മാര്‍ക്‌സിന് ഇരുന്നൂറ് വയസ്സ് തികയുമ്പോള്‍

മര്‍ദിത ജനകോടികളുടെ വിമോചനത്തിന്റെ പ്രതീക്ഷകള്‍ക്ക് നിറംപകര്‍ന്ന തൊഴിലാളി വര്‍ഗ സര്‍വാധിപത്യത്തിന് സൈദ്ധാന്തിക അടിത്തറ പാകിയ കാള്‍ മാര്‍ക്‌സിന് ഇരുന്നൂറ് വയസ്സ് തികയുന്ന സാഹചര്യത്തില്‍ മാര്‍ക്‌സിസത്തെ വസ്തുനിഷ്ഠമായ വിശകലനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. മനുഷ്യകുലത്തിന് വിശേഷിച്ചും തൊഴിലാളി വര്‍ഗത്തിന് ഒട്ടേറെ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് കടന്നുവന്ന മനുഷ്യനിര്‍മിത ഭൗതിക പ്രത്യയശാസ്ത്രമാണ് മാര്‍ക്‌സിസം. മാനവകുലത്തിന്റെ ആത്യന്തിക പ്രശ്‌നം പട്ടിണിയും പരിവട്ടവുമാണെന്ന് മനസ്സിലാക്കിയ മാര്‍ക്‌സ് അതിനുകണ്ടെത്തിയ പരിഹാരമാര്‍ഗത്തെ പ്രശ്‌നവല്‍ക്കരിക്കുമ്പോള്‍ എത്രത്തോളം ഉട്ടോപ്യന്‍ ആശയങ്ങളുടെ സമാഹാരമാണ് മാര്‍ക്‌സിസം എന്നു മനസ്സിലാകും.
മാര്‍ക്‌സിസത്തിന് മൂന്ന് അടിസ്ഥാന തത്വങ്ങളാണ് ഉള്ളത്. ഈ അടിസ്ഥാനവീക്ഷണങ്ങളായ വൈരുധ്യാതിഷ്ഠിത ഭൗതികവാദവും (പ്രപഞ്ചവീക്ഷണം), ചരിത്രപരമായ ഭൗതികവാദവും (ചരിത്രവീക്ഷണം), മാര്‍ക്‌സിയന്‍ സാമ്പത്തിക ദര്‍ശനവും അമ്പേ പരാജയമായിരുന്നു. പന്ത്രണ്ട് രാഷ്ട്രങ്ങളില്‍ വ്യത്യസ്ത രീതികളില്‍ നടപ്പാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട് പ്രത്യയശാസ്ത്രങ്ങളുടെ ചവറ്റുകുട്ടയില്‍ അനന്തശയനത്തിലാണ് ഇന്ന് മര്‍ക്‌സിസം.
പ്രപഞ്ചാതീതനും പദാര്‍ത്ഥാതീതനുമായ സ്രഷ്ടാവിന് പകരം നില്‍ക്കാന്‍ പദാര്‍ത്ഥത്തെ സജ്ജമാക്കുവാനാണ് വൈരുധ്യാതിഷ്ഠിത ഭൗതികവാദത്തിലൂടെ മാര്‍ക്‌സ് പരിശ്രമിച്ചത്. മനുഷ്യനെ കേവലം പദാര്‍ത്ഥങ്ങളുടെ സങ്കരമായി നോക്കികണ്ട മാര്‍ക്‌സ് മനുഷ്യാസ്തിത്വത്തിന്റെ ഉജ്ജ്വലഭാവങ്ങളെ നോക്കികാണുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടു. പദാര്‍ത്ഥത്തിന്റെ വൈരുധ്യാത്മകതയില്‍ നിന്ന് ഉരുത്തിരിഞ്ഞ പദാര്‍ത്ഥ സ്വഭാവങ്ങള്‍ മാത്രമുള്ള ജീവിയായി മനുഷ്യനെ കണ്ട മാര്‍ക്‌സ് മനുഷ്യസമൂഹത്തിന്റെ പുരോഗതിയും വളര്‍ച്ചയുമെല്ലാം പദാര്‍ത്ഥത്തിന്റെ വൈരുധ്യാത്മകതയിലൂടെ വിശദീകരിക്കാന്‍ ശ്രമിച്ചു.
ലോകചരിത്രം വര്‍ഗസമരത്തിന്റെ ചരിത്രമാണെന്നു പറഞ്ഞ മാര്‍ക്‌സ് ചരിത്രത്തെ അതിനില്ലാത്ത ഒരു ഗണനാക്രമം നിശ്ചയിച്ചു വ്യാഖ്യാനിക്കാന്‍ ശ്രമിച്ചു. മാനവകുലത്തിന്റെ സാമൂഹികചരിത്രം മുഴുവനും മൗലികമായി മനുഷ്യര്‍ തങ്ങളുടെ ഭൗതികജീവിതത്തിന്റെ നിലനില്‍പ്പിനുവേണ്ടി നിര്‍വഹിച്ചിട്ടുള്ള സാമ്പത്തിക ഉല്‍പാദനത്തിന്റെ ചരിത്രമാണെന്ന് മാര്‍ക്‌സ് സിദ്ധാന്തിച്ചു.
ഉല്‍പാദന ശക്തികളാണ് അവയുടെ വളര്‍ച്ചക്കാവശ്യമായ ഉല്‍പാദനബന്ധങ്ങളുടെ രൂപം ചരിത്രത്തിലെ ഓരോ ഘട്ടങ്ങളിലും നിര്‍ണയിക്കുന്നത്. എന്നാല്‍ ഓരോഘട്ടത്തിലും ഈ ഉല്‍പാദനശക്തികളുടെ വളര്‍ച്ച വ്യക്തമായ ഒരു പു
തിയ ചരിത്രഘട്ടമെത്തുമ്പോള്‍ നിലവിലുള്ള പഴയ സാമൂഹിക ബന്ധങ്ങളുടെ രൂപവുമായി ഇത് ഏറ്റുമുട്ടുന്നു എന്നും സാമൂഹിക വിപ്ലവത്തിലൂടെയാണ് ഈ വൈരുധ്യം പരിഹരിക്കേണ്ടത് എന്നും മാര്‍ക്‌സ് സിദ്ധാന്തിച്ചു. മാര്‍ക്‌സിയന്‍ ചരിത്രഗണനയില്‍ കമ്മ്യൂണിസം എന്ന ഉട്ട്യോപ്യന്‍ ആശയത്തെ മാനവകുലത്തിന്റെ വിമോചനത്തിന്റെ ഘട്ടമായി പ്രവചിച്ചു. കമ്മ്യൂണിസത്തിലേക്കുള്ള പ്രയാണത്തില്‍ മാനവകുലം കടന്നുപോകുന്ന അഞ്ചു ചരിത്രഘട്ടങ്ങളെ (പ്രാകൃത കമ്മ്യൂണിസം-അടിമത്വം-ഫ്യൂഡലിസം-മുതലാളിത്തം-സോഷ്യലിസം) സാമ്പത്തിക ഉല്‍പാ
ദനത്തിന്റെയും ഉല്‍പാദന ബന്ധങ്ങളുടെയും അടിസ്ഥാനത്തില്‍ മാര്‍ക്‌സ് വിശദീകരിക്കാന്‍ ശ്രമിച്ചു. മാര്‍ക്‌സിന്റെ ഈ വൈരുധ്യാത്മക ചരിത്രവിശകലനം പ്രായോഗികമായും ചരിത്രപരമായും അപഗ്രഥിക്കുമ്പോള്‍ അബദ്ധങ്ങള്‍ നിറഞ്ഞതും അസത്യജഡിലവുമാണെന്ന് ബോധ്യപ്പെടും.
മനുഷ്യന്റെ സാംസ്‌കാരികവും ധാര്‍മികവുമായ ഘടന നിര്‍ണയിക്കുന്നത് ഉല്‍പാ
ദനബന്ധങ്ങളിലെ മാറ്റങ്ങളും സമൂഹത്തിലെ സാമ്പത്തിക വ്യവസ്ഥിതിയുമാണെന്ന് മാര്‍ക്‌സ് വിശദീകരിച്ചു. ഇവിടെയാണ് ധാര്‍മിക മൂല്യങ്ങളെയും നന്മതിന്മകളെയും വിശദീകരിക്കുന്നതില്‍ അശക്തമായ മാര്‍ക്‌സിസം മനുഷ്യാസ്തിത്വത്തെ മനസ്സിലാക്കുന്നതില്‍ പൂര്‍ണ പരാജയമായിരുന്നു എന്നു പറയേണ്ടി വരുന്നത്. മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യത്തെക്കുറിച്ചുള്ള കൃത്യമായ തീര്‍പ്പുകളില്‍ എത്തിപ്പെടാനുള്ള മനുഷ്യമസ്തിഷ്‌കത്തിന്റെ പരിമിതിയെയാണ് ഇത് ദ്യോതിപ്പിക്കുന്നത്.
മാര്‍ക്‌സിയന്‍ സാമ്പത്തിക ദര്‍ശനത്തിന്റെ അടിത്തറ അനീതിയുടെയും അസമത്വത്തിന്റെയും സകലപ്രശ്‌നങ്ങളുടെയും മൂലകാരണമായ സ്വകാര്യസ്വത്തിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നതാണ്. സ്വകാര്യസ്വത്തിന്റെ നിഷ്‌കാസനമാണ് മാര്‍ക്‌സിയന്‍ സാമ്പത്തിക ദര്‍ശനത്തിന്റെ അടിത്തറ. സ്വകാര്യസ്വത്തിന്റെ നിഷ്‌കാസനത്തിനുവേണ്ടി കമ്മ്യൂണിസ്റ്റ് അധികാരി വര്‍ഗങ്ങള്‍ കൊന്നുതള്ളിയത് കോടിക്കണക്കിന് ആളുകളെയാണ് എന്നറിയുമ്പോള്‍ ‘സോഷ്യലിസ്റ്റ് സ്വര്‍ഗത്തിന്റെ’ സൃഷ്ടിക്കായി ചെയ്ത ക്രൂരതകള്‍ എത്രത്തോളം ഭീകരമാണ്! എന്നിട്ടും മാര്‍ക്‌സിസം എന്ന ദര്‍ശനത്തിന് നിലനില്‍ക്കാന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ലോകജനതക്ക് വിമോചനത്തിന്റെ മന്ത്രധ്വനികളുമായി കടന്നുവന്നു തീര്‍ത്താല്‍ തീരാത്ത ദുരന്തങ്ങള്‍ മാത്രം ബാക്കിവെച്ചു ലോകത്തുനിന്ന് വിടപറഞ്ഞുപോയ മനുഷ്യനിര്‍മിത ഭൗതിക പ്രത്യയശാസ്ത്രമാണ് മാര്‍ക്‌സിസം.