മുത്വലാക്വും വിവാദങ്ങളും

ഇന്‍ഡ്യന്‍ നീതിന്യായ ചരിത്രത്തില്‍ മുത്വലാക്വ് വിധിയോളം ചരിത്രപ്രാ
ധാന്യമുള്ള മറ്റൊരു കോടതിവിധി ഈയടുത്ത കാലങ്ങളിലൊന്നും നടന്നതായി ഓര്‍മയില്ല. മതസ്വാതന്ത്ര്യം എന്ന വിഷയം സജീവമായി സാമൂഹികചര്‍ച്ചക്ക് വിധേയമാകുന്ന ഒരു സാഹചര്യത്തിലാണ് മുസ്‌ലിം വ്യക്തിനിയമം കോടതി കയറുന്നതും മുസ്‌ലിം സംഘടനകളും നേതാക്കളും ഒരുവശത്തും മുത്വലാക്വിന്റെ ഇരകളായ മുസ്‌ലിം സ്ത്രീകളും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന സന്നദ്ധ സംഘടനകളും മറുവശത്തുമായി നിയമപോരിനിറങ്ങുന്നത്. എന്നാല്‍ കൃത്യമായ മുന്‍വിധികളോടെയും എഴുതി തയ്യാറാക്കിയ അജണ്ടകളോടെയും കാലങ്ങളായി മുസ്‌ലിം വ്യക്തിനിയമം ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന സംഘ്പരിവാര്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കൂടിയായപ്പോള്‍ പ്രശ്‌നം പിന്നെയും രൂക്ഷമായി.
മുന്‍ ചീഫ് ജസ്റ്റിസ് ജെ.എസ് കേഹാര്‍, ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍.എഫ് നരിമാന്‍, യു.യു ലളിത്, എല്‍.അബ്ദുല്‍ നസീര്‍ എന്നിവരങ്ങളുന്ന അഞ്ചംഗ പൂര്‍ണ ഭരണഘടനാബെഞ്ചിലെ മൂന്നംഗ മെജോരിറ്റി ജഡ്ജിമാരുടെ തീരുമാനമനുസരിച്ചാണ് മുത്വലാക്വ് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ബാബരി കേസില്‍ കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും അന്തിമവിധി പ്രസ്താവിക്കാത്ത കോടതി ഇന്‍ഡ്യയിലെ ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തെ മാത്രം ബാധിക്കുന്ന മുത്വലാക്വ് വിഷയം കൈകാര്യം ചെയ്ത രീതിയും വിധി പ്രസ്താവിക്കുന്നതില്‍ കാണിച്ച ധൃതിയും തികച്ചും അത്ഭുതാവഹമാണ്.
മുത്വലാക്വിനെ പൂര്‍ണമായും നിരോധിക്കണമെന്നും വിവാഹമോചനം പൂ
ര്‍ണമായും കോടതിമുഖാന്തിരം മാത്രമേ നടക്കാവൂ എന്നും ഉള്ള കേന്ദ്രസര്‍ക്കാരിന്റെ ആഗ്രഹവും ആ ആഗ്രഹപൂര്‍ത്തീകരണത്തിനനുസൃതമായ രീതിയിലുള്ള വിധിയുമാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി കൈക്കൊണ്ടത് എന്നത് ഒരു വാസ്തവമാണ്. ഒരു മതേതരജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന ഒരു പൗരന് മുത്വലാക്വ് വിധി മറ്റുപല ദിശയിലേക്കുമുള്ള കടന്നുകയറ്റത്തിനുള്ള ചവിട്ടുപടിയാണെന്നു മനസ്സിലാക്കുവാന്‍ കൂടുതല്‍ ചിന്തിച്ച് തല പുകക്കേണ്ടതില്ല.
മുത്വലാക്വ് നിരോധനത്തിനുവേണ്ടി വാശി പിടിക്കുന്നവരും, മുത്വലാക്വിന്റെ ഇരകളായി വന്നവരും, അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളും പ്രധാനമായും വാദിച്ചത് നാലു കാര്യങ്ങളായിരുന്നു.
1. മുത്വലാക്വ് ക്വുര്‍ആനിലോ പ്രവാചകചര്യയിലോ അംഗീകരിക്കപ്പെടാത്തതും ക്വുര്‍ആനിന്റെ അന്തസത്തയോട് യോജിക്കാത്തതും, വിവാഹവും വിവാഹമോചനങ്ങളുമായി ബന്ധപ്പെട്ട ക്വുര്‍ആനിക സൂക്തങ്ങള്‍ക്ക് എതിരും ആണ്.
2. ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 14, 15, 21 എന്നിവയുമായി യോജിച്ചുപോകാത്തതും ലിംഗത്തിന്റെ പേരിലുള്ള വിവേചനവുമാണ്.
3. ലോകത്തിലെ ബഹുഭൂരിപക്ഷ മുസ്‌ലിം രാജ്യങ്ങളിലും മുത്വലാക്വ് നിരോധിച്ചിട്ടുണ്ട്.
4. മുത്വലാക്വ് ലിംഗനീതിയും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഇന്‍ഡ്യ അംഗീകരിച്ച പല അന്താരാഷ്ട്ര കരാറുകളുടെയും ലംഘനമാണ്.
എന്നാല്‍ മുത്വലാക്വ് നിരോധനത്തെ എതിര്‍ത്തുകൊണ്ടു രംഗത്തുവന്ന മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ ഇസ്‌ലാമിക സംഘടനകള്‍ മുന്നോട്ടുവെച്ച മറുവാദങ്ങള്‍ ഇപ്രകാരമാണ്:
1. മുസ്‌ലിം വ്യക്തിനിയമങ്ങള്‍ ദൈവിക കല്‍പനകളായ ശരീഅത്തിന്റെ ഭാഗമാണ്. ആയതിനാല്‍ പ്രസ്തുത നിയമങ്ങളില്‍ കൈകടത്തുവാനോ മാറ്റതിരുത്തലുകള്‍ നടത്തുവാനോ മനുഷ്യര്‍ക്ക് അവകാശമില്ല.
2. ശരീഅത്ത് നിയമങ്ങളില്‍ തിരുത്തല്‍ നടത്തുകയോ കൈകടത്തുകയോ ചെയ്യുന്നത് ഇന്‍ഡ്യന്‍ ഭരണഘടന അനുശാസിക്കുന്ന ആര്‍ട്ടിക്ക്ള്‍ 25(മതപരമായി ജീവിക്കുവാനുള്ള അവകാശം)ന്റെ ലംഘനമാണ്.
3. ഇസ്‌ലാമിലെ അടിസ്ഥാനപരമായതോ നിര്‍ബന്ധമോ ആയ കാര്യങ്ങള്‍ മാത്രമല്ല, മറിച്ച് ചെറുതെന്നു കരുതുന്ന വിഷയങ്ങളിലെ അവകാശവും നിഷേധിക്കാന്‍ പാടില്ല.
4. 1400 വര്‍ഷമായി തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി കരുതുന്ന ഒരു കാര്യത്തെ നിരോധിക്കുന്നത് വിശ്വാസ സ്വാതന്ത്ര്യത്തെ നിഷേധിക്കലാണ്.
ഒരു സ്ത്രീയെ മൊഴിചൊല്ലുന്നതിലൂടെ ഇന്‍ഡ്യന്‍ ഭരണഘടനയുടെ 14, 15, 21 എന്നീ വകുപ്പുകളുടെ ലംഘനമാണ് മൊഴി ചൊല്ലപ്പെട്ട സ്ത്രീ അനുഭവിക്കേണ്ടി വരുന്നത് എന്നാണ് 2015ല്‍ ജസ്റ്റിസുമാരായ അനില്‍ ആര്‍.ദേവും ആദര്‍ശ് കുമാര്‍ ഗോയലും വാദിച്ചത്. നിയമത്തിനുമുന്നില്‍ തുല്യത, ജാതി, മതം, വര്‍ഗം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം ഇല്ലാതിരിക്കുക, ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങളുടെ ലംഘനമാണ് മുത്വലാക്വിലൂടെ സംഭവിക്കുന്നതെന്നും ആയതിനാല്‍ മുത്വലാക്വ് ഭരണഘടനാവിരുദ്ധമാണെന്നും ഈ സമ്പ്രദായം നിരോധിക്കണമെന്നുമാണ് ജസ്റ്റിസ് ഗോയല്‍ അടക്കമുള്ളവര്‍ അന്ന് വാദിച്ചത്.
മുത്വലാക്വ് സംബന്ധിയായ കേസുകള്‍ സ്വാതന്ത്ര്യലബ്ധിക്കുമുമ്പുതന്നെ കോടതികളില്‍ എത്തിയിട്ടുണ്ട്. 1932ലെ റാശിദ് അഹ്മദിന്റെ പേഴ്‌സണല്‍ ലോയുമായി ബന്ധപ്പെട്ട കേസില്‍ അന്ന് ബോംബെ ഹൈക്കോടതി ശരീഅത്ത് നിയമമനുസരിച്ച് നടപടി സ്വീകരിക്കണമെന്നാണ് വിധി പറഞ്ഞത്. പേഴ്‌സണല്‍ ലോയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോടതി വഴിയല്ല പരിഹാരം കാണേണ്ടത് എന്നായിരുന്നു കോടതിയുടെ മറുപടി.എ ന്നാല്‍ സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യയില്‍ ആദ്യമായി മുസ്‌ലിം വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട കോടതി വിധിയുണ്ടാകുന്നത് 1985ലെ ശാബാനു കേസിലാണ്. സുപ്രീം കോടതി അന്ന് വിധി പ്രഖ്യാപിച്ചത് ക്വുര്‍ആനിന്റെ 2:241-242 വചനങ്ങളില്‍ പറയുന്ന ‘മതാഅ്’ എന്ന പദത്തെ വ്യാഖ്യാനിച്ചുകൊണ്ടായിരുന്നു. ഇതുപ്രകാരം മൊഴി ചൊല്ലപ്പെട്ട സ്ത്രീക്ക് ജീവനാംശം നല്‍കേണ്ടത് മുന്‍ഭര്‍ത്താവിന്റെ ബാധ്യതയാണെന്നും ഇതിനെതിരെയുള്ള വാദങ്ങളെല്ലാം ക്വുര്‍ആനിന്റെ ആശയങ്ങള്‍ക്കെതിരാണെന്നും, ആയതിനാല്‍ സ്വയം സംരക്ഷിക്കപ്പെടാന്‍ കഴിവില്ലാത്ത വിവാഹമുക്തക്ക് തന്റെ ഭര്‍ത്താവില്‍നിനിന്നും പുനര്‍വിവാഹം ചെയ്യുന്നതുവരെ മറ്റേതൊരു ഇന്‍ഡ്യന്‍ വിവാഹമോചിതയെയും പോലെ ജീവനാം
ശം ആവശ്യപ്പെടാമെന്നും ശാബാനു കേസില്‍ സുപ്രീം കോടതി അന്തിമവിധി പ്രഖ്യാപിച്ചു. മുസ്‌ലിം വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിച്ചുകൊണ്ട് പുറപ്പെടുവിച്ച വിധിയെ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി എതിര്‍ക്കുകയും പേഴ്‌സണല്‍ ലോ അടിസ്ഥാനത്തില്‍ പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്ന് ഇതിന്റെ കൂടെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്. കൂടാതെ ‘വിവാഹമുക്തകളായ മുസ്‌ലിം വനിതകളുടെ അവകാശ സംരംക്ഷണ നിയമം (The Muslim Women (Protection of Rights on Divorce) Act) 1986 മെയ് 19ന് നിലവില്‍ വരുത്തുകയും ചെയ്തു.
ബഹുസ്വരതയിലും ജനാധിപത്യത്തിലും മതേതരത്വത്തിലും മുന്നോട്ടുപോ
കുന്ന ഇന്‍ഡ്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്കെതിരാണ് ഈ ഏകപക്ഷീയമായ മുത്വലാക്വ് കോടതിവിധി. ഇന്‍ഡ്യയുടെ ബഹുസ്വരത തകര്‍ത്തെറിയുന്ന ഏകസിവില്‍കോഡ് നടപ്പില്‍ വരുത്താനുള്ള ശ്രമത്തിനാണ് കേന്ദ്രസര്‍ക്കാരും ലോ കമ്മീഷനും കൈകോര്‍ത്തിരിക്കുന്നത്. ഭരണഘടനാ ശില്‍പിയായ ഡോ. ബി.ആര്‍ അംബേദ്കര്‍ പറയുന്നു: ”വ്യക്തിനിയമങ്ങള്‍ എടുത്തുകളയാനുള്ള ബാധ്യത ഭരണകൂടത്തിനില്ല. ഒരു ഭരണകൂടം അങ്ങനെ ചെയ്താല്‍ അതൊരു ബുദ്ധിശൂന്യമായ ഭരണകൂടമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.”
ഇസ്‌ലാമില്‍ ബലിഷ്ഠമായ ഒരു കരാറായിക്കൊണ്ടാണ് വിവാഹത്തെ ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത് (4:21). അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പവിത്രമായ ഒരു ബന്ധത്തെ വിഛേദിക്കുക എന്നത് ഇസ്‌ലാമികമായി ഏറ്റവും വെറുക്കപ്പെട്ടതും നിരുത്സാഹപ്പെടുത്തപ്പെട്ടതുമായ ഒരു കാര്യവുമാണ്. രണ്ട് വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ നിന്ന്, വ്യത്യസ്ത കാഴ്ചപ്പാടുകളോടുകൂടിയ വ്യത്യസ്ത സ്വഭാവത്തോടുകൂടിയ രണ്ടുപേര്‍ വിവാഹത്തോടുകൂടി ഒന്നായി തീരുന്നു എന്നതാണ് സത്യം. രണ്ടു വ്യക്തികള്‍ എന്ന നിലക്ക് പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും കഴിവിന്റെ പരമാവധി പരസ്പരം സംസാരിച്ച് പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹരിച്ച് മുന്നോട്ടുപോകണം എന്നാണ് ക്വുര്‍ആന്‍ അനുശാസിക്കുന്നത്.
”അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് അവരോട് വെറുപ്പ് തോന്നിയേക്കാം. എന്നാല്‍ നിങ്ങള്‍ക്ക് വെറുപ്പ് തോന്നിയ ഒന്നില്‍ തന്നെ അല്ലാഹു ധാരാളം നന്മ നിശ്ചയിച്ചിരിക്കുകയും ചെയ്യാം.” (4:19)
ദമ്പതിമാര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടനെ തന്നെ വിവാഹമോചനം ചെയ്യണമെന്നല്ല ക്വുര്‍ആന്‍ പറയുന്നത്. മറിച്ച്, അതിനുമുന്‍പ് നിങ്ങള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചു കഴിഞ്ഞതിനുശേഷം മാത്രമേ വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുവാന്‍ പാടുള്ളൂ എന്ന് ക്വുര്‍ആന്‍ പുരുഷനോട് അനുശാസിക്കുന്നു.
”അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം ( പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്. എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്.” (4:34)

”ദമ്പതികള്‍ തമ്മില്‍ ഭിന്നിച്ച് പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്റെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരു വിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്.” (4:35)
ഒരു സത്യവിശ്വാസിയായ സ്ത്രീയുടെ ഗുണങ്ങളാണ് ഈ സൂക്തത്തിന്റെ തുടക്കത്തില്‍ പരാമര്‍ശിക്കുന്നത്. അച്ചടക്കമുള്ളവളും അല്ലാഹു കാത്തത് മറവിലും കാത്തുസൂക്ഷിക്കുന്നവളാണ് ക്വുര്‍ആനിലെ നല്ല സ്ത്രീ. ധാര്‍മികമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുവാനും
സാമൂഹികമായ ധാര്‍മികതക്കും ഈ ഗുണങ്ങള്‍ ഒരു സ്ത്രീക്ക് അത്യാവശ്യമാണ്. എന്നാല്‍ കുടുംബബന്ധം ശിഥിലമാകാന്‍ കാരണമായേക്കാവുന്ന അച്ചടക്കരാഹിത്യങ്ങള്‍ സ്ത്രീയുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ അതിനെ തടയുന്നതിനുവേണ്ടി ചില നടപടികള്‍ കൈക്കൊള്ളണമെന്ന് പു
രുഷനോട് ഇസ്‌ലാം ഉണര്‍ത്തുന്നു. ക്വുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന നടപടിക്രമങ്ങള്‍ ഇപ്രകാരമാണ്. ‘ശാസിക്കുക, കിടപ്പറയില്‍ അവളെ ബഹിഷ്‌കരിക്കുക, പിന്നെ അവളെ അടിക്കുക.’ ഈ മൂന്നുരീതിയാണ് ആദ്യം ഒരു സ്ത്രീയോട് സ്വീകരിക്കേണ്ട നിലപാട്.
ആദ്യത്തേത്, സ്‌നേഹത്തോടുകൂടി തെറ്റിന്റെ ഗൗരവത്തെക്കുറിച്ചും പരലോക ജീവിതത്തിലും ഇഹലോകത്തും അനുഭവിക്കേണ്ടി വരുന്ന പ്രതിഫലനങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തി തിരുത്തുവാന്‍ ശ്രമിക്കുക. ഈ ശാസനയും ഉപദേശവും ഫലം ചെയ്യാതെ വരുമ്പോള്‍ ആകര്‍ഷണത്തിന്റെയും ആഗ്രഹങ്ങളുടെയും പ്രലോഭനത്തിന്റെയും ഇടമായ കിടപ്പറയില്‍നിന്ന് അവളുമായി മാറി കിടക്കുക. അച്ചടക്കമില്ലാത്ത അഹങ്കാരിയായ സ്ത്രീയുടെ അധീശത്വത്തിന്റെ കേന്ദ്രമായ കിടപ്പറയില്‍ തനിക്ക് ഒരു വിലയും കല്‍പി
ക്കാതെ പുരുഷന്‍ മാറികിടക്കുമ്പോള്‍ എന്തിന്റെ പേരിലാണോ താന്‍ അധീശത്വം നടിച്ചിരുന്നത് തന്റെ ഇണക്ക് ആവശ്യമില്ലെന്ന തിരിച്ചറിവ് അവളുടെ മനസ്സ് മാറ്റിയേക്കാം. ഇനി ശയ്യാബഹിഷ്‌കരണവും പരാജയപ്പെടുന്ന സാഹചര്യം സംജാതമായാല്‍ പിന്നീട് ശിക്ഷ നല്‍കുക എന്ന മാര്‍ഗമേ നിലനില്‍ക്കുന്നുള്ളൂ. ആ നിലയ്ക്കാണ് ‘പ്രഹരം’ എന്നത് ക്വുര്‍ആന്‍ അനുവദിക്കുന്നത്. ആ പ്രഹരത്തിനുപോലും പ്രവാചകന്‍ (സ) നിബന്ധനകള്‍ പറഞ്ഞു. നിങ്ങള്‍ അവളെ അടിക്കുകയാണെങ്കില്‍ മുഖത്തടിക്കരുത്. അടിയുടെ പാ
ടുകള്‍ കാണുന്നത്ര ശക്തിയില്‍ അടിക്കരുത്. ഒരു തൂവാല കൊണ്ട് പ്രഹരിക്കുന്ന രീതിയിലേ അടിക്കാവൂ എന്നെല്ലാം പ്രവാചകന്‍ (സ) ഓര്‍മിപ്പിച്ചു. സ്ത്രീയെ നിന്ദിക്കുവാനോ അപമാനിക്കുവാനോ വേണ്ടിയല്ല, മറിച്ച് അവളെ തിന്മയില്‍ നിന്നും നന്മയിലേക്ക് തിരിച്ചുകൊണ്ടുവരുവാനും സംസ്‌കരിക്കുവാനും വേണ്ടിയുള്ള ഒരു ശിക്ഷണരീതിയായിട്ടാണ് ഇവിടെ ക്വുര്‍ആന്‍ അടി നിര്‍ദ്ദേശിക്കുന്നത്. ഇവിടെ സൂചിപ്പിച്ച മൂന്ന് നടപടികളും ഫലം കാണാതെ വന്നാല്‍ പിന്നീട് ഇരുകൂട്ടരുടെയും കുടുംബങ്ങളില്‍ നിന്ന് ഓരോ മധ്യസ്ഥരെ വിളിച്ച് അവര്‍ പരസ്പരം പ്രശ്‌നപരിഹാരത്തിനുവേണ്ടി ശ്രമിക്കണമെന്ന് ക്വുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നു. ഇരുകുടുംബങ്ങളുടെയും സ്‌നേഹവും യോജിപ്പും ഇണകള്‍ പരസ്പരം തിരിച്ചറിഞ്ഞ് ഒരുമിച്ച് ജീവിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതിലൂടെ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.
എന്നാല്‍ മേല്‍പറഞ്ഞ നടപടിക്രമങ്ങളെ പ്രയോഗവല്‍കരിച്ചിട്ടും ഒരു മാറ്റവും ഇല്ലാതെ മുന്നോട്ടുപോവുകയാണെങ്കില്‍ വൈവാഹിക ജീവിതത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കപ്പെടാന്‍ സാധിക്കാതെ വരികയും, സ്‌നേഹവും ഒത്തൊരുമയും ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥ സംജാതമാവും. ഇത്തരം അവസ്ഥകളില്‍ വിവാഹമോചനം തന്നെയാണ് ഏറ്റവും ഉചിതമായത്. ആ വിവാഹമോചനത്തിന് പുരുഷന്‍ മുന്‍കയ്യെടുക്കുമ്പോഴാണ് അതിനെ ‘ത്വലാക്വ്്’ എന്നുപറയുന്നത്.
ഇസ്‌ലാമിലെ വിവാഹമോചനത്തെക്കുറിച്ച് പരിശോധിക്കുകയാണെങ്കില്‍ ഇത്രയും മാനവികവും ശാസ്ത്രീയവുമായ രീതിയിലുള്ള വിവാഹമോചനവും വിവാഹമോചന നിയമങ്ങളും മറ്റു മതദര്‍ശനങ്ങളിലോ തത്വസംഹിതകളിലോ കാണുക സാധ്യമല്ല.
ഇസ്‌ലാം പ്രതിപാദിക്കുന്ന മൂന്നു ത്വലാക്വുകള്‍ മൂന്നു പ്രാവശ്യമായി നടക്കുന്ന വിവാഹമോചനങ്ങളാണ്. ഒരു പുരുഷന്‍ ഒരു സ്ത്രീയെ വിവാഹമോചനം നടത്തുന്നു. അല്‍പകാലത്തിനുശേഷം തന്റെ പ്രവൃത്തിയില്‍ പശ്ചാത്താപം തോന്നി. മോചിതയായ സ്ത്രീ പുനര്‍വിവാഹം ചെയ്യപ്പെട്ടിട്ടുമില്ല. അയാള്‍ക്ക് അവളെ സ്വീകരിക്കണമെന്ന ആഗ്രഹവും ഉണ്ട് എങ്കില്‍ അയാള്‍ അവളെ സ്വീകരിക്കുന്നതിന് ഇസ്‌ലാം അനുവദിക്കുന്നു. പു
നര്‍വിവാഹം ചെയ്യപ്പെട്ടതിനുശേഷം അതേ സ്ത്രീയെ തന്നെ വീണ്ടും വിവാഹമോചനം ചെയ്യുന്നുവെന്ന് കരുതുക. എങ്കില്‍ ഒരു പ്രാ
വശ്യം കൂടി മാത്രമേ അയാള്‍ക്ക് അവളെ നിരുപാധികമായി സ്വീകരിക്കാന്‍ അവകാശമുണ്ടാവുകയുള്ളൂ. മൂന്നാം തവണയും അതേ സ്ത്രീയെ വിവാഹമോചനം ചെയ്തുകഴിഞ്ഞാല്‍ പിന്നീട് അയാള്‍ക്ക് അവളെ വീണ്ടും സ്വീകരിക്കണമെങ്കില്‍ മറ്റൊരു
പുരുഷന്‍ അവളെ വിവാഹം കഴിച്ചശേഷം അയാള്‍ ആ സ്ത്രീയെ വിവാഹമോചനം ചെയ്താല്‍ മാത്രമേ ആദ്യം അവളെ വിവാഹം ചെയ്തയാള്‍ക്ക് സ്വീകരിക്കാന്‍ അവകാശമുള്ളൂ.
”വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്.” (2:229)
”മൂന്നാമതും അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന് ശേഷം അവളുമായി ബന്ധപ്പെടല്‍ അവന് അനുവദനീയമാവില്ല; അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത് വരേക്കും. എന്നിട്ട് അവന്‍ (പുതിയ ഭര്‍ത്താവ്) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ (പഴയ ദാമ്പത്യത്തിലേക്ക്) തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല” (2:230)
ഇതാണ് ക്വുര്‍ആന്‍ പ്രതിപാദിക്കുന്ന മൂന്ന് ത്വലാക്വുകള്‍. എന്നാല്‍ ആര്‍ത്തവകാലത്ത് സ്ത്രീയെ വിവാഹമോചനം ചെയ്യുന്നത് ഇസ്‌ലാം വിലക്കിയിട്ടുണ്ട്. ഈ സമയത്ത് സ്ത്രീയുടെ മാനസിക-ശാരീരിക നിലകളില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ആ സമയങ്ങളില്‍ ആരോഗ്യകരമായ ബന്ധം ഉണ്ടാകാനും സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ശുദ്ധികാലഘട്ടത്തില്‍ മാത്രമേ അവളെ വിവാഹമോചനം ചെയ്യാവൂ എന്നും വിവാഹമോചനം ചെയ്തു കഴിഞ്ഞാലും ഇദ്ദാ കാലഘട്ടമായ മൂന്ന് ആര്‍ത്തവകാലം അവള്‍ ഭര്‍തൃഗൃഹത്തില്‍ തന്നെ താമസിക്കണം എന്നും ക്വുര്‍ആന്‍ പറയുന്നു.
”വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍ മൂന്നു മാസമുറകള്‍ (കഴിയുംവരെ) കാത്തിരിക്കേണ്ടതാണ്.” (2:228)
”അവരുടെ വീടുകളില്‍ നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്. അവര്‍ പുറത്തു പോകുകയും ചെയ്യരുത്.” (65:1)
ഇദ്ദയുടെ കാലത്ത് സ്ത്രീയും പുരുഷനും
ഭാര്യാഭര്‍ത്താക്കന്‍മാരല്ല. എന്നാല്‍ അന്യരുമല്ല. പുരുഷന്റെ വീട്ടിലാണ് അവള്‍ കഴിയുന്നത്. ഈ രീതിയില്‍ രണ്ടുപേരും ഒരു കൂരക്കുകീഴില്‍ പരസ്പരം കണ്ടുകൊണ്ടും, എന്നാല്‍ ഒരുമിച്ചു ജീവിക്കാനോ പരസ്പരം സ്പര്‍ശിക്കാനോ പോലും കഴിയാത്ത അവസ്ഥയിലും ജീവിക്കേണ്ടി വരുന്നു. ഇത്തരത്തിലുള്ള താമസം മുഖാന്തിരം അവരിരുവരുടെയും മനസ്സ് മാറുവാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ അവളെ തിരിച്ചെടുക്കാന്‍ ഇദ്ദാ കാലത്ത് പുരുഷന് അവകാശമുണ്ട്.
മൂന്ന് ത്വലാക്വും ചൊല്ലി കഴിഞ്ഞാല്‍ വിവാഹസമയത്ത് പുരുഷന്‍ നല്‍കിയ മഹര്‍ (വിവാഹമൂല്യം) തിരിച്ച് വാങ്ങാന്‍ പാടില്ല.  അത് പൂര്‍ണമായി വിവാഹമോചിതക്ക് അവകാശപ്പെട്ടതാണ്.
”നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവരില്‍ ഒരുവള്‍ക്ക് നിങ്ങള്‍ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതില്‍ നിന്ന് യാതൊന്നും തന്നെ നിങ്ങള്‍ തിരിച്ചുവാങ്ങരുത്.” (4:20)
”നിങ്ങള്‍ അവരെ സ്പര്‍ശിക്കുന്നതിനു മുമ്പ് തന്നെ വിവാഹബന്ധം വേര്‍പെടുത്തുകയും, അവരുടെ വിവാഹമൂല്യം നിങ്ങള്‍ നിശ്ചയിച്ച് കഴിഞ്ഞിരിക്കുകയും ആണെങ്കില്‍ നിങ്ങള്‍ നിശ്ചയിച്ചതിന്റെ പകുതി നിങ്ങള്‍ അവള്‍ക്ക് നല്‍കേണ്ടതാണ്.” (2:237)
ഇസ്‌ലാമികമായി വിവാഹമോചനം ചെയ്യാന്‍ പുരുഷന് അവകാശമുള്ളതുപോ
ലെ തന്നെ സ്ത്രീയ്ക്കും അവകാശമുണ്ട്. സ്തീകളുടെ വിവാഹമോചനം രണ്ടു രീതിയിലാണ്. ഖുല്‍അ്, ഫസ്ഖ്.
ഒരു സ്ത്രീക്ക് അവളുടെ ഭര്‍ത്താവില്‍ അവള്‍ക്ക് ഇഷ്ടമില്ലാത്തതും പൊരുത്തപ്പെട്ട് ജീവിക്കുവാന്‍ കഴിയാത്തതുമായ സ്വഭാവങ്ങളോ സാഹചര്യങ്ങളോ ഉണ്ടാവുകയാണെങ്കില്‍ സ്ത്രീക്ക് അയാളോട് വിവാഹമോചനത്തിന് ആവശ്യപ്പെടാവുന്നതാണ്. ഇതിനെയാണ് ഖുല്‍അ് എന്നുപറയുന്നത്.
ഖുല്‍ഇനുള്ള നിബന്ധനകള്‍ ഇപ്രകാരമാണ്.
മ. വിവാഹസമയത്ത് ഭര്‍ത്താവില്‍നിന്നും സ്വീകരിച്ച വിവാഹമൂല്യം തിരിച്ചുനല്‍കണം.
യ. അനിവാര്യ സാഹചര്യങ്ങളില്‍ മാത്രമേ ഖുല്‍അ് ചെയ്യാവൂ.
ര. സ്ത്രീ ഖുല്‍അ് ആവശ്യപ്പെട്ടാല്‍ അവളെ മോചിപ്പിക്കേണ്ടത് പുരുഷന്റെ ബാധ്യതയാണ്.
റ. വിവാഹമൂല്യത്തില്‍ കവിഞ്ഞ യാതൊന്നും ആവശ്യപ്പെടാന്‍ പാടില്ല.
”അങ്ങനെ അവര്‍ക്ക് (ദമ്പതിമാര്‍ക്ക്) അല്ലാഹുവിന്റെ നിയമ പരിധികള്‍ പാലിക്കുവാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് ഉല്‍ക്കണ്ഠ തോന്നുകയാണെങ്കില്‍ അവള്‍ വല്ലതും വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം നേടുന്നതില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല.” (2:229)
ഭാര്യയുടെ അവകാശങ്ങള്‍ നിഷേധിക്കുകയും അതോടൊപ്പം വിവാഹമോചനം നല്‍കാതെ സ്ത്രീകളെ കഷ്ടപ്പെടുത്തുകയും ചെയ്യുന്ന പുരുഷന്‍മാരില്‍ നിന്ന് ന്യായാധിപന്റെ സഹായത്തോടെ നേടുന്ന വിവാഹമോചനമാണ് ഫസ്ഖ്. ഇത്തരം വിവാഹമോചനം ന്യായാധിപന്‍ മുഖേന മാത്രമേ പാടുള്ളൂ എന്നതാണ് ഫസ്ഖിന്റെ നിബന്ധന.
മേല്‍പറഞ്ഞ രീതികളില്‍ നിന്നും വ്യത്യസ്തമായ മറ്റു ചില രീതികളിലും വിവാഹമോചനം സാധ്യമാകും. ഇസ്‌ലാം പൂര്‍വകാലത്തുണ്ടായിരുന്ന ഈലാഅ് സമ്പ്രദായം വിവാഹമോചനത്തില്‍ കലാശിക്കുക എപ്പോഴാണെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരാള്‍ തന്റെ ഭാര്യയുമായി ഇനി മുതല്‍ ശാരീരിക ബന്ധം പുലര്‍ത്തുന്നില്ല എന്ന് ശപഥം ചെയ്യുകയും അങ്ങനെ നാലുമാസക്കാലം തുടരുകയും ചെയ്താല്‍ അവര്‍ തമ്മിലുള്ള വിവാഹഹന്ധം വേര്‍പെടുന്നതാണ്.
”തങ്ങളുടെ ഭാര്യമാരുമായി (ബന്ധപ്പെടുകയില്ലെന്ന്) ശപഥം ചെയ്ത് അകന്നു നില്‍ക്കുന്നവര്‍ക്ക് (അന്തിമ തീരുമാനത്തിന്) നാലുമാസം വരെ കാത്തിരിക്കാവുന്നതാണ്. അതിനിടയില്‍ അവര്‍ (ശപഥം വിട്ട് ദാമ്പത്യത്തിലേക്ക്) മടങ്ങുകയാണെങ്കില്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.” (2:226)

പ്രവാചകന്റെ(സ) കാലത്ത് നടന്നിരുന്ന മറ്റൊരു അനാചാരമായിരുന്നു ളിഹാര്‍.
പുരുഷന്‍ തന്റെ ഭാര്യയോട് നീയെനിക്ക് ഇന്നുമുതല്‍ എന്റെ മാതാവിനെപ്പോലെയാണെന്ന് പറയുകയും നാലുമാസക്കാലം ശാരീരികബന്ധം നടക്കാതിരിക്കുകയും ചെയ്താല്‍ വിവാഹമോചനം സംഭവിക്കും.
”നിങ്ങള്‍ ളിഹാര്‍ ചെയ്യുന്ന ഭാര്യമാരെ നിങ്ങളുടെ മാതാപിതാക്കളാക്കിയിട്ടില്ല” (33:4) എന്ന ക്വുര്‍ആനിന്റെ ശക്തമായ താക്കീത് നമുക്കിവിടെ കാണാന്‍ കഴിയും.
ഒരു പുരുഷന്‍ തന്റെ ഭാര്യയുടെ മേല്‍ കുറ്റമാരോപിക്കുകയും താനല്ലാതെ മറ്റൊരു സാക്ഷിയും ഇല്ലാതിരിക്കുകയും ചെയ്യുന്നപക്ഷം, താന്‍പറയുന്ന കുറ്റാരോപണം സത്യമാണെന്ന് നാലുപ്രാവശ്യം ആവര്‍ത്തിച്ച് പറയുകയും അഞ്ചാമതായി താന്‍ പറയുന്നത് കളവാണെങ്കില്‍ അല്ലാഹുവിന്റെ ശാപം
തന്നില്‍ ഉണ്ടാകട്ടെ എന്നും പറയലാണ്. ലിആന്‍ ചെയ്യുന്ന രീതിയായിരുന്നു അത്. (24:6-9)
മൂന്ന് ത്വലാക്വും ഒരുമിച്ച് ചൊല്ലിയാല്‍ വിവാഹബന്ധം മൂന്നാം ത്വലാക്വ് പോലെയാകുമോ അതല്ല ഒന്നായിട്ട് മാത്രമാണോ കണക്കാക്കുക എന്ന വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. പ്രവാചകന്റെ (സ) കാലത്ത് ഒരാള്‍ വന്ന് പ്രവാചകനോട് താന്‍ ഒറ്റയിരുപ്പില്‍ മൂന്ന് ത്വലാക്വ്് ചൊല്ലി എന്നുപറഞ്ഞപ്പോള്‍ അത് ഒന്നായിട്ടേ പരിഗണിക്കുകയുള്ളൂ എന്നാണ് പ്രവാചകന്‍ (സ) മറുപടി നല്‍കിയത്. എന്നാല്‍ ഉമറിന്റെ (റ) കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള വിവാഹമോചനരീതി പതിവായ കാലഘട്ടത്തില്‍ മൂന്ന് ത്വലാക്വും ഒരുമിച്ചു ചൊല്ലിയാല്‍ പിന്നീട് അവളെ സ്വീകരിക്കണമെങ്കില്‍ മറ്റൊരാള്‍ അവളെ വിവാഹം ചെയ്തതിനുശേഷം മാത്രമേ സാധ്യമാകൂ എന്ന നിയമം കൊണ്ടുവന്നു.
പില്‍ക്കാലത്തുവന്ന ഇമാം ഇബ്‌നു തൈമിയയും ഇബ്‌നു ഖയ്യിമും(റ) പറഞ്ഞു: മൂന്ന് ത്വലാക്വും ഒരുമിച്ചു ചൊല്ലിയാല്‍ ഒന്നായേ പരിഗണിക്കപ്പെടുകയുള്ളൂ. ഉമര്‍(റ) അന്നത്തെ ഒരു പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി മാത്രമാണ് ഈ നിയമം കൊണ്ടുവന്നത്. എന്നാല്‍ നാലു മദ്ഹബിന്റെയും ഇമാമുമാരുടെ അഭിപ്രാ
യത്തില്‍ മൂന്ന് ത്വലാക്വും ഒരുമിച്ചു ചൊല്ലാന്‍ പാടില്ലാത്തതും കുറ്റകരവുമാണെങ്കിലും അങ്ങനെ ചെയ്തുകഴിഞ്ഞാല്‍ അതുവഴി വിവാഹബന്ധം തിരിച്ചെടുക്കാന്‍ കഴിയാത്തവിധം ആ ബന്ധം വേര്‍പെടും.
അതുകൊണ്ട് തന്നെ ഇത്തരത്തിലൊരു ഭിന്നാഭിപ്രായം നിലനില്‍ക്കുന്നത് മുതലെടുത്ത് ഇസ്‌ലാമിക വ്യക്തിനിയമങ്ങള്‍ തീര്‍ത്തും കോടതി മുഖാന്തിരമായി മാത്രമേ നടക്കുവാന്‍ പാടുള്ളൂ എന്ന് ശഠിച്ച് ഇസ്‌ലാമിക ശരീഅത്ത് നിയമം പാടേ ഇല്ലാതാക്കുവാനുള്ള പടപ്പുറപ്പാടാണ് മുത്വലാഖ് നിയമത്തിലൂടെ നടത്താന്‍ ശ്രമിക്കുന്നത് എന്നാണ് പൊതുജനം മനസ്സിലാക്കേണ്ടത്. ഇതിനെതിരില്‍ ശക്തമായ അവബോധം മുസ്‌ലിം സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.