ശരീരത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിപ്പിച്ച റമദാന്‍

കയ്യില്‍ പണമുണ്ട്. ഭക്ഷണം കിട്ടാന്‍ സൗകര്യമുണ്ട്. കഴിക്കാന്‍ ആരോഗ്യവുമുണ്ട്. ഇത്തരമൊരവസ്ഥയില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ഒരു തരത്തിലുള്ള ഭക്ഷണപാനീയങ്ങളും ഉപയോഗിക്കാതെ ആരെങ്കിലും സാധാരണ ഗതിയില്‍ നില്‍ക്കുമോ? ഇല്ല. വിശപ്പിന്റെയും ദാഹത്തിന്റെയും പ്രശ്‌നം മാത്രമല്ല അത്. ഭക്ഷണം ഒരു പ്രലോഭനവും ശീലവും ഉന്മേഷവും ആനന്ദവും എല്ലാം ആണ്. അതിന്റെ രുചിയും ഗന്ധവും ശരീരത്തെ അത്രമേല്‍ കീഴടക്കുന്നുണ്ട്. നോമ്പ് ശരീരത്തിന്റെ ആഗ്രഹങ്ങളോടുള്ള സമരമാണ്. ദേഹവും അതിന്റെ കൗതുകങ്ങളും സ്‌നേഹപൂര്‍വം നമുക്ക് സമ്മാനിച്ച പടച്ചവന്‍ കല്‍പിച്ച ഒരു സമയദൈര്‍ഘ്യത്തില്‍ ദേഹേച്ഛകള്‍ക്ക് കടിഞ്ഞാണിടുവാന്‍ കഴിയുക എന്നതാണ് അതിന്റെ തത്ത്വം.
ശരീരം അല്ലാഹുവിനുവേണ്ടി പട്ടിണി കിടക്കുമ്പോള്‍ ‘ഭക്ഷണം കിട്ടുന്നത്’ ആത്മാവിനാണ്. ആത്മാവാണ് യഥാര്‍ത്ഥത്തിലുള്ള ‘നമ്മള്‍.’ ശരീരം അതിന്റെ വാഹനം മാത്രമാണ്. ഭൗതികമായ ആസ്വാദനങ്ങള്‍ക്കുള്ള ഉപകരണമാണത്. പക്ഷേ പലപ്പോഴും പലരും ശരീരം മാത്രമായി ചുരുങ്ങും. ശരീരത്തിന്റെ ഇഷ്ടങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള പരക്കംപാച്ചിലായി ജീവിതം മാറുമ്പോള്‍ ആത്മീയ ദാരിദ്ര്യം മനുഷ്യന്റെ സ്വാസ്ഥ്യം കെടുത്തും. അല്ലാഹുവിന്റെ തൃപ്തിയാണ് ആത്മാവിന്റെ സാഫല്യം. അത് നേടാന്‍ ചിലപ്പോഴൊക്കെ ശരീരത്തിന് നിയന്ത്രണങ്ങള്‍ വെക്കേണ്ടിവരും. അതിനുള്ള പരിശീലനമാണ് നോമ്പ് നല്‍കുന്നത്. അനശ്വരമായ വിജയത്തിനുവേണ്ടി താല്‍കാലികമായ ചില സംതൃപ്
തികള്‍ വേണ്ടെന്ന് വെക്കുകയോ നീട്ടിവെക്കുകയോ ചെയ്യാനുള്ള കെല്‍പുള്ളവര്‍ക്ക് നോമ്പ് ഇഷ്ടത്തോടെ നോല്‍ക്കാന്‍ കഴിയും. റബ്ബിന്റെ ഇഷ്ടത്തോടാണ് ഏറ്റവും ഇഷ്ടമെന്ന് വരുന്ന സാത്വികമായ മനോനിലയെ ഭൗതികവാദത്തിന്റെ ഊഷരതക്ക് ഒരിക്കലും മനസ്സിലാകില്ല.
ശരീരം പാപമാണെന്നോ ഭാരമാണെന്നോ ഇസ്‌ലാം പഠിപ്പിക്കുന്നില്ല. സര്‍വശക്തന്റെ അനു
ഗ്രഹമാണത്. ഇഹലോകത്തിലെ അലങ്കാരങ്ങളും വിഭവങ്ങളും നമ്മുടെ ജീവിതം ആഘോഷമാകാന്‍ വേണ്ടി തന്നെ അല്ലാഹു കാരുണ്യപൂ
ര്‍വം സംവിധാനിച്ചതാണ്. അവയെ നിഷിദ്ധമായി പ്രഖ്യാപിക്കരുതെന്ന് ക്വുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട് (7:32). എന്നാല്‍ ഐഹിക സുഖാനുഭൂതികളില്‍ നിഷിദ്ധമായ ചിലതുണ്ട്. അവയില്‍ നിന്ന് ശരീരത്തെ കണിശമായി തിരിച്ചുനിര്‍ത്താന്‍ ആത്മാവിന് കഴിയണം. അങ്ങനെ സംഭവിപ്പിക്കാനുള്ള വിശുദ്ധിയും കരുത്തും ആത്മാവിനും വിധേയത്വവും അവധാനതയും ശരീരത്തിനും നല്‍കാന്‍ നോമ്പിന് പറ്റും.
പ്രപഞ്ചനാഥന്റെ തൃപ്തി കാംക്ഷിച്ച് ശരീരകാമനകളെ സന്ദര്‍ഭാനുസരണം അടക്കിവെക്കുന്നത് മനുഷ്യന് ആത്യന്തികമായി ഒരു നഷ്ടവും ഉണ്ടാക്കുന്നില്ലെന്ന തിരിച്ചറിവാണ് മതം. സത്യവിശ്വാസികളില്‍ നിന്ന് അവരുടെ ശരീരം സ്വര്‍ഗം വില നിശ്ചയിച്ചുകൊണ്ട് അല്ലാഹു വാങ്ങിയിരിക്കുന്നുവെന്ന് യുദ്ധത്തിനു പോകുന്ന പ്രവാചകാനുചരന്മാരെ പരാമര്‍ശിച്ചുകൊണ്ട് ക്വുര്‍ആന്‍ പറയുന്നുണ്ട്. (9:111). സ്വര്‍ഗം കിട്ടുമെങ്കില്‍ പിന്നെ ജീവന്‍ തന്നെ കൊടുത്താലെന്താണ്! അല്ലാഹുവിനുവേണ്ടി അനുഭവിക്കുന്ന ദാഹവും ക്ഷീണവും വിശപ്പുമെല്ലാം സല്‍കര്‍മ്മങ്ങളായി രേഖപ്പെടുത്തപ്പെടും എന്നും ക്വുര്‍ആനില്‍ തന്നെ കാണാം. (9:120). നോമ്പിന് നാവിന്റെയും ആമാശയത്തിന്റെയും അഭിലാഷങ്ങളെയും ഒതുക്കിവെച്ചത് പരലോകത്ത് നമ്മുടെ തുലാസില്‍ കനം തൂങ്ങും എന്നര്‍ത്ഥം. അതുവഴി നാമെത്തിപ്പെടുന്ന സ്വര്‍ഗത്തില്‍ എല്ലാ മോഹങ്ങള്‍ക്കും നിവൃത്തിയുണ്ട്; ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും സകല മോഹങ്ങള്‍ക്കും! അവിടം നഷ്ടമാകുന്നവരാകുന്നു, ഏറ്റവും വലിയ നഷ്ടക്കാര്‍. അത്തരക്കാരെക്കുറിച്ച് ക്വുര്‍ആന്‍ പറഞ്ഞിട്ടുള്ള ഒരു ഉപമയുണ്ട്.
മനോഹരമായ ഒരു തോട്ടം. ഈത്തപ്പനകളും മുന്തിരിവള്ളികളും സമൃദ്ധമായി നില്‍ക്കുന്നു. അവക്കു പുറമെ നാനാതരം ഫലവൃക്ഷങ്ങള്‍. എല്ലാം ഒന്നാം തരം വിളവ് നല്‍കുന്നു. മരങ്ങള്‍ക്കും വള്ളിപ്പടര്‍പ്പുകള്‍ക്കുമിടയിലൂടെ അരുവികളൊഴുകുന്നുണ്ട്. അധ്വാനശീലനായ ഒരാളുടെ ഒരായുഷ്‌കാലത്തിന്റെ സമ്പാദ്യമായിരുന്നു അത്. ഇപ്പോള്‍ അയാള്‍ മരണാസന്നനാണ്. തോപ്പ് അനന്തരമെടുക്കേണ്ട  മക്കള്‍ ഒന്നിനും കൊള്ളരുതാത്തവരാണ്. തന്റെ ഉദ്യാനം നാശത്തിന്റെ നാളുകളിലേക്കാണ് പ്രവേശിക്കാന്‍ പോ
കുന്നതെന്ന് നീറുന്ന വേദനയോടെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കെ അയാളത് കാണുന്നുഒരു തീകാറ്റ് ആഞ്ഞ് പടര്‍ന്നുവരുന്നു. അഗ്‌നിനാളങ്ങള്‍ തന്റെ വിയര്‍പ്പിന്റെ വിലയെ വിഴുങ്ങുന്നത് അയാള്‍ നിസ്സഹായനായി നോക്കിനില്‍ക്കുന്നു. അയാളുടെ സ്വപ്
നസാഫല്യം ഒരുപിടി ചാരമായി മാറുന്നു. (2:266). നിര്‍ഭാഗ്യവാനായ ഈ തോട്ടക്കാരനെപ്പോലെയാകാനാണോ നിങ്ങളുടെ തീരുമാനം എന്ന് പരിശുദ്ധ വേദം ചോദിക്കുന്നു. ഇഹലോകത്തിനുവേണ്ടി മാത്രം പണിയെടുക്കുന്നവര്‍ ഈ ഉപമയിലെ മനുഷ്യനെപ്പോലെയാണ്. രാപകല്‍ പരിശ്രമിച്ച് അവര്‍ സുഖസൗകര്യങ്ങള്‍ സമ്പാദിക്കുന്നു. മരണം വന്ന് മാടി വിളിക്കുമ്പോള്‍ എല്ലാം വെറുതെയായി എന്ന് നടുങ്ങി സകലതും ഉപേക്ഷിച്ച് ശൂന്യമായ ബാലന്‍സ് ഷീറ്റുമായി പരലോകത്തെത്തി വിലപിക്കുന്നു. ബുദ്ധിമാന്മാര്‍ ഇഹലോകം നൈമിഷികവും പരലോകം അനശ്വരവും ആണെന്ന ഓര്‍മ്മ നഷ്ടപ്പെടാത്തവര്‍ ആണ്. പരലോകം ഭദ്രമാക്കാനുള്ള പ്രയത്‌നങ്ങള്‍ക്കായിരിക്കും അവര്‍ മുന്‍ഗണന നല്‍കുക. മരിക്കുമ്പോള്‍ ദുന്‍യാവിനുവേണ്ടി നടന്ന വ്യര്‍ത്ഥമായ  അധ്വാനങ്ങളുടെ നെടുവീര്‍പ്പില്‍ പരിഭ്രാന്തരാകുകയല്ല, മരണാനന്തരമുള്ള സുഖാനുഭൂതികള്‍ക്കായി കാലേകൂട്ടി അധ്വാനിച്ചതിന്റെ സന്തോഷത്തില്‍ ആറാടുകയാണ് അവര്‍ ചെയ്യുക.
മരിക്കാനൊരുങ്ങി നില്‍ക്കുകയാണ് ജീവിതത്തിലെ ഏറ്റവും യുക്തിഭദ്രമായ നിലപാ
ട്. മരണാനന്തരമുള്ള നാളേക്കുവേണ്ടി എന്താണ് ചെയ്തുവെച്ചിട്ടുള്ളതെന്ന് ആത്മപരിശോധന നടത്താന്‍ ഓരോ വിശ്വാസിയോടും ക്വുര്‍ആന്‍  ആവശ്യപ്പെടുന്നുണ്ട്. അല്ലാഹുവിലേക്കുള്ള മടക്കത്തെ മറക്കുന്നവര്‍ ഫലത്തില്‍ അവരവരെ തന്നെയാണ് മറക്കുന്നതെന്നും വേദഗ്രന്ഥം അവിടെ സൂചിപ്പിക്കുന്നുണ്ട്. (59: 18). നിപ വൈറസ് മരണത്തിന്റെ നിഴലില്‍ കൊണ്ടുവന്ന് നിര്‍ത്തിയപ്പോള്‍ അന്ത്യയാത്രക്ക് എന്ത് സമ്പാദിച്ചുവെന്ന ചോദ്യം എല്ലാവരുടെയും മനസ്സിലെരിഞ്ഞിട്ടുണ്ട്. പകര്‍ച്ചവ്യാധികളില്ലാത്തപ്പോഴും നമ്മളൊക്കെയും മരണത്തിന്റെ നിഴലിലാണെന്ന ഓര്‍മ്മ നിലനില്‍ക്കാനാണ് നമസ്‌കാരവും നോമ്പുമൊക്കെ ഉപകാരപ്പെടേണ്ടത്. പരലോകത്തിനുവേണ്ടി സല്‍കര്‍മ നിരതനാകാനുള്ള പരിശീലനമാണ് നോമ്പ് നല്‍കിയത്. വ്രതവും രാത്രി നമസ്‌കാരവും ക്വുര്‍ആന്‍ പാരായണവും ദാനധര്‍മ്മങ്ങളും മരണത്തെ പുഞ്ചിരി തൂകി നേരിടാനുള്ള കരുതിവെപ്പാണ്. റമദാനില്‍ സല്‍കര്‍മ്മങ്ങള്‍ക്കുണ്ടാകുന്ന സമൃദ്ധിയെ ശേഷമുള്ള മാസങ്ങളിലേക്ക് തുടര്‍ത്താനായാല്‍ നമ്മുടെ തോട്ടങ്ങള്‍ കരിഞ്ഞുണങ്ങിത്തീരുന്നത് കാണേണ്ടി വരില്ല. അത്തരം ഭാഗ്യവാന്മാരില്‍ ഉള്‍പെടാനുള്ള പ്രതിജ്ഞയാണ് പെരുന്നാള്‍ നിറവില്‍ നാം നടത്തേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *