീട്ടീഷ് മേല്‍ക്കോയ്മയില്‍ വന്നപ്പോഴും ഡല്‍ഹി മുഗള്‍ സാമ്രാജ്യത്തിന്റെ ഭാഗമാണെന്നും അത് വെളളക്കാര്‍ക്കു കീഴില്‍ വരില്ലെന്നുമുളള ഒരു ആത്മവിശ്വാസം ഡല്‍ഹി നിവാസികള്‍ക്കുണ്ടായിരുന്നു.
ഇവിടെ മുതലാണ് മഹാപണ്ഡിതനും
ചിന്തകനും ഇന്‍ഡ്യയിലെ ഇസ്‌ലാമിക നവജാഗരണത്തിന്റെ ശില്‍പികളിലൊരാളും ആയിരുന്ന ഷാവലിയുല്ലാഹിദ്ദഹ്‌ലവിയുടെ പുത്രന്‍ ഷാ അബ്ദുല്‍ അസീസും അനന്തരവനായ ഷാഹ് മുഹമ്മദ് ഇസ്മായിലും തങ്ങളുടെ പിതാവ് കാണിച്ചുവെച്ച പ്രകാശത്തെ കൂടുതല്‍ ശക്തിയോടെ പ്രസരിപ്പിക്കാന്‍ തുടങ്ങിയത്. ഇരുവരും തങ്ങളുടെ കീഴിലുണ്ടായിരുന്ന മതചിന്താ പ്രസ്ഥാനത്തെ ബ്രീട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ വേദിയാക്കി മാറ്റി. വിശ്വാസപരമായി ജനങ്ങളെ സംശുദ്ധീകരിക്കുന്നതോടൊപ്പം തന്നെ രാജ്യത്തിന്റെ സ്വാതന്ത്യത്തിനു വേണ്ടി ‘ജിഹാദ്’ നടത്തുവാനും അവര്‍ ജനങ്ങളോടാവശ്യപ്പെട്ടു.
ഷാഹ് അബ്ദുല്‍ അസീസ്, സയ്യിദ് അഹ്മദ്, മൗലവി അബ്ദുല്‍ ഹയ്യ് എന്നിവരുടെ നേതൃത്വത്തില്‍ അവരുടെ ബ്രിട്ടീഷ് വിരുദ്ധ ജിഹാദി പ്രസ്ഥാനം രൂപം
കൊണ്ടു. ഇസ്‌ലാമിക പ്രമാണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് സ്വാതന്ത്ര്യപ്പോരാട്ടത്തിന് ഇവര്‍ ജനങ്ങളെ ഉല്‍ബുദ്ധരാക്കി. കൂടാതെ വിവിധ നാട്ടുപ്രമാണിമാരില്‍ നിന്നും രാജാക്കന്മാരില്‍ നിന്നും പിന്തുണയും ആവശ്യപ്പെട്ടു.
ബ്രിട്ടീഷുകാരോട് ജിഹാദിനൊരുങ്ങിയ വടക്കേ ഇന്‍ഡ്യന്‍ മുസ്‌ലിം പണ്ഡിതന്‍മാര്‍ സമൂഹത്തോട് പറഞ്ഞു: ‘നിങ്ങള്‍ ഈ പോരാട്ടത്തില്‍ ഞങ്ങളുടെ കൂടെ നില്‍ക്കണം. നമുക്കിവരെ (ബ്രിട്ടീഷുകാരെ) ഇവിടെ നിന്ന് ആട്ടിപ്പുറത്താക്കണം. ഒറ്റക്കു നിന്നാല്‍ അതിനു സാധിക്കുകയില്ല. മറിച്ച് നമ്മള്‍ ഒന്നിക്കണം’. ഈ ആവശ്യത്തില്‍ ആകൃഷ്ടരായി പല രാജാക്കന്‍മാരും കൂടെ ചേര്‍ന്നു. അവരില്‍ പ്രധാനിയായിരുന്നു പഞ്ചാബിലെ രഞ്ജിംത് സിംഗ്. അദ്ദേഹം ഈ മുസ്‌ലിം പണ്ഡിതന്‍മാരോട് ചോദിച്ചു, ‘ബ്രിട്ടണുമായി പോരാടാന്‍ നിങ്ങളുമായി ഒരുമിച്ചു നിന്നാല്‍, പോരാട്ടത്തിനു ശേഷം പിടിച്ചെടുത്ത രാജ്യങ്ങളും ഭൂമിയും നിങ്ങളുമായി പങ്കുവേക്കേണ്ടി വരില്ലേ?’ അപ്പോളവര്‍ പറഞ്ഞു: ‘വേണ്ട, ഞങ്ങള്‍ക്ക് അധികാരമോ കിരീടമോ വേണ്ട. ഒന്നുമാത്രം മതി, ബ്രിട്ടീഷുകാരെ ഇവിടെ നിന്ന് പുറത്താക്കണം. അത് ഞങ്ങളുടെ മതപരമായ ബാധ്യതകൂടിയാണ്.’ രഞ്ജിത് സിംഗ് ഇവരില്‍ ആകൃഷ്ടനായി. അദ്ദേഹം ഇവര്‍ക്ക് സൗകര്യത്തിനു വേണ്ടി കുറച്ചു ഭൂമിയും മറ്റു സൗകര്യങ്ങളും നല്‍കിയെങ്കിലും ഈ പണ്ഡിതന്‍മാര്‍ അവ സന്തോഷപൂര്‍വ്വം നിരസിച്ചു. ജിഹാദിന് മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് അമുസ്ലിം ഭരണാധികാരികളുടെ വരെ പിന്തുണ ലഭിച്ച സുവര്‍ണ കാലമായിരുന്നു അത്.
അങ്ങിനെയാണ് 1826 ല്‍ ബ്രിട്ടീഷുകാരുമായി ഡല്‍ഹിയില്‍  മുസ്‌ലിംകളുടെ നേതൃത്വത്തില്‍ സായുധ പോരാട്ടം നടന്നത്.  ഇതില്‍ ഇന്‍ഡ്യക്കാര്‍ പരാജയപ്പെട്ടെങ്കിലും ലക്ഷ്യം നേടിയെടുക്കാനുളള ദൗത്യത്തില്‍ നിന്ന് അവര്‍ പിറകോട്ട് പോയില്ല. ‘ജിഹാദികള്‍’ നേതൃത്വം നല്‍കിയ ഈ ബ്രിട്ടീഷ് വിരുദ്ധ കാംപെയ്‌നിന്റെ പൊട്ടിത്തെറിയായി  1857 ലെ ഒന്നാം സ്വാതന്ത്യ സമരപോരാട്ടത്തെ വായിക്കാവുന്നതാണ്. ഇന്ത്യാ ചരിത്രത്തില്‍ ശിപായി ലഹളയെന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിക്കുന്ന 1857 ലെ ഒന്നാം സ്വാതന്ത്യസമരത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ നടേ പറഞ്ഞ മുസ്‌ലിംകള്‍ അദ്വിതീയമായ പങ്കാണ് വഹിച്ചിട്ടുളളത്. അവസാനത്തെ മുഗള്‍ ഭരണാധികാരിയായ ബഹദൂര്‍ഷ സഫറും വിവിധ മുസ്ലിം പണ്ഡിതന്‍മാരും മതമൈത്രിയുടെ സന്ദേശവാഹകരും ബ്രീട്ടീഷ് വിരുദ്ധ വികാരത്തിന്റെ ധ്വജവാഹകരുമായിരുന്നു. ഇന്ത്യന്‍ പട്ടാളത്തിന്റെ ഹൃദയത്തില്‍ ആത്മാഭിമാനത്തിന്റെയും ബ്രിട്ടീഷ് വിരുദ്ധ വികാരത്തിന്റെയും വിത്ത് പാകിയത് ജിഹാദി പ്രസ്ഥാനമാണ്.
1857ല്‍ ഒരേ സമയം നേട്ടവും മുറിവുകളും സമ്മാനിച്ച ഒന്നാം സ്വ്യതന്ത്യ സമരത്തില്‍ ഇന്ത്യക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പോരാട്ടത്തില്‍ പങ്കെടുത്തവരെ നാടു കടത്താനാണ് വെളളക്കാര്‍ തീരുമാനിച്ചത്. ‘കാലാപാനി’യിലേക്കായിരുന്നു നാടുകടത്തിയത്. ‘കാലാപാനി’ എന്ന സംജ്ഞാനാമം കൊണ്ട് വിവക്ഷിക്കുന്നത് അന്തമാന്‍ ദ്വീപു
സമൂഹത്തെയാണ്. ഒരു രാജ്യത്തിന്റെയും ഭാഗമല്ലാതെ സ്ഥല നാമങ്ങളില്ലാതെ കിടന്ന ദ്വീപുകള്‍. ശരീരവും മനസ്സും ഭൂമിക്കു മുന്നില്‍ തുറന്നുവെച്ച് പച്ച മാംസവും മല്‍സ്യവും കഴിക്കുന്ന കാട്ടാളന്മാര്‍ കാട്ടിലെ മൃഗങ്ങളെപ്പോലെ  ആക്രമണകാരികളായ ജീവികളെപ്പോലെ കാണപ്പെട്ട അന്തമാനെ ഒരു നാഗരികതയാക്കി മാറ്റിയെടുക്കുന്നതില്‍ ബ്രിട്ടീഷുകാരുടെ പ്രധാന ആയുധം ഇന്ത്യക്കാരായ സ്വാതന്ത്യസമര സേനാനികളുടെ വിയര്‍പ്പും രക്തവുമാണ്.
1858 മാര്‍ച്ച് 10 ന് എസ്. എസ്.സെമിറാസിസ് എന്ന കപ്പല്‍  തുറമുഖത്ത് നങ്കൂരമിട്ടു. 200 തടവുകാരായിരുന്നു ഈ കപ്പലില്‍. രാജാക്കന്മാര്‍, സാഹിത്യകാരന്മാര്‍, കവികള്‍, അധ്യാപകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, നേതാക്കന്‍മാര്‍, നാട്ടുരാജാക്കന്മാരുടെ സേനാപതികള്‍, ബ്രിട്ടനെതിരെ  പോരാടിയ ഇന്ത്യന്‍ ഭടന്മാര്‍, സമുദായ നേതാക്കള്‍… ഇവരില്‍ ഭൂരിപക്ഷവും മുസ്‌ലിംകളായിരുന്നു.  മുസ്ലിംകളുടെ ബ്രിട്ടീഷ് വിരുദ്ധ ക്യാംപയിനിനോടുളള കലി തീര്‍ക്കലായിരുന്നു ഈ നാടുകടത്തലില്‍ മുസ്‌ലിംകളുടെ എണ്ണത്തിന് ‘മുന്‍ഗണന’ നല്‍കാനുളള ബ്രിട്ടീഷ് ചോദനം. അങ്ങിനെ ഓരോരുത്തരായി ഇറങ്ങി.
പാണ്ഡിത്യവും പ്രവര്‍ത്തനവും കൊണ്ട് എന്നും ബ്രിട്ടഷ് സര്‍ക്കാരിന് തലവേദനയായിരുന്ന  മുസ്‌ലിം നേതാക്കളെ തിരഞ്ഞു പി
ടിച്ച് തടവിലാക്കാന്‍ അവര്‍ മറന്നില്ല. അവരില്‍ പ്രധാനികളായിരുന്നു ഡല്‍ഹിയില്‍ നിന്നുളള മൗലാന മുഹമ്മദ് ജഅ്ഫര്‍ താനേശാരി, പഞ്ചാബില്‍ നിന്നുളള ഷേര്‍ അലി, മൗലാനാ ഫസലുല്‍ ഹഖ് ഖൈറാബാദി, മൗലവി അഹ്മദുളളാഹ്, അബ്ദുള്‍ ഗഫ്ഫാര്‍, ഖാസി മിയാന്‍ ജാന്‍, മുഹമ്മജ് ഷഫിഖ്, മൗലാനാ അബ്ദുല്‍ റഹീം സാദിഖ് പൂരി, മൗലാനാ നാസിറിദ്ദീന്‍, മൗലവി യഹ്‌യ അലി, അബ്ദുല്‍ ഖാദര്‍ ചൗധരി, ഹുസൈന്‍ മുന്‍ഷി, അജിമുല്ലാ ഖാന്‍ എന്നിവര്‍.
ഒരു മനുഷ്യന് സഹിക്കാവുന്നതിലപ്പുറം ആയിരുന്നു അന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ തടവുകാര്‍ അനുഭവിച്ച ശിക്ഷാമുറകള്‍. പിടിക്കപ്പെട്ട തടവുകാരനെ ആദ്യം നിലത്തു കിടത്തും. എന്നിട്ട് ഒരു പട്ടാളക്കാരന്‍ കനലില്‍ ചൂടാക്കിയ സൂചി കൊണ്ടു വരും. മറ്റു പട്ടാളക്കാര്‍ അവന്റെ കൈകാലുകള്‍ പിടിച്ചമര്‍ത്തും. എന്നിട്ട് സൂചി നെറ്റിയിലമര്‍ത്തി അവന്റെ ശിക്ഷാ വിധിയുടെ പകര്‍പ്പ് അവിടെ എഴുതിവെക്കും. പേര്, കോടതിയുടെ ഉത്തരവ് നമ്പര്‍, കുറ്റം ചുമത്തിയ വകുപ്പ്, ശിക്ഷയുടെ കാലാവധി, ശിക്ഷ ആരംഭിക്കുന്ന തീയ്യതി എന്നിവ നെറ്റിയില്‍ എഴുതിവെക്കുന്നതിനു പുറമെ മുന്‍കയ്യിലും കൊത്തിവെക്കും. അവിടം മുതല്‍ അവന്റെ ഔദ്യോഗിക ശിക്ഷ ആരംഭിച്ചു. രാപ്പകലില്ലാത്ത അധ്വാനം, ശരീരത്തില്‍ മുറിവേല്‍പ്പിക്കല്‍, ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളായ വെളളം, ഭക്ഷണം, വസ്ത്രം എന്നിവയുടെ നിഷേധം തുടങ്ങിയവയാണ് പ്രധാന ശിക്ഷാ രീതികള്‍. പകല്‍ നീണ്ട കൂലിയില്ലാത്ത അധ്വാനത്തിനു ശേഷം അവശനായെത്തുന്ന തടവുകാരന് ഭക്ഷണം വേണമെങ്കില്‍ കൂടുതല്‍ നടപടി ക്രമങ്ങള്‍ ആവശ്യമാണ്. അതിനുശേഷം കിട്ടുന്നതോ, ഒരു നിലക്കും വായില്‍ വെക്കാന്‍ പറ്റാത്ത അത്ര ദുഷിച്ചത്. അതും വയറു നിറക്കാന്‍ തികയാത്തത്. ഉറക്കത്തിന്റെ കാര്യത്തിലും അവസ്ഥ തഥൈവ. ആകാശം മേല്‍ക്കൂരയായുളള ഒരു നിരത്തില്‍ പരസ്പരം കാലുകള്‍ ചങ്ങലകള്‍ കൊണ്ട് പൂട്ടിയ നിലയില്‍ നിരത്തികിടത്തുന്നു. കൈകളും പരസ്പരം ബന്ധിക്കപ്പെടുന്നു. രാത്രിയില്‍ ഒരാള്‍ക്ക് എന്തെങ്കിലും ആവശ്യത്തിന് എണിക്കേണ്ടി വന്നാല്‍ മറ്റുളള മുഴുവന്‍ ആളുകള്‍ക്കും കൂടെ എഴുന്നേല്‍ക്കേണ്ടി വരുന്ന വല്ലാത്തൊരു ഭീകരാവസ്ഥ. മരിക്കുന്നുമില്ല, ജീവിക്കുന്നുമില്ല; അങ്ങിനെ ഒരു ജീവിതം. കാലാപാനിയില്‍ അതിഭീകരമായി പീഡിപ്പിക്കപ്പെട്ട ബ്രിട്ടീഷ് വിരുദ്ധ ജിഹാദികളുടെ കൂടി ചോരയും നീരുമായിരുന്നു ഇന്‍ഡ്യന്‍ സ്വാതന്ത്ര്യം. രാജ്യസ്‌നേഹമുള്ളവര്‍ അതോര്‍ക്കുന്നത് നല്ലതാണ്, ഫാഷിസം കൊലവിളി പരസ്യമാക്കുന്ന യുഗസന്ധിയില്‍ വിശേഷിച്ചും.