ഇസ്‌ലാമിക പ്രബോധനം: തത്ത്വവും പ്രയോഗവും

പ്രവാചകപിതൃവ്യന്‍ അബൂത്വാലിബിന്റെ മരണവേളയില്‍ സന്ദര്‍ശിക്കാനെത്തിയ പ്രവാചകന്‍ (സ), തന്റെ ഏറെനാളായുള്ള ആഗ്രഹം അവസാനനിമിഷമെങ്കിലും സാധിപ്പിച്ചുതരാന്‍ അബൂത്വാലിബിനോട് അപേക്ഷിച്ചു; ”ലാ ഇലാഹ ഇല്ലല്ലാഹ് അംഗീകരിച്ച് മുസ്‌ലിമാകണം.” എന്നാല്‍ അവിടെയുണ്ടായിരുന്ന അബൂ ജഹല്‍, അബ്ദുല്ലാഹിബ്‌നു അബീ ഉമയ്യ തുടങ്ങിയ സത്യനിഷേധികളിലെ പ്രമുഖര്‍ അബൂത്വാലിബിനോട് ചോദിച്ചു. ‘അവസാന നിമിഷം പൂര്‍വികരുടെ മതമുപേക്ഷിച്ച് പുതിയ മതം തെരഞ്ഞെടുക്കുകയോ; നിന്റെ പിന്‍കാലക്കാര്‍ നിന്നെക്കുറിച്ച് എന്തുപറയും?’ ഖുറൈശികളുടെ ആക്ഷേപം ഭയപ്പെട്ട് അബൂത്വാലിബ് സത്യനിഷേധിയായി ഈ ലോകത്തോടു വിടപറഞ്ഞു. താന്‍ ഏറെ സ്‌നേഹിക്കുകയും മക്കയിലെ പ്രബോധനവേളയില്‍ തനിക്ക് താങ്ങും തണലുമായി നിലകൊള്ളുകയും ചെയ്ത പിതൃവ്യന്‍ തന്റെ ആദര്‍ശം സ്വീകരിക്കാതെ പോയതില്‍ നബി(സ)ക്ക് അതിയായ ദുഃഖമുണ്ടായി. അദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. നബി(സ)യെ ആശ്വസിപ്പിച്ച് അല്ലാഹുവിന്റെ വചനങ്ങള്‍ അവതരിച്ചു. ”തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപി
ക്കുന്നവരെപ്പറ്റി അവന്‍  (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു.”(1)
ഹിദായത്ത് ഒരു മഹത്തായ അനുഗ്രഹമാണ്. അല്ലാഹു നല്‍കുന്ന ഒരു വലിയ സൗഭാഗ്യം. അതിനുള്ള നന്ദിയും ബാധ്യത നിര്‍വഹണവും എന്ന നിലക്കാണ് ഇസ്‌ലാമിക പ്രബോധനം ഓരോ മുസ്‌ലിമും നിര്‍വഹിക്കേണ്ടത്. ക്വുര്‍ആന്‍ പറയുന്നു: ”യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്റെ മാര്‍ഗം വിട്ട് പി
ഴച്ച് പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ”(2) താനുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം സത്യസന്ദേശമെത്തിയിട്ടുണ്ടെന്ന് ഓരോ മുസ്‌ലിമും ഉറപ്പുവരുത്തേണ്ടതാണ്. ഒരു വ്യക്തിയുടെ പരലോക മോക്ഷത്തിന് തന്റെയോ തന്റെ കുടുംബത്തിന്റെയോ ജീവിതം മാത്രം സംസ്‌കരിച്ചാല്‍ മതിയാവുകയില്ല. മറിച്ച് തനിക്ക് ചുറ്റുമുള്ള സമൂഹത്തിന്റെ ജീവിതവും സംസ്‌കരിക്കാനു
ള്ള ബാധ്യത അവനുണ്ട്. പ്രവാചകന്‍ (സ) പറഞ്ഞു: ”നിങ്ങളിലാരെങ്കിലും ഒരു തിന്മ കണ്ടാല്‍ അത് അവന്‍ കൈകൊണ്ടു തടയട്ടെ. അതിനു സാധിച്ചില്ലെങ്കില്‍ അവന്റെ നാവുകൊണ്ട്, അതിനും സാധിച്ചില്ലെങ്കില്‍ അവന്റെ ഹൃദയം കൊണ്ട് വെറുക്കുകയെങ്കിലും ചെയ്യട്ടെ. വിശ്വാസത്തിന്റെ ഏറ്റവും താഴ്ന്ന പടിയാണത്.”(3)
അപ്പോള്‍ ഒരു മുസ്‌ലിം സ്വയം ഭക്തനും
(മുത്തഖി) നന്മയില്‍ മുന്നേറുന്നവനും (സ്വാലിഹ്) ആയാല്‍ പോരാ. ദൈവികാഹ്വാനത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തെ സംസ്‌കരിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യുന്ന (മുസ്വ്‌ലിഹ്) ആള്‍ കൂടിയാകണം. ഈ വിഷയത്തില്‍ പലതരം ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുന്നരെ മുസ്‌ലിം സമുദായത്തെ കാണാം. ഇസ്‌ലാമിക പ്രബോധനം പണ്ഡിതന്‍മാരുടെയും ചില ഇസ്‌ലാമിക സംഘടനകളുടെയും മാത്രം ബാധ്യതയായി കാണുന്നവരുണ്ട്. തീര്‍ത്തും അബദ്ധമാണ് ഈ ധാരണ. സ്വയം നേര്‍വഴിയില്‍ ആകുന്നതോടൊപ്പം മറ്റുള്ളവരെ കൂടി അതിലേക്കു നയിക്കേണ്ടത് സത്യവിശ്വാസിയുടെ ബാധ്യതയാണ്. ക്വുര്‍ആന്‍ പറയുന്നു: ”കാലം തന്നെയാണ് സത്യം. തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.”(4) പ്രവാചകാനുചരന്‍മാര്‍ ഈ ബാധ്യതാനിര്‍വഹണത്തില്‍ വീഴ്ച വരുത്താത്തതുകൊണ്ടാണ് ലോകത്തിന്റെ വ്യത്യസ്ത ദിക്കുകളില്‍ ഇസ്‌ലാം എത്തപ്പെട്ടത്. വ്യക്തിയുടെ ഉത്തരവാദിത്തമെന്നതിനേക്കാള്‍ ഉപരി ഇസ്‌ലാമിക പ്രബോധനം സമൂഹത്തിന്റെ പൊ
തുവായ ബാധ്യത കൂടിയാണ്.
വിടവാങ്ങല്‍ ഹജ്ജില്‍ അറഫയില്‍ സമ്മേളിച്ച അനുയായികളോട് നബി (സ) ചോദിച്ചു: ”ദിവ്യസന്ദേശം ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്നില്ലേ? അതെ, അവിടുന്ന് ഞങ്ങള്‍ക്ക് എത്തിച്ചുതന്നിട്ടുണ്ട്. അവര്‍ ഒന്നടങ്കം മറുപടി പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ (സ) കണ്ണുകള്‍ മേലോട്ടുയര്‍ത്തിക്കൊണ്ട് മൊഴിഞ്ഞു. അല്ലാഹുവേ നീ സാക്ഷി, നീ സാക്ഷി, നീ സാക്ഷി. നിന്റെ ദീന്‍ നിന്റെ അടിയാറുകള്‍ക്ക് ഞാന്‍ എത്തിച്ചുകൊടുത്തിരിക്കുന്നു. തുടര്‍ന്ന് അവിടുന്ന് ജനങ്ങളെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു. ഇവിടെ ഹാജറുള്ളവര്‍ ഹാജറില്ലാത്തവര്‍ക്ക് ഈ സന്ദേശം എത്തിച്ചുകൊടുക്കുക.”(5) സര്‍വലോകങ്ങളുടെ രക്ഷിതാവ് സര്‍വ മനുഷ്യര്‍ക്കുമായി കനിഞ്ഞുനല്‍കിയ ഈ ദിവ്യം സന്ദേശം ലഭിച്ചിട്ടില്ലാത്തവര്‍ക്ക് എത്തിച്ചു നല്‍കേണ്ടത് മുസ്‌ലിം സമൂഹത്തിന്റെ മുഴുവന്‍ ചുമലില്‍ അര്‍പ്പിതമായ ഉത്തരവാദിത്തമാണ് ഈ സംഭവത്തില്‍ ദര്‍ശിക്കപ്പെടുന്നത്. അഥവാ ഈ ഉത്തരവാദിത്തം നിര്‍വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ മാത്രമേ ഖൈറും ഉമ്മത്തായി മാറാന്‍ ഒരു സമൂഹത്തിന് സാധിക്കുകയുള്ളൂ.  ക്വുര്‍ആന്‍ പറയുന്നു: ”മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും
ചെയ്യുന്നു. വേദക്കാര്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തില്‍ വിശ്വാസമുള്ളവരുണ്ട്. എന്നാല്‍ അവരില്‍ അധികപേരും ധിക്കാരികളാകുന്നു.”(6)
പ്രബോധനമെന്ന ഉത്തരവാദിത്തം ഒരു സമൂഹത്തില്‍ നിര്‍വഹിക്കപ്പെടാതിരിക്കുമ്പോള്‍ അവര്‍ സ്വയം നാശത്തിലേക്ക് എടുത്തെറിയപ്പെടുമെന്ന് പ്രവാചകന്‍ (സ) ഒരു സുന്ദരമായ ഉദാഹരണത്തിലൂടെ നമുക്ക് പഠിപ്പിച്ചുതന്നു. ”കടലിലൂടെ കപ്പലില്‍ യാത്ര പോകുന്ന ഒരു സംഘമാളുകള്‍. അവരില്‍ കുറച്ചുപേര്‍
കപ്പലിന്റെ മുകള്‍ തട്ടിലും കുറച്ചുപേര്‍ താഴെയുമാണ്. അവര്‍ക്ക് കുടിക്കാനും മറ്റു ആവശ്യങ്ങളുമുള്ള വെള്ളം സ്ഥാപി
ച്ചിരിക്കുന്നത് മുകളിലത്തെ നിലയിലാണ്. നിരന്തരമായി മുകളിലത്തെ തട്ടിലേക്കുള്ള കയറിപ്പോകല്‍ അസഹ്യമായി തോന്നിയ താഴെ തട്ടിലുള്ള ഒരാള്‍ പറഞ്ഞു, നമ്മള്‍ എന്തിനാണ് വെള്ളമെടുക്കാന്‍ മുകളിലത്തെ നിലയിലേക്ക് പോ
കുന്നത്. നമ്മള്‍ സഞ്ചരിക്കുന്നത് കടലിലൂടെയാണ്. ഈ കപ്പലിന്റെ താഴ്ഭാഗത്ത് ഒരു ദ്വാരമിട്ടാല്‍ നമുക്ക് യഥേഷ്ടം വെള്ളം ലഭിക്കുമല്ലോ. പ്രവാചകന്‍ പറഞ്ഞു; ഇവരെ ഈ പ്രവൃത്തിയില്‍ നിന്നും ആരെങ്കിലും തടഞ്ഞാല്‍ എല്ലാവരും രക്ഷപെടും. ഇല്ലെങ്കിലും മുഴുവന്‍ ആളുകളും മുങ്ങിമരിക്കും. ഇതുപോലെയാണ് ഒരു സമൂഹത്തില്‍ തിന്മ വരുമ്പോള്‍ അതിനെ തിരുത്തി നന്മയിലേക്കു നയിക്കാന്‍ ആ സമൂഹത്തിലുള്ളവര്‍ തയ്യാറായില്ലെങ്കില്‍ അവര്‍ നാശത്തിലേക്ക് എത്തപ്പെടുന്നു.
ഇസ്‌ലാമിക സമൂഹത്തില്‍ നിന്ന് യുദ്ധത്തിനു പുറപ്പെടുമ്പോള്‍ പോലും അവരില്‍ കുറച്ചുപേര്‍ വിജ്ഞാന സമ്പാദനത്തിനും
ഇസ്‌ലാമിക പ്രബോധനത്തിനും വേണ്ടി ഒഴിഞ്ഞുനില്‍ക്കണമെന്ന് പരിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ”സത്യവിശ്വാസികള്‍ ആകമാനം (യുദ്ധത്തിന്) പുറപ്പെടാവതല്ല. എന്നാല്‍ അവരിലെ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം പുറപ്പെട്ട് പോയിക്കൂടേ? എങ്കില്‍ (ബാക്കിയുള്ളവര്‍ക്ക് നബിയോടൊപ്പം നിന്ന്) മതകാര്യങ്ങളില്‍ ജ്ഞാനം നേടുവാനും തങ്ങളുടെ ആളുകള്‍ (യുദ്ധരംഗത്ത് നിന്ന്) അവരുടെ അടുത്തേക്ക് തിരിച്ചുവന്നാല്‍ അവര്‍ക്ക് താക്കീത് നല്‍കുവാനും
കഴിയുമല്ലോ? അവര്‍ സൂക്ഷ്മത പാലിച്ചേക്കാം.”(8)
അപ്പോള്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ കണ്ണിമുറിയാതെ നിലനില്‍ക്കാന്‍ സമുദായനേതൃത്വം സദാ ജാഗ്രത പാലിക്കണമെന്നാണ് ഈ ആയത്തുകളില്‍ നിന്ന് മനസ്സിലാകുന്നത്. ഇതില്‍നിന്ന് ആരെങ്കിലും ഒഴിഞ്ഞിരുന്നാല്‍ അല്ലാഹുവിന്റെ ശിക്ഷയിറങ്ങുമെന്ന് കൂടി റസൂല്‍ (സ) താക്കീത് ചെയ്തു. ”എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, നിങ്ങള്‍ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക തന്നെ വേണം. ഇല്ലെങ്കില്‍ അല്ലാഹു നിങ്ങളുടെ മേല്‍ ശിക്ഷയിറക്കും. പിന്നീട് നിങ്ങള്‍ പ്രാര്‍ത്ഥിച്ചാല്‍ പോലും അതിന് ഉത്തരം നല്‍കപ്പെടുകയില്ല.”(9)
മഹത്തായ പ്രതിഫലമാണ് അല്ലാഹു പ്രബോധകര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. അലി(റ)യോട് ഒരിക്കല്‍ പ്രവാചകന്‍ (സ) പറഞ്ഞു: ”നീ മൂലം ആരെങ്കിലും സത്യസന്ദേശം സ്വീകരിച്ചാല്‍ നിനക്ക് ഒരു ചുവന്ന ഒട്ടകത്തെ ലഭിക്കുന്നതിനേക്കാള്‍ ഉത്തമമാണ്.”(10) അറേബ്യയിലെ ജനങ്ങള്‍ സ്വന്തമാക്കാന്‍ ഏറെ കൊതിച്ചിരുന്ന വാഹനമായിരുന്നു ചുവന്ന ഒട്ടകം. അത് സ്വന്തമായി ഉണ്ടാകുന്നതിനേക്കാള്‍ എത്രയോ ഉത്തമമാണ് നിന്റെ ഇടപെടല്‍ മുഖേന ഒരാള്‍ ഇസ്‌ലാമിലെത്തി ചേരുന്നതെന്ന് അനുചരനെ പഠിപ്പിക്കുകവഴി ആദര്‍ശ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലഭിക്കാനിരിക്കുന്ന മഹാസൗഭാഗ്യത്തെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുകയാണ് പ്രവാചകന്‍. മരണാനന്തരവും ക്വബറിലേക്കെത്തുന്ന നന്മകളായിട്ടാണ് ഇസ്‌ലാമിക പ്രബോധനത്തെ പ്രവാചകന്‍ (സ) പഠിപ്പിച്ചത്. അതിനാല്‍ അല്ലാഹു നമുക്ക് നല്‍കിയ ഒരോ അനുഗ്രഹങ്ങളും ദഅ്‌വത്തിനുവേണ്ടി വിനിയോഗിക്കേണ്ടത് അനിവാര്യമാണ്.

പ്രബോധിതരുടെ പരലോക മോക്ഷമാണ് ഓരോ പ്രബോധകന്റെയും പരമമായ ലക്ഷ്യം. തനിക്ക് സേവനം ചെയ്തിരുന്ന ഒരു ജൂതനായ കുട്ടി രോഗിയായതറിഞ്ഞ് സന്ദര്‍ശിക്കാനെത്തിയ പ്രവാചകന്‍ (സ) അവനെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. തന്റെ പി
താവിന്റെ മുഖത്തേക്കുനോക്കിയ ആ ബാലന് കിട്ടിയ മറുപടി പ്രവാചകനെ അനുസരിക്കാനായിരുന്നു. അവന് സത്യവാചകം ചൊല്ലിക്കൊടുത്ത് തിരിച്ചുപോ
കാനായി പുറത്തിറങ്ങിയ പ്രവാചകന്‍ (സ) പറഞ്ഞ വാചകങ്ങള്‍ ഇപ്രകാരമായിരുന്നു. ”അവനെ നരകാഗ്നിയില്‍ നിന്നു രക്ഷപെടുത്തിയ അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും”(11) അപരന്റെ പരലോക മോക്ഷത്തെക്കുറിച്ചുള്ള വേവലാതിയില്‍ നിന്നാണ് ഓരോ പ്രബോധകനും ഉയിര്‍കൊളളുന്നത്. തനിക്ക് ലഭിച്ച സൗഭാഗ്യം തന്റെ സഹജീവികള്‍ക്കുകൂടി ലഭിക്കണമെന്ന അധമ്യമായ ആഗ്രഹമാണ് സത്യസന്ദേശത്തിലേക്ക് ക്ഷണിക്കുമ്പോള്‍ പ്രബോധകന്റെ മനസ്സിലുണ്ടാകുന്നത്. സമൂഹത്തില്‍ നിന്നു ലഭിച്ചേക്കാവുന്ന സ്ഥാനമാനങ്ങളോ മറ്റു ഭൗതിക സൗകര്യങ്ങളോ ഒന്നും തന്നെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനമായി മാറാതിരിക്കാന്‍ ഓരോ പ്രബോധകനും
ശ്രദ്ധിക്കണം. ക്വുര്‍ആന്‍ പറയുന്നു: ”ഐഹികജീവിതത്തെയും അതിന്റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ (ഇഹലോകത്ത്) വെച്ച് അവര്‍ക്ക് നാം നിറവേറ്റികൊടുക്കുന്നതാണ്. അവര്‍ക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല. പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടര്‍. അവര്‍ ഇവിടെ പ്രവര്‍ത്തിച്ചതെല്ലാം പൊളിഞ്ഞുപോയിരിക്കുന്നു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ഫലശൂന്യമത്രെ.”(12)
ഭൗതികലോകം ലക്ഷ്യംവെച്ച് പ്രബോധനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പരലോക ജീവിതത്തിനുവേണ്ടി ഒന്നും മിച്ചംവെക്കാന്‍ സാധിക്കുകയില്ലെന്ന് ഉണര്‍ത്തുകയാണ് വിശുദ്ധ ക്വുര്‍ആന്‍ ഈ വചനങ്ങളിലൂടെ.

വിശുദ്ധ  ക്വുര്‍ആനും സുന്നത്തും വരച്ചുകാണിക്കുന്ന ഇസ്‌ലാമികാദര്‍ശം ജനങ്ങളുടെ മുന്നില്‍ തുറന്നുവെക്കുകയാണ് പ്രബോധകര്‍ ചെയ്യേണ്ടത്. അല്ലാഹു പറയുന്നു: ”യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്റെ മാര്‍ഗം വിട്ട് പിഴച്ച് പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ”(13)
ഇവിടെ പ്രമാണബദ്ധമായ പ്രബോധനമാണ് ഹിക്മത്തിന്റെ വിവക്ഷ. കുതന്ത്രമോ ആദര്‍ശം പച്ചയായി പറയാതിരിക്കലോ സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ് ആദര്‍ശത്തെ അവതരിപ്പിക്കലോ അല്ല ഹിക്മത്ത്. ക്വുര്‍ആനും സുന്നത്തും വരച്ചുകാണിക്കുന്ന ആശയങ്ങളെ അതേപോ
ലെ അവതരിപ്പിച്ച് മനുഷ്യയുക്തിയെ പ്രവര്‍ത്തനക്ഷമമാക്കലാണത്. സദുപദേശം മുഖേനയും മനുഷ്യമനസ്സുകളെ സത്യമാര്‍ഗത്തിലേക്ക് ആകര്‍ഷിപ്പിക്കാന്‍ സാധിക്കുമെന്ന് ക്വുര്‍ആന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. എന്നാല്‍ എല്ലാവരും സാത്വികന്‍മാരും സത്യാന്വേഷണ തല്‍പരരും ആയിരിക്കില്ലല്ലോ. അങ്ങനെയുള്ളവരോട് തര്‍ക്കിക്കേണ്ടതായി വരും. എന്നാലത് ഉത്തരം മുട്ടിക്കാന്‍ വേണ്ടിയോ പ്രതിയോഗിയുടെ പരാജയത്തെ മാത്രം ഉന്നംവെച്ചുകൊണ്ടോ ആകരുത്. മറിച്ച് സത്യം ഗ്രഹിപ്പിക്കുകയാകണംലക്ഷ്യം. അപ്പോള്‍ സംസാരശൈലിയും ഉപയോഗിക്കുന്ന വാക്കും മാന്യമായിരിക്കണമെന്നു കൂടി ക്വുര്‍ആന്‍ വ്യക്തമാക്കുന്നു. നല്ല രീതിയിലുള്ള സംവാദങ്ങള്‍ ഇസ്‌ലാമിക പ്രബോധനത്തിന് അനിവാര്യമാണ്. ആദര്‍ശങ്ങള്‍ തമ്മിലുള്ള സംവാദം ആധുനിക കാലത്ത് അനുയോജ്യമല്ലെന്ന വാദവുമായി യോജിക്കുവാന്‍ ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് കഴിയില്ല.

പ്രബോധകന്റെ ഗുണങ്ങള്‍

1. ബസ്വീറത്ത്
പ്രബോധകരെ സംബന്ധിച്ച് സാഹചര്യങ്ങളെക്കുറിച്ചുള്ള അവബോധമാണ് ബസ്വീറത്ത്. തന്റെ പ്രബോധിതര്‍ ആരാണെന്നും അവരുടെ സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്നും ഏതു രൂപത്തിലാണ് അവരെ സമീപിക്കേണ്ടതെന്നുമുള്ള വ്യക്തമായ കാഴ്ചപ്പാട് ഓരോ പ്രബോധകനുമുണ്ടായിരിക്കണം. മിആദ് (റ) യമനിലെ ഗവര്‍ണറായി നിശ്ചയിക്കുമ്പോള്‍ പ്രവാചകന്‍ (സ) നല്‍കുന്ന ഉപദേശത്തില്‍ ഇത് കൃത്യമായി കാണാന്‍ സാധിക്കും. നബി (സ) പറയുന്നു:
”നിന്റെ അടുക്കല്‍ വരാനുള്ളത് വേദക്കാരായ ആളുകളാണ്. അവര്‍ നിന്റെയടുത്തെത്തിയാല്‍ നീ അവരെ ‘അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ല മുഹമ്മദ് നബി അവന്റെ ദൂതനാകുന്നു’ എന്ന സത്യവാചകത്തിലേക്കു ക്ഷണിക്കണം. അതില്‍ അവര്‍ നിന്നെ അനുസരിച്ചാല്‍ രാത്രിയും പകലുമായി അല്ലാഹു അവരുടെമേല്‍ അഞ്ചുനേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് അവരെ അറിയിക്കണം. അതില്‍ അവര്‍ നിന്നെ അനുസരിച്ചാല്‍ അല്ലാഹു അവരുടെ മേല്‍ സകാത്ത് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് അവരെ അറിയിക്കണം. അത് അവരിലെ പണക്കാരില്‍ നിന്നെടുത്ത് അവരിലെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യണം. അതില്‍ അവര്‍ നിന്നെ അനുസരിക്കുകയാണെങ്കില്‍ സാമ്പത്തിക കുറ്റകൃത്യങ്ങളെ നീ ശ്രദ്ധിക്കണം. ആക്രമിക്കപ്പെടുന്നവന്റെ പ്രാര്‍ത്ഥനയെ നീ സൂക്ഷിക്കണം. അതിനും അല്ലാഹുവിനും ഇടയില്‍ യാതൊരു മറയുമില്ല.”(14) പ്രബോധിത സമൂഹത്തെക്കുറിച്ചും അവരോട് അനുവര്‍ത്തിക്കേണ്ട രീതികളെക്കുറിച്ചും    കൃത്യമായ അവബോധം നല്‍കിയ ശേഷമാണ് പ്രവാചകന്‍ (സ) തന്റെ അനുചരനെ പ്രബോധകനായി ഒരു പ്രദേശത്തേക്ക് നിശ്ചയിക്കുന്നത്.

2. ഇത്തിബാഅ്
പ്രവാചകന്‍ (സ) പറഞ്ഞത് പി
ന്‍പറ്റാത്തവന് പ്രവാചകന്‍ പഠിപ്പിച്ച മതത്തിലേക്കു ക്ഷണിക്കാന്‍ അവകാശമില്ല. ഏതു പ്രവര്‍ത്തനങ്ങളിലും എന്ന പോ
ലെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ രീതിയിലും നമ്മള്‍ പിന്‍പറ്റേണ്ടത് പ്രവാചകന്റെ മാതൃകയാണ്. പ്രവാചകന്‍ (സ) പ്രബോധിത സമൂഹത്തോട് അനുവര്‍ത്തിച്ച പെരുമാറ്റ രീതികള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. പ്രവാചക സ്വഭാവമഹിമയില്‍ ആകൃഷ്ടരായി ഇസ്‌ലാം സ്വീകരിച്ച നിരവധി പേരെ ചരിത്രത്തില്‍ കാണാനാകും. ക്വുര്‍ആന്‍ പറയുന്നു: ”(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പി
രിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്.”(15)
ഉഹ്ദില്‍ വെച്ച് സ്വഹാബികളില്‍ പലവിധ പിഴവുകളും അനുസരണക്കേടുകളും വന്നുപോയി. തന്നിമിത്തം കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചു. എന്നിട്ടുപോ
ലും നബി (സ) അവരോട് പരുഷമായോ കഠിനമായോ പെരുമാറുകയുണ്ടായില്ല. ഒരു പ്രബോധകനുണ്ടാകേണ്ടുന്ന മഹത്തായ ഗുണമാണിത്. പ്രബോധിത സമൂഹത്തിലുണ്ടാകുന്ന വീഴ്ചകള്‍ വളരെ സൗമ്യമായി കൈകാര്യം ചെയ്യാന്‍ അയാള്‍ക്ക് സാധിച്ചാല്‍ മാത്രമേ വിജയകരമായി തന്റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളു. പ്രബോധകന്റെ സ്വഭാവം ആകര്‍ഷണീയമല്ലെങ്കില്‍ അയാള്‍ പ്രബോധനം ചെയ്യുന്നത് എത്ര നല്ലതായാലും ജനങ്ങള്‍ അത് സ്വീകരിക്കാന്‍ കൂട്ടാക്കുകയില്ല.

3. ഇഖ്‌ലാസ്
പ്രബോധന പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം പരലോകത്തെ പ്രതിഫലം മാത്രമായിരിക്കണം. കേവലമായ ഭൗതിക താല്‍പര്യങ്ങളോ ലോകമാന്യമോ ആയിക്കൂടാ. ക്വുര്‍ആന്‍ പറയുന്നു: ”അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്ന് കൊള്ളുക. (നബിയേ,) പറയുക: ഇതിന്റെ പേരില്‍ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.”(16) തനിക്ക് സ്രഷ്ടാവില്‍ നിന്നു ലഭിക്കാനിരിക്കുന്ന മഹത്തായ പ്രതിഫലം മാത്രമായിരിക്കണം പ്രബോധകന്റെ മനസ്സിലുണ്ടാകേണ്ടത്. സൃഷ്ടികളില്‍ നിന്ന് വല്ലതും പ്രതീക്ഷിക്കുന്നവന് സ്രഷ്ടാവില്‍ നിന്ന് ഒന്നും തന്നെ ലഭിക്കുകയില്ലെന്ന് പ്രവാചകന്‍ (സ) പഠിപ്പിക്കുന്നു. പ്രവാചകന്‍ (സ) പറഞ്ഞു: ”നിങ്ങളില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ഗോപ്യമായ ശിര്‍ക്കാണ്. അനുയായികള്‍ ചോദിച്ചു, എന്താണ് പ്രവാചകരേ ഗോപ്യ
മായ ശിര്‍ക്ക്? അവിടുന്ന് പറഞ്ഞു: അത് ലോകമാന്യതയാണ്. അന്തിമനാളില്‍ അടിമകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കുമ്പോള്‍ അല്ലാഹു അവരോടു പറയും: നിങ്ങള്‍ പോയി കൊള്ളുക. ഭൂമിയില്‍ ആരെ കാണിക്കാനാണോ നിങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്തത്. അവരുടെ അടുത്ത് വല്ല പ്രതിഫലവും ഉണ്ടോ എന്നു നോക്കുക.”

4. മന്‍ഹജുല്‍ അംബിയാഅ്
പ്രവാചകന്‍മാരെല്ലാം ഒന്നാമതായി പ്രാധാന്യം നല്‍കിയത് ശിര്‍ക്കില്‍ നിന്ന് തൗഹീദിലേക്ക് ജനങ്ങളെ നയിക്കുന്നതിനാണ്. പ്രബോധകരും ഈ പാതയാണ് പിന്തുടരേണ്ടത്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി) എന്നിട്ട് അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. അവരില്‍ ചിലരുടെ മേല്‍ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാല്‍ നിങ്ങള്‍ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക”(17) പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണന നല്‍കേണ്ടത് തൗഹീദിനാണെന്നും അത് സ്ഥാപിക്കാനാണ് ലോകത്തു കടന്നുവന്ന മുഴുവന്‍ പ്രവാചകന്‍മാരും ആദ്യമായി പരിശ്രമിച്ചതെന്നും ക്വുര്‍ആന്‍ നമ്മോടു പറയുന്നു. ”ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.”(18)

5. സ്വബ്‌റ്
പ്രബോധന പ്രവര്‍ത്തനങ്ങളുടെ രംഗത്ത് ക്ഷമ അനിവാര്യമാണ്. പ്രബോധിതര്‍ കോപി
ച്ചാലും ഭത്സിച്ചാലും ഒന്നും തന്നെ പ്രബോധകന്റെ കയ്യില്‍ നിന്നും ക്ഷമ കൈവിട്ടുകൂടാ. പ്രവാചകന്റെ പ്രബോധന ജീവിതം സഹനത്താല്‍ സമ്പുഷ്ടമാണ്. ഒരു നാടുമുഴുവന്‍ തന്നെ ഒറ്റപ്പെടുത്തിയപ്പോഴും സമൂഹത്താല്‍ ബഹിഷ്‌കരിക്കപ്പെട്ട് ശീഅബ് അബീത്വാലിബില്‍ പച്ചില മാത്രം തിന്ന് വര്‍ഷങ്ങളോളം ജീവിച്ചപ്പോഴും പി
റന്ന നാടും ജനിച്ച മണ്ണും ഉപേക്ഷിച്ച് മദീനയിലേക്ക് പലായനം ചെയ്തപ്പോഴുമെല്ലാം ആദര്‍ശ പ്രബോധനം കൈവിടാതെ ക്ഷമയോടെ നിലകൊള്ളാന്‍ പ്രവാചകനു സാധിച്ചു. തന്നെ പരിഹസിക്കുന്നവര്‍ക്കും കുത്തുവാക്ക് പറയുന്നവര്‍ക്കുമിടയില്‍ ജീവിക്കുമ്പോഴും പ്രവാചകന്‍ (സ) ആശ്വാസം കണ്ടെത്തിയിരുന്നത് അല്ലാഹുവിന്റെ വചനങ്ങളിലായിരുന്നു. ”നിനക്ക് മുമ്പ് പല ദൂതന്‍മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് അവരെ കളിയാക്കിയിരുന്നവര്‍ക്ക് അവര്‍ പരിഹസിച്ചു കൊണ്ടിരുന്നതെന്തോ അത് വന്നുഭവിക്കുക തന്നെ ചെയ്തു”(19) ആദര്‍ശ പ്രബോധനവുമായി ഇറങ്ങിതിരിച്ച പ്രവാചകന്‍മാരാരും തങ്ങളുടെ സമൂഹങ്ങളില്‍ ഉപദ്രവിക്കപ്പെടാതിരുന്നിട്ടില്ല. അപ്പോഴെല്ലാം അവര്‍ നാഥനില്‍ പ്രതീക്ഷയര്‍പ്പിച്ച് ക്ഷമിക്കുകയായിരുന്നു. പ്രബോധകന്‍ നേടിയെടുക്കേണ്ടൊരു വലിയ ഗുണമാണിത്.

6. നസ്വീഹത്ത്
തന്റെ പ്രബോധിത സമൂഹത്തോട് അളവറ്റ ഗുണകാംക്ഷ ഓരോ പ്രബോധകനുമുണ്ടാകണം. പ്രവാചകന്‍മാരുടെ ദഅ്‌വത്തില്‍ ഇത് പ്രകടമാണ്. ക്വുര്‍ആന്‍ പറയുന്നു: ”എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരികയും, നിങ്ങളോട് ആത്മാര്‍ത്ഥമായി ഉപദേശിക്കുകയുമാകുന്നു. നിങ്ങള്‍ക്കറിഞ്ഞ് കൂടാത്ത പലതും അല്ലാഹുവിങ്കല്‍ നിന്ന് ഞാന്‍ അറിയുന്നുമുണ്ട്. ”(19)
തൊള്ളായിരത്തിഅമ്പത് കൊല്ലം പ്രബോധനം ചെയ്തിട്ടും തന്റെ വിളിക്ക് ചെവി തരാത്ത തന്റെ ജനതയോട് നൂഹ് നബി പറഞ്ഞ വാക്കുകളാണ് പരിശുദ്ധ ക്വുര്‍ആന്‍ ഈ വചനങ്ങളില്‍ ഉദ്ധരിക്കുന്നത്. തന്റെ ആത്മാര്‍ത്ഥത ചോര്‍ന്നു പോയിട്ടില്ലെന്നും ഞാന്‍ എന്നും നിങ്ങള്‍ക്ക് ഗുണകാംക്ഷയാണെന്നും നൂഹ് നബി തന്റെ ജനതയോടു പ്രഖ്യാപിക്കുന്നു. പ്രബോധിത സമൂഹത്തില്‍ നിന്ന് എന്ത് ഉപദ്രവങ്ങളുണ്ടായാലും പ്രബോധകന് അവരോടുള്ള ഗുണകാംക്ഷയില്‍ കുറവുണ്ടാകാന്‍ പാ
ടില്ലെന്ന് പ്രവാചക ചരിതങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.

പ്രബോധനം ചെയ്യേണ്ട മൗലിക വിഷയങ്ങള്‍

തൗഹീദ്
സൃഷ്ടിക്കുന്നവനും സംരക്ഷിക്കുന്നവനും ആരാധനക്കര്‍ഹനും അല്ലാഹു മാത്രമാണ് എന്നും അപ്രകാരം അവന്റെ നാമഗുണ വിശേഷണങ്ങളില്‍ ആരെയും പങ്കു ചേര്‍ക്കാതിരിക്കുകയും ചെയ്യുക എന്നതാണ് തൗഹീദ്. അല്ലാഹു പറയുന്നു: ”ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ അവന്‍. അതിനാല്‍ അവനെ താങ്കള്‍ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. അവന്ന് പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ?”(21) പ്രബോധനത്തില്‍ ഒന്നാമതായി കടന്നുവരേണ്ടത് ഈ വിശ്വാസമാണ്.

ആഖിറത്ത്
തൗഹീദിന്റെ അവിഭാജ്യഘടകമാണ് പരലോക വിശ്വാസം. ഇതരജീവജാലങ്ങളെപ്പോലെ ലോകാവസാനത്തോടെ തീരാനുള്ളതല്ല മനുഷ്യജീവിതം. അവനൊരു പുനര്‍ജന്മമുണ്ട്. ഈ ലോകം ജീവിതത്തില്‍ ധാരാളം നന്മകള്‍ ചെയ്ത മനുഷ്യരുണ്ട്. അവരുടെ നന്മക്ക് അവര്‍ക്ക് പ്രതിഫലം ലഭിക്കണം. അതുപോലെ തിന്മ ചെയ്തവരുമുണ്ട്. അവര്‍ക്ക് അവരുടെ ചെയ്തികള്‍ക്കുള്ള പ്രതിഫലവും ലഭിക്കണം. മരണാനന്തര ജീവിതത്തിലാണ് ഭൗതികലോകത്തെ കര്‍മഫലങ്ങള്‍ ലഭിക്കുന്നത്. അവിടെ ഭൂമിയിലെ പ്രവര്‍ത്തനങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നു. സുകൃതര്‍ക്ക് പ്രതിഫലമായി സ്വര്‍ഗീയ സൗകര്യങ്ങള്‍ ലഭിക്കുന്നു. ദുഷ്‌കര്‍മികള്‍ക്ക് തങ്ങളുടെ ചെയ്തികള്‍ക്കനിവാര്യമായ ശിക്ഷയും ലഭിക്കുന്നു. ആഖിറത്ത് വിചാരണയുടെ എന്നതിനെ വിശേഷിപ്പിക്കാം. പ്രബോധനത്തില്‍ രണ്ടാമതായി വരേണ്ടത് ഇതാണ്.

രിസാലത്ത്
അല്ലാഹുവിന്റെ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി അവന്‍ തെരഞ്ഞെടുത്തയച്ച ദുതന്‍മാരെയാണ് പ്രവാചകന്‍മാര്‍ എന്നുപറയുന്നത മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനമാണ് പ്രവാചകനിയോഗത്തിന്റെ ലക്ഷ്യം. നുബുവ്വത്ത് എന്ന പദത്തിന്റെ ഭാഷാര്‍ത്ഥം വിവരമറിയിക്കല്‍, പ്രവചിക്കല്‍ എന്നൊക്കെയാണ്. എന്നാല്‍ ഈ പദത്തിന്റെ കേവലഅര്‍ത്ഥപരിധിയില്‍ ഒതുങ്ങുന്നതല്ല ഈ പദവി. പ്രവാചകത്വം എന്നത് മനുഷ്യപ്രയത്‌നത്താല്‍ നേടിയെടുക്കാനാവാത്ത തികച്ചും ദൈവികമായ ഒരു അത്യുത്തമ പദവിയാണ്. പ്രപഞ്ചനാഥന്റെ അതിമഹത്തായ അനുഗ്രഹ കടാക്ഷത്താല്‍ നടത്തുന്ന ഒരു തെരഞ്ഞെടുപ്പാണത്. പ്രവാചകത്വത്തിന്റെ പ്രബോധനപരമായ ദൗത്യമാണ് രിസാലത്ത്. ”തീര്‍ച്ചയായും നാം നമ്മുടെ ദൂതന്‍മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി.
ജനങ്ങള്‍ നീതിപൂര്‍വ്വം നിലകൊള്ളുവാന്‍ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും തുലാസും ഇറക്കികൊടുക്കുകയും ചെയ്തു. ഇരുമ്പും നാം ഇറക്കി കൊടുത്തു. അതില്‍ കഠിനമായ ആയോധനശക്തിയും ജനങ്ങള്‍ക്ക് ഉപകാരങ്ങളുമുണ്ട്. അല്ലാഹുവിനെയും അവന്റെ ദൂതന്‍മാരെയും അദൃശ്യമായ നിലയില്‍ സഹായിക്കുന്നവരെ അവന് അറിയാന്‍ വേണ്ടിയുമാണ് ഇതെല്ലാം. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.”(22) ഈ വിശ്വാസമാണ് മൂന്നാമതായി പ്രബോധനത്തില്‍ കടന്നു വരേണ്ടത്.
ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങള്‍ അസംബന്ധമായും ഇസ്‌ലാം സ്വീകരണത്തെ കുറ്റകൃത്യമായും ചിത്രീകരിക്കുന്ന ഈ കാലഘട്ടത്തില്‍ ആ ദൗത്യം ആ ദൗത്യം ഏറ്റെടുക്കാന്‍ നമ്മില്‍ എത്രപേര്‍ തയ്യാറാണെന്നാണ് കാലം നമ്മോടു ചോദിക്കുന്നത്. സമൂഹം മുഴുവന്‍ നമ്മെ തള്ളിപ്പറഞ്ഞാലും ഇത് ഒരു ബാധ്യതയായി കൊണ്ടുനടക്കേണ്ടത് നമുക്ക് നിര്‍ബന്ധമാണ്. നാളെ അല്ലാഹുവിന്റെ സന്നിധിയില്‍ പ്രബോധനകാര്യത്തില്‍ നാം വരുത്തിയ വീഴ്ചയെക്കുറിച്ച് ചോദ്യം ചെയ്യുമ്പോള്‍ അസൗകര്യങ്ങളുടെ കണക്ക് നിരത്തിയതുകൊണ്ട് രക്ഷയില്ലെന്നത് തീര്‍ച്ചയാണ്.

കുറിപ്പുകള്‍

1. ക്വുര്‍ആന്‍ 28:56
2. ക്വുര്‍ആന്‍ 16:125
3. മുസ്‌ലിം 49
4. ക്വുര്‍ആന്‍ 103: 1-3
5. ബുഖാരി 1741
6. ക്വുര്‍ആന്‍ 3:110
7. ബുഖാരി 2493
8. ക്വുര്‍ആന്‍ 9:122
9. സുനനു തിര്‍മുദി 2169
10. ബുഖാരി 3498
11. ബുഖാരി 1290
12. ക്വുര്‍ആന്‍ 11: 15,16
13. ക്വുര്‍ആന്‍ 16:125
14. ബുഖാരി 1425
15. ക്വുര്‍ആന്‍ 3:159
16. ക്വുര്‍ആന്‍ 6:90
17. ക്വുര്‍ആന്‍ 16:36
18. ക്വുര്‍ആന്‍ 21:25
19. ക്വുര്‍ആന്‍ 6:10
20. ക്വുര്‍ആന്‍ 7:62
21. ക്വുര്‍ആന്‍ 19:65
22. ക്വുര്‍ആന്‍ 57:25

Leave a Reply

Your email address will not be published. Required fields are marked *