വിദ്യാഭ്യാസരംഗത്തെ നോക്കുകുത്തികള്‍

ഫെബ്രുവരി ലക്കം സ്‌നേഹസംവാദം കവര്‍‌സ്റ്റോറി (മതവിദ്യാഭ്യാസം സ്വകാര്യ-സര്‍ക്കാര്‍ സ്‌കൂളുകളില്‍) ശ്രദ്ധേയമായി.
മുസ്‌ലിം ജനതയുടെ വിദ്യാഭ്യാസരംഗത്തെ വളര്‍ച്ച കണ്ട് സ്തംഭിച്ചു നിന്നവരെല്ലാം തിരിച്ചടിച്ചു തുടങ്ങിയിരിക്കുകയാണ്. മതപരമായ വളര്‍ച്ചക്ക് മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാരണമാവും എന്ന ഭയമാണ് അവരെ ഉണര്‍ത്തിയത്. ‘ശഹാദ’ എന്ന ഒരു വാക്കില്‍ തൂങ്ങിപ്പിടിച്ചുകൊണ്ട് അവര്‍ക്ക് ഇത്രയും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് അത്ര അത്ഭുതകരമായ കാര്യമൊന്നുമല്ല. ഇതിലും തരംതാഴ്ന്ന രീതികള്‍ അനേകമുണ്ട് ഇനിയും. പൂര്‍ണമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന സമുദായത്തില്‍ നിന്നും ഇത്രയും അധികം വളരാനുള്ള പ്രചോദനമായ വ്യക്തികളുടെ പരിശ്രമം ഒന്നുകൊണ്ടു മാത്രമാണ് ഇന്ന് കേരളത്തിലെ മുസ്‌ലിം ജനത ഇത്തിരിയെങ്കിലും സന്തോഷിക്കുന്നത്.
ആദ്യ സ്വകാര്യ സ്‌കൂളുകളുമായി മുന്നോട്ടുവന്ന ക്രൈസ്തവര്‍ അത് അവരുടെ മതപരമായ കാര്യങ്ങള്‍ക്കായി വിനിയോഗിച്ചപ്പോഴും, ഡോ. പല്‍പുവിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുവിനെ മുന്‍നിര്‍ത്തി ഈഴവവിദ്യാഭ്യാസത്തിനായി പരിശ്രമിച്ചപ്പോഴും മുസ്‌ലിംകള്‍ എന്നൊരു ജനത ഈ സമൂഹത്തില്‍ ജീവിച്ചിരിപ്പുണ്ട് എന്നത് വെറും മിത്തായി മാത്രം നിലകൊണ്ടു. വിദ്യാഭ്യാസത്തില്‍ നിന്നും വിദൂരരാക്കപ്പെട്ട അവര്‍ണര്‍ക്ക് ഒരു ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയും ഉള്‍ക്കൊണ്ടിട്ടില്ലാത്ത ഇസ്‌ലാം മതം ഒരു അഭയകേന്ദ്രമായി അനുഭവപ്പെട്ടു. ഇസ്‌ലാം മതം അവരെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത് മുസ്‌ലിംകളുടെ എണ്ണത്തില്‍ വര്‍ധനവുവരുത്തും എന്നതില്‍ ഭരണാധികാരികള്‍ ഭീതി പു
ലര്‍ത്തി. ഈ ഭയം 1910ഓടുകൂടി അയിത്തജാതികള്‍ക്കുള്ള വിദ്യാഭ്യാസ സംരംഭങ്ങളായി പുനര്‍ജനിച്ചു. ഇസ്‌ലാം മതത്തിന്റെ പവിത്രതയാണ് വിദ്യാഭ്യാസരംഗത്തുപോലും വലിയ തോതിലുള്ള മാറ്റങ്ങള്‍ വരുത്തിയത് എന്ന് ചുരുക്കത്തില്‍ പറയാം.
വക്കം അബ്ദുല്‍ ക്വാദിര്‍ മൗലവിയുടെയും സീതി സാഹിബിന്റെയും സി.എച്ച് മുഹമ്മദ് കോയയുടെയും എല്ലാം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കണ്ട് ആര്‍ത്തുവിളിച്ചും ആഘോഷിച്ചും പ്രോത്സാഹിപ്പിച്ചവരാണ് നമ്മുടെ മുന്‍ഗാമികള്‍. അബുസ്സബാഹ് അഹ്മദലിയുടെ റൗളത്തുല്‍ ഉലൂം സംരംഭങ്ങളും ഇസ്‌ലാം വിരുദ്ധര്‍ക്ക് തിരിച്ചടിയാകുന്നത് അവര്‍ കണ്ടുനിന്നു. പക്ഷേ വരും കാലഘട്ടത്തില്‍ ഈ സംരംഭങ്ങളുടെയെല്ലാം മുന്‍നിരയില്‍ നിന്നുകൊണ്ട് വിദ്യാഭ്യാസത്തിനായി പോരാടണം എന്ന ചിന്ത ചുരുക്കം ചില ആളുകളിലേക്കു മാത്രം വ്യാപിച്ചു. ബാക്കിയായവര്‍ വെറും കാഴ്ചക്കാരായി മാറി.
ഇസ്‌ലാമിക മുന്നേറ്റങ്ങളെ തച്ചുടക്കാനായി മുന്നിട്ടിറങ്ങുന്ന ഓരോ വ്യക്തികളെയും വീട്ടിലിരുന്ന് ചീത്ത പറയുമ്പോള്‍, ഫലപ്രദമായി എങ്ങനെ പ്രതിരോധിക്കാം എന്ന ചിന്ത ഒരുവന്റെയും മനസ്സിലുദിക്കാത്തതിന്റെ ഒരേയൊരു കാരണം ഭയം മാത്രമാണ്. ഉയര്‍ന്ന നിലകളിലുള്ള ഇത്തരം ശക്തികള്‍ക്കെതിരെ നമുക്കെന്ത് ചെയ്യാന്‍ കഴിയും എന്നുള്ള ഭയം. ഉയരുകയാണ് വേണ്ടത്; അവര്‍ക്കൊപ്പം അവരേക്കാള്‍ ഉയരത്തില്‍. അതിന് വിദ്യാഭ്യാസം ഒന്നുകൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. ഇസ്‌ലാമിക സ്ഥാപനങ്ങളില്‍ ചെങ്കടല്‍ തീര്‍ക്കുവാനോ അതില്‍ താമര വിരിയിക്കുവാനോ നാം അവസരം കൊടുക്കരുത്. പരിശുദ്ധ പാതയില്‍ പ്രചോദനമായിക്കൊണ്ട് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. വെട്ടിന് മറുവെട്ടാകരുത് പരിഹാരം. മറിച്ച് കരളലിഞ്ഞു തീരുംമുമ്പേ നാം സ്ഥാനം ഉറപ്പിക്കുക. ഉയരങ്ങളില്‍ ആര്‍ക്കും കൈയ്യെത്തി പിടിക്കാവുന്നതിലും ഉയരങ്ങളില്‍.