തേങ്ങുന്ന ഫിലസ്ത്വീന്‍

2018 മെയ് 15ന് ഫലസ്ത്വീന്‍ ‘നക്ബ’ക്ക് എഴുപതാണ്ട് തികഞ്ഞു. 1948 മെയ് 14നാണ് ബ്രിട്ടീഷുകാര്‍ മുറിച്ചുകൊടുത്ത ഫലസ്ത്വീന്‍ ഭൂമിയില്‍ ഇസ്രാഈല്‍ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി സ്വയം പ്രഖ്യാപി
ച്ചത്. സയണിസം പതിറ്റാണ്ടുകള്‍ നീണ്ട പ്രചരണയുദ്ധത്തിലൂടെയും അന്താരാഷ്ട്ര ഉപജാപങ്ങളിലൂടെയും ഫലസ്ത്വീനില്‍ സംഘടിപ്പിച്ച ഭീകരപ്രവര്‍ത്തനങ്ങളിലൂടെയും നേടിയെടുത്ത ഇസ്രാഈല്‍ രാജ്യം എഴുപത് വര്‍ഷം മുമ്പ് ഒന്നാമത്തെ ‘സ്വാതന്ത്ര്യദിനം’ ആഘോഷിച്ചതുതന്നെ തദ്ദേശീയരായ അറബികളുടെ രക്തത്തില്‍ കുളിച്ചുരസിച്ചായിരുന്നു. 1948 മെയ് 15ന് ആരംഭിച്ച ‘പുറത്താക്കല്‍’ ഫലസ്ത്വീന്‍ മക്കളില്‍ നിന്ന് ഇസ്രാഈലിനെ വംശീയമായി ‘ശുദ്ധീകരിക്കാനുള്ള’ അതിക്രൂരമായ പടപ്പുറപ്പാടായിരുന്നു. പുതിയ രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ നിന്ന് നൂറ്റാണ്ടുകളായി അവിടെ അധിവസിച്ചിരുന്ന അറബ് കുടുംബങ്ങളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിച്ചുകൊണ്ട് അന്ന് തുടങ്ങിയ ഇസ്രാഈലീ ദേശീയ ‘മുന്നേറ്റ’മാണ് അറബ് മുസ്‌ലിം ലോകത്ത് ഇപ്പോള്‍ ‘അന്നക്ബ’ (/ദുരന്തം) എന്നറിയപ്പെടുന്നത്. സ്വാതന്ത്ര്യദിനത്തിന്റെ തൊട്ടുപിറ്റേന്ന് മുതലുള്ള ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നാലര ലക്ഷത്തോളം ഫലസ്ത്വീനികളെ ജന്മനാട്ടില്‍ നിന്ന് സര്‍വായുധ സജ്ജരായ ഇസ്രാഈലി സൈന്യം
ആട്ടിപ്പുറത്താക്കി. പൈശാചികമായ ഈ കടന്നാക്രമണത്തില്‍ പതിനായിരങ്ങള്‍ കൂട്ടക്കുരുതിക്കിരയായി. നൂറുകണക്കിന് ഫിലസ്ത്വീന്‍ മുസ്‌ലിം ഗ്രാമങ്ങള്‍ ഒരടയാളവും ബാക്കിവെക്കാതെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റപ്പെട്ടു. 1948 മെയ് 15ന് മുസ്‌ലിം ലോകത്തിന്റെ ഹൃദയം ചവച്ചുതുപ്പി ആരംഭിച്ച ഈ ‘നക്ബ’ ഉന്മാദനൃത്തം അവശേഷിപ്പിച്ചത് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ തിങ്ങിഞെരുങ്ങി കഴിയുന്ന അനേകലക്ഷം അറബ് മുസ്‌ലിം സഹോദരന്‍മാരെയാണ്.
മനുഷ്യാവകാശങ്ങളുടെ പെരുമ്പറയടിക്കുന്ന ആധുനിക ലോകത്തിന് ഇസ്രാഈലിന്റെ നരനായാട്ടിനെ തിരുത്താനായതേയില്ല. വന്‍ശക്തികളുടെ എല്ലാവിധ അംഗീകാരങ്ങളോടെയും അത് ഫലസ്ത്വീനികളുടെ രക്തം കുടിച്ചു ചീര്‍ത്തു. ‘നക്ബ’യുടെ ഇരകള്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ വര്‍ദ്ധിക്കുകയും കൂടുതല്‍ നിസ്സഹായരാവുകയും പ്രാന്തവല്‍കരിക്കപ്പെടുകയുമാണ് ചെയ്തത്. ‘ഭീകരവാദികള്‍’ എന്ന വിചിത്രമായ വിളിപ്പേരും അവര്‍ക്ക് ലഭിച്ചു.
‘അന്നക്ബ’ക്ക് ഏഴു പതിറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. ഈ എഴുപത് വര്‍ഷവും ഫലസ്ത്വീനിലെ പച്ച മനുഷ്യര്‍ ഇസ്രാഈലിന്റെ ദ്രംഷ്ടകള്‍ക്കുള്ളില്‍ പിടഞ്ഞുപിടഞ്ഞ് നിലവിളിക്കുകയായിരുന്നു; ലോകത്തിന്റെ ബധിരകര്‍ണങ്ങളിലാണ് അത് മിക്കപ്പോഴും ചെന്ന് പതിച്ചതെങ്കിലും. മഹാമര്‍ദ്ദനത്തിന്റെ എഴുപതാം സംവത്സരം വിട പറയുമ്പോള്‍ ആസ്ഥാനം ടെല്‍ അവീവില്‍ നിന്ന് അറബികളുടെ ഹൃദയഭൂമിയായ ജറൂസലേമിലേക്ക് മാറ്റാനുള്ള തത്രപ്പാടുകളാണ് അമേരിക്കന്‍ പിന്തുണയോടെ ഇസ്രാഈല്‍ സ്റ്റെയ്റ്റ് റ്റെററിസത്തിന്റെ അടുക്കളയില്‍ തകൃതിയായി നടക്കുന്നത്. അമേരിക്കന്‍ എംബസി ജറൂസലേമിലേക്ക് മാറ്റി സ്ഥാപി
ച്ചതിനെതിരെ പ്രതിഷേധിക്കാനെത്തിയ ഫലസ്ത്വീനികളെ കൂട്ടക്കുരുതി നടത്തി ‘നക്ബ’യുടെ വാര്‍ഷികം ചോര കൊണ്ടുതന്നെ എഴുതുകയായിരുന്നു ഇസ്രാഈല്‍ എന്ന തെമ്മാടി രാജ്യം. നക്ബയുടെ എഴുപതാം വാര്‍ഷികത്തില്‍ പിടഞ്ഞുവീണ ആ ഫലസ്ത്വീനികള്‍ ഒരു ജനതയുടെ സമരവീര്യത്തെ കെടുത്തിക്കളയുമെന്ന ധാര്‍ഷ്ട്യം നിറഞ്ഞ ആത്മവിശ്വാസമാണ് ഇസ്രാഈല്‍ പല്ലിളിക്കുമ്പോള്‍ ദൃശ്യമാകുന്നത്. സുഊദി അറേബ്യ അടക്കമുള്ള പ്രമുഖ മുസ്‌ലിം രാജ്യങ്ങള്‍ ഇസ്രാഈലിന്റെ നിഷ്ഠൂരമായ നികൃഷ്ടതക്കെതിരില്‍ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. വിമോചനത്തിന്റെ പൊന്‍പുലരിക്കായി ക്വുദ്‌സിന്റെ മണ്ണ് ഇനിയെത്ര കാലം കാക്കേണ്ടി വരും!