പണ്ഡിതന്മാരുടെ മരണം: നാം ആലോചിക്കേണ്ടത്

അല്ലാഹു ഉറുമ്പുകളുടെ സംസാരം കേള്‍ക്കാനും ഗ്രഹിക്കാനും അവസരം നല്‍കി അനുഗ്രഹിച്ച പ്രവാചകനായിരുന്നു ഇസ്രാഈല്യരുടെ രാജാവായിരുന്ന സുലയ്മാന്‍ നബി. ഒരു താഴ്‌വാരത്തിലൂടെ തന്റെ സൈന്യവുമായി കടന്നുപോകുമ്പോള്‍ ‘സുലയ്മാന്റെയും പട്ടാളക്കാരുടെയും ചവിട്ടേല്‍ക്കാതെ മാളങ്ങളിലൊളിച്ചോളിന്‍’ എന്ന് ഒരു ഉറുമ്പ് സംഘത്തിന്റെ നേതാവ് കൂടെയുള്ള ഉറുമ്പുകളോട് വിളിച്ചുപറയുന്നത്അല്ലാഹു സുലയ്മാന്‍ നബിയെ കേള്‍പിച്ചു. വിസ്മയഭരിതനായ സുലയ്മാന്‍ പ്രവാചകന്‍ നടത്തിയ പ്രാര്‍ത്ഥനയുടെ ആശയം ഇപ്രകാരമായിരുന്നു:  ‘റബ്ബേ, എനിക്ക് നീ നല്‍കിയ അനുഗ്രഹത്തിന് നന്ദി കാണിക്കാന്‍ നീ എനിക്ക് കഴിവ് നല്‍കണേ.’ (ക്വുര്‍ആന്‍ 27: 19).
ഉറുമ്പുകളെ കേള്‍ക്കാനും മനസ്സിലാക്കാനുമുള്ള കഴിവ് അല്ലാഹു മറ്റൊരു മനുഷ്യനും നല്‍കിയതായി അറിവില്ല. പക്ഷേ വേറെ എത്രയെത്ര കഴിവുകളാണ് നമ്മിലോരോരുത്തര്‍ക്കും അവന്‍ നല്‍കിയിരിക്കുന്നത്! അത്ഭുതമനോഹരമായ സിദ്ധികള്‍. എല്ലാ മനുഷ്യര്‍ക്കും ഒരുപോലെയല്ല എല്ലാ കഴിവുകളും ലഭിച്ചിരിക്കുന്നത്. ഒന്നോര്‍ത്തുനോക്കൂ, നമ്മുടെ ചുറ്റുമുള്ളവരേക്കാള്‍ നാം മികച്ചുനില്‍ക്കുന്ന എത്രയോ ശേഷികളുണ്ട്. ഓര്‍മ്മ, ഗ്രാഹ്യം, വിശകലന ബുദ്ധി, ഭാഷാ പാടവം, വാഗ്മിത, എഴുത്ത്, സര്‍ഗധനത, നേതൃഗുണം, ആരോഗ്യം, അങ്ങനെയങ്ങനെ…
ഈ കഴിവുകള്‍ക്കപ്പുറത്തുള്ള ഒരു കഴിവുണ്ട്. കഴിവുകള്‍ക്ക് നന്ദി കാണിക്കാനുള്ള ആ കഴിവാണ് ഏറ്റവും അനുഗ്രഹീതമായ കഴിവ്. ആ കഴിവിനായാണ് സുലയ്മാന്‍ നബി അല്ലാഹുവിനോട് ചോദിക്കുന്നത്. സവിശേഷമായ ഒരു ശേഷി തനിക്ക് നല്‍കപ്പെടുമ്പോള്‍ സുലയ്മാന്‍ നബി ആലോചിക്കുന്നത് അതിന് അല്ലാഹുവിനോട് യഥാവിധി നന്ദി കാണിക്കണമല്ലോ എന്നാണ്, അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെടുമോ എന്നാണ്. നമുക്ക് മികവ് നല്‍കപ്പെട്ട ശേഷികള്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും സേവനം ചെയ്യാന്‍ ഉപയോഗിച്ച് പ്രസ്തുത ശേഷികള്‍ നല്‍കി നമ്മെ അനുഗ്രഹിച്ച അല്ലാഹുവിന് നദിയുള്ളവരായിത്തീരാന്‍ നമുക്ക് കഴിയാറുണ്ടോ? അതോ ഇതെല്ലാം അല്ലാഹു തന്നതാണെന്ന ഓര്‍മ്മ തന്നെ നഷ്ടപ്പെടുന്ന, നന്ദി കാണിക്കണമല്ലോ എന്ന വേവലാതി പോലും ഇല്ലാത്ത നിര്‍ഭാഗ്യവാന്മാരായി നാം മാറുന്നുണ്ടോ?
‘അല്ലാഹുമ്മ അഗിന്നീ അലാ ദിക്‌രിക വ ശുക്‌രിക വ ഹുസ്‌നി ഇബാദതിക’ എന്ന ഒരു പ്രാര്‍ത്ഥന നമസ്‌കാരങ്ങള്‍ക്കൊടുവില്‍ ശീലമാക്കാന്‍ നബി(സ) ആവശ്യപ്പെട്ടിട്ടുണ്ട് (അബൂദാവൂദ്, നസാഇ). ‘അല്ലാഹുവേ, നിന്നെ ഓര്‍ക്കാനും
നിനക്ക് നന്ദി ചെയ്യാനും ഏറ്റവും നന്നായി നിനക്ക് ഇബാദത് ചെയ്യാനും എന്നെ സഹായിക്കണേ’ എന്നാണ് അര്‍ത്ഥം. അല്ലാഹു തന്നവയെക്കുറിച്ചുള്ള സജീവമായ ഓര്‍മ്മ (ദിക്ര്‍) ഉണ്ടായാലേ നന്ദി (ശുക്ര്‍) ഉണ്ടാകൂ. ദിക്ര്‍ ദുര്‍ബലമാകുമ്പോള്‍ ശുക്ര്‍ അന്യം നിന്നുപോകുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോള്‍ അല്‍ഹംദുലില്ലാഹ് എന്ന് പറയാനുള്ള മാനസികാവസ്ഥ ആ അനുഗ്രഹങ്ങളേക്കാള്‍ വലിയ അനുഗ്രഹമാണെന്ന് തിരുനബി പറഞ്ഞതായി ഹദീഥിലുണ്ട്. (ഇബ്‌നുമാജ). ഒരു അനുഗ്രഹത്തിന് നന്ദി കാണിക്കാന്‍ കഴിയുക എന്നതുതന്നെ ഒരു അനുഗ്രഹം ആണെന്ന് ഇമാം ശാഫിഈ.
അല്ലാഹു നല്‍കിയ കഴിവുകളെ അവന്റെ മാര്‍ഗത്തില്‍ സാധ്യമായതിന്റെ പരമാവധി ഉപയോഗിച്ചുകൊണ്ടാണ് ജീവിതത്തെ സാര്‍ത്ഥകമാക്കേണ്ടത്. ഹെലന്‍ കെല്ലറിനെ ആലോചിച്ചുനോക്കൂ. ശൈശവത്തിലേ ബധിരയും അന്ധയുമായിത്തീര്‍ന്ന പെണ്‍കുട്ടി. കഠിനാധ്വാനത്തിലൂടെ എത്രയധികമാണ് അവര്‍ അവരുടെ ജീവിതത്തിന്റെ വൃത്തം വികസിപ്പിച്ചത്! വിരലുകള്‍ കൊണ്ട് അക്ഷരങ്ങള്‍ വായുവില്‍ ചുഴറ്റിയെഴുതാന്‍ പരിശീലിച്ചുകൊണ്ട് ആരംഭിച്ച ഹെലന്‍ ലോകത്തെ അമ്പരപ്പിച്ച് സംസാരിക്കാന്‍ തുടങ്ങുകയും അന്ധര്‍ക്കുവേണ്ടിയുള്ള അന്താരാഷ്ട്ര പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. അന്ധതയും ബധിരതയും ഉള്ളവര്‍ക്ക് എന്തൊക്കെ ചെയ്യാനാകും എന്ന ചോദ്യത്തിന്റെ ഉത്തരമാണ് അവര്‍ മാറ്റി എഴുതിയത്. നമുക്കൊക്കെ എന്തുമാത്രം കഴിവുകള്‍ ഉണ്ട്! അവ വെച്ച് ഇപ്പോള്‍ ചെയ്യുന്നത്ര കാര്യങ്ങള്‍ മാത്രമേ ഇസ്‌ലാമിനുവേണ്ടി ശരിക്കും നമുക്ക് ചെയ്യാനാകൂ എന്ന് നെഞ്ചത്ത് കൈവെച്ച് പറയാനാകുമോ? എവിടെ വെച്ചാണ് പൈശാചികമായ ആലസ്യത്തിനും
ഒത്തുതീര്‍പ്പിനും നാം കീഴടങ്ങുന്നത്?
നമുക്ക് നല്‍കപ്പെട്ട കഴിവുകളെ ബോധപൂര്‍വം പരിപോഷിപ്പിച്ചും ഉപയോഗിച്ചും ഇസ്‌ലാമിക മുന്നേറ്റങ്ങളെ സ്‌നിഗ്ധമാക്കുന്നതില്‍ നമ്മുടെ സംഭാവനകള്‍ ഉറപ്പിക്കണം എന്നും അപ്പോള്‍ മാത്രമാണ് അല്ലാഹുവിന്റെ സഹായമുണ്ടാവുക എന്നും മുഹമ്മദ് നബി ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ‘നാടുകള്‍ നിങ്ങള്‍ക്ക് തുറന്നുകിട്ടും, ശത്രുക്കളെ നിങ്ങളാല്‍ അല്ലാഹു നിലക്ക് നിര്‍ത്തും, പക്ഷേ അമ്പെയ്ത്ത് പരിശീലിക്കുന്നതില്‍ നിങ്ങള്‍ അലംഭാവം കാണിക്കരുത്’ എന്ന് അവിടുന്ന് അനുചരനോട് പറഞ്ഞു. (മുസ്‌ലിം). പഠിക്കാനും
എഴുതാനുമുള്ള കഴിവ് ജീവിതം പൊടിഞ്ഞുപോകുമാറ് ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ ഉപയോഗിച്ചപ്പോഴാണ് മഹാപണ്ഡിതന്മാരും അവരുടെ ബൃഹദ് രചനകളും ഉണ്ടായത്. മാതൃകകളായി നിന്നവര്‍ മരിച്ചുപോകുമ്പോള്‍ വെളിച്ചം പടര്‍ത്തുന്ന തുടര്‍ച്ചകളാകാന്‍ പുതുതലമുറ ആത്മാര്‍ത്ഥമായി ശ്രമിക്കേണ്ടതല്ലേ?

Leave a Reply

Your email address will not be published. Required fields are marked *