മലപ്പുറം തീവ്രവാദ ജില്ലയായി പ്രഖ്യാപിക്കുന്നു!

ബോംബ്, തോക്ക്, കത്തി എന്നിവ സമൃദ്ധമായി ലഭ്യമാണെന്ന് മുഖ്യധാര കലാരൂപങ്ങളും സാഹിത്യങ്ങളും കൊട്ടിഘോഷിക്കുന്ന മലപ്പുറം ജില്ല കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദ ജില്ലയായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത ഏതാനും
ദിവസങ്ങള്‍ക്ക് മുമ്പാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത്. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന മലപ്പുറം ജില്ല പക്ഷേ മുസ്‌ലിം തീവ്രവാദ പ്രദേശമായിട്ടല്ല പ്രഖ്യാപിക്കാന്‍ പോകുന്നത്, നേരേമറിച്ച് ഇടതുപക്ഷ തീവ്രവാദ ഭീഷണി നേരിടുന്ന ജില്ലയായിട്ടാണ് പ്രഖ്യാപിക്കുന്നത്. നിരന്തരം മാവോ-നക്‌സല്‍ ഭീഷണി നേരിടുന്ന ആന്ധ്രാപ്രദേശ്, തെലുങ്കാന, ബീഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ സമാനമായി പ്രഖ്യാപിക്കപ്പെട്ട ജില്ലകളുടെ കൂടെയാണ് കേരളത്തില്‍ നിന്ന് മലപ്പുറവും പാലക്കാടും കേന്ദ്രസര്‍ക്കാര്‍  ചേര്‍ത്തുവെക്കുന്നത്. മാവോയിസ്റ്റ് ആക്രമണങ്ങള്‍ മൂലം പോലീസുകാരും സാധാരണക്കാരും കൊല്ലപ്പെട്ട നിരവധി സംഭവങ്ങള്‍ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടും അവയ്‌ക്കൊന്നും കൊടുക്കാത്ത ‘പ്രത്യേക പദവി’ എന്തിന് മലപ്പുറത്തിനു നല്‍കുന്നുവെന്നത് സംശയമുണര്‍ത്തുന്നതാണ്. നാളിതുവരെ മാവോ-നക്‌സല്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ആരെങ്കിലും കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലാത്ത കേരളത്തില്‍ എന്തിനാണ് ഇങ്ങനെയൊരു പ്രഖ്യാപനം? ഇടതുതീവ്രവാദ ഭീഷണിയുള്ള ജില്ലയായി പ്രഖ്യാപിക്കപ്പെട്ടാല്‍ വിവിധയിനം കേന്ദ്ര പട്ടാളസേനകള്‍ ജില്ലയിലുടനീളം വിന്യസിക്കപ്പെടും. മാത്രമല്ല ചുരുങ്ങിയത് ഒരു ജില്ലയ്ക്ക് വര്‍ഷംതോറും മുപ്പത് കോടി എന്ന കണക്കില്‍ കേന്ദ്രഫണ്ടും ലഭ്യമാകും.
2016 ജൂലൈ 20ന് ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേരള മുഖ്യമന്ത്രി ഈ വിഷയമുന്നയിച്ചുകൊണ്ട് ആവശ്യപ്പെട്ടത് ഒരു വമ്പിച്ച ബറ്റാലിയനെയാണ്. കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ആന്റ് ആന്റി ടെററിസം (CIAI) പരിശീലന കേന്ദ്രം, ഇന്‍ഡ്യന്‍ റിസര്‍വ് ബറ്റാലിയന്‍ (IRB), സെന്‍ട്രല്‍ ആംഡ് പോ
ലീസ് ഫോഴ്‌സ് (CASF), നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (NSG) എന്നിവയാണ് പി
ണറായി വിജയന്‍ ഈ ജില്ലകളിലേക്ക് ആവശ്യപ്പെട്ടത്. കശ്മീരിലും ആസാമിലും മണിപ്പൂരിലും കേന്ദ്ര സേനകളെക്കൊണ്ട് ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നിരന്തരം കേള്‍ക്കുന്നവരാണ് നമ്മള്‍. തൊള്ളായിരത്തി ഇരുപതുകളുടെ തുടക്കത്തില്‍ മലപ്പുറത്തെ ‘സംരക്ഷിച്ചെടുക്കാന്‍’ ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തുനിന്നു കൊണ്ടുവന്ന സൈന്യങ്ങളുടെ ബാക്കിപത്രങ്ങള്‍ ഇന്നും പട്ടാളക്യാമ്പുകളായി മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രസ്തുത സൈന്യങ്ങള്‍ മലപ്പുറത്തിന്റെ സാമൂഹിക-സാംസ്‌കാരിക പുരോഗതിയെ പുറകോട്ടു വലിച്ചതാണ് ഈ ജില്ല ഇന്നും അനുഭവിക്കുന്ന പിന്നോക്കാവസ്ഥയുടെ കാരണങ്ങളിലൊന്ന്. മലപ്പുറത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്നും കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്നും എല്ലാമുള്ള ബി.ജെ.പി
നേതാക്കളുടെ ജല്‍പനങ്ങളും ഇതോടു ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഈയിടെ ഇടതുസര്‍ക്കാരിന്റെ നേട്ടമായി ആഘോഷിച്ച മാവോയിസ്റ്റുകളായ കുപ്പു ദേവരാജിനെയും ദേവയാനിയെയും കീഴടക്കി കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയായിരുന്നുവെന്ന് ഇടതുപാര്‍ട്ടിയില്‍ നിന്നുതന്നെ പലരും ആരോപിച്ചിട്ടുണ്ട്. മലപ്പുറത്ത് ബോംബ് സ്‌ഫോടനങ്ങള്‍ സംഘടിപ്പിച്ചും, മലപ്പുറത്ത് റമദാന്‍ മാസത്തില്‍ അമുസ്‌ലിംകള്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം കൊടുക്കുന്നതും മലപ്പുറം എപ്പോഴും ഒരു പ്രശ്‌നബാധിത പ്രദേശമാണെന്ന (Disturbed Area) പ്രതീതി സൃഷ്ടിക്കുന്നതിന്റെ ഭാഗമല്ലാതെ മറ്റെന്താണ്? ഇതിലൂടെയെല്ലാം മലപ്പുറത്ത് വീണ്ടും കേന്ദ്രസേനകളെ വിന്യസിച്ച് ഈ ജില്ല കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതികള്‍ ഇല്ലായ്മ ചെയ്ത് ഇനിയും മലപ്പുറത്തെ പു
റകോട്ട് കൊണ്ടുപോകാമെന്ന് ആരെങ്കിലും ആശിക്കുന്നുണ്ടോ?