ജിഹാദ് ദുര്‍വ്യാഖ്യാനിക്കപ്പെടുമ്പോള്‍

‘ജിഹാദും ഐ.എസ് ദുര്‍വ്യാഖ്യാനങ്ങളും’ (2018 മാര്‍ച്ച്) എന്ന കവര്‍‌സ്റ്റോറി ശ്രദ്ധേയമായി. ഇസ്‌ലാമിക സാങ്കേതിക ശബ്ദങ്ങളില്‍ വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ജിഹാദ്. ഇതരമതസ്ഥരെ ഉന്മൂലനം ചെയ്ത് മതത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ മുസ്‌ലിംകള്‍ ചെയ്യുന്ന വിശുദ്ധ യുദ്ധമാണ് ജിഹാദെന്ന സാമ്രാജ്യത്വത്തിന്റെയും ആഗോള മീഡിയയുടെയും പൊതുബോധ നിര്‍മിതി വിജയം കണ്ടിരിക്കുന്നു എന്നുവേണമെങ്കില്‍ പറയാം. ജിഹാദെന്ന് കേള്‍ക്കുമ്പോഴേക്ക് താടിയും തലപ്പാവും ധരിച്ച തോക്കുധാരിയായ മുസ്‌ലിമിന്റെ ചിത്രമാണ് ഒരു സാധാരണ അമുസ്‌ലിമിന്റെ മനസ്സില്‍ തെളിഞ്ഞുവരുന്നതെങ്കില്‍ ജിഹാദിനെ മതവിദ്വേഷ യുദ്ധമെന്ന വ്യാജാര്‍ത്ഥത്തില്‍ തളച്ചിടാനുള്ള ഇസ്‌ലാമിന്റെ ശത്രുക്കളുടെ കുല്‍സിതശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ അട്ടിമറിച്ച് കലാപങ്ങള്‍ക്ക് തിരികൊളുത്തി അധികാരാരോഹണം നടത്താനുള്ള രക്തരൂഷിത മാര്‍ഗമായിട്ടല്ല, മറിച്ച് ദൈവമാര്‍ഗത്തിലുള്ള തീവ്രമായ പരിശ്രമങ്ങളും അത് മൂലമുണ്ടാകുന്ന ക്ലേശങ്ങള്‍ സഹിച്ച് ദീനില്‍ അടിയുറച്ചു നില്‍കലും ആയിട്ടാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ ജിഹാദിനെ പരിചയപ്പെടുത്തുന്നത്. 41 തവണയാണ് ‘ജിഹാദ്’ എന്ന പദത്തിന്റെ നാമരൂപങ്ങളോ ക്രിയാരൂപങ്ങളോ ക്വുര്‍ആനില്‍ പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. അവിടെയെല്ലാം തന്നെ യുദ്ധം ചെയ്യുകയെന്ന കേവലമായ അര്‍ത്ഥത്തിനപ്പുറം യുദ്ധമുള്‍ക്കൊള്ളുന്ന ത്യാഗപരിശ്രമങ്ങളെ കുറിക്കുവാനാണ് ക്വുര്‍ആന്‍ ആ പദപ്രയോഗങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് വചനങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ‘അതിനാല്‍ സത്യനിഷേധികളെ നീ അനുസരിച്ചു പോ
കരുത്. ഇത് (ക്വുര്‍ആന്‍)    കൊണ്ട് നീ അവരോട് വലിയൊരു സമരം നടത്തികൊള്ളുക’ (25:52). ഇവിടെ ക്വുര്‍ആന്‍ കൊണ്ടുള്ള ആശയപ്രബോധനത്തിന് പ്രയോഗിച്ചിട്ടുള്ള പദം ജിഹാദ് എന്നാണ്. പ്രവാചകനും അനുചരന്‍മാരും പീഡനങ്ങളും പ്രയാസങ്ങളും സഹിച്ച് മക്കയില്‍ ആദര്‍ശപ്രബോധനം നിര്‍വഹിക്കുന്നതിനിടയില്‍ അവതരിപ്പിക്കപ്പെട്ട ഈ സൂക്തങ്ങള്‍ പ്രയാസമനുഭവിക്കുന്ന തന്റെ അനുചരന്‍മാരെ സംഘടിപ്പിച്ച് മക്കയില്‍ സായുധകലാപമുണ്ടാക്കാനുള്ള തെളിവായി കൊണ്ടല്ല നബി (സ) മനസ്സിലാക്കിയത്. മറിച്ച് പ്രവാചകന്‍ (സ) മക്കയില്‍ നിര്‍വഹിച്ച ജിഹാദ് എന്തായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മക്കാ കാലഘട്ടം സത്യസന്ധമായി പഠനവിധേയമാക്കുന്നവര്‍ക്ക് മനസ്സിലാകും. ശിലാഹൃദയരും രക്തദാഹികളും മദ്യാസക്തരുമായിരുന്ന ഒരു സമൂഹത്തെ മനുഷ്യവംശത്തിനുവേണ്ടി രംഗത്തു കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങളെന്ന് വിശുദ്ധ ക്വുര്‍ആനിനെ കൊണ്ട് പറയിപ്പിച്ചത് നബി (സ) ക്വുര്‍ആന്‍ കൊണ്ട് ചെയ്ത ജിഹാദിന്റെ പരിണിത ഫലമായിരുന്നു. മക്കക്കാരാല്‍ കൊടിയ പീഡനങ്ങള്‍ക്ക് വിധേയമായിട്ടും പ്രവാചകനും അനുചരന്‍മാരും അവര്‍ക്കെതിരെ ആയുധമെടുക്കാതിരുന്നത് ജിഹാദിനെ യുദ്ധമെന്ന കേവലാര്‍ത്ഥത്തില്‍ മനസ്സിലാക്കാത്തത് കൊണ്ടായിരുന്നു. പ്രവാചക ഹദീഥുകള്‍ പരിശോധിക്കുമ്പോഴും ജിഹാദിന് വ്യത്യസ്ത വിവക്ഷകള്‍ നല്‍കിയത് കാണാം. ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീഥില്‍, ”ആയിശ (റ) പറയുന്നു: അവര്‍ പ്രവാചകനോട് (സ) പറഞ്ഞു; അല്ലാഹുവിന്റെ ദൂതരേ, ജിഹാദ് ഏറ്റവും നല്ല കര്‍മമായി ഞങ്ങള്‍ കാണുന്നു. അതുകൊണ്ട് ഞങ്ങള്‍ അത് ചെയ്യട്ടെ. പ്രവാചകന്‍ (സ) പറഞ്ഞു, വേണ്ട. പക്ഷേ ഏറ്റവും വലിയ ജിഹാദ് അത് സ്വീകരിക്കപ്പെടുന്ന ഹജ്ജാകുന്നു.” ഇവിടെ നബി (സ) ഏറ്റവും വലിയ ജിഹാദായി എണ്ണിയത് ഹജ്ജിനെയാണ്. മറ്റൊരിക്കല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്ത് രക്തസാക്ഷിയാകാന്‍ വേണ്ടി സൈന്യത്തില്‍ ചേരാന്‍ വന്ന ചെറുപ്പക്കാരനോട് വാര്‍ധക്യത്തിലുള്ള മാതാപി
താക്കളെ സംരക്ഷിക്കലാണ് നിന്റെ ജിഹാദെന്ന് പറഞ്ഞ് തിരിച്ചയക്കുകയാണ് പ്രവാചകന്‍ (സ) ചെയ്തത്. യുദ്ധം ജിഹാദായി തീരുന്ന സന്ദര്‍ഭങ്ങളെക്കുറിച്ചു പറഞ്ഞ ഇസ്‌ലാം അത് നിയന്ത്രിത മാര്‍ഗത്തിലൂടെ വിശ്വാസ ആരാധനാപ്രബോധന സ്വാതന്ത്ര്യങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടിയാകണമെന്നും മാര്‍ഗവും ലക്ഷ്യവും ദൈവികമായിരിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നു. ഏതെങ്കിലും ചെറുസംഘങ്ങള്‍ സായുധമായി സംഘടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തുന്ന കലാപങ്ങളല്ല ജിഹാദ്. മറിച്ച് ഇസ്‌ലാമിക ഭരണ നേതൃത്വത്തിനു കീഴില്‍ കൃത്യമായ നിര്‍ദ്ദേശങ്ങളനുസരിച്ച് നടത്തുന്ന സായുധ മുന്നേറ്റങ്ങളെയാണ് യുദ്ധമുള്‍ക്കൊള്ളുന്ന ജിഹാദായി ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. ഭരണ നേതൃത്വത്തിനു കീഴിലല്ലാതെയുള്ള സായുധ സമരങ്ങളൊന്നും തന്നെ പ്രവാചകന്‍ (സ) അനുവദിച്ചതായി കാണാന്‍ കഴിയില്ല. പൗരന്‍മാര്‍ക്ക് കല്‍പന നല്‍കുവാന്‍ അധികാരമുള്ള നേതൃത്വമാണ് അവരോട് ആയുധമണിയാന്‍ പറയേണ്ടത്. പി
ന്നെ എങ്ങനെയാണ് ഒരു സ്വയംപ്രഖ്യാപി
ത ഖലീഫയ്ക്ക് കീഴില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടന ആഹ്വാനം ചെയ്യുന്ന ആള്‍ക്കൂട്ട ഉന്മൂലനങ്ങളെ ജിഹാദിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തുക?
അന്യായമായ മനുഷ്യവധത്തെ കൊടുംപാതകമായാണ് പരിശുദ്ധ ക്വുര്‍ആന്‍ എണ്ണുന്നത്. ”മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും
ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു.” (5:32) മനുഷ്യ ജീവന് ഇത്രത്തോളം വില കല്‍പിക്കുന്ന ഒരു മതത്തിനെങ്ങനെയാണ് ഭീകരസംഘങ്ങള്‍ നടത്തുന്ന നിഷ്ഠൂരമായ കൊലപാ
തകങ്ങളെ ജിഹാദായി വിശുദ്ധവല്‍ക്കരിക്കാന്‍ കഴിയുക? ഇസ്‌ലാം വിശ്വാസികളോട് സായുധ ജിഹാദില്‍ ഏര്‍പ്പെടാന്‍ ആഹ്വാനം ചെയ്യുന്നത് അവരുടെ വിശ്വാസ സ്വാതന്ത്ര്യ സംരക്ഷണത്തിനുവേണ്ടിയാണ്. ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍ മക്കയില്‍ അതിക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന് ബഹുദൈവാരാധനയെ പു
ല്‍കാന്‍ സന്നദ്ധമാകാത്തതിന്റെ പേരില്‍ ജനിച്ചുവളര്‍ന്ന നാട്ടില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് മദീനയിലേക്ക് പലായനം ചെയ്തവര്‍ക്ക് അവിടെയും വിശ്വാസസ്വാതന്ത്ര്യത്തിനു ഭീഷണി ഉയര്‍ന്നപ്പോഴാണ് ക്വുര്‍ആന്‍ അവര്‍ക്ക് സായുധമായ ചെറുത്തുനില്‍പിനുള്ള അനുവാദം നല്‍കുന്നത്. ”യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്, അവര്‍ മര്‍ദ്ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു. യാതൊരു
ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു.” (22:39, 40) മുസ്‌ലിംകള്‍ സായുധമായി ജിഹാദില്‍ ഏര്‍പ്പെട്ടത് എന്തിനായിരുന്നുവെന്ന് ഈ വചനങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഇസ്‌ലാം സ്വീകരിക്കാന്‍ സന്നദ്ധമാകാത്ത അമുസ്‌ലിംകളെ മുഴുവന്‍ കൂട്ടക്കൊല ചെയ്ത് ഒരു അഖില ലോക ഇസ്‌ലാമിക രാഷ്ട്രം കെട്ടിപ്പടുക്കലാണ് മുസ്‌ലിംകള്‍ ചെയ്യേണ്ട ജിഹാദെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഭീകരസംഘങ്ങള്‍ ക്വുര്‍ആനിനെയും സുന്നത്തിനെയും ആശയങ്ങളെ വക്രീകരിച്ചവതരിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രവാചകന്റെ (സ) ജീവിതമെടുത്ത് പരിശോധിച്ചാല്‍ തന്നെ ഗാഢമായ അമുസ്‌ലിം സൗഹൃദങ്ങള്‍ കാണാന്‍ സാധിക്കും. നബി(സ)യുടെ മക്കാ പ്രബോധന കാലഘട്ടത്തില്‍ അദ്ദേഹത്തിന് താങ്ങും തണലുമായി നിന്നത് പിതൃവ്യന്‍ അബൂത്വാലിബ് ആയിരുന്നു. മരണവേളയില്‍ പോലും ഇസ്‌ലാം സ്വീകരിക്കാനുള്ള തന്റെ സ്‌നേഹപൂര്‍വമായ ഉപദേശത്തെ നിരസിച്ച് അമുസ്‌ലിമായി മരണപ്പെട്ടുപോ
യ അബൂത്വാലിബിന്റെ സംരക്ഷണം സ്വീകരിക്കാന്‍ പ്രവാചകന് (സ) യാതൊരുവിധ സങ്കോചവുമുണ്ടായിട്ടില്ലെങ്കില്‍ അമുസ്‌ലിം സാന്നിധ്യത്തില്‍ അസ്വസ്ഥനാവേണ്ടവനല്ല മുസ്‌ലിമെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കി തരുന്നുണ്ട്. മാത്രവുമല്ല, ലോകം മുഴുവന്‍ ഇസ്‌ലാമീകരിക്കുവാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന ക്വുര്‍ആനിക ആശയത്തില്‍ സ്ഥാപിതമായ ഒരു മതത്തിനെങ്ങനെയാണ് അമുസ്‌ലിം ഉന്മൂലനങ്ങളെ അതിന്റെ യുദ്ധലക്ഷ്യമായി പ്രഖ്യാപിക്കാന്‍ കഴിയുക? ക്വുര്‍ആന്‍ പറയുന്നത് കാണുക: ”നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?” (10:99) നന്മയും തിന്മയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയതിനാല്‍ എല്ലാവരും സത്യവിശ്വാസികളും സദ്‌വൃത്തരും ആകില്ലെന്നും അവിശ്വസിക്കുന്നവരുടെ ഒരു വിഭാഗം എന്നുമുണ്ടാകണമെന്നും വ്യക്തമാക്കുകയാണ് ഈ ക്വുര്‍ആനിക വചനങ്ങള്‍. മുസ്‌ലിംകളുമായി പ്രത്യക്ഷ ശത്രുത വെച്ചുപുലര്‍ത്താത്ത അവിശ്വാസികളുമായി മൈത്രിബന്ധം സ്ഥാപി
ക്കുന്നതിന് യാതൊരു വിലക്കും ഇസ്‌ലാമിക പ്രമാണങ്ങളില്‍ കാണുക സാധ്യമല്ല. ക്വുര്‍ആന്‍ പറയുന്നു: ”മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പു
റത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” (60:8)
ഈ വചനത്തിന് സവിശേഷമായൊരു അവതരണ പശ്ചാത്തലം കൂടിയുണ്ട്. മദീന എന്ന ഇസ്‌ലാമിക രാഷ്ട്രത്തെ നശിപ്പിച്ച് വിശ്വാസികളെ ഉന്മൂലനം ചെയ്യുന്നതിനുവേണ്ടി മക്കാമുശ്‌രിക്കുകള്‍ തന്ത്രങ്ങള്‍ മെനയുന്നു. ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരി എന്ന നിലക്കും മുസ്‌ലിംകളുടെ നേതാവ് എന്ന നിലക്കും ചെറുത്തുനില്‍പി
ന്റെയും സായുധമായ പ്രതിരോധത്തിന്റെയും വഴികള്‍ തേടാന്‍ പ്രവാചകന്‍ (സ) നിര്‍ബന്ധിതനായി. ഈ സന്ദര്‍ഭത്തിലാണ് അസ്മാഇബ്‌നത്തു അബീബക്‌റിന്റെ (റ) ഉമ്മ അവരെ സന്ദര്‍ശിക്കാന്‍ മക്കയില്‍ നിന്നു മദീനയിലേക്ക് എത്തുന്നത്; അവര്‍ അവിശ്വാസിയാണുതാനും. പരിശുദ്ധ ക്വുര്‍ആന്‍ അവിശ്വാസികളുമായുള്ള ബന്ധവിച്ഛേദനത്തെപ്പറ്റിയും യുദ്ധസംബന്ധമായി അവരുമായി സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും കര്‍ക്കശമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സന്ദര്‍ഭം. ഉമ്മയെ സ്വീകരിക്കുന്നതിലുള്ള ഇസ്‌ലാമിക വിധിയെപ്പറ്റി അസ്മാഅ് (റ) പ്രവാചകന്റെ (സ) അഭിപ്രായം ചോദിച്ചപ്പോഴാണ് ഈ ആയത്ത് അവതീര്‍ണമായതെന്ന് ഇബ്‌നു കഥീര്‍ പോലെയുള്ള പ്രമുഖ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമക്കുന്നു. യുദ്ധസന്ദര്‍ഭങ്ങളില്‍ പോലും മുസ്‌ലിംകള്‍ ശത്രുത വെച്ചുപുലര്‍ത്തേണ്ടത് തങ്ങളെ സായുധമായി ആക്രമിക്കുന്ന അമുസ്‌ലിംകളോട് മാത്രമാണെന്നും അതല്ലാത്തവരോടുള്ള മൈത്രി ബന്ധത്തിന് ഇസ്‌ലാമിക വിലക്കുകളില്ലെന്നുമാണ് ഈ വചനം സൂചിപ്പിക്കുന്നത്.
എന്നാല്‍ ജിഹാദ് അമുസ്‌ലിം ഉന്മൂലനമാണെന്ന ഐ.എസ് ദുര്‍വ്യാഖ്യാനത്തെ കൂട്ടുപിടിച്ച് ഇസ്‌ലാമിനെ പ്രതിസ്ഥാനത്ത് അവരോധിച്ച് എറിഞ്ഞു കൊല്ലാനാണ് സാമ്രാജ്യത്വവും ഫാഷിസവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെയാണ് പു
തിയ ജിഹാദികള്‍ ഉണ്ടായിവരേണ്ടത്. പരിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും ആയുധമായി സ്വീകരിച്ചുകൊണ്ട് ശത്രുമനസ്സില്‍ പോലും പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള അറിവും കഴിവുമുള്ള ജിഹാദികള്‍. പരിശുദ്ധ ക്വുര്‍ആന്‍ ജിഹാദിന്റെ ആള്‍രൂപമായി പരിചയപ്പെടുത്തുന്ന പ്രവാചകനാണ് ഇബ്‌റാഹീം നബി (അ). ക്വുര്‍ആന്‍ പറയുന്നു: ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യേണ്ട മുറപ്രകാരം നിങ്ങള്‍ സമരം ചെയ്യുക. അവന്‍ നിങ്ങളെ ഉല്‍കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്രാഹീമിന്റെ മാര്‍ഗമത്രെ അത്.” (22:78) സ്രഷ്ടാവിന്റെ ഏകത്വം സ്ഥാപി
ക്കാന്‍ സ്വന്തം ജനതയോട് ആശയപരമായി കൊമ്പുകോര്‍ത്ത് അതുമൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ സഹിച്ച് അല്ലാഹുവിന്റെ കൂട്ടുകാരനായി മാറിയ ഇബ്‌റാഹീമിന്റെ (അ) ജിഹാദിന് പിന്തുടര്‍ച്ചക്കാരുണ്ടോയെന്നാണ് കാലം നമ്മോടു ചോദിക്കുന്നത്!