മാര്‍ക്‌സിസം: സാമൂഹിക ജാഗ്രത അനിവാര്യം

മെയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ച മാര്‍ക്‌സിസത്തെ വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങള്‍ എന്തുകൊണ്ടും സമകാല പ്രസക്തമായിരുന്നു. മാര്‍ക്‌സിസത്തിന്റെ അപകടങ്ങള്‍ മതവിശ്വാസികള്‍ പോലും വേണ്ടത്ര ഗൗരവത്തില്‍ മനസ്സിലാക്കിയിട്ടില്ലെന്നതാണ് സങ്കടകരമായ വസ്തുത. മാര്‍ക്‌സിസ്റ്റ് ഭൗതികവാദം ആസൂത്രിതമായി നടത്തുന്ന സൂക്ഷ്മവും സ്ഥൂലവുമായ ആശയാധിനിവേശ ശ്രമങ്ങളെ കൃത്യമായി തിരിച്ചറിയുകയും അവക്കെതിരില്‍ സാമൂഹിക പ്രതിരോധം തീര്‍ക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം നാടിന്റെ നന്മയാഗ്രഹിക്കുന്നവര്‍ക്ക് മുഴുവന്‍ ഉണ്ട്.
മാര്‍ക്‌സിസം ഒരു മതമാണ്-സ്വന്തമായ വേദഗ്രന്ഥങ്ങളും സൈദ്ധാന്തിക ചട്ടക്കൂടും ധാര്‍മികപദ്ധതിയും മുന്‍ഗണനാക്രമങ്ങളുമൊക്കെയുള്ള ഒരു മതം! മതവിശ്വാസികള്‍ തങ്ങളുടെ മതത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രബോധനം ചെയ്യാനും ശ്രമിക്കാറുണ്ട്. നമ്മുടെ നാട്ടിലെ ഹൈന്ദവ-ക്രൈസ്തവ-ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അടിസ്ഥാനപരമായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ധര്‍മം തന്നെ മതപ്രബോധനമാണല്ലോ. ഇതുപോലെ തന്നെ മാര്‍ക്‌സിസത്തിന്റെ വക്താക്കള്‍ മാര്‍ക്‌സിസം പ്രബോധനം ചെയ്യാന്‍ പണിയെടുത്തു കൊണ്ടിരിക്കുന്നു; മാനിഫെസ്റ്റോവിന്റെ ആശയങ്ങള്‍ ജനമനസ്സുകളില്‍ സന്നിവേശിപ്പിക്കാനുള്ള തീവ്രമായ പ്രചാരണ പരിപാടികള്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തികൊണ്ടിരിക്കുകയാണ് അവര്‍. മതസംഘടനകള്‍ക്ക് മതപ്രചാരണം മുഖ്യാജണ്ടയാണ് എന്നതു പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കമ്യൂണിസ്റ്റ് ആശയപ്രചാരണവും മുഖ്യാജണ്ടയാണ് എന്നാണ് പറഞ്ഞുവന്നതിന്റെ ചുരുക്കം.
മാനവചരിത്രം ദര്‍ശിച്ച ഏറ്റവും സമഗ്രമായ ഭൗതികപ്രത്യയശാസ്ത്രമാണ് മാര്‍ക്‌സിസം. എന്നാല്‍ അതിലുപരിയായി ആദര്‍ശപ്രബോധനം ആത്മാര്‍ഥമായിത്തന്നെ നിര്‍വഹിക്കാന്‍ സന്നദ്ധരായ ശതകണക്കിന് ബുദ്ധിജീവികളെ വിവിധ നാടുകളില്‍ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞു എന്നതാണ് മാര്‍ക്‌സിസത്തിന്റെ ഏറ്റവും വലിയ സവിശേഷത. മതസംഘടനകള്‍ക്ക് പോലും അസൂയ തോന്നുന്ന വിധത്തിലാണ് മാര്‍ക്‌സിസ്റ്റ് ‘മിഷനറിമാര്‍’ പ്രചണ്ഡമായ പ്രത്യയശാസ്ത്ര പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. സോവിയറ്റ് ‘സ്വര്‍ഗം’ ഭൂമിയില്‍ നിലനിന്നിരുന്ന കാലത്ത് റഷ്യന്‍ സര്‍ക്കാറാണ് ഭൗതികവാദികളുടെ ഈ ആസൂത്രിത മിഷനറി പ്രവര്‍ത്തനത്തെ കാര്യമായി സഹായിച്ചിരുന്നത്. ഇന്നിപ്പോള്‍ ‘പെരിസ്‌ട്രോയ്ക്ക’ക്കും ‘ഗ്ലാസ്‌നോസ്റ്റി’നും ശേഷം ‘സമത്വസുന്ദര’ റഷ്യ കാലയവനികക്കു പിന്നിലേക്ക് മറഞ്ഞിട്ടുണ്ടെങ്കിലും കമ്യൂണിസ്റ്റ് ആശയപ്രചരണം തകൃതിയായിത്തന്നെ നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്നതാണ് സത്യം.
മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനാദര്‍ശം വൈരുധ്യാധിഷ്ഠിത ഭൗതികവാദമാണ്. നേര്‍ക്കുനേരെ പറഞ്ഞാല്‍ വിട്ടുവീഴ്ച്ചയില്ലാത്ത നിരീശ്വരവാദമാണ് വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ ആകെത്തുകയും അന്തര്‍ധാരയും. അതുകൊണ്ട് തന്നെ മാര്‍ക്‌സിസം പ്രചരിപ്പിക്കുക എന്നു പറഞ്ഞാല്‍ നിരീശ്വരവാദം പ്രചരിപ്പിക്കുക എന്നു കൂടിയാണ് അര്‍ഥം. കമ്യൂണിസ്റ്റ്പാ
ര്‍ട്ടിയുടെ പ്രവര്‍ത്തനപദ്ധതിയില്‍ നിരീശ്വരവാദത്തിന്റെ പ്രചരണം സ്വാഭാവികമായും ഇടം പിടിക്കുമെന്ന് സാരം. ഈ ‘പോളിസി പ്രോഗ്രം’ മാര്‍ക്‌സിസ്റ്റാചാര്യന്മാര്‍ വളരെ നേരത്തെത്തന്നെ പറഞ്ഞുവെച്ചിട്ടുണ്ട്. ലെനിനെത്തന്നെ ഉദ്ധരിക്കട്ടെ: ”നമ്മുടെ പരിപാ
ടി പരിപൂര്‍ണമായും ശാസ്ത്രീയമായ, പ്രത്യേ
കിച്ചും ഭൗതികവാദപരമായ ലോകവീക്ഷണത്തില്‍ അധിഷ്ഠിതമാണ്. മതത്തിന്റെ, ചരിത്രപരവും സാമ്പത്തികവുമായ മൂടല്‍മഞ്ഞുകള്‍ സൃഷ്ടിക്കുവാനുള്ള കഴിവ് നമ്മുടെ പരിപാടിയില്‍ വിശദീകരിക്കപ്പെടേണ്ടതുണ്ട്. അവശ്യമായും നിരീശ്വരവാദത്തിന്റെ പ്രചരണം നമ്മുടെ പ്രസിദ്ധീകരണങ്ങളിലുണ്ടാകും” (മതത്തെപറ്റി, പുറം127). സോവിയറ്റ് യൂണിയനില്‍ കമ്യൂണിസ്റ്റുകാര്‍ നടത്തേണ്ട ”വിശ്രമരഹിതമായ നിരീശ്വരവാദപ്രചരണത്തെയും വിശ്രമമില്ലാത്ത നിരീശ്വരവാദ സമരത്തെയും” പറ്റി 1922ല്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: ”ഈ വിഷയത്തെ (നിരീശ്വരവാദത്തെ) സംബന്ധിച്ച് എല്ലാ ഭാഷകളിലുമുള്ള സാഹിത്യത്തെ ശ്രദ്ധയോടെ പിന്തുടരേണ്ടതും, മൂല്യമുള്ളതായി തോന്നുന്നതെല്ലാം തര്‍ജമ ചെയ്യുകയോ ചുരുങ്ങിയ പക്ഷം അവലോകനം നടത്തുകയെങ്കിലുമോ ചെയ്യേണ്ടതും ഉണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ ഊര്‍ജസ്വലമായ നിരീശ്വരവാദസാഹിത്യങ്ങളെ തര്‍ജമചെയ്യാനും ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും ഏംഗല്‍സ് സമകാലീന തൊഴിലാളിവര്‍ഗനേതാക്കളെ ഉപദേശിച്ചു… പതിനെട്ടാം നൂറ്റാണ്ടിലെ വിപ്ലവകാരികളുടെ നിരീശ്വരവാദ ലേഖനങ്ങളില്‍ തീര്‍ച്ചയായും അശാസ്ത്രീയമായ പലതുമുണ്ട്. എന്നാല്‍ ഈ ലേഖനങ്ങളെ സംഗ്രഹിക്കുന്നതിനോ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിനു ശേഷം, മതത്തിന്റെ ശാസ്ത്രീയ വിമര്‍ശനത്തില്‍ മനുഷ്യരാശി കൈവരിച്ച പുരോഗതിയെ അനുബന്ധ രൂപത്തില്‍ ചൂണ്ടിക്കാണിക്കുന്നതിനോ ഈ വിഷയത്തില്‍ വന്നിട്ടുള്ള ആധുനിക ലേഖനങ്ങളെ സൂചിപ്പിക്കുന്നതിനോ ഒരു തടസ്സവുമില്ലല്ലോ… ബഹുജനങ്ങള്‍ക്ക് വിവിധരൂപത്തിലുള്ള നിരീശ്വരവാദപ്രചരണസാഹിത്യം കൊടുക്കേണ്ടതു ണ്ട്; അവര്‍ക്ക് താല്‍പര്യമുണ്ടാകാനും അവരെ മതപരമായ മയക്കത്തില്‍ നിന്നുണര്‍ത്താനും, അവരെ വിവിധ കോണുകളില്‍ നിന്ന് വിഭിന്നരീതിയില്‍ ഇളക്കാനും അവരെ സമീപിക്കേണ്ടതുണ്ട്” (ഉദ്ധരണം: ദേബിപ്രസാദ് ചതോപാ
ധ്യായ, ഇന്ത്യന്‍ നിരീശ്വരവാദം, പുറം 282,283).
നിഷ്‌കൃഷ്ടമായ മാര്‍ക്‌സിസ്റ്റ് ഭൂമികയില്‍ നിന്നുകൊണ്ട് വിരചിതമായ ‘കുറ്റമറ്റ’ നിരീശ്വരവാദ സാഹിത്യങ്ങള്‍ക്കു പുറമെ കേവലയുക്തിവാദികളുടെ സാഹിത്യങ്ങളും, കമ്യൂണിസ്റ്റ്-യുക്തിവാദി തര്‍ക്കത്തെ വിസ്മരിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ മുന്‍കയ്യെടുക്കണമെന്നാണ് ഏഗംല്‍സിനെ ഉദ്ധരിച്ചു കൊണ്ട് ലെനിന്‍ ഇവിടെ സമര്‍ഥിക്കുന്നത്. അതുതന്നെയാണല്ലോ നാം കണ്ടുകൊണ്ടിരിക്കുന്നതും!
മാര്‍ക്‌സിസ്റ്റ് ആശയപ്രചരണത്തിന് രംഗവേദിയായിത്തീര്‍ന്ന ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ അദ്വീതീയമായ സ്ഥാനമാണ് കേരളത്തിനും ബംഗാളിനുമുള്ളത്. ഗദ്യരൂപത്തിലുള്ള മാര്‍ക്‌സിസ്റ്റ് സാഹിത്യങ്ങള്‍ക്കു പുറമെ കവിതകളും വിപ്ലവഗാനങ്ങളും നാടകങ്ങളുമെല്ലാം ഉപയോഗിച്ച് മലയാളി സ്വത്വത്തെ സാധ്യമാകുന്നത്ര കമ്യൂണിസ്റ്റ്‌വല്‍കരിക്കാന്‍ സിദ്ധവൈഭവമുള്ള മാര്‍ക്‌സിസ്റ്റ് ബുദ്ധികള്‍ ആസൂത്രീതമായി കരുക്കള്‍ നീക്കിയിരുന്നതായി കാണാന്‍ കഴിയും. നിരീശ്വരവാദത്തിന്റെ പ്രചരണം കേരളശാസ്ത്രസാഹിത്യപരിഷത്ത് പോലുള്ള കൂട്ടായ്മകളിലൂടെയും ‘യുറീക്ക’ പോലുള്ള ബാലമാസികകളിലൂടെയും ‘ചിന്ത’, ‘പ്രഭാത്’ പോലുള്ള പ്രസിദ്ധീകരണാലയങ്ങളിലൂടേയും വളരെ സമര്‍ഥമായി നിര്‍വഹിക്കുവാന്‍ മലയാളി മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിരുന്നു. പരിണാമസിദ്ധാന്തമടക്കമുള്ള ആശയങ്ങളെ പൊടിപ്പും തൊങ്ങലും വെച്ചവതരിപ്പിക്കുവാനും ശാസ്ത്രീയകണ്ടുപിടുത്തങ്ങളെയെല്ലാം ദൈവത്തെ തല്ലാനുള്ള വടിയായി ഉപയോഗിക്കാനും ശാസ്ത്രസാഹിത്യപരിഷത്ത് ചെലവഴിച്ച ഊര്‍ജമെത്രയാണെന്ന് തിട്ടപ്പെടുത്താന്‍ അതിന്റെ പ്രവര്‍ത്തകര്‍ക്ക് മാത്രമേ കഴിയൂ. പ്രത്യയശാസ്ത്രത്തെ ‘ശാസ്ത്രമായി’ അവതരിപ്പിച്ച് സായൂജ്യമടയാനായിരുന്നുവല്ലോ പരിഷത്തിന് എന്നും താല്‍പര്യം. എന്നാല്‍ നിരീശ്വരവാദത്തെ പച്ചയായി അവതരിപ്പിക്കുന്ന നടേ വിശദീകരിച്ച ശൈലിയേക്കാള്‍ മലയാളിയെ സ്വാധീനിച്ചത് മതത്തിന്റ പ്രാധാന്യം പരമാവധി ന്യൂനീകരിച്ചു കാണിക്കുന്ന മാര്‍ക്‌സിസ്റ്റ് സാമൂഹ്യവിശകലനങ്ങളാണ്. ഇതൊരു തന്ത്രമായിരുന്നു- മതത്തെ നേരിട്ട് ആക്രമിക്കാതെത്തന്നെ ജനങ്ങളുടെ മതപരതക്ക് ഇളക്കം തട്ടിക്കുക എന്ന തന്ത്രം. ”മതമല്ല മതമല്ല മതമല്ല പ്രശ്‌നം, എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്‌നം” എന്നും ”ഞങ്ങളിലില്ലാ ഹൈന്ദവ രക്തം, ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം, ഞങ്ങളിലില്ലാ മുസ്‌ലിം രക്തം, ഞങ്ങളിലുള്ളത് മാനവരക്തം” എന്നും പാടിത്തിമര്‍ത്ത പാ
ര്‍ട്ടി പ്രവര്‍ത്തകരുടെ അബോധമനസ്സില്‍ ‘മതം’ ഒരു അപ്രധാനകാര്യമായും പരലോകത്തിന്റെ മാത്രം പ്രശ്‌നമായും പതിഞ്ഞത് വളരെപ്പെട്ടെന്നായിരുന്നു. പരലോകത്ത് നിന്ന് ഇഹലോകത്തേക്കും ആകാശത്തു നിന്ന് ഭൂമിയിലേക്കും ചര്‍ച്ചകളെ കൊണ്ടുവരാന്‍ നിര്‍ദോഷകരമെന്ന് തോന്നിക്കുന്ന രീതിയില്‍ ആഹ്വാനം ചെയ്തവര്‍ യഥാര്‍ഥത്തില്‍ വളരെ ശ്രദ്ധാപൂര്‍വമാണ് വിത്തെറിഞ്ഞത് എന്ന് വിശ്വസിക്കുന്നയാളാണ് ഈ ലേഖകന്‍. ‘പാട്ടബാക്കി’ (കെ. ദാമോദരന്‍), ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ (തോപ്പില്‍ ഭാസി), ‘ജ്ജ് നല്ലൊരു മന്‌സനാകാന്‍ നോക്ക്'(ഇ.കെ അയമു), ‘ഇത് ഭൂമിയാണ്’ (കെ.ടി മുഹമ്മദ്) തുടങ്ങിയ നാടകങ്ങളുടെയെല്ലാം ഇതിവൃത്തവും സന്ദേശവുമതായിരുന്നു-മതത്തെയും പരലോകത്തെയും നമുക്ക് മറന്നേക്കാം, ഇഹലോകത്തെ സ്വര്‍ഗമാക്കി മാറ്റാന്‍ പരിശ്രമിക്കാം എന്ന സന്ദേശം!
നിരീശ്വരവാദം പ്രചരിപ്പിക്കുവാനും മാര്‍ക്‌സിസ്റ്റു സാഹിത്യങ്ങള്‍ പ്രസിദ്ധീകരിക്കുവാനും വ്യത്യസ്ത കലാരൂപങ്ങളെ ആദര്‍ശപ്രബോധനത്തിനായി വിനിയോഗിക്കുവാനുമുള്ള കമ്യൂണിസ്റ്റ് പരിശ്രമങ്ങളെ പൊതു സമൂഹം ചെറുത്തു തോല്‍പിക്കണം എന്നു പറയുവാനോ ‘മതം അപകടത്തില്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി മതവിശ്വാസികള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കാംപയിനുകളെ തെരുവില്‍ നേരിടണമെന്ന് നിര്‍ദേശിക്കുവാനോ വേണ്ടിയല്ല ഇത്രയുമെഴുതിയത്; പ്രത്യുത വ്യവസ്ഥാപിതമായ മിഷനറി സംവിധാനങ്ങളും പ്രബോധനതാല്‍പര്യങ്ങളുമുള്ള കേഡര്‍ പ്രസ്ഥാനങ്ങളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നു സൂചിപ്പിക്കുവാന്‍ വേണ്ടി മാത്രമാണ്. ഏത് ആദര്‍ശത്തിലും വിശ്വസിക്കുവാനും
അത് പ്രചരിപ്പിക്കുവാനുമുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മാത്രമായി പ്രസ്തുത സൗകര്യം നിരാകരിക്കുവാന്‍ ആര്‍ക്കും അവകാശമില്ല. കമ്യൂണിസ്റ്റുകള്‍ക്ക് കമ്യൂണിസവും മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമും ക്രൈസ്തവര്‍ക്ക് ക്രിസ്തുമതവും ഭാരതീയദര്‍ശനത്തിന്റെ വക്താക്കള്‍ക്ക് അവരുടെ ചിന്താധാരയും സ്വതന്ത്രമായി പ്രചരിപ്പിക്കു
വാനുള്ള സാഹചര്യങ്ങളും അവസരങ്ങളും നിലനില്‍ക്കലാണ് ഇന്‍ഡ്യ എന്ന ആധുനിക ദേശരാഷ്ട്രം ഉയര്‍ത്തിപ്പിടിക്കുന്ന മതേതര ബഹുസ്വരതയുടെയും ജനാധിപത്യത്തിന്റെയും അനിവാര്യമായ താല്‍പര്യങ്ങളിലൊന്ന്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് ആശയപ്രചരണങ്ങളെ ബൗദ്ധികമായി പ്രതിരോധിക്കുവാനും ദാര്‍ശനികസംവാദങ്ങള്‍ വഴി മാര്‍ക്‌സിസത്തിന്റെ അന്തസാരശൂന്യത ബുദ്ധിജീവികളെ ബോധ്യപ്പെടുത്തുവാനുമാണ് ഇസ്‌ലാമിക പ്രബോധകര്‍ സന്നദ്ധമാകേണ്ടത്. ദൈവിക ദര്‍ശനത്തിന്റെ ഉള്ളടക്കത്തെ അതിജയിക്കുവാന്‍ മനുഷ്യനിര്‍മിതപ്രത്യയ ശാസ്ത്രങ്ങള്‍ക്കോ പുരോഹിത
മതങ്ങള്‍ക്കോ ഒരു നിലക്കും സാധ്യമാവുകയില്ല എന്ന ബോധ്യവും ബോധവുമുള്ളവരാ
ണല്ലോ ഇസ്‌ലാമികപ്രബോധകര്‍. മത-മാര്‍ക്‌സിസ്റ്റ് സംവാദങ്ങളെ പ്രോല്‍സാഹിപ്പിക്കുവാനാണ്, നിരുല്‍സാഹപ്പെടുത്താനല്ല നാം സന്നദ്ധമാകേണ്ടതെന്ന് ചുരുക്കം. എന്നാല്‍ ഇവിടെ വ്യക്തമാക്കപ്പെടേണ്ട മറ്റൊരു വസ്തുതയുണ്ട്. മതവിശ്വാസികള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പര്‍മാരോ പ്രവര്‍ത്തകരോ ആകുവാന്‍ നിവൃത്തിയില്ലെന്ന കാര്യമാണത്. മതവിരുദ്ധമായ മാര്‍ക്‌സിസമാണ് ഔപചാരിക ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അടിസ്ഥാനാദര്‍ശം എന്നതിനു പുറമെ, മാര്‍ക്‌സിസം പ്രചരിപ്പിക്കുവാനുള്ള പാര്‍ട്ടി പരിശ്രമങ്ങള്‍ക്ക് വളം വെച്ച് കൊടുക്കാന്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായിത്തീരും എന്നതുകൊണ്ടു കൂടിയാണ് കണിശമായ ഒരു മതവിധി എന്ന നിലയില്‍ തന്നെ മതപണ്ഡിതന്മാര്‍ ഇക്കാര്യം ഊന്നിപ്പറയുന്നത്. മാര്‍ക്‌സിസത്തെ മനസാവാചാകര്‍മണാ പൂര്‍ണമായി അംഗീകരിക്കാത്തവര്‍ക്കും ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അടിസ്ഥാനാംഗത്വം നല്‍കാറുണ്ട് എന്നിരിക്കെ നിങ്ങളെന്തിനാണിങ്ങനെ മതവിശ്വാസികളെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് വിലക്കുന്നത് എന്ന ചോദ്യമുന്നയിക്കുന്നവര്‍ ബോധപൂര്‍വം വിസ്മരിക്കുന്ന ഒരു വശം കൂടിയാണിത്.
ഇതുവരെയും നാം ചര്‍ച്ചചെയ്തത് പൊ
തുസമൂഹം തടയേണ്ടതില്ലാത്ത/തടയാന്‍ പാ
ടില്ലാത്ത കമ്യൂണിസ്റ്റ് ആശയപ്രചാരണോപാ
ധികളെ കുറിച്ചാണ്. എന്നാല്‍ കക്ഷി ഭിന്നതകള്‍ക്കതീതമായി നാടിനെ സ്‌നേഹിക്കുന്നവരെല്ലാം ചേര്‍ന്നുനിന്ന് നിതാന്തജാഗ്രതയോടു കൂടി പ്രതിരോധിക്കുവാന്‍ ശ്രമിക്കേണ്ട ചില ആദര്‍ശപ്രബോധന യത്‌നങ്ങള്‍ കൂടി കമ്യൂണിസ്റ്റ് സംഘടനകള്‍ വളരെ സമര്‍ഥമായിത്തന്നെ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ‘പൊതുവിദ്യാഭ്യാസത്തിന്റെ മാര്‍ക്‌സിസ്റ്റുവല്‍ക്കരണം’ എന്ന തലക്കെട്ടിനു കീഴില്‍ ഈ വിഷയത്തെ സംക്ഷേപി
ക്കാം എന്നാണ് തോന്നുന്നത്. സര്‍ക്കാര്‍ ഖജനാവില്‍ സമാഹരിക്കപ്പെട്ടിട്ടുള്ള മതവിശ്വാസികളും അല്ലാത്തവരുമായവരുടെ നികുതിപ്പണമുപയോഗിച്ചു കൊണ്ടാണ് പൊതുവിദ്യഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. പ്രസ്തുത സ്ഥാപനങ്ങളുടെ കരിക്കുലവും ബോധനരീതിയും ഏതെങ്കിലും ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ പ്രചരണത്തിനുള്ള ആയുധങ്ങളാക്കാന്‍ ഒരു ജനാധിപത്യ ഗവണ്‍മെന്റിനും പാടില്ലാത്തതാണ്. എന്നിട്ടും അണിയറയില്‍ ചരടുവലിക്കുന്ന പരിഷത്ത് ബുദ്ധിജീവികളുടെ ഇംഗിതങ്ങള്‍ക്കനുസൃതമായി വിദ്യഭ്യാസപ്രക്രിയയെ ചുവപ്പിക്കാന്‍ മാര്‍ക്‌സിസ്റ്റ് സര്‍ക്കാറുകള്‍ സന്നദ്ധമാകുന്നുവെന്നത് ഖേദകരമായ വസ്തുതയാണ്. പൊതുസമൂഹം വിശ്വസിച്ചേല്‍പിച്ച ഭരണചക്രത്തെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗപ്പെടുത്താന്‍ ശ്രമിച്ചവരൊക്കെ വിദ്യഭ്യാസ വകുപ്പിലാണ് ആദ്യമായി പിടിമുറുക്കിയത് എന്നാണ് ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. പാഠപുസ്തകങ്ങള്‍ വഴി വിഷലിപ്തമായ ഹിന്ദുവര്‍ഗീയത പ്രചരിപ്പിക്കുവാന്‍ വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി സര്‍ക്കാറുകള്‍ ശ്രമിച്ചുകൊണ്ടിരുന്നത്/ ഇരിക്കുന്നത് സുവിദിതമാണല്ലോ. സവര്‍ണഫാഷിസത്തിന്റെ അടുക്കളത്താല്‍പര്യങ്ങള്‍ക്കനുഗുണമായി പാഠപുസ്തകങ്ങളെ ചുട്ടെടുക്കാനുള്ള സംഘ്പാളയത്തിന്റെ കുത്‌സിത പരിശ്രമങ്ങള്‍ക്കു പിന്നിലുള്ള അജണ്ടകളെ തുറന്നുകാണിക്കുന്നതില്‍ ഇടതുപക്ഷചേരി സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചത്. എന്നാല്‍ പൊതുവിദ്യഭ്യാസത്തിന്റെ ഫാഷിസ്റ്റുവല്‍ക്കരണം മാത്രമല്ല, മാര്‍ക്‌സിസ്റ്റുവല്‍ക്കരണവും ജനാധിപത്യവിരുദ്ധവും അപകടകരവുമായ ഒരു കീഴ്‌വഴക്കമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
പൊതുവിദ്യഭ്യാസ സമ്പ്രദായത്തിന്റെ തൂണുകളായി വര്‍ത്തിക്കുന്ന പാ
ഠ്യപദ്ധതി()യെയും ബോധന/അധ്യാപനരീതി()യെയും പ്രത്യേകരീതിയില്‍ പരുവപ്പെടുത്തിയെടുക്കുക എന്ന അജണ്ട കമ്യൂണിസ്റ്റ് വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കുണ്ട് എന്നത് കേവലമായ ഒരാരോപണമല്ല. വിദ്യഭ്യാസ പരിഷ്‌കരണത്തിന്റെ പേരില്‍ കേരളത്തില്‍ ഇടക്കിടെയുണ്ടാകുന്ന വിവാദങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്കെല്ലാം വളരെയെളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു യാഥാര്‍ഥ്യമാണ് പാഠപുസ്തകങ്ങള്‍ ചുവപ്പിക്കാന്‍ തകൃതിയായ പരിശ്രമങ്ങള്‍ നടക്കുന്നു എന്നത്. സ്‌കൂള്‍തലങ്ങളിലേക്ക് നിര്‍ദേശിക്കപ്പെടുന്ന സാഹിത്യ/സാമൂഹ്യ പാഠഭാഗങ്ങളില്‍ പരമാവധി ‘ഇടതുരചന’കള്‍ ഉള്‍പ്പെടുത്തുവാനുള്ള പരിശ്രമങ്ങളാണ് മാര്‍ക്‌സിസ്റ്റ് വിദ്യഭ്യാസ അജണ്ടയുടെ ഏറ്റവും പ്രകടമായ തലം. ഇങ്ങനെ നിര്‍ദേശിക്കപ്പെടുന്ന സാഹിത്യകൃതികള്‍ പ്രത്യക്ഷമായ ദൈവനിഷേധം ഉള്‍കൊള്ളുന്നതോ ‘ദൈവത്തെ മറന്ന്  മനുഷ്യനെ സ്‌നേഹിക്കാന്‍’ പ്രേരിപ്പിക്കുന്നതോ ആകാം. കുരുന്നുമനസ്സുകളില്‍ നിന്ന് ദൈവത്തെയും മതത്തെയും കുടിയിറക്കി അവരെ ‘സങ്കുചിതത്വ’ങ്ങളില്‍ നിന്ന് ‘മോചിപ്പിക്കുന്ന’ സാങ്കല്‍പിക സംഭാഷണങ്ങളും ചോദ്യങ്ങളും പാഠപു
സ്തകങ്ങളില്‍ ചേര്‍ക്കുകയാണ് വേറൊരു രീതി. ‘മതമില്ലാത്ത ജീവന്‍’ അടക്കമുള്ള വിവിധ വിവാദഅധ്യായങ്ങള്‍ നിര്‍വഹിച്ച ‘ധര്‍മം’ അതാണ്. പാഠഭാഗങ്ങള്‍ക്കൊടുവില്‍ നല്‍കുന്ന അസൈന്‍മെന്റുകള്‍ക്ക് പോലും ഒളിപ്പിച്ചു വെച്ച മുനകളും ധ്വനികളുമുണ്ട്. ‘മത’ത്തിന്റെ പേരില്‍ ലോകത്തുണ്ടായിത്തീര്‍ന്നിട്ടുള്ള ‘പ്രശ്‌ന’ങ്ങളെ നിരങ്കുശമായ വിശകലനത്തിന് വിധേയമാക്കുവാന്‍ കുട്ടികളോടാവശ്യപ്പെടുകയാണ് മിക്കവാറുമെല്ലാ അസൈന്‍മെന്റുകളും ചെയ്യുന്നത്. മതത്തിന്റെ പേരില്‍ ആരോപിക്കപ്പെടുന്ന വര്‍ഗീയതയും സ്ത്രീവിരുദ്ധതയുമടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം മതമാണോ അതോ, മതത്തിന്റെ ദുരുപയോഗമാണോ എന്ന് നിഷ്പക്ഷമായി വിലയിരുത്തുവാനല്ല, മറിച്ച് അവയൊക്കെയും മതത്തിന്റെ സ്വാഭാവികാനുബന്ധങ്ങള്‍ തന്നെയാണെന്ന പതിവുതീര്‍പ്പിലെത്താനാണ് ഇത്തരം പ്രൊജക്റ്റ് വര്‍ക്കുകള്‍ പഠിതാക്കളെ പ്രേരിപ്പിക്കുന്നത് എന്നത് അത്യന്തം ശ്രദ്ധേയമാകുന്നു. മുന്‍കൂട്ടി തീരുമാനിച്ചു വെച്ച ഉത്തരങ്ങള്‍ക്ക് അടിവരയിടാനാണ് അധ്യാപകര്‍ കുട്ടികളോടാവശ്യപ്പെടുന്നത് എന്നര്‍ഥം. ഇവിടെ തകര്‍ന്നു പോകുന്നത് മറ്റൊരു മിത്തുകൂടിയാണ്-മാര്‍ക്‌സിസ്റ്റ് വിദ്യഭ്യാസപ്രവര്‍ത്തകര്‍ കുട്ടികളെ ‘സ്വതന്ത്ര’ ചിന്തക്കും ‘മുന്‍വിധികളില്ലാത്ത’ അന്വേഷണത്തിനുമാണ് പ്രേരിപ്പിക്കുന്നത് എന്ന മിത്ത്. ‘മാര്‍ക്‌സിസം’ എന്ന ഇരുമ്പുലക്കാസമാനമായ മുന്‍വിധി പരിമിതപ്പെടുത്തിയ ബുദ്ധിയാണ് വാസ്തവത്തില്‍ പ്രമുഖ പരിഷത്ത് ബുദ്ധിജീവികളെടേതെല്ലാം തന്നെ. വളര്‍ന്നു വരുന്ന കുട്ടികളും തങ്ങളെ പോലെത്തന്നെ ചിന്താശേഷി മാര്‍ക്‌സിന് പണയം വെക്കണമെന്ന വ്യാമോഹത്തെ ‘സ്വതന്ത്ര ചിന്ത’യോടുള്ള അനുരാഗമായി വ്യാഖ്യാനിക്കുന്നവരെ നമുക്ക് വെറുതെ വിടാം; കാരണം അവരുടെ താല്‍പര്യങ്ങള്‍ പരസ്യമായ രഹസ്യങ്ങളാണ്! ‘സ്വതന്ത്ര ചിന്തയും’ ‘ചോദ്യം ചെയ്യാനുള്ള മനസ്സും’ ‘വിധേയത്വമില്ലായ്മ’യും ‘പു
രോഗമന’വുമൊക്കെ തികച്ചും ആത്മാര്‍ഥമായിട്ടുതന്നെയാണ് ഇക്കൂട്ടര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെങ്കില്‍ സ്റ്റാലിനും ടിയാനെന്‍മന്‍ സ്‌ക്വയറും അഫ്ഗാന്‍ അധിനിവേശവും കമ്യൂണിസ്റ്റ് നാടുകളിലെ പൗരാവകാശ/മത സ്വാതന്ത്ര്യ നിഷേധവും തികഞ്ഞ മതേതര/ഭൗതിക കാരണങ്ങള്‍ കൊണ്ട് ലോകത്തുണ്ടായി ത്തീര്‍ന്ന പാരിസ്ഥിതിക/ജൈവ/രാഷ്ട്രീയ/സാമൂഹ്യ/സാമ്പത്തിക/ആരോഗ്യ/ശാസ്ത്ര/ലൈംഗിക ദുരന്തങ്ങളുമൊന്നും അവരുടെ ഗൗരവതരമായ ‘പ്രശ്‌നവിശകലന’ത്തിന് വിഷയീഭവിക്കാത്തതെന്തുകൊണ്ടാണ്?
കേരളത്തിലെ പൊതുവിദ്യഭ്യാസരംഗത്ത് നിലനില്‍ക്കുന്ന ബോധനരീതി കാതലായ പൊളിച്ചെഴുത്തുകള്‍ക്ക് വിധേയമാകേണ്ടതുണ്ട് എന്ന ആമുഖത്തോടെയാണ് വിദ്യഭ്യാസ പരിഷ്‌കരണത്തെകുറിച്ച് സംസാരിക്കുന്ന കമ്യൂണിസ്റ്റ് ബുദ്ധിജീവികളെല്ലാം എപ്പോഴും തങ്ങളുടെ പ്രസംഗങ്ങള്‍ ആരംഭിക്കാറുള്ളത്. ബോധനരീതിയെ സമൂലമായി ഉടച്ചുവാര്‍ക്കാന്‍ വേണ്ടി അവര്‍ മുന്നോട്ട് വെക്കുന്ന ചിന്താപദ്ധതികളെ വിലയിരുത്തുമ്പോള്‍ മാത്രമേ പ്രസ്തുത നിര്‍ദേശത്തിലെ രാഷ്ട്രീയം നമുക്ക് പൂര്‍ണമായി തിരിഞ്ഞു കിട്ടൂ. ഉദാഹരണത്തിന് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഇടതുബുദ്ധിജീവികള്‍ വിദ്യഭ്യാസരംഗത്തെ ‘ശിശുവിരുദ്ധവും മാനവവിരുദ്ധവു’മായ കുന്നായ്മകള്‍ക്ക് ഒരു ബദല്‍ എന്നവണ്ണം കൊണ്ടാടിയ പൗലോ ഫ്രെയറിന്റെ ‘വിമര്‍ശനാത്മക ബോധനശാസ്ത്ര’ത്തെ ശ്രദ്ധിച്ചു നോക്കുക.
നമ്മുടെ നാട്ടിലെ വിദ്യാലയങ്ങള്‍ ഫ്രെയറിന്റെ ചിന്തകളെ സ്വാംശീകരിക്കണം എന്നും അധ്യാപകര്‍ അദ്ദേഹത്തിന്റെ പു
സ്തകങ്ങള്‍ വായിക്കണമെന്നും ഒച്ചവെച്ചു പറഞ്ഞ പരിഷ്‌കരണവാദികള്‍, ഫ്രെയറിന്റെ വിഭാവനകള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ വിദ്യഭ്യാസ ഘടനയില്‍ വരുത്താന്‍ ഭരണസംവിധാനത്തിന്റെ തണലുപയോഗിച്ച് ശ്രമിക്കുക കൂടി ചെയ്തു. ആരാണ് ഈ പൗലോഫ്രെയര്‍? എന്തൊക്കെയാണ് അദ്ദേഹം വികസിപ്പിച്ചെടുത്ത ‘വിമര്‍ശനാത്മക ബോധനശാസ്ത്രം’ () എന്ന പു
തിയ ബോധനരീതിയില്‍ അടങ്ങിയിട്ടുള്ളത്? എന്തുകൊണ്ടാണ് ഫ്രെയറിയന്‍ ചിന്താമണ്ഡലം ഇടതുപക്ഷത്തിന് അങ്ങേയറ്റം പ്രി
യപ്പെട്ടതായിത്തീരുന്നത്? നമുക്ക് പരിശോധിക്കാം.
1921 സെപ്തംബര്‍ 19ന് ബ്രസീലിലെ റിസൈഫ് എന്ന തുറമുഖനഗരത്തില്‍ ജനിച്ച പൗലോ ഫ്രെയറുടെ ജീവിതരേഖ അദ്ദേഹത്തിന്റെ നിലപാടുകളെ കുറിച്ചുള്ള കൃത്യമായ സൂചന നല്‍കുന്നുണ്ട്. കാള്‍  മാര്‍ക്‌സിന്റെ വൈരുധ്യാധിഷ്ഠിത ഭൗതികവാദം, ഹെഗലിന്റെ ആശയവാദം, ദാര്‍ശനിക അസ്തിത്വവാദം തുടങ്ങിയ ഭൗതികപ്രത്യയശാസ്ത്രങ്ങളും, നടേ പറഞ്ഞതുള്‍പ്പടെയുള്ള ഭൗതികദര്‍ശനങ്ങളാലും ചാള്‍സ് ഡാര്‍വിന്റെ ജീവപരിണാമ സിദ്ധാന്തത്താലും ഹ്യൂമനിസ്റ്റ് ഭൗതികവാദത്താലും സ്വാധീനിക്കപ്പെട്ട ജോണ്‍ഡ്യൂയി (1859-1952, യുഎസ്എ)യെ പോലുള്ള ‘പു
രോഗമന’ വിദ്യഭ്യാസ പ്രവര്‍ത്തകരും, പി
ന്നെ വിമോചനദൈവശാസ്ത്രവും ആണ് ഫ്രെയറിന്റെ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതില്‍ മുഖ്യമായ പങ്കുവഹിച്ചത്. അത്തരമൊരു വ്യക്തിയുടെ ജീവിതവീക്ഷണവും രാഷ്ട്രീയവും എന്തായിരിക്കുമെന്ന കാര്യത്തില്‍ സംശയങ്ങള്‍ക്കവകാശമില്ലല്ലോ! ഫ്രെയര്‍ തന്റെ ജീവിതം കൊണ്ട് അത് തെളിയിക്കുകയും ചെയ്തു. ‘തൊഴിലാളി ക്ലബ്ബുകള്‍’ വഴി അടിസ്ഥാന വര്‍ഗത്തില്‍ അവകാശബോധം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചു കൊണ്ട് തുടങ്ങിയ ഫ്രെയര്‍, 1980ല്‍ ബ്രസീലിലെ ‘വര്‍ക്കേഴ്‌സ് പാര്‍ട്ടി’യുടെ രൂപീ
കരണത്തില്‍ നേതൃപരമായ പങ്കുവഹിച്ചു. ‘ജനങ്ങള്‍’, ‘വോട്ട്’, ‘ജീവിതം’, ‘ആരോഗ്യം’, ‘റൊട്ടി’ തുടങ്ങിയ ‘ജൈവപദ’ങ്ങള്‍ കൊണ്ട് സമ്പന്നമായ രാഷ്ട്രീയ പാഠപുസ്തകങ്ങള്‍ സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ പേരില്‍ തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്തുവെന്ന കുറ്റമാരോപിച്ച് 1964ല്‍ അധികാരത്തിലേറിയ പട്ടാള ഭരണകൂടം അദ്ദേഹത്തെ നാടുകടത്തി. ഭരണകൂടമടക്കമുള്ള അധികാരസ്ഥാപനങ്ങളെയും നവ ലിബറല്‍ സാമ്പത്തിക നയങ്ങളെയും വിമര്‍ശിക്കുവാനാണ് ഫ്രെയര്‍ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഗണ്യമായൊരു ഭാഗം ചെലവഴിച്ചത്. പൗ
ലോ ഫ്രെയര്‍ എന്ന ചിന്തകനെ ആഗോളരാഷ്ട്രീയഭൂപടത്തില്‍ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടതെന്ന കാര്യത്തില്‍ സന്ദേഹങ്ങള്‍ക്കവകാശമില്ലെന്ന് ചുരുക്കം. (ഫ്രെയറിനെക്കുറിച്ച് മലയാളത്തില്‍ തന്നെ പുസ്തകങ്ങള്‍ ലഭ്യമാണ്. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ആയി ഗണിക്കപ്പെടുന്ന പെഡഗോഗി ഓഫ് ദി ഒപ്രസ്ഡ് എന്ന പു
സ്തകം സൈലന്‍സ് ദി പ്രിന്റിംഗ് പീപി
ള്‍(പേരാമ്പ്ര,1999) ‘മര്‍ദ്ദിതരുടെ ബോധനശാസ്ത്രം’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കിയ ‘പുരോഗമന വിദ്യഭ്യാസ ചിന്തകര്‍ (പി വി പുരുഷോത്തമന്‍, 2008), ‘ചിന്ത പബ്ലിഷേഴ്‌സി’ന്റെ ‘മാര്‍ക്‌സിയന്‍ വിദ്യഭ്യാസ ദര്‍ശനം’ (ഡോ.രവിശങ്കര്‍ എസ് നായര്‍, 2007) തുടങ്ങിയവയും ഉപകാരപ്പെടും).
ഫ്രെയറിന്റെ വിദ്യഭ്യാസ ദര്‍ശനം അദ്ദേഹത്തിന്റെ മാര്‍ക്‌സിയന്‍ ലോകവീക്ഷണത്തില്‍ നിന്നുമാണ് സ്വാഭാവികമായും ഉരുവം കൊള്ളുന്നത്. വിമര്‍ശനാത്മക ബോധനശാസ്ത്രത്തിന്റെ വേരുകള്‍ മാര്‍ക്‌സിലും ഏംഗല്‍സിലും ഗ്രാംഷിയിലും ചെന്നെത്തുമെന്ന് ഇടതുപക്ഷ ബുദ്ധിജീവികള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. (‘മാര്‍ക്‌സിയന്‍ വിദ്യഭ്യാസ ദര്‍ശന’ത്തിന് ജി ബാലമോഹന്‍ തമ്പി എഴുതിയ അവതാരിക കാണുക; പുറം 11). ‘പരിവര്‍ത്തനം’ ()ആണ് വിദ്യാഭ്യാസത്തന്റെ ലക്ഷ്യം എന്നാണ് ഫ്രെയര്‍ സിദ്ധാന്തിച്ചത്. എന്താണ് ‘പരിവര്‍ത്തനം’ എന്ന പദം കൊണ്ട് അദ്ദേഹം അര്‍ഥമാക്കിയത്? ലോകത്തില്‍ രണ്ട് വിഭാഗം ജനങ്ങളാണുള്ളത്-മര്‍ദകരും മര്‍ദിതരും. മര്‍ദനത്തില്‍  നിന്ന് മോചനം നേടി ജീവിതം പൂര്‍ണാര്‍ഥത്തില്‍ ആസ്വദിക്കണമെങ്കില്‍ മര്‍ദിതന് ചില അറിവുകളും തിരിച്ചറിവുകളുമുണ്ടാകണം. പ്രസ്തുത (തിരിച്ച)റിവുകള്‍ മര്‍ദിതന്റെ ‘മാനവീകരണം’ സാധ്യമാക്കുകയും അയാളെ ഫലപ്രദമായ ‘വിപ്ലവ’ത്തിന് സജ്ജമാക്കുകയും ചെയ്യും. മര്‍ദിതരെ ഇത്തരത്തിലുള്ള വിപ്ലവകാര്യപരിപാടിയെ കുറിച്ച് അവബോധമുളളവരാക്കി വാര്‍ത്തെടുക്കുകയാണ് ‘പരിവര്‍ത്തന’ ത്തിന്റെ ഫ്രെയറിയന്‍ വിവക്ഷ. ‘വിമര്‍ശനാത്മ ബോധനശാസ്ത്രം’ ആ ധര്‍മമാണ് നിര്‍വഹിക്കുക. ”ഇന്നത്തെ അധികാരഘടനയിലെ അനീതിയും അസമത്വവും ചോദ്യം ചെയ്യാന്‍ വിദ്യാര്‍ഥികളെ ബൗദ്ധികമായി പരിശീലിപ്പിക്കുക”(1) യാണ് അതുചെയ്യുന്നത്. കുട്ടികളെ ”വിമര്‍ശചിന്ത” ക്കും ”സന്ദര്‍ഭങ്ങളുടെ പ്രശ്‌നവല്‍കരണ” ത്തിനും പ്രേരിപ്പിക്കുകയാണ് അധ്യാപകന്‍ ചെയ്യേണ്ടത്.
”പ്രകടാര്‍ഥം, ആദ്യധാരണകള്‍, പ്രബല
മായ മിത്തുകള്‍, ഔദ്യോഗിക പ്രഖ്യാപനങ്ങള്‍, പറഞ്ഞുപഴകിയ ആശയങ്ങള്‍, പാരമ്പര്യജ്ഞാനം, വെറും അഭിപ്രായങ്ങള്‍”(2)
എന്നിവയെ വിശകലനം ചെയ്ത് അവയുടെ പൊള്ളത്തരം മനസ്സിലാക്കാന്‍ കുട്ടി പ്രാപ്
തനാകണം. അതിന് ഏറ്റവും പ്രഥമമായി വേണ്ടത് ചോദ്യം ചെയ്യാനുള്ള അവനി
(ളി)ലെ കഴിവ് വളര്‍ത്തിയെടുക്കുകയാണ്. നിരന്തരമായ ചോദ്യങ്ങള്‍ സംവാദാത്മകമായ ഒരന്തരീക്ഷം സൃഷ്ടിക്കും. ഈ സംവാദാന്തരീക്ഷത്തില്‍ അധ്യാപകനും
വിദ്യാര്‍ഥിയുമല്ലാത്തൊരു മൂന്നാം കക്ഷി കൂടി ഇടപ്പെട്ടാലെ ഉദ്ദേശിച്ച ഫലമുണ്ടാകൂ. ഈ മൂന്നാം കക്ഷി വിപ്ലവ പാര്‍ട്ടിയുടെ നേതാക്കളല്ലാതെ മറ്റാരുമല്ല. ”സംവാദാത്മക പ്രവര്‍ത്തന സിദ്ധാന്തം വിമോചനത്തിന്റെ സിദ്ധാന്തമാണ്. ഇത് വികസിപ്പച്ചെടുക്കുന്നത് മര്‍ദിതര്‍ ഒറ്റക്കല്ല. വിപ്ലവനേതാക്കളുമായുള്ള മര്‍ദിതരുടെ ഒത്തുചേരലിലൂടെയാണ് ഇതു സാധ്യമാവുന്നത്. ഈ ഒത്തുചേരല്‍ സാധ്യമാവുന്നതാവട്ടെ സംവാദാത്മകമായ വിദ്യാഭ്യാസത്തിലൂടെ-മര്‍ദിതരുടെ ബോധനശാസ്ത്രത്തിലൂടെ ആണ്.”(3) ”സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന വര്‍ഗ ബന്ധങ്ങള്‍ വിദ്യാഭ്യാസത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നു? അധീശവര്‍ഗങ്ങളുടെ പ്രത്യയശാസ്ത്രം, വിശ്വാസങ്ങള്‍, സാംസ്‌കാരിക മൂല്യങ്ങള്‍ എന്നിവയില്‍ നിന്നു മുക്തമായി മര്‍ദിതരുടെ താല്‍പര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി വിദ്യാഭ്യാസത്തിന്റെ സംവിധാനവും പ്രക്രിയകളും ഏതു രീതിയില്‍ ആവിഷ്‌കരിക്കണം”(4) എന്നീ അന്വേഷണങ്ങളാണ് വിമര്‍ശനാത്മക ബോധനശാസ്ത്രത്തിന്റെ കാതല്‍ എന്നു കൂടി വ്യക്തമാക്കപ്പെടുമ്പോള്‍ ചിത്രം പൂര്‍ണമാകുന്നു. പൗലോ ഫ്രെയറിനെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലേക്കാനയിച്ചു കൊണ്ടു വരുന്നവര്‍ സ്‌കൂളുകളെ പാര്‍ട്ടിയിലേക്കുള്ള റിക്രൂട്ടിംഗ് സെന്ററുകളായി ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞാല്‍ പോലും അത് ഒരര്‍ഥത്തില്‍ ശരിയാണ്. നമുക്കിനിയും ഉണരാന്‍ സമയമായിട്ടില്ലേ?
വിദ്യാഭ്യാസരംഗത്ത് ഉയരുന്ന ചുകപ്പന്‍ പരിഷ്‌കാരാരവങ്ങള്‍ ഒരു മത-മാര്‍ക്‌സിസ്റ്റ് പ്രശ്‌നമായി മാത്രം ചുരുക്കേണ്ടതല്ല എന്നതാണ് യാഥാര്‍ഥ്യം. ധാര്‍മികതയിലധിഷ്ഠിതമായ ഒരു സാമൂഹ്യസംവിധാനം നമ്മുടെ നാട്ടില്‍ നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവരെല്ലാം തന്നെ ഒരുമിച്ചു നിന്നെതിര്‍ക്കേണ്ട നി
ര്‍ദേശങ്ങളാണ് പരിഷത്തുകാര്‍ മുന്നോട്ടുവെച്ചുകൊണ്ടിരിക്കുന്നത്. മതമാണ് മനുഷ്യരുടെ ധര്‍മനിഷ്ഠയുടെയും മൂല്യബോധത്തിന്റെയും സദാചാരനിഷ്‌കര്‍ഷയുടെയും ആധാരം. മതേതരമായ ഒരു മൂല്യക്രമവും ആത്മീയതയും മാനവികതയുമാണ് ()പുതിയകാലത്തിന്റെ ആവശ്യമെന്ന് ചിന്തിക്കുന്നവരാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ചുക്കാന്‍ പിടിച്ചുകൊണ്ടിരിക്കുന്നത്. ആത്മീയതയും ധാര്‍മികപദ്ധതിയും മാനവികതയുമൊന്നും മതത്തില്‍ നിന്നല്ലാതെ ഉരുത്തിരിയുകയില്ല എന്നിരിക്കെ ‘സെക്യൂലര്‍ മൊറാലിറ്റി’ എന്ന സംജ്ഞ തന്നെ അസംബന്ധമാണെന്നതാണ് വസ്തുത. മതനിയമങ്ങളെ വിമര്‍ശനാത്മക ചിന്തക്ക് വിധേയമാക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുകയും അതു വഴി മതരഹിതമായ ഒരു വൈയക്തികാവബോധം അവരില്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന പാഠ്യപദ്ധതി, സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാര്‍മിക സദാചാരനിയമങ്ങളെയാണ് അതുകൊണ്ടുതന്നെ അടിസ്ഥാനപരമായി തകര്‍ക്കുക. ലൈംഗികതയുടെ രംഗത്ത് നിലനി
ല്‍ക്കുന്ന ‘ചൂഷണോന്‍മുഖമായ’ മതനിയണന്ത്രങ്ങളെ മറികടക്കേണ്ടതുണ്ടെന്നും തകര്‍ത്തെറിയാന്‍ പാടില്ലാത്ത ഒരു വിശുദ്ധസ്ഥാപനമൊന്നുമല്ല കുടുംബവും ലൈംഗികവിശുദ്ധിയും സദാചാരബോധവും എന്നുമൊക്കെ പറയുന്നിടത്തേക്ക് പുരോഗമനം കാടുകയറിയാല്‍ പിന്നെ സര്‍വത്ര നാശമായിരിക്കും സമൂഹത്തിലുണ്ടാവുക.
എല്ലാ ഭൗതികവാദ ദര്‍ശനങ്ങളും ആത്യന്തികമായി മനുഷ്യരെ നയിക്കുന്നത് അത്തരമൊരു നാശത്തിലേക്കാണ്. പു
റേമക്ക് നൂറുകൂട്ടം അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുവാനും പരസ്പരം ഘോരഘോരം വാദപ്രതിവാദങ്ങള്‍ നടത്താനും ഭൗതികപ്രത്യയശാസ്ത്രങ്ങള്‍ സന്നദ്ധമായെന്നു വരും. എന്നാല്‍ മതപരമായ മൂല്യങ്ങള്‍, പ്രത്യേകിച്ചും ലൈംഗിക നിയന്തണങ്ങള്‍, സമൂഹത്തില്‍ നിന്ന് തൂത്തെറിയപ്പെടണമെന്ന കാര്യത്തില്‍ അവര്‍ക്കാര്‍ക്കും ഒരു സംശയവുണ്ടാകില്ല. അക്കാര്യത്തില്‍ ചാര്‍വാകനും റസ്സലും ഹെഗലും ഫോയര്‍ബാക്കും മാര്‍ക്‌സും ഒന്നാണ്; മുതലാളിത്തവും കമ്യൂണിസവും ഹ്യൂമനിസവും യുക്തിവാദവും ഒരേ തട്ടിലാണ്. ഇന്ത്യയില്‍ ഈയിടെയുണ്ടായ സ്വവര്‍ഗരതീവിവാദത്തിന്റെ കാര്യമെടുക്കുക. ഭരണഘടനയിലെ 377ാം വകുപ്പ് നീക്കം ചെയ്യണമെന്നും സ്വവര്‍ഗരതിയെ കുറ്റവിമുക്തമാക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ”മനുഷ്യാവകാശ” കാംപയ്ന്‍ ആരംഭിച്ചത് കൃത്യമായ മുതലാളിത്ത അജണ്ടകളുള്ള വലതുപക്ഷ ഗ്രൂപ്പുകളായിരുന്നു. ഒട്ടനവധി യുഎസ് ഏജന്‍സികളുടെയും കോര്‍പറേറ്റ് കുത്തകകളുടെയും ഫണ്ടിംഗ് വഴി നിലനില്‍ക്കുന്ന ഡല്‍ഹിയിലെ നാസ് ഫൗണ്ടേഷന്‍ ആണല്ലോ സ്വവര്‍ഗാനുരാഗികള്‍ക്കു വേണ്ടിയുള്ള ബൗദ്ധികപ്രതിരോധം ആരംഭിച്ചത്. എന്നാല്‍ സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന മുറവിളി ശക്തമായതോടുകൂടി ഇടതുബുദ്ധിജീവികളെല്ലാം തന്നെ സ്വവര്‍ഗരതീ പ്രശ്‌നത്തില്‍ മുതലാളിത്തത്തിന്റെ പക്ഷം ചേര്‍ന്നു! അന്താരാഷ്ട്ര വനിതാദിനാചരണം ആരംഭിച്ചതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയിലെ വിവിധ ഇടതുപക്ഷ ദലിത് വനിതാകൂട്ടായ്മകള്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ച ‘എന്ന ലഘുലേഖ സര്‍ക്കാറിനു മുമ്പില്‍ വെച്ച സുപ്രധാന ആവശ്യങ്ങളിലൊന്ന് ‘Decriminalisation of homosexuality and reading down of article 377 of IPC’ (സ്വവര്‍ഗരതിയെ കുറ്റവിമുക്തമായി പ്രഖ്യാപിക്കലും ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് റദ്ദാക്കലും ആയിരുന്നു.) ‘centerary committee to celebrate international women’s day’ യുടെ പേരില്‍ പുറത്തിറങ്ങിയ ഈ ലഘുലേഖയില്‍ ഒപ്പുവെച്ചിരിക്കുന്നവരില്‍ തീവ്രഇടതുവിദ്യാര്‍ഥിസംഘടനകളായ  (ഓള്‍ ഇന്‍ഡ്യ സ്റ്റ്യൂഡന്റ്‌സ് അസോസിയേഷന്‍), (ഡെമോക്രാറ്റിക്ക് സ്റ്റ്യൂഡന്റ്‌സ് യൂണിയന്‍), (പ്രോഗ്രസീവ് സ്റ്റ്യൂഡന്റ്‌സ് യൂണിയന്‍), ന്യൂ സോഷ്യലിസ്റ്റ് ഇന്‍ഷ്യേറ്റീവ് തുടങ്ങിയവയുടെയെല്ലാം വക്താക്കളുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സദാചാരവുമായി ബന്ധപ്പെട്ട നിര്‍ണായക ധാര്‍മിക/പ്രശ്‌നങ്ങളിലെല്ലാം മുതലാളിത്തത്തിന്റെ പക്ഷം ചേരുകയാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്യാറുള്ളത്. ഇരുകൂട്ടരുടെയും ജീവിതാദര്‍ശം ഒന്നു തന്നെയാണ്-വിട്ടുവീഴ്ച്ചയില്ലാത്ത ഭൗതികവാദം. മഹാദുരന്തങ്ങള്‍ക്ക് വഴിവെക്കുന്ന ‘അതിരുകളില്ലാത്ത സ്വാതന്ത്ര്യവും’ അതിന്റെ ഉപോ
ല്‍പന്നമായ ലൈംഗികാരാജകത്വവും പാഠപുസ്തകങ്ങള്‍ വഴി വിപണനം ചെയ്യാന്‍ സര്‍ക്കാറുകളെ അനുവദിക്കണമോ എന്നു തീരുമാനിക്കേണ്ടത് മക്കളുടെ ഭാവിയില്‍ താല്‍പര്യമുള്ള രക്ഷിതാക്കളാണ്. എയിഡ്‌സും എബോളയും ഗൊണേറിയയും സിഫിലിസും കണ്ടിട്ടും പാഠം പഠിക്കാത്ത ‘ബുദ്ധിജീവിക’ള്‍ക്ക് ഏതായാലും നമ്മുടെ മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കകളൊന്നുമുണ്ടാകില്ല.
പാഠപുസ്തകപരിഷ്‌കരണത്തിനു പി
ന്നിലുള്ള അപകടകരമായ അജണ്ടകളെ തുറന്നു കാണിക്കാനും രാഷ്ട്രീയ ജനാധിപത്യ സംവിധാനങ്ങളുപയോഗിച്ച് പരിഷ്‌കരണശ്രമങ്ങളെ ചെറുത്തുതോല്‍പിക്കാനും സന്നദ്ധരാകുന്ന വിവേകശാലികളെ വളരെ തന്ത്രപൂര്‍വം നിശബ്ദരാക്കുകയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടീ കൂലിയെഴുത്തുകാര്‍ സാധാരണയായി ചെയ്യാറുള്ളത്. പുരോഗമനത്തിന്റെയും സാമൂഹ്യനവോത്ഥാനത്തിന്റെയും ശത്രുക്കളായ ഒരു പറ്റം ‘മതഭ്രാന്ത’രാണ് എതിര്‍പ്പുമായി രംഗത്തുള്ളതെന്ന് പുരോഗമനത്തിന്റെയും ജനാധിപത്യത്തിന്റെയും ഈ മൊത്തവിതരണക്കാരങ്ങ് പ്രഖ്യാപി
ച്ചുകളയും. പതിറ്റാണ്ടുകളായി കേരളത്തിലെ കമ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ വളരെ സമര്‍ഥമായി നടപ്പിലാക്കികൊണ്ടിരുന്ന ഒരു ‘സ്ട്രാറ്റജി’യാണ് ഇത്. കേരളീയ സമൂഹത്തിന്റെ ധൈഷണികാനുഭാവം ഇടതുചേരിക്കനുകൂലമാക്കിയെടുക്കുകയാണ് അവരിതു വഴി ചെയ്യുന്നത്. ഇവിടെ നടക്കുന്നത് വലിയൊരു തട്ടിപ്പാണ്. ജനാധിപത്യവും മാനവികതയുമടക്കമുള്ള പുരോഗമനമൂല്യങ്ങളുമായി വിശേഷിച്ച് ബന്ധമൊന്നുമില്ലാത്ത, ഒരുവേള അത്തരം മൂല്യങ്ങളോടെല്ലാം താത്ത്വികമായും പ്രായോഗികമായും ചരിത്രത്തിലുടനീളം ഏറ്റുമുട്ടിയിട്ടുള്ള, അങ്ങേയറ്റം സംഹാരാത്മകവും സമഗ്രാധിപത്യ സ്വഭാവിയും ഹിംസാധിഷ്ഠിതവുമായ ഒരു പ്രത്യയശാസ്ത്രത്തെ പുരോഗമനത്തിന്റെ കണക്കില്‍ വരവുവെക്കുന്നതിനോളം വലിയൊരു തട്ടിപ്പ് വേറെയുണ്ടാകുമോ? സാമ്പത്തികാടിസ്ഥാനത്തില്‍ മനുഷ്യരെ പല തട്ടുകളായി തിരിക്കുകയും വര്‍ഗസമരം എന്ന ഓമനപ്പേരില്‍ രക്തരൂഷിതമായ പരസ്പര കലാപങ്ങള്‍ക്കവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു ദര്‍ശനത്തെ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആദര്‍ശമായി അവതരിപ്പിക്കുന്നത്, അങ്ങനെ ചെയ്യുന്നതിന് ലബ്ധപ്രതിഷ്ഠരായ ബുദ്ധിജീവികള്‍ മേലോപ്പ് ചാര്‍ത്തുന്നുവെന്നതിന്റെ പേരില്‍ മാത്രം, കടുത്ത അശ്ലീലമാകാതിരിക്കുമോ?  നൂറ്റാണ്ട് പഴക്കമുള്ള ചിന്തകള്‍ക്കു മേല്‍ അടയിരിക്കുകയും അവയെ പരമസത്യങ്ങളായി പരിഗണിക്കുകയും അവയോട് കലഹിക്കുന്നത് ‘പാപ’മായി വ്യവഹരിക്കുകയും  അത്തരം ‘പാപി’കളെ പടിയടച്ച് പിണ്ഡം വെക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് സംഘടനകള്‍ ചിന്താസ്വാതന്ത്ര്യവും പുരോഗമനവും വെച്ചു വിളമ്പുന്നതില്‍ അസാംഗത്യമൊന്നുമില്ലെന്നാണോ?
ഇന്ത്യയിലെ വ്യവസ്ഥാപിത ഇടതുപക്ഷം കമ്യൂണിസത്തിന്റെ അക്ഷരവ്യാഖ്യാനത്തിലയവു വരുത്തുന്നുവെന്ന് പറഞ്ഞ് നെഞ്ചുപൊ
ട്ടി നിലവിളിക്കുന്ന കോളമിസ്റ്റുകള്‍ കൂടി ഉത്തരം പറയേണ്ട ചോദ്യങ്ങളാണിവയൊക്കെ. ‘പാലോറ മാത’യുടെ പശുവില്‍ നിന്ന് ‘വാട്ടര്‍ തീം പാര്‍ക്കു’കളിലേക്കുള്ള രാഷ്ട്രീയ ദൂരം ആശാസ്യമാണെന്ന് നമുക്കാര്‍ക്കും വാദമില്ല. എന്നാല്‍ ‘തനത്’ കമ്യൂണിസം കടുകിട തെറ്റാതെ നടപ്പില്‍ വരുത്തുന്ന ഒരു സ്റ്റാലിനിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി, ‘അഡ്ജസ്റ്റ്‌മെന്റു’കള്‍ക്ക് തയ്യാറാകുന്ന ഒരു ‘ഉദാര’ കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കാള്‍ അപകടകാരിയായിരിക്കും എന്ന ആത്യന്തിക വസ്തുത ചൂണ്ടിക്കാണിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല തന്നെ. മാര്‍ക്‌സിസം ഒന്നാന്തരം മാനവികതയാണെന്ന് മസ്തിഷ്‌കം ‘ഇടത്തോട്ട് ചെരിഞ്ഞു’ പോയിട്ടില്ലാത്തവര്‍ക്കൊന്നും അഭിപ്രായമുണ്ടാവുകയില്ല. സി.പി.
എം മാര്‍ക്‌സിസത്തെ ഉപേക്ഷിച്ച് സോഷ്യല്‍ഡെമോക്രസിയെ പുണര്‍ന്നാല്‍ കേരളത്തിന്റെ പുരോഗമന ചക്രവാളത്തില്‍ ഇരുട്ടു പരക്കുമെന്നൊക്കെ അലമുറയിടുന്നവരുടെ കൂടെ ചേരാന്‍ മാത്രമുള്ള ബുദ്ധിശൂന്യത ആര്‍ക്കുമുണ്ടായിക്കൂടാത്തതാണ്.
വര്‍ഷങ്ങളായി നാം തുടര്‍ന്നുപോരുന്ന വിദ്യാഭ്യാസസമ്പ്രദായം കുറ്റമറ്റതാണെന്നും വിദ്യാഭ്യാസരംഗത്ത് കാലോചിതമായ പരിഷ്‌കാരങ്ങളൊന്നും ആവശ്യമില്ലെന്നും ശഠിക്കുന്ന അറുപിന്തിരിപ്പന്‍ ഭ്രാന്തയാഥാസ്ഥികതയുടെ ഭൂമികയില്‍ നിന്നുകൊണ്ടല്ല കാര്യബോധമുള്ളവര്‍ ഈ ആശങ്കകള്‍ പങ്കുവെക്കുന്നത് എന്ന കാര്യം പ്രത്യേകം വ്യക്തമാക്കപ്പെടേണ്ടതുണ്ട്. നമ്മുടെ കരിക്കുലത്തിലും അധ്യാപനരീതിയിലും സാരമായ അഴിച്ചുപണികളാവശ്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകുകയില്ല. കടപു
ഴകി വീണ പരിണാമസിദ്ധാന്തവും അസ്തിവാരം തകര്‍ന്നു പോയ ന്യൂട്ടോണിയന്‍ ഫിസിക്‌സും കാലഹരണപ്പെട്ട പോസിറ്റിവിസ്റ്റ് ഹിസ്റ്ററിയും അടിസ്ഥാനരഹിതമായ മാല്‍ത്തൂസിയന്‍ ആശങ്കകളും ഇന്നും നമ്മുടെ പാഠപുസ്തകങ്ങളിലെ വിശുദ്ധസത്യങ്ങളാണല്ലോ! എന്നാല്‍ നടേ പറഞ്ഞ മിത്തുകളെ പടിയിറക്കി പാഠപുസ്തകങ്ങളുടെ ഉള്ളടക്കം പരമാവധി സത്യസന്ധമാക്കുന്നതിന് പകരം മാര്‍ക്‌സിസമടക്കമുള്ള കൂടുതല്‍ വലിയ മിത്തുകള്‍ കൂടി ബാലമനസ്സുകളില്‍ പ്രതിഷ്ഠിക്കുവാനാണ് ‘പരിഷ്‌കരണവാദികള്‍’ ശ്രമിക്കുന്നത് എന്നിടത്ത്‌നിന്ന് തുടങ്ങുന്നു നമ്മുടെ വിയോജിപ്പ്. പരമ്പരാഗത ബോധന ശാസ്ത്രത്തിന് പകരമായി അവതരിപ്പിക്കുന്ന വിമര്‍ശനാത്മക ബോധനശാസ്ത്രത്തിന്റെ സ്ഥിതിയോ? ‘മാനവീകരണം’ എന്ന വ്യാജേന  പഠിതാവിന്റെ മസ്തിഷ്‌കഘടനയെ മാര്‍ക്‌സിസ്റ്റുവല്‍കരിക്കുകയാണ്, വ്യക്തിത്വവികാസത്തിന് സഹായിക്കുന്നതിന് പകരം അത് ചെയ്യുന്നത്. നമ്മുടെ പൊതുവിദ്യാഭ്യാസരംഗം നിലവാരത്തകര്‍ച്ചയെ നേരിടുന്നുവെന്നതും അനിഷേധ്യമായ ഒരു നേരുതന്നെ. എന്നാല്‍ പ്രസ്തുത നിലവാരത്തകര്‍ച്ചക്ക് ആക്കം കൂട്ടുവാനും
മല്‍സരാധിഷ്ഠിതമായ പുതിയ ലോകക്രമ
ത്തില്‍ കുട്ടികള്‍ പിന്തള്ളപ്പെട്ടു പോ
കുവാനും മാത്രമേ പുതിയ നടപടികള്‍ ഉതകിയിട്ടുള്ളൂ എന്നത് അതിനേക്കാള്‍ വലിയൊരു നേരല്ലേ? ചുരുക്കത്തില്‍, വിദ്യാഭ്യാസരംഗത്ത് പരിഷ്‌കരണം ആവശ്യമാണോ അല്ലേ എന്നതല്ല, പരിഷ്‌കരണം ഏതു ദിശയിലുള്ളതാകണം എന്നതാണ് നമ്മുടെ സംവാദത്തിന്റെ വിഷയം.

കുറിപ്പുകള്‍
1. മാര്‍ക്‌സിയന്‍ വിദ്യഭ്യാസദര്‍ശനം, പുറം14
2. അതേപുസ്തകം, പുറം 125
3. മര്‍ദിതരുടെ ബോധനശാസ്ത്രം, പുറം 10
4. മാര്‍ക്‌സിയന്‍ വിദ്യഭ്യാസദര്‍ശനം, പുറം 126

Leave a Reply

Your email address will not be published. Required fields are marked *