പരീക്ഷയെഴുതാന്‍ ചുരിദാര്‍ മുറിക്കുകയോ!

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ നിര്‍ബന്ധിത വസ്ത്രാക്ഷേപത്തിന് വിധേയമാകുന്നത് ഇതാദ്യമായല്ല. ഏതാനും വര്‍ഷങ്ങളായി ഈ കടുത്ത അക്രമം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഓരോ വര്‍ഷവും പുതിയ ഇരകള്‍ ഉണ്ടാകുന്നതുകൊണ്ട് പഴയ ഇരകള്‍ വിസ്മൃതിയിലാകുന്നു. വര്‍ഷങ്ങള്‍ പിന്നിടുന്തോറും സംഭവങ്ങള്‍ക്ക് വാര്‍ത്താപ്രാധാന്യം
കുറയുകയും ശരീരങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റം നോര്‍മലൈസ് ചെയ്യപ്പെടുകയും ചെയ്യുന്നു. മുഖവും മുന്‍കയ്യും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ പൊതുസ്ഥലങ്ങളില്‍ പൂര്‍ണമായി മറക്കപ്പെടേണ്ടതാണെന്ന് വിശ്വസിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ആ വിശ്വാസം മണിക്കൂറുകളോളം കോംപ്രമൈസ് ചെയ്തുകൊണ്ടല്ലാതെ ഒരു പൊതുപ്രവേശനപരീക്ഷ എഴുതാനാകാത്ത സ്ഥിതിവിശേഷം രാജ്യത്തുണ്ടാകുന്നത് ജനാധിപത്യത്തെയും മതനിരപേക്ഷതയെയും മതസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും പെണ്ണവകാശങ്ങളെയും കുരുതി കൊടുത്തുകൊണ്ടാണ്. മുറിഞ്ഞ ചുരിദാര്‍കയ്യുകളുമായി ഹാളില്‍ കയറാന്‍ വരിനിന്ന ആ പെണ്‍കുട്ടികള്‍ നേരിട്ട സ്റ്റെയ്റ്റ് വയലന്‍സിനെ ഇത്ര നിശബ്ദമായി കടന്നുപോകാന്‍ നമുക്ക് കഴിയുന്നതെങ്ങനെയാണ്! സെക്യുലറിസം ഫ്രാന്‍സിലെ അത്ര തന്നെ മിലിട്ടന്റ് ആവുകയും അത് ‘കൈകാര്യം’ ചെയ്യുന്നത് മുസ്‌ലിംകളെ ആയതിനാല്‍ ഫാഷിസം അതിന് കുടപിടിക്കുകയും ചെയ്യുമ്പോള്‍ ഉണരേണ്ടവരെല്ലാം ഉണര്‍ന്നേ പറ്റൂ. രണ്ടു വര്‍ഷത്തോളം മുമ്പ് കേരളത്തില്‍ മുസ്‌ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഇവ്വിഷയകമായി ഒരു സംയുക്ത സമരസമിതി ഉണ്ടാക്കുകയും പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുകയും ഹിജാബ് അണിഞ്ഞുകൊണ്ടുതന്നെ പരീക്ഷ എഴുതാമെന്ന്  സി.ബി.എസ്.ഇ ഡയറക്റ്ററുമായി നേരിട്ടുള്ള ചര്‍ച്ചക്കുശേഷം പരസ്യപ്പെടുത്തുകയും പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്കുവേണ്ടി ഹെല്‍പ് ലൈന്‍ നമ്പറുകള്‍ നല്‍കുകയും ചെയ്തിരുന്നതാണ്. മലപ്പുറത്തെ ഒരു മുസ്‌ലിം പെണ്‍പരീക്ഷാര്‍ത്ഥി അഭിമാനകരമായ നിയമപോരാട്ടത്തിലൂടെ  നേടിയെടുത്ത അനുകൂലമായ ഹൈക്കോടതി വിധിയും ആ വര്‍ഷം വന്നു. എന്നാല്‍ അതുകൊണ്ടൊന്നും പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടായിട്ടില്ലെന്നത് ഗൗരവതരമാണ്. നിശ്ചിത സമയത്തിന് മുന്‍പ് എത്തി ദേഹപരിശോധനക്ക് വിധേയരാകുന്നവര്‍ക്ക് ‘ആചാരപരമായ’ വസ്ത്രങ്ങള്‍ ധരിക്കാം എന്നുള്ള റിലാക്‌സേഷന്‍ സര്‍ക്കുലറുകള്‍ തട്ടമൂരിക്കുന്നതില്‍ നിന്നും ഫുള്‍ സ്ലീവ് കീറുന്നതില്‍ നിന്നും ചില ഉദ്യോഗസ്ഥരെയെങ്കിലും പിന്തിരിപ്പിക്കാത്ത ദുരവസ്ഥ വര്‍ഷം തോറും ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ പരീക്ഷനടത്തിപ്പുകാരെക്കൊണ്ട് കൂടുതല്‍ വ്യക്തവും ശക്തവുമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിപ്പിക്കുകയും അന്യായങ്ങള്‍ക്ക് മുതിരുന്ന ഉദ്യോഗസ്ഥരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യേണ്ടിവരും. ഇവ രണ്ടിലും സമൂഹത്തിനും സമുദായത്തിനും മാത്രമല്ല, സര്‍ക്കാറിനും വലിയ ഉത്തരവാദിത്തം ഉണ്ട്. മുസ്‌ലിം പെണ്ണിനോട് പൊതുസ്ഥലത്ത് ഹിജാബഴിക്കാന്‍ പറയാന്‍ ആര്‍ക്കുമവകാശമില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്ന ഒരു ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുക എന്നായിരിക്കും? കേന്ദ്രത്തിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. കേരള നിയമസഭയില്‍ ഒരു ഹിജാബവകാശ സംരക്ഷണനിയമം പാ
സാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ എന്നായിരിക്കും, ആരായിരിക്കും, ആരംഭിക്കുക! ഇനിയൊരു സഹോദരിയുടെ കൂടി തുണിയുരിയാനുള്ള ധാര്‍ഷ്ട്യം ഇവിടെ സംഭവിക്കില്ലെന്ന് ഒരുമിച്ചുറപ്പ് വരുത്താന്‍ നമുക്കിനിയും സമയമായിട്ടില്ലേ!