പ്രവാചകനും കഅ്ബ് ഇബ്‌നുല്‍ അശ്‌റഫിന്റെ വധവും

മദീനയിലെ യഹൂദ പ്രമുഖനായിരുന്ന കഅ്ബ് ഇബ്‌നു
ല്‍അശ്‌റഫിനെ മുഹമ്മദ് നബി(സ)യുടെ നിര്‍ദ്ദേശപ്രകാരം അനുചരന്‍മാര്‍ പോയി വധിച്ച സംഭവം പ്രവാചകനെ ക്രൂരനും യഹൂദമര്‍ദകനുമാക്കി തെറ്റിദ്ധരിപ്പിക്കുവാന്‍ വേണ്ടി ജൂത-ക്രൈസ്തവ-ഓറിയന്റലിസ്റ്റ് നബിവിമര്‍ശകര്‍ ദീര്‍ഘകാലമായി ഉപയോഗിച്ചുവരുന്നതാണ്. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യാനുദ്ദേശിച്ച് അക്കാലഘട്ടത്തിലെ രാഷ്ട്രീയ രീതിശാസ്ത്രപ്രകാരം ഇസ്‌ലാമിക രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലയില്‍ നബി (സ) നല്‍കിയ തീര്‍ത്തും സ്വാഭാവികവും അനിവാര്യവും നീതിനിഷ്ഠവും മാനവികവുമായ ശിക്ഷാ ഉത്തരവാണ് കഅ്ബിന്റെ വധത്തില്‍ പര്യവസാനിച്ചതെന്നും ക്രൂരതയോ യഹൂദവിദ്വേഷമോ അല്ല പ്രസ്തുത സംഭവത്തിലെ നടപടിക്രമങ്ങള്‍ക്ക് നിമിത്തമായതെന്നുമുള്ള ചരിത്രവസ്തുതയെ ബോധപൂ
ര്‍വം മറച്ചുവെച്ചുകൊണ്ടാണ് നൂറ്റാണ്ടുകളായി ഈ കുപ്രചരണം അരങ്ങുതകര്‍ക്കുന്നത്.
കഅ്ബ്ബ്‌നുല്‍ അശ്‌റഫിനെ വധിക്കുവാന്‍/കൈകാര്യം ചെയ്യാന്‍ ആരാണുള്ളതെന്ന പ്രവാചകന്റെ (സ) അന്വേഷണത്തിനുള്ള പ്രതികരണമായി ഔസ് ഗോത്രക്കാരനായ മുഹമ്മദ്ബ്‌നു മസ്‌ലമ (റ) ആ ദൗത്യമേറ്റെടുത്തുവെന്നും കഅ്ബിനെ വരുതിയില്‍ കിട്ടാനായി സംസാരത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുവാനുള്ള അനുമതി അദ്ദേഹം പ്രവാചകനോട് ചോദിച്ചുവാങ്ങിയെന്നും പ്രവാചകന്‍ (സ) രാജ്യത്തലവനെന്ന നിലയില്‍ ആവശ്യപ്പെടുന്ന സാമ്പത്തിക നികുതി കൊടുത്തുവീട്ടാന്‍ മദീനയിലെ അറബികള്‍ പ്രയാസപ്പെടുകയാണെന്നും അതിനു തങ്ങളെ സഹായിക്കണമെന്നും കടമിടപാടുകള്‍ വഴി വരുമാനമുïാക്കിയിരുന്ന കഅ്ബിനെച്ചെന്നുകണ്ട് പറഞ്ഞ മുഹമ്മദ്ബ്‌നു മസ്‌ലമ (റ), പണയമായി സ്ത്രീകളെയോ കുട്ടികളെയോ നല്‍കാനുള്ള കഅ്ബിന്റെ ആവശ്യത്തെ സൗമ്യമായി നിരസിച്ച് ആയുധങ്ങള്‍ പണയമായി സാമ്പത്തിക സഹായം നല്‍കാനുള്ള ധാരണയില്‍ കഅ്ബിനെ എത്തിച്ചുവെന്നും ധാരണപ്രകാരമുള്ള ഇടപാ
ടുകള്‍ക്കാണെന്ന പ്രതീതി സൃഷ്ടിച്ച് രാത്രി ആയുധങ്ങളുമായി കൂട്ടാളികളെയും കൂട്ടി കഅ്ബിന്റെ കോട്ടക്കരികിലെത്തി അയാളെ പു
റത്തേക്കു വിളിച്ചുവരുത്തിയെന്നും അയാളുടെ തലയിലെ അത്യാകര്‍ഷകമായ സുഗന്ധലേപനം ആസ്വദിക്കാനാണെന്നു പറഞ്ഞ് തലയ്ക്ക് പി
ടിച്ചശേഷം തന്ത്രപൂര്‍വം കൊന്നു എന്നും ആണ് പ്രബലമായ ഹദീഥുകളില്‍ കഅ്ബ് സംഭവവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.(1)
മദീനയില്‍ ജീവിച്ചിരുന്ന അനേകം യഹൂദരെ യാതൊരുവിധത്തിലും ആക്രമിക്കാന്‍ കല്‍പി
ക്കാതിരിക്കുകയും മദീനയുടെ അധികാരമേറ്റപ്പോള്‍ യഹൂദഗോത്രങ്ങള്‍ക്ക് മതസ്വാതന്ത്ര്യവും പൗരാവകാശങ്ങളും ഉറപ്പുവരുത്തുന്ന കരാറുകള്‍ എഴുതിയുണ്ടാക്കുകയും അവ നിഷ്‌കൃഷ്ടമായി പാലിച്ചുപോരുകയും ചെയ്ത മുഹമ്മദ് നബി(സ)(2), കഅ്ബ്ബ്‌നുല്‍ അശ്‌റഫ് എന്ന യഹൂദനെ വധിക്കാനുള്ള സവിശേഷ കല്‍പന നല്‍കുമ്പോള്‍ തന്നെ കഅ്ബ് യഹൂദനായതല്ല അതിന്റെ കാരണമെന്നും പ്രമാദമായ ചില കുറ്റങ്ങള്‍ക്കുള്ള ഭരണാധികാരിയുടെ ശിക്ഷയാണ് അയാള്‍ക്കുമേല്‍ പ്രഖ്യാപിക്കപ്പെട്ടതെന്നുമുള്ള കാര്യം സുവ്യക്തമാണ്. വംശീയമോ വര്‍ഗീയമോ ആയ വിവേചനങ്ങള്‍ക്കൊന്നും യഹൂദന്‍മാര്‍ ഇരയാകാതിരിക്കാന്‍ കനത്ത ജാഗ്രത പു
ലര്‍ത്തിയ ഭരണസംവിധാനമായിരുന്നു മദീന ഇസ്‌ലാമിക രാഷ്ട്രത്തിന്റേതെന്ന് മനസ്സിലാകാന്‍ ഒരു മുസ്‌ലിമിന്റെ പടയങ്കി മോഷ്ടിച്ച മറ്റൊരു മുസ്‌ലിം പിടിക്കപ്പെടുമെന്നുള്ള ഘട്ടം വന്നപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി തൊണ്ടിമുതല്‍ ഒരു ജൂതന്റെ വീട്ടില്‍ കൊണ്ടുപോയി വെക്കുകയും നിരപരാധിയായ ജൂതന്‍ ലഭ്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ വിസ്താരത്തിനും ശിക്ഷക്കും വിധേയമാകുമെന്ന ഘട്ടം വരികയും ചെയ്തപ്പോള്‍ മുസ്‌ലിമിന്റെ വഞ്ചനയെയും യഹൂദന്റെ നിരപരാധിത്വത്തെയും അസന്നിഗ്ധമായി പ്രഖ്യാപിച്ച് മുഹമ്മദ് നബി(സ) ശരിയായ വിധിതീര്‍പ്പിലേക്ക് കൊണ്ടുപോയ വേദഗ്രന്ഥമാണ് ക്വുര്‍ആന്‍ എന്ന കാര്യം മാത്രമോര്‍ത്താല്‍ മതിയാകും.(3)
കഅ്ബിന്റെ കുറ്റത്തിന്റെ വിശദാംശങ്ങളല്ല, പ്രത്യുത അദ്ദേഹത്തിനുള്ള ശിക്ഷ നടപ്പാക്കപ്പെട്ടതിന്റെ വൃത്താന്തമാണ് ഹദീഥുകളില്‍ ഉള്ളത്. ശിക്ഷ പ്രഖ്യാപിക്കപ്പെടാനുണ്ടായ പശ്ചാത്തലത്തെ സംബന്ധിച്ച് വിശദമായ നിവേദനങ്ങള്‍ ആദ്യകാല നബിചരിത്ര ഗ്രന്ഥങ്ങളിലെല്ലാമുണ്ട്. അവയിലൂടെ കടന്നുപോകുന്ന ആര്‍ക്കും ഇവ്വിഷയകമായുള്ള വിമര്‍ശനങ്ങളുടെ പൊള്ളത്തരം ബോധ്യമാകും. രാജ്യദ്രോഹക്കുറ്റങ്ങളിലേര്‍പ്പെട്ടയാളെ കോടതിമുറിയില്‍ വിസ്തരിക്കുകയും ഔപചാരിക ജയില്‍മുറികളിലോ കഴുമരങ്ങളിലോ ശിക്ഷ നടപ്പിലാക്കുകയുമല്ലേ ചെയ്യേണ്ടതെന്ന് ചോദിക്കുന്നവര്‍, ആധുനിക നിയമനിര്‍വഹണ സംവിധാനങ്ങളുടെ ഘടനാപരിപ്രേഷ്യത്തിനുള്ളില്‍വെച്ച് ഏഴാം നൂറ്റാണ്ടിലെ ഒരു വധശിക്ഷാരീതിയെ അപഗ്രഥിക്കുവാന്‍ ശ്രമിക്കുക എന്ന ഭീമാബദ്ധമാണ് ചെയ്യുന്നത്. അപകടകാരികളായ അപൂര്‍വകുറ്റവാളികള്‍ക്ക് ഭരണാധികാരി  പ്രഖ്യാപിക്കുന്ന ശിക്ഷകള്‍ നടപ്പിലാക്കാന്‍ തികച്ചും വ്യത്യസ്തമായ രീതിശാസ്ത്രങ്ങളും നൈതികതയും ഉണ്ടായിരുന്ന ഒരു സ്ഥലകാലത്തിലാണ് പ്രവാചകകല്‍പനയുടെ നിര്‍വഹണം മുഹമ്മദ്ബ്‌നു മസ്‌ലമയും കൂട്ടുകാരും സ്വന്തം യുക്തിക്കനുസരിച്ച് സാക്ഷാല്‍ക്കരിച്ചത്. കഅ്ബിനെ കൊല്ലാന്‍ അവരുപയോഗിച്ച രീതിക്ക് സാധൂകരണവും സാംഗത്യവുമുള്ളത് ഇസ്‌ലാമിലല്ല, മറിച്ച് അവര്‍ ജീവിച്ച സാമൂഹ്യ-രാഷ്ട്രീയ സംവിധാനത്തിലാണ്. ഇന്ന് ഒരു ഇസ്‌ലാമിക രാഷ്ട്രം സമാനമായ ഒരു പ്രശ്‌നത്തെ നേരിടുക തികച്ചും ആധുനികമായ സങ്കേതങ്ങളുപയോഗിച്ചുകൊണ്ടായിരിക്കും. ഓരോ കാലഘട്ട ത്തിലും ഇസ്‌ലാമിക രാഷ്ട്രം പ്രവര്‍ത്തിക്കുക അതാത് കാലഘട്ടങ്ങളുടെ രാഷ്ട്രീയ യുക്തികളെ മൂല്യനിബദ്ധമായി സ്വാംശീകരിച്ചുകൊണ്ടാണ്. ഏഴാം നൂറ്റാണ്ടിലെ മദീനയില്‍ ജൂതന്‍മാര്‍ കോട്ടകള്‍കെട്ടി മറ്റു ജനസമൂഹങ്ങളില്‍ നിന്ന് വേര്‍തിരിഞ്ഞു സാമുദായിക കോളനികളായി ജീവിച്ചിരുന്ന പരിതസ്ഥിതിയില്‍ അവരെ കൂട്ടമായി ആക്രമിക്കാതെ അവരില്‍ നിന്നുള്ള കൊടുംകുറ്റവാളികളെ ഒറ്റക്ക് കൈകാര്യം ചെയ്യാനും പരസ്യമായി യുദ്ധം പ്രഖ്യാപിക്കാതെ തിരശ്ശീലക്കുപി
ന്നില്‍ നിന്ന് രാജ്യവിരുദ്ധ ചരടുവലികള്‍ നടത്തുന്ന ഉപജാപകരെ യുദ്ധസന്നാഹങ്ങളില്ലാതെ നിലയ്ക്കുനിര്‍ത്താനുമെല്ലാം അനുയോജ്യമായി അന്നത്തെ രാഷ്ട്രതന്ത്രജ്ഞത മനസ്സിലാക്കിയിരുന്ന രീതിയാണ് സ്വാഭാവികമായും കഅ്ബ്ബ്‌നു അശ്‌റഫിന്റെ കാര്യത്തില്‍ പിന്തുടരപ്പെട്ടത്. കഅ്ബിന്റെ പേരില്‍ നിരപരാധികള്‍ ആക്രമിക്കപ്പെടുകയോ അദ്ദേഹത്തിനുള്ള ശിക്ഷയില്‍ രാഷ്ട്രം അതിരുകവിയുകയോ ചെയ്തിട്ടുïെങ്കില്‍ മാത്രമേ അതുസംബന്ധമായി എന്തെങ്കിലും വിമര്‍ശനങ്ങളുന്നയിക്കുന്നതിന് ചരിത്രരചനാരീതി ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ടാകൂ. അതില്ലെന്ന് വിമര്‍ശകര്‍ക്കുതന്നെ തിട്ടമുള്ളതാണല്ലോ.
തന്ത്രം, രാജ്യത്തിന്റെ ശത്രുക്കളെ നേരിടാന്‍ എല്ലാകാലത്തും അംഗീകരിക്കപ്പെട്ടിട്ടുള്ള ബുദ്ധിസാമര്‍ത്ഥ്യമാണ്. അതിന്റെ രീതികളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നു മാത്രമേയുള്ളൂ. യുദ്ധത്തില്‍ മാത്രമല്ല രാജ്യം ശത്രുക്കളെ വധിക്കുകയെന്നും ആഭ്യന്തര ശത്രുക്കളെ അമര്‍ച്ച ചെയ്യാന്‍ യുദ്ധബാഹ്യമായ നിശബ്ദ തന്ത്രങ്ങളാണ് ചിലപ്പോഴൊക്കെ സ്വീകരിക്കേണ്ടി വരികയെന്നും രാഷ്ട്രസുരക്ഷ ഭദ്രമായി നിലനിര്‍ത്തേണ്ടതെങ്ങനെയെന്നതിനെ സംബന്ധിച്ച് സാമാന്യധാരണയുള്ളവര്‍ക്കൊന്നും പറഞ്ഞുകൊടുക്കേണ്ടി വരില്ല. കഅ്ബ്ബ്‌നുല്‍
അശ്‌റഫിന്റെ കാര്യത്തില്‍ രാജ്യത്തിന്റെ ഭരണാധികാരി കഅ്ബ് അറിയാതെ നല്‍കിയ രഹസ്യശിക്ഷാ ഉത്തരവ് കൃത്യമായി നടപ്പിലാക്കാന്‍ ആ ദൗത്യമേല്‍പ്പിക്കപ്പെട്ടവര്‍ ശ്രമിക്കുക മാത്രമാണുണ്ടായതെന്നും അതില്‍ അസ്വാഭാവികമായി യാതൊന്നും ഇല്ലെന്നും അറിയാത്തവരല്ല മിഷനറിമാര്‍. കഅ്ബ് സംഭവത്തെ ഭാഗികമായി മാത്രം അവതരിപ്പിച്ച് അതില്‍ ഉപയോഗിക്കപ്പെട്ട തന്ത്രത്തെയും രഹസ്യവധത്തെയും അധാര്‍മികതയും ക്രൂരതയുമായി ചിത്രീകരിക്കുവാന്‍ അവരെ പ്രേരിപ്പിക്കുന്നത് അന്ധമായ ഇസ്‌ലാം വിരോധം മാത്രമാണ്. ഭരണാധികാരിയോ ന്യായാധിപനോ സൈനികനേതാവോ ഒന്നും അല്ലാത്തതുകൊണ്ടുതന്നെ യേശുവില്‍ ഇത്തരം സംഭവങ്ങളുടെ സമാന്തരങ്ങളുïോ എന്ന് ചോദിക്കുന്നത് തീര്‍ത്തും പരിഹാസ്യമാണെന്ന് തിരിച്ചറിയാന്‍ ആ അന്ധത നിമിത്തം അവര്‍ക്കു കഴിയുന്നില്ല. യേശു ഒരു ഭരണാധികാരിയായിരിക്കുകയും തന്റെ രാജ്യത്തിന്റെയും പ്രജകളുടെയും നേര്‍ക്ക് ഉയരുന്ന വെല്ലുവിളികളെ ശക്തമായും തന്ത്രപരമായും നേരിടാതിരിക്കുകയും ചെയ്താല്‍ അത് അദ്ദേഹത്തിന്റെ മഹത്വമല്ല മറിച്ച് പി
ടിപ്പുകേടാണ് തെളിയിക്കുകയെന്നുപോലും മനസ്സിലാക്കാന്‍ കഴിയാത്ത മിഷനറി ഉപരിപ്ലവതയെ സംതൃപ്തമാക്കാന്‍ ആഴമുള്ള ചരിത്രാ
പഗ്രഥനങ്ങള്‍ക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. അവര്‍ക്കേറ്റവും നല്ലത് ബൈബിള്‍ പഴയനിയമത്തിന്റെ താളുകളിലൂടെ കടന്നുപോ
കലാണ്. യോശുവക്കുശേഷം കടുത്ത ദൈവധിക്കാരങ്ങളിലേക്ക് അധഃപതിച്ചതിന്റെ ഫലമായി ദൈവശിക്ഷയെന്നോണം കാനാനില്‍ സമീപപ്രദേശങ്ങളിലെ രാജാക്കന്‍മാരുടെ ക്രൂരമായ കയ്യേറ്റങ്ങള്‍ക്കിരയാകേണ്ടി വന്ന ഇസ്രാഈല്യരെ മര്‍ദ്ദനങ്ങളില്‍ നിന്ന് വിമോചിപ്പിക്കുവാന്‍ വേണ്ടി യഹോവ കാരുണ്യപൂര്‍വം നിയോഗിച്ച ഇസ്രാഈലി അധികാരികളും നേതാക്കളുമായിരുന്ന ‘ന്യായാധിപന്‍മാരില്‍’ പ്രമുഖനായിരുന്ന ‘ബെഞ്ചമിന്‍ ഗോത്രജാതനും ഇടതുകയ്യനുമായ’ ഏഹൂദ് (Ehud) മോവാബില്‍ നിന്നുള്ള മര്‍ദകരാജാവ് എഗ്‌ലോനിന്റെ (Eglon) അതിക്രമങ്ങളില്‍നിന്ന് ഇസ്രാഈല്യരെ രക്ഷിച്ചതെങ്ങനെയാണെന്നാണ് ബൈബിള്‍ പറയുന്നത്? നമുക്ക് വായിക്കുക:
”ഏഹൂദ് ഒരുമുഴം നീളമുള്ള ഇരുവായ്തല
വാള്‍ ഉണ്ടാക്കി വസ്ത്രത്തിനടിയില്‍ വലത്തെ തുടയില്‍ കെട്ടിവെച്ചു. അവന്‍ മൊവാബ് രാജാവായ എഗ്‌ലോന് കാഴ്ച സമര്‍പ്പിച്ചു. എഗ്‌ലോന്‍ തടിച്ചുകൊഴുത്ത മനുഷ്യനായിരുന്നു. ഏഹൂദ് കാഴ്ച സമര്‍പ്പിച്ചു കഴിഞ്ഞ് ചുമട്ടുകാരെ പറഞ്ഞയച്ചു. എന്നാല്‍ ഗില്‍ഗാലില്‍ ശിലാവിഗ്രഹങ്ങളുടെ അടുത്തുചെന്നപ്പോള്‍ അവന്‍ തിരിഞ്ഞുനടന്നു രാജാവിന്റെയടുക്കല്‍ വന്നുപറഞ്ഞു: അല്ലയോ രാജാവേ, എനിക്ക് അങ്ങയെ ഒരു രഹസ്യസന്ദേശം അറിയിക്കാനുണ്ട്. രാജാവ് പരിചാരകരോട് പുറത്തുപോ
കാന്‍ ആജ്ഞാപിച്ചു. അവര്‍ പോയി. രാജാവ് വേനല്‍ക്കാല വസതിയില്‍ ഇരിക്കുകയായിരുന്നു. ഏഹൂദ് അടുത്തുവന്നു പറഞ്ഞു: ദൈവത്തില്‍ നിന്ന് നിനക്കായി ഒരു സന്ദേശം എന്റെ പക്കല്‍ ഉണ്ട്. അപ്പോള്‍ അവന്‍ എഴുന്നേറ്റുനിന്നു. ഏഹൂദ് ഇടതുകൈകൊണ്ട് വലത്തെ തുടയില്‍നിന്ന് വാള്‍ വലിച്ചെടുത്ത് അവന്റെ വയറ്റില്‍ ശക്തിയായി കുത്തിയിറക്കി. വാളോടൊപ്പം പിടിയും അകത്തുകടന്നു. വാള്‍ ഊരിയെടുക്കാതിരുന്നതുകൊണ്ട് കൊഴുപ്പ് അതിനെ മൂടി. അനന്തരം, ഏഹൂദ് പൂമുഖത്തിറങ്ങി അവനെ അകത്തിട്ട് വാതിലടച്ചുപൂട്ടി. അവന്‍ പോയിക്കഴിഞ്ഞ് പരിചാരകര്‍ വന്നു. മുറിയുടെ കതകുകള്‍ പൂട്ടിയിരിക്കുന്നതുകണ്ടപ്പോള്‍ അവന്‍ ദിനചര്യക്ക് രഹസ്യമുറിയിലായിരിക്കുമെന്ന് അവര്‍ വിചാരിച്ചു. അവര്‍ കാത്തിരുന്നു കുഴഞ്ഞു; എന്നിട്ടും മുറിയുടെ വാതിലുകള്‍ തുറക്കാതിരുന്നത് കണ്ടപ്പോള്‍ അവര്‍ താക്കോലെടുത്തു തുറന്നു. അതാ രാജാവ് തറയില്‍ മരിച്ചുകിടക്കുന്നു.”(4) യഥാര്‍ത്ഥത്തില്‍, കഅ്ബ്ബ്‌നു അശ്‌റഫ് സംഭവം ഏഹൂദിന്റെ ഇടപെടലുമായി താരതമ്യം ചെയ്യാനാകാത്തത്ര നിസ്സാരമാണ്. കാരണം, ഒരു രാജാവിനെയാണ് യാതൊരു യുദ്ധപ്രഖ്യാപനവുമില്ലാതെ ഉപഹാരങ്ങള്‍ നല്‍കാനെന്ന നാട്യത്തില്‍ സന്നിധിയില്‍ കടന്നുകൂടി രഹസ്യസന്ദേശം നല്‍കാനുïെന്നു വിശ്വസിപ്പിച്ച് പരിചാരകരില്‍ നിന്നൊറ്റപ്പെടുത്തി വസ്ത്രത്തിനുള്ളിലൊളിപ്പിച്ചു വെച്ചിരുന്ന വാളെടുത്ത് ഏഹൂദ് തന്ത്രപൂ
ര്‍വം രഹസ്യമായി കൊന്നുകളഞ്ഞത്. രാജാവിനെ കൊന്നശേഷം നാഥനില്ലാതെയായ അയാളുടെ ജനതയായ പതിനായിരത്തോളം വരുന്ന മൊവാബ്യരെ ഒറ്റയാളെപ്പോലും ബാക്കിവെക്കാതെ ഏഹൂദിന്റെ നിര്‍ദ്ദേശപ്രകാരം അപ്രതീക്ഷിതമായ കടന്നാക്രമണത്തിലൂടെ ഇസ്രാഈല്യര്‍ കൊന്നുകളഞ്ഞുവെന്നും അത് എണ്‍പതു വര്‍ഷത്തേക്ക് നാട്ടില്‍ ശാന്തി കൊണ്ടുവന്നുമെന്നുമാണ് ബൈബിള്‍ തുടര്‍ന്നുപറയുന്നത്. ക്രൈസ്തവ വിശ്വാസപ്രകാരം യഹോവയും യേശുവും ഒന്നായതിനാ
ല്‍ ഏഹൂദിനെ നിയോഗിച്ചതും നയിച്ചതും ഇസ്രാഈല്യരെ ഇപ്രകാരം ചതിയിലൂടെയും ചോരയിലൂടെയും വിമോചിപ്പിച്ചതുമെല്ലാം യേശുവാണ്. മദീനാ രാഷ്ട്രത്തിന്റെ കഅ്ബ്ബ്‌നു അശ്‌റഫിനുനേരെയുള്ള രഹസ്യസൈനിക നടപടിയുടെ നൈതികത ഈ ബൈബിള്‍ ഭാഗങ്ങള്‍ വായിക്കുന്ന മിഷനറിമാര്‍ക്ക് ബോധ്യം വരാതിരിക്കാന്‍ യാതൊരു തരവുമില്ല തന്നെ!
മദീനക്കാരനല്ലാത്ത അറബി പിതാവിന്റെയും മദീനയിലെ ബനൂ നദീര്‍ ജൂതഗോത്രക്കാരിയായ മാതാവിന്റെയും മകനായിപ്പിറന്ന് ജൂതനായി ബനൂ നദീറുകാര്‍ക്കിടയില്‍ സ്വന്തമായ ഒരു സ്വകാര്യ കോട്ട/കൊട്ടാരം നിര്‍മിച്ച് അതില്‍ ആര്‍ഭാടങ്ങളോടെ താമസിച്ചിരുന്ന അതിസമ്പന്നനും സുന്ദരനും നാട്ടുപ്രമാണിയും കവിയുമായിരുന്നു കഅ്ബ്ബ്‌നുല്‍ അശ്‌റഫ് എന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട നിവേദനങ്ങളെല്ലാം വ്യക്തമാക്കുന്നുണ്ട്. പ്രവാചകന്റെ കഠിനശത്രുവും പരസ്യവിമര്‍ശകനുമായിരുന്ന കഅ്ബ് ബദ്ര്‍ യുദ്ധത്തോടുകൂടി ഇസ്‌ലാമിന്റെ കഥ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും ബദ്‌റിലെ മുസ്‌ലിംകളുടെ വിജയവാര്‍ത്തകേട്ട് ഖിന്നനായിത്തീര്‍ന്ന അയാള്‍ ഇതിന് സാക്ഷിയാകുന്നതിനേക്കാള്‍ ഭേദം മരിക്കുകയാണെന്ന് ആത്മഗതം ചെയ്തുവെന്നും ബദ്‌റില്‍ കൊല്ലപ്പെട്ട മക്കയില്‍ നിന്നുള്ള പ്രവാചകശത്രുക്കളില്‍ പ്രമുഖരായവരുടെ രക്തത്തിന് പകരം ചോദിക്കാന്‍ മക്കക്കാരെ പ്രചോദിപ്പിക്കുന്നതിനുവേണ്ടി അയാള്‍ ബദ്ര്‍ യുദ്ധം കഴിഞ്ഞയുടനെ മദീനയില്‍ നിന്ന് മക്കയിലേക്ക് യാത്ര പോയെന്നും ഇബ്‌നു ഇസ്ഹാക്വ് രേഖപ്പെടുത്തുന്നുണ്ട്. മക്കയില്‍ ചെന്ന് അല്‍ മുത്വലിബ് ഇബ്‌നു അബൂ വദാഅയുടെ വീട്ടില്‍ താമസമാക്കിയ കഅ്ബ് യുദ്ധത്തില്‍ മരിച്ചുപോയവരെയോര്‍ത്ത് വിലപിക്കുകയും പ്രതികാരദാഹം അങ്കുരിപ്പിക്കുകയും ചെയ്യുന്ന കവിതകള്‍ നിര്‍മിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തുവെന്നും ഹസ്സാന്ബ്‌നു ഥാബിത് അടക്കമുള്ള മദീനയിലെ പ്രഗല്‍ഭരായ മുസ്‌ലിം കവികള്‍ മക്കക്കാരുടെ രണവീര്യമുണര്‍ത്താനുദ്ദേശിച്ചുള്ള കഅ്ബ് കവിതകള്‍ക്ക് മറുപടിക്കവിതകളെഴുതി പ്രതിരോധിക്കുമാറ് ഹിജാസിലുടനീളം അയാളുടെ  വരികള്‍ക്ക് പ്രചുരപ്രചാരം സിദ്ധിച്ചുവെന്നും ഇബ്‌നു ഇസ്ഹാക്വിന്റെ തുടര്‍ന്നുള്ള വിവരണങ്ങളില്‍ നിന്നു മനസ്സിലാക്കാം. മക്കയില്‍ ഇപ്രകാരം കുറച്ചുകാലം താമസിച്ചശേഷം മദീനയില്‍ മടങ്ങിയെത്തിയ കഅ്ബ് മദീനയിലെ മുസ്‌ലിം സ്ത്രീകളുടെ പച്ചയായ ശാരീരിക വര്‍ണനകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അശ്ലീല-ശൃംഗാര കവിതകള്‍ ഉണ്ടാക്കി പ്രചരിപ്പിച്ച് അവരെ അപമാനിക്കാന്‍ തുടങ്ങിയതായും ഇബ്‌നു ഇസ്ഹാക്വ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.(5)
കഅ്ബിന് പ്രവാചകന്‍ (സ) ശിക്ഷ വിധിച്ചത് തികച്ചും ന്യായമാണെന്ന് ഇബ്‌നു ഇസ്ഹാക്വ് നല്‍കുന്ന വിവരണത്തില്‍ നിന്നു തന്നെ സുതരാം വ്യക്തമാണ്. ഭരണാധികാരിയായ പ്രവാചകനുമായി അച്ചടക്കമുള്ള പൗ
രജീവിതവും രാജ്യസുരക്ഷക്കുള്ള പി
ന്തുണയും ഉറപ്പുകൊടുക്കുന്ന കരാറിലേര്‍പ്പെടുകയും പ്രവാചകനില്‍ നിന്ന് അതേ കരാറിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള മാന്യവും വിശ്വസ്തവുമായ സംരക്ഷണം അനുഭവിച്ചുവരികയും ചെയ്ത ബനൂ നദീര്‍ ഗോത്രക്കാര്‍, കരാര്‍ ലംഘിച്ച് കലാപക്കൊടി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ വഴി കുപ്രസിദ്ധരായവരാണ്. മക്കയില്‍ നിന്ന് പ്രവാചകനെയും സഹചരെയും ഇസ്‌ലാമിന്റെ പേരില്‍ തീര്‍ത്തും അന്യായമായി പുറത്താക്കുകയും അവര്‍ ഉപേക്ഷിച്ചുപോന്ന സ്വത്തുക്കള്‍ ഉപയോഗിച്ച് കച്ചവടം ചെയ്ത് സമ്പത്തുണ്ടാക്കി അവര്‍ക്കെതിരില്‍ തന്നെ യുദ്ധങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്ത മക്കയിലെ പ്രവാചകശത്രുക്കളുമായുണ്ടായ അപ്രതീക്ഷിതവും അതിനിര്‍ണായകവുമായ യുദ്ധമായിരുന്നു ബദ്‌റില്‍ നടന്നത്. മദീനയെ കഥാവശേഷമാക്കാന്‍ അതിന്റെ ശത്രുക്കള്‍ ആര്‍ത്തലച്ചുവന്നപ്പോള്‍ നബി(സ)യും അനുയായികളും നടത്തിയ ധീരോദാത്തമായ ചെറുത്തുനില്‍പ്പില്‍ ഒരു മദീനക്കാരനെന്ന നിലയില്‍ ആവേശഭരിതാനാകുന്നതിനുപകരം മദീനയോടു യുദ്ധം ചെയ്ത മക്കയില്‍ പോയി അവരുടെ സൈനികരുടെ മൃത്യുവില്‍ വിലപിക്കുകയും പ്രതികാരജ്വാല ജ്വലിപ്പിക്കുകയും മദീനക്കെതിരില്‍ വീണ്ടും യുദ്ധം ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തയാളായിരുന്നു കഅ്ബ്ബ്‌നുല്‍ അശ്‌റഫ് എന്ന ബനൂ നദീറുകാരന്‍. അതാകട്ടെ, പരസ്യമായി കവിതകള്‍ ചമച്ചും പ്രചരിപ്പിച്ചുമായിരുന്നു. മദീന നശിച്ചുകാണുവാനുള്ള ആഗ്രഹം അതിന്റെ ഏറ്റവും വലിയ ശത്രുക്കളുടെ നടുവില്‍പോയി മദീനക്കാരടക്കം കേള്‍ക്കുംവിധം പാടിപ്പറഞ്ഞുനടന്ന് മക്കക്കാരെ യുദ്ധോന്മത്തരും മദീനക്കാരെ പരിഭ്രാന്തരുമാക്കിയ ധിക്കാരിയായ ഒറ്റുകാരനും
രാജ്യദ്രോഹിയുമായിരുന്നു അയാള്‍ എന്നുചുരുക്കം. ഒരു രാജ്യത്തെ പൗരന്‍ ശത്രുരാജ്യത്തുപോയി അവിടുത്തെ സൈനികരെ തന്റെ രാജ്യത്തോടു യുദ്ധം ചെയ്യാന്‍ ഉദ്‌ബോധിപ്പിച്ചുകൊണ്ടുള്ള പരസ്യ ഇടപെടലുകള്‍ നടത്തി സ്വന്തം രാജ്യത്തേക്കു തിരിച്ചുവന്നാല്‍ എന്തായിരിക്കും രാജ്യരക്ഷയില്‍ താല്‍പര്യമുള്ള അവിടുത്തെ ഭരണാധികാരികള്‍ ചെയ്യുക? അതുമാത്രമേ മദീനയുടെ ഭരണാധികാരി എന്നനിലയില്‍ നബി(സ)യും ചെയ്തിട്ടുള്ളൂ. കഅ്ബ് മദീനയില്‍ തിരിച്ചെത്തിയശേഷം പശ്ചാത്താപത്തിന്റെ ചെറിയ സ്പന്ദനങ്ങള്‍ പോലും പ്രകടിപ്പിക്കാതെ ധാര്‍ഷ്ട്യത്തിന്റെ കൊടുമുടി കയറി സദ്‌വൃത്തരായ മുസ്‌ലിം സ്ത്രീകളെ അക്ഷരങ്ങള്‍കൊണ്ട് വ്യഭിചരിക്കുന്ന മാംസവര്‍ണനകളുമായി മുന്നോട്ടുപോ
വുകയാണ് ചെയ്തതെന്ന് പറയുമ്പോള്‍ പ്രവാചകന്റെ ഉത്തരവ് എത്ര അനിവാര്യമായിരുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.
ജീവിക്കുന്ന രാജ്യത്തിന്റെ ഭരണാധികാരിയുമായി യുദ്ധം പ്രഖ്യാപിച്ച രാജ്യദ്രോഹ കുറ്റവാളിയായിരുന്നു കഅ്ബ് എന്നാണ് ഇതിനെല്ലാം അര്‍ത്ഥം. ഏറ്റവും ശ്രദ്ധേയമായ വസ്തുത, അയാളുടെ വിധ്വംസകനിലയെക്കുറിച്ച് അയാളുടെ ഉറ്റവര്‍ക്ക് ബോധ്യമുണ്ടായിരുന്നുവെന്നതാണ്. കഅ്ബ് രാത്രി കോട്ടയില്‍നിന്ന് പുറത്തേക്കിറങ്ങാനൊരുങ്ങിയപ്പോള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അയാളുടെ ഭാര്യ ഇപ്രകാരം പറഞ്ഞതായി ഇബ്‌നു ഇസ്ഹാക്വ് വിവരിക്കുന്നുണ്ട്: ”നിങ്ങള്‍ യുദ്ധത്തിലാണ്; യുദ്ധത്തിലുള്ളവര്‍ ഇന്നേരം പുറത്തുപോകുന്നത് പന്തിയല്ല.”(6) രാജ്യത്തോടു യുദ്ധം ചെയ്യുന്നതിനു സമാനമായ നിലപാട് പരസ്യമായി ഉയര്‍ത്തിപ്പിടിക്കുന്ന ഒരാളാണ് തന്റെ ഭര്‍ത്താവെന്നും ഭര്‍ത്താവിനെത്തേടി രാജ്യരക്ഷ ഉറപ്പുവരുത്തേണ്ട ചുമതലയുള്ളവര്‍ ഏതുസമയവും വരാന്‍ സാധ്യതയുïെന്നും പക്വമതിയായ ഭാര്യ തിരിച്ചറിഞ്ഞിരുന്നുവെന്ന് വരുമ്പോള്‍ എത്ര വലിയ കലാപകാരിയെയാണ് മുഹമ്മദ് ഇബ്‌നു മസ്‌ലമയും കൂട്ടരും കൈകാര്യം ചെയ്തതെന്ന് എളുപ്പത്തില്‍ മനസ്സിലാകും.
കഅ്ബ് മക്കയിലെ ശത്രുക്കള്‍ക്ക് നല്‍കിയ ആവേശത്തെയും മദീനയിലെ മുസ്‌ലിം സ്ത്രീകള്‍ക്കുണ്ടാക്കാന്‍ ശ്രമിച്ച അപമാനത്തെയും അരക്ഷിതാവസ്ഥയെയും പോലെത്തന്നെ അപകടകരമായിരുന്നു അയാള്‍ മറ്റുജൂതന്‍മാരെ സ്വാധീനിക്കാനുള്ള സാധ്യതയും. രാജ്യത്തോട് കടുത്ത അക്രമം ചെയ്യുകയും സാംസ്‌കാരികമായ അരാജകത്വം പടര്‍ത്തുകയും ചെയ്തിട്ടും കഅ്ബ് സുരക്ഷിതമായി വിഹരിക്കുന്ന നിലവന്നാല്‍ കലാപത്തിന്റെ വിത്ത് മനസ്സിലുള്ള മറ്റനേകം യഹൂദന്‍മാര്‍ പരസ്യമായി കഅ്ബിന്റെ വഴി പിന്തുടരുകയും രാജ്യത്തിന്റെ ആഭ്യന്തരഭദ്രത അത്യന്തം ശോചനീയമായിത്തീരുകയും ചെയ്യും എന്നതുകൊണ്ടുതന്നെ കലാപമനസ്സുള്ളവര്‍ക്കെല്ലാം പാഠവും മുന്നറിയിപ്പുമാകുന്ന തരത്തില്‍ അയാള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടേണ്ടതുണ്ടായിരുന്നു. ഈ ലക്ഷ്യം നേടിയെടുക്കുന്നതില്‍ ഇസ്‌ലാമിക രാഷ്ട്രം വിജയിച്ചുവെന്ന് യഹൂദന്‍മാര്‍ക്കിടയില്‍ സമാനമായ നടപടികളെ സംബന്ധിച്ച ഭീതി പടരാന്‍ കഅ്ബ് വധം നിമിത്തമായിയെന്ന, ഇബ്‌നു ഇസ്ഹാക്വ് തന്നെ നല്‍കുന്ന വിവരം സൂചിപ്പിക്കുന്നുണ്ട്.(7)
ബദ്ര്‍ യുദ്ധം കഴിഞ്ഞ ഉടനെയുള്ള ദുല്‍ഹിജ്ജ മാസത്തില്‍ ബദ്‌റില്‍ മരിച്ച തന്റെ കൂട്ടാളികളുടെ ചോരയ്ക്ക് പകരം ചെയ്യുമെന്ന പ്രതിജ്ഞയുമായി മക്കയിലെ അന്നത്തെ പ്രവാചകശത്രുക്കളുടെ നേതാവായിരുന്ന അബൂ സുഫ്‌യാന്‍ മദീനയിലേക്ക് ഇരുന്നൂറ് പടയാളികളുമായി രഹസ്യയാത്ര നടത്തുകയും ബനൂ നദീര്‍ നേതാവായ സല്ലാം ഇബ്‌നു മിശ്കാം രാത്രിയുടെ ഇരുട്ടില്‍ അബൂ സുഫ്‌യാനെ തന്റെ വീട്ടില്‍ സല്‍ക്കരിക്കുകയും ആക്രമണം ഫലപ്രദമായി നിര്‍വഹിക്കുവാന്‍ സഹായകമായ ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുകയും തദനുസൃതമായി അബൂ സുഫ്‌യാന്‍ തന്റെ പടയാളികളുമായി മദീനക്കടുത്ത ഉറയ്ദില്‍ ചെന്ന് രണ്ടു മദീനക്കാരെ വധിക്കുകയും ഈത്തപ്പന മരങ്ങള്‍ കത്തിച്ച് നാശനഷ്ടങ്ങളുണ്ടാക്കുകയും വിവരമറിഞ്ഞ് പ്രവാചകനും അനുചരന്‍മാരും കുതിച്ചെത്തുന്നത് മനസ്സിലാക്കി തങ്ങളുടെ ഭക്ഷണക്കെട്ടുകള്‍ വഴിയിലുപേക്ഷിച്ച് അതിവേഗതയില്‍ മക്കയിലേക്കു മടങ്ങുകയും ചെയ്ത, ഗസ്‌വതുസ്സവീക്വ് എന്നറിയപ്പെടുന്ന അനിഷ്ട സംഭവം(8) ബനൂ നദീറുകാരുടെ ഛിദ്രതാതല്‍പരതയെക്കുറിച്ചും ഖുറയ്ശികള്‍ക്കും അവര്‍ക്കുമിടയില്‍ പാലമുണ്ടാക്കാനുള്ള കഅ്ബ്ബ്‌നു അശ്‌റഫിന്റെ പരിശ്രമങ്ങളുടെ രാജ്യരക്ഷാപരമായ പ്രത്യാഘാത സാധ്യതയെക്കുറിച്ചും കൃത്യമായ ധാരണ നല്‍കുന്നുണ്ട്. ഗസ്‌വതുസ്സവീക്വിനെ തുടര്‍ന്നുള്ള റബീഉല്‍ അവ്വല്‍ മാസത്തിലാണ് കഅ്ബ് വധം നടന്നതെന്നാണ് ചരിത്രകാരന്‍മാരുടെ പൊതുവായ പക്ഷം.(9)
കഅ്ബ്ബ്‌നു അശ്‌റഫിന്റെ വധം അദ്ദേഹം യഹൂദനായതുകൊണ്ടുണ്ടായതല്ലെന്നും യഹൂദന്‍മാര്‍ മദീനയില്‍ അനീതി ഭയക്കേണ്ടതില്ലെന്നും മുഹമ്മദ് നബി (സ) തന്നെ പ്രഖ്യാപിച്ചത് ഇബ്‌നു സഅദിന്റെ ചരിത്രനിവേദനത്തിലുണ്ട്. കഅ്ബ് വധത്തില്‍ വിശദീകരണം ചോദിച്ചെത്തിയ യഹൂദരോട് മദീനയെ ആക്രമിക്കാന്‍ ജനങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നതടക്കമുള്ള കഅ്ബിന്റെ ദുര്‍നടപടികളെക്കുറിച്ചും അവയെ തുടരാനനുവദിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചും ഓര്‍മിപ്പിക്കുകയും അതിനുള്ള ശിക്ഷ മാത്രമാണുണ്ടായതെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്ത പ്രവാചകന്‍ (സ) മറ്റുള്ള യഹൂദരുമായി സമാധാന-സംരക്ഷണകരാര്‍ പുതുക്കിയെന്നു പറയുന്ന ഇബ്‌നു സഅദിന്റെ വിവരണം,(10) കഅ്ബ് വധത്തെ ഉപയോഗിച്ചുള്ള വിമര്‍ശന ഭാവനകളെയെല്ലാം തകര്‍ക്കാന്‍ ശേഷിയുള്ളതാണ്. ഇബ്‌നു സഅദ് നല്‍കുന്ന ഈ വിവരം അവലംബനീയമാണെന്ന് അബൂ ദാവൂദിന്റെയും ബയ്ഹക്വിയുടെയും സമാനമായ നിവേദനങ്ങളെ ചേര്‍ത്തുവെച്ചുള്ള പ്രമുഖ നബിചരിത്ര പണ്ഡിതനായ ഡോ. മഹ്ദി റിസ്‌ക്വുല്ലാഹ് അഹ്മദിന്റെ വിശകലനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും.(11)
കഅ്ബ്ബ്‌നുല്‍ അശ്‌റഫിനെ വധിച്ചത് വ്യക്തമാക്കുന്ന ഹദീഥുകള്‍ വിവരിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലം ചരിത്രഗ്രന്ഥങ്ങള്‍ അനാവൃതമാക്കുന്നതാണ് നാം വിശകലനം ചെയ്തത്. അവപ്രകാരം ബദ്ര്‍ യുദ്ധാനന്തരമുളള കഅ്ബിന്റെ മക്ക യാത്രയും തുടര്‍ന്ന് മദീനയിലേക്കുള്ള മടക്കവും കഴിഞ്ഞ് അധികം വൈകാതെയാണ് അയാളെ കൊല്ലാനുള്ള ഉത്തരവുണ്ടാകുന്നതും അത് നടപ്പിലാക്കപ്പെടുന്നതും. ബനൂ നദീര്‍ ഗോത്രക്കാര്‍ അവരുടെ കുപ്രസിദ്ധമായ രാജ്യവിരുദ്ധ അതിക്രമങ്ങള്‍ കാരണമായി മദീനയില്‍നിന്ന് പുറത്താക്കപ്പെടുന്നത് കഅ്ബ് വധം കഴിഞ്ഞ് പിന്നെയും കുറേ നാളുകള്‍ പിന്നിട്ടിട്ടാണ്. (ബനൂ നദീറുകാരെ പുറത്താക്കിയത് ബദ്‌റിനും ഉഹ്ദിനും
ഇടയിലാണോ അതല്ല ഉഹ്ദിനുശേഷമാണോ എന്ന കാര്യത്തില്‍ നിവേദനങ്ങള്‍ക്കിടയില്‍ വീക്ഷണവ്യത്യാസമുണ്ട്)(12). എന്നാല്‍ ബദ്ര്‍ യുദ്ധാനന്തരമുള്ള കലാപത്വരകമായ മക്കാവാസം കഴിഞ്ഞെത്തിയ ഉടനെയല്ല കഅ്ബിനെതിരെ നടപടിയുണ്ടാകുന്നത് എന്ന നിലപാടുള്ള നിവേദനങ്ങളുമുണ്ട്. വിശുദ്ധ ക്വുര്‍ആനിലെ അമ്പത്തിയൊമ്പതാം അധ്യായമായ സൂറത്തുല്‍ ഹശ്ര്‍ ബനൂ നദീര്‍ ഗോത്രക്കാര്‍ക്കെതിരായ പു
റത്താക്കല്‍ നടപടിയെ പരാമര്‍ശിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ടതാണെന്നാണ് പണ്ഡിതാഭിപ്രായം. സുറതുന്നദീര്‍ എന്നൊരു പേര് പ്രസ്തുത അധ്യാത്തിനുള്ളതായി ഇമാം ക്വുര്‍ത്വുബിയെപ്പോലുള്ള പ്രഗല്‍ഭരായ ആദ്യകാല ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.(13) സൂറതുല്‍ ഹശ്‌റിന്റെ വിശദീകരണത്തില്‍ പ്രമുഖരായ പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും ഉദ്ധരിച്ചിട്ടുള്ള പല ചരിത്രനിവേദനങ്ങളും ബനൂ നദീറുകാരെ പുറത്താക്കിയതും കഅ്ബ് ഇബ്‌നുല്‍ അശ്‌റഫിനെ വധിച്ചതും ഒരൊറ്റ സംഭവത്തിന്റെ ഭാഗമായാണ് അവതരിപ്പിച്ചിട്ടുള്ളത്. ബനൂ നദീറുകാരെ പുറത്താക്കാന്‍ പെട്ടെന്ന് നിമിത്തമായ അച്ചടക്ക ലംഘനങ്ങളിലും പ്രവാചകനെ വധിക്കുവാനുള്ള അവരുടെ ഗൂഢാലോചനകളിലും കഅ്ബിന് നേതൃപരമായ പങ്കുണ്ടായിരുന്നുവെന്നാണ് ഇമാം ജലാലുദ്ദീനുസ്സ്വുയൂത്വി തന്റെ ക്വുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥമായ അദ്ദുര്‍റുല്‍ മന്‍ഥൂരി ഫിത്തഫ്‌സീരി ബില്‍ മഅ്ഥൂറില്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു പാരമ്പര്യത്തിലുള്ളത്.(14) ബനൂ നദീറുകാരെ പുറത്താക്കാനുള്ള പ്രവാചകതീരുമാനമുണ്ടായപ്പോള്‍ കഅ്ബ്ബ്‌നുല്‍ അശ്‌റഫ് മക്കയിലേക്കു പോവുകയും മക്കക്കാരുമായി പ്രവാചകനെതിരില്‍ യുദ്ധക്കരാറുണ്ടാക്കുകയും ചെയ്തുവെന്ന് പറയുന്ന ഒരു നിവേദനം ഇമാം ത്വബ്‌രിയുടെ തഫ്‌സീറില്‍ ഉണ്ട്.(15) പ്രാമാണികരായ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ അബൂ മുഹമ്മദ് അല്‍ ഹുസയ്ന്‍ ഇബ്‌നു മസ്ഊദ് അല്‍ ബഗവി തന്റെ തഫ്‌സീറായ മആലിമുത്തന്‍സീലില്‍ സമാഹരിച്ചിട്ടുള്ള നിവേദനങ്ങള്‍ പ്രകാരം ഉഹ്ദ് യുദ്ധാന്തരം ബനൂ നദീറുകാരുമായുള്ള സമാധാനക്കരാര്‍ ദുര്‍ബലപ്പെടുത്താന്‍ മുഹമ്മദ് നബി (സ) നിര്‍ബന്ധിതനായപ്പോള്‍ കഅ്ബ്ബ്‌നുല്‍ അശ്‌റഫ് മക്കയിലേക്കുപോയി കഅ്ബയുടെ കില്ലക്കുള്ളില്‍വെച്ച് അബൂ സുഫ്‌യാനുമായി ബനൂ നദീറുകാര്‍ക്കുവേണ്ടി പ്രവാചകനെതിരെയുള്ള യുദ്ധക്കരാറില്‍ ഏര്‍പ്പെടുകയും ശേഷം മദീനയിലേക്കു തിരിച്ചെത്തുകയും ചെയ്തപ്പോഴാണ് കഅ്ബിനെ വധിക്കാനുള്ള പ്രവാചകനിര്‍ദേശമുണ്ടായതും അത് നടപ്പിലാക്കപ്പെട്ടതും.(16)
ബനൂ നദീറുകാരുടെ പുറത്താക്കലില്‍ കലാശിച്ച ആത്യന്തികമായ യുദ്ധപ്രഖ്യാപനങ്ങള്‍ക്കെല്ലാം നെടുനായകത്വം നല്‍കിയ കഅ്ബ്ബ്‌നുല്‍ അശ്‌റഫിന്റെ വധം പ്രസ്തുത ജൂതഗോത്രത്തിനെതിരായ നടപടിയുടെ വിളംബരമായിരുന്നുവെന്നും കഅ്ബ് വധിക്കപ്പെട്ട രാത്രിയുടെ തൊട്ടുപിറ്റേന്നുള്ള പകലില്‍ തന്നെ പ്രവാചകസൈന്യം ബനൂ നദീറുകാരെ പുറത്താക്കാനുള്ള ഉപരോധം ആരംഭിച്ചുവെന്നും പൗരാണികനായ മുഫസ്സിര്‍ മുക്വാതില്‍ ഇബ്‌നു സുലയ്മാന്‍ ഉദ്ധരിക്കുന്ന നിവേദനത്തിലുണ്ട്.(17)
ചുരുക്കത്തില്‍ തഫ്‌സീര്‍ ഗ്രന്ഥങ്ങളില്‍ ഉപലബ്ധമായ ചില നിവേദനങ്ങള്‍പ്രകാരം ബദ്ര്‍ യുദ്ധത്തിന് തൊട്ടുശേഷമുള്ള സംഭവങ്ങളും കഴിഞ്ഞ് ബനൂ നദീറുകാരെ അവസാനവട്ട കലാപങ്ങള്‍ക്കും പ്രേരിപ്പിക്കുകയും പ്രവാചകനെ ചതിയിലൂടെ വധിക്കുവാനുള്ള അവരുടെ ഗൂഢപദ്ധതിക്ക് ചുക്കാന്‍ പിടിക്കുകയും മക്കയില്‍പോ
യി മദീനയുടെ ശത്രുക്കളുടെ നേതാവുമായി പ്രവാചകനെതിരിലുള്ള യുദ്ധക്കരാറിലൊപ്പുവെക്കുകയും ചെയ്ത കഅ്ബ്ബ്‌നുല്‍ അശ്‌റഫിനെ ബനൂ നദീറുകാരെ പുറത്താക്കുന്നതിന്റെ ആമുഖമായി അതിന്റെ തൊട്ടുതലേന്നാണ് വധിക്കുന്നത്. ചരിത്രഗ്രന്ഥങ്ങളിലുള്ള നിവേദനങ്ങള്‍ പ്രകാരമാകട്ടെ, കഅ്ബ് വധിക്കപ്പെടുന്നത് അല്‍പംകൂടി നേരത്തെയാണ്. രണ്ടായാലും നാടിനും നാട്ടുകാര്‍ക്കും കടുത്ത ഭീഷണിയായി മാറിയ കലാപകാരിയായിരുന്നു കഅ്ബ് എന്ന കാര്യം സുവ്യക്തമാണ്. അയാളെ വധിച്ചുകൊണ്ട് രാജ്യത്തിന്റെയും രാജ്യനിവാസികളുടെയും സുരക്ഷ ഉറപ്പുവരുത്തിയ പ്രവാചകനടപടി അവിടുത്തെ കാരുണ്യത്തിനും നീതിനിഷ്ഠക്കും ഭരണപാ
ടവത്തിനും മാത്രമാണ് അടിവരയിടുന്നത്.

കുറിപ്പുകള്‍
1. ബുഖാരി, സ്വഹീഹ്, കിതാബുല്‍ മഗാസി (ബാബു ക്വത്‌ലി കഅ്ബ്ബ്‌നില്‍ അശ്‌റഫ്); മുസ്‌ലിം, സ്വഹീഹ്/കിതാബൂല്‍ ജിഹാദി വസ്സയ്ര്‍ (ബാബു ക്വത്‌ലി കഅ്ബ്ബ്‌നില്‍ അശ്‌റഫി ത്വാഗൂതില്‍ യഹൂദ്); അബൂ ദാവൂദ്, സുനന്‍/കിതാബുല്‍ ജിഹാദ് (ബാബു ഫില്‍ അദുവ്വി യുഅ്താ അലാ ഗിര്‍റ്വത്തിന്‍ വ യുതശബ്ബഹു ബിഹിം).
2. See A. Guillaume, The Life of Muhammad -A Translation of  Ibn Ishaq’s Sirat Rasul Allah  (Karachi: Oxford University Press, 2007), pp 231-4.
3. ക്വുര്‍ആന്‍ 4:105-13.
4. ബൈബിള്‍/ന്യായാധിപന്‍മാര്‍ 3:16-25.
5. A. Guillaume, op.cit, pp. 364-7
6. Ibid, p. 368.
7. Ibid, p. 368.
8. Ibid, p. 361; S. Moinul Haq, Ibn Sa`d’s Kitab al-Tabaqat al-Kabir (New Delhi : Kitab Bhavan, 2009), Vol II, pp. 33-4.
9. For instance, See S. Moinul Haq, Ibid, p. 35.
10. Ibid, p. 39.
11.  Dr. Mahdi Rizqullah Ahmad, A Biography of The Prophet of Islam In the Light of the Original Sources (Riyadh: Darussalam, 2005), Vol. 1, p. 442.
12. Ibid, pp. 519-20.
13. Ur Rubin, The Assassination of Ka b b. al-Ashraf, Oriens Vol. 32 (1990), p. 65.
14. Ibid, p. 67.
15. Ibid, p. 67.
16. Ibid, p. 66.
17. Ibid, p. 68.

Leave a Reply

Your email address will not be published. Required fields are marked *