ജലം:  അത്ഭുതവും അനുഗ്രഹവും

ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിന്‍ നിന്ന് ഇറക്കിയത്? അതല്ല, നാമാണോ ഇറക്കിയവന്‍?. നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം
ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്?’1 നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വെള്ളത്തെ കുറിച്ച ക്വുര്‍ആനിന്റെ സംക്ഷിപ്ത വിവരണമാണിത്. വെള്ളം മഹത്തായ അനുഗ്രഹമാണെന്നും അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് കുടിവെള്ളമാണെന്നും വെള്ളം ഭൂമിയിലേക്കെത്തുന്നത് മേഘങ്ങളില്‍ നിന്നും മഴയായി വര്‍ഷിച്ചുകൊണ്ടാണെന്നും അതുതന്നെ നമുക്ക് ഉപകരിക്കാത്ത വിധത്തില്‍ ഉപ്പുജലമാക്കി മാറ്റാന്‍ കഴിവുള്ളവനാണ് അല്ലാഹുവെന്നും ഈ വചനം വിശദീകരിക്കുന്നു. വെള്ളത്തിന്റെ ഉത്ഭവം മുതല്‍ അതിന്റെ ഉപയോഗം വരെയുള്ള കാര്യങ്ങളാണ് ചുരുങ്ങിയ രൂപത്തില്‍ ഇതിലൂടെ അല്ലാഹു വിവരിക്കുന്നത്.
വരള്‍ച്ച ഒരു വലിയ പ്രശ്‌നമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓരോ വര്‍ഷങ്ങളിലും വെള്ളം ലഭിക്കാതെ ഒട്ടേറെ പേര്‍ മരണപ്പെട്ടുകൊണ്ടിരിക്കുന്നു. കലങ്ങളും കുടങ്ങളും ചുമന്നുകൊണ്ട് വേനലിന്റെ കൊടിയ ചൂടും സഹിച്ച് കിലോമീറ്ററുകളോളം നടന്നുകൊണ്ട് കുടിവെള്ളം ശേഖരിക്കുന്നവര്‍ ഓരോ വര്‍ഷവും കൂടി കൂടി വരികയാണ്. അതേസമയം വര്‍ഷക്കാലങ്ങളില്‍ ശക്തമായ പേമാരിയില്‍ ജലപ്രളയങ്ങളുണ്ടായി നഗരവും പാടങ്ങളും ഒരേപോലെ വെള്ളം നിറഞ്ഞ് നില്‍ക്കുമ്പോഴും ഒരല്‍പ്പം കുടിനീരിനായി കേഴുന്നവരും നമുക്കിടയിലുണ്ടാവാറുണ്ട്. അവിടെയാണ് കുടിവെള്ളത്തെ കുറിച്ച ക്വുര്‍ആനിന്റെ ചോദ്യം പ്രസക്തമാവുന്നത്.  
ജീവജാലങ്ങള്‍ക്കായി അല്ലാഹു സംവിധാനിച്ച വലിയ അനുഗ്രഹങ്ങളിലൊന്നാണ് ജലം. ജലത്തിന്റെ അഭാവത്തില്‍ ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പുതന്നെ അസാധ്യമാണ്. ഭൂമിയില്‍ നമുക്ക് ലഭ്യമായ വെള്ളത്തില്‍ തന്നെ പരിമിതമായ അളവ് മാത്രമേ ഉപയോഗയോഗ്യമുള്ളൂ.ഒരു ജലഗോളമായ ഭൂമിയിലെ ജലത്തിന്റെ 97.5 ശതമാനവും ഉപ്പുകലര്‍ന്ന സമുദ്രജലമാണ്. ഭൂഗോളത്തിലെ മൊത്തം ജലത്തിന്റെ രണ്ടര ശതമാനം മാത്രമാണ് ശുദ്ധജലം. ഈ രണ്ടര ശതമാനം ശുദ്ധജലത്തിന്റെ 70 ശതമാനവും മഞ്ഞും മഞ്ഞുകട്ടയുമാണ്. 30 ശതമാനത്തിനടുത്ത് ഭൂഗര്‍ഭ ജലവും. ഭൂമിയിലെ മൊത്തം ശുദ്ധജലത്തിന്റെ അര ശതമാനം മാത്രമാണ് നദികളിലും തടാകങ്ങളിലും തണ്ണീര്‍ത്തടങ്ങളിലുമെല്ലാമുള്ള ഉപരിതല ശുദ്ധജലം. 0.05 ശതമാനം ശുദ്ധജലം നീരാവിയായി അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നു‘.2 
മനുഷ്യരടക്കം ഓരോ ജീവികളുടെയും വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ വെള്ളത്തിന്റെ പങ്ക് അനല്‍പ്പമാണ്. സസ്യങ്ങള്‍ മണ്ണിനടിയില്‍ നിന്നും ആവശ്യമായ വെള്ളം തന്റെ വേരിലൂടെ വലിച്ചെടുക്കുന്നു. അതുപയോഗിച്ച് അവ വ്യത്യസ്ത പഴവര്‍ഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഒട്ടുമിക്ക ജീവികളും സസ്യങ്ങളെ ആശ്രയിച്ച് ജീവിക്കുന്നു. വെള്ളം നഷ്ടമാകുന്നതോടു കൂടി സസ്യങ്ങളും മറ്റു ജീവികളുമെല്ലാം ഇല്ലാതാകുന്നു. എങ്ങനെയാണ് ഈ അനുഗ്രഹത്തെ ഒരാള്‍ക്ക് മറക്കാന്‍ കഴിയുന്നത്? ‘നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍). അതിനാല്‍ ( ഇതെല്ലാം) അറിഞ്ഞ്‌കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‘.3 
അവര്‍ക്കൊരു ദൃഷ്ടാന്തമുണ്ട്; നിര്‍ജീവമായ ഭൂമി. അതിന് നാം ജീവന്‍ നല്‍കുകയും, അതില്‍ നിന്ന് നാം ധാന്യം ഉല്‍പാദിപ്പിക്കുകയും ചെയ്തു. എന്നിട്ട് അതില്‍ നിന്നാണ് അവര്‍ ഭക്ഷിക്കുന്നത്.  ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങള്‍ അതില്‍ നാം ഉണ്ടാക്കുകയും, അതില്‍ നാം ഉറവിടങ്ങള്‍ ഒഴുക്കുകയും ചെയ്തു. അതിന്റെ ഫലങ്ങളില്‍ നിന്നും അവരുടെ കൈകള്‍ അദ്ധ്വാനിച്ചുണ്ടാക്കിയതില്‍ നിന്നും അവര്‍ ഭക്ഷിക്കുവാന്‍ വേണ്ടി. എന്നിരിക്കെ അവര്‍ നന്ദികാണിക്കുന്നില്ലേ?’4

ജീവന്റെ ആധാരം
ജൈവവസ്തുക്കളുടെ അടിസ്ഥാന ഘടകം ജലമാണ്. ജലത്തിന്റെ ലഭ്യതയെ ആശ്രയിച്ചാണ് കോശങ്ങളുടെ നിലനില്‍പ്പുതന്നെ. ഏതൊരു ജൈവശരീരത്തെയും വിഘടനത്തിന് വിധേയമാക്കുമ്പോള്‍ പ്രധാനമായും നമുക്ക് ലഭിക്കുന്നത് വെള്ളമാണ്.എല്ലാ ചരാചരങ്ങള്‍ക്കും ജലം അത്യന്താപേക്ഷിതമാണ്. ജലമില്ലെങ്കില്‍ സസ്യങ്ങളില്ല. സസ്യങ്ങളില്ലെങ്കില്‍ ഭക്ഷണമില്ല. ഭക്ഷണമില്ലെങ്കില്‍ ജീവിതമില്ല. ചുരുക്കത്തില്‍ നമ്മുടെ ആരോഗ്യം ജലത്തിന്റെ ശുദ്ധതയെ ആശ്രയിച്ചിരിക്കുന്നു. സസ്യങ്ങളുടെ ഭാരത്തില്‍ 50%-75% വരെ ജലമാണ്. ചിലയിനം ജല സസ്യങ്ങളില്‍ അത് 95% ത്തില്‍ ഏറെയാണ്. അതുപോലെ തന്നെ മനുഷ്യന്റെ ശരീര ഭാരത്തില്‍ 70% ത്തോളം ജലമാണ്. രക്തത്തിന്റെയും ജീവകോശങ്ങളുടെയും മുഖ്യഘടകം ജലം തന്നെയാണ്. ഗര്‍ഭസ്ഥ  ശിശുവിനെ ഒരു ജലജീവിക്ക് തുല്യമായി വിശേഷിപ്പിക്കാം. ശരീരത്തിന്റെ താപനില ക്രമീകരിക്കാനും കോശങ്ങളുടെ പോഷണത്തിനും
ജലം അനിവാര്യമാണ്. മാംസപേശികളുടെയും ശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനത്തിനുള്ള ഒരു അടിസ്ഥാനവിഭവമാണ് ജലം.ജലമാണ് ജീവജാലങ്ങളുടെ നില
നില്‍പ്പിന്ന് ആധാരം‘.5 
എല്ലാ ജൈവവസ്തുക്കളെയും സൃഷ്ടിച്ചത് വെള്ളത്തില്‍ നിന്നാണെന്നാണ് പരിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?’6
എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ ഉദരത്തില്‍മേല്‍ ഇഴഞ്ഞ് നടക്കുന്നവരുണ്ട്. രണ്ട് കാലില്‍ നടക്കുന്നവരും അവരിലുണ്ട്. നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു‘.7
വെള്ളം മനുഷ്യശരീരത്തിലെ കോശങ്ങള്‍ക്ക് പുതുചൈതന്യം നല്‍കുന്നതോടൊപ്പം ശരീരത്തിന്റെ താപനില സമതുലനപ്പെടുത്തുന്നതിന്നും ദഹനപ്രക്രിയ സുഗമമാക്കുന്നതിന്നും ശ്വസനസംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നതിന്നും ശരീരത്തില്‍ നിന്ന് വേസ്റ്റ് പുറംതള്ളുന്നതിന്നും സഹായകമാകുന്നുണ്ട്. മനുഷ്യശരീരത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും വെള്ളമാണ്. അസ്ഥികളില്‍ പോലും അടങ്ങിയ ജലത്തിന്റെ അളവ് 22 ശതമാനമാണ്. മനുഷ്യനെ അല്ലാഹു ജലത്തില്‍ നിന്നാണ് സൃഷ്ടിച്ചതെന്ന് പറയുക വഴി വിശുദ്ധ ഖുര്‍ആന്‍ എത്ര സമര്‍ഥമായാണ് അതിന്റെ അപ്രമാദിത്വം ബോധ്യപ്പെടുത്തിയത്. അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു‘.8
താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്‍. മനുഷ്യന്റെ സൃഷ്ടി കളിമണ്ണില്‍ നിന്ന് അവന്‍ ആരംഭിച്ചു. പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തില്‍ നിന്ന് അവന്‍ ഉണ്ടാക്കി.‘9

ജലത്തിന്റെ ഉറവിടം
ജലചംക്രമണത്തി()ന്റെ ഭാഗമായി വരുന്ന വ്യത്യസ്ത ഘട്ടങ്ങളിലൂടെയാണ് നമുക്കാവശ്യമായ വെള്ളം ലഭിക്കുന്നത്. അങ്ങിനെ ലഭിക്കുന്ന ജലത്തെ ഫലപ്രദമായി ഉപയോഗിക്കുവാന്‍ സാധിക്കുമ്പോളാണ് ഒരു പരിധിവരെ ജലക്ഷാമം പരിഹരിക്കുവാന്‍ സാധിക്കുന്നത്. ജലചംക്രമണവും അതുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന മറ്റു ജല സ്രോതസ്സുകളെയും നമുക്കൊന്ന് പരിചയപ്പെടാം.
1. ജലചംക്രമണം
ഭൂമിയില്‍ ജലം നിലനില്‍ക്കുന്നത് സാധാരണയായി ഖരം ദ്രാവകം വാതകം എന്നീ മൂന്നവസ്ഥകളിലാണ്. മഞ്ഞ്, വെള്ളം, നീരാവി എന്നിവ അതിന് ഉദാഹരണങ്ങളാണ്. നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ജലത്തിന്റെ അളവ് ഒരിക്കലും വ്യതിചലിക്കാത്ത ഈ ജലചംക്രമണത്തെ ആശ്രയിച്ചാണുള്ളത്. നമ്മുടെ പ്രധാന
ഊര്‍ജസ്രോതസ്സായ സൂര്യനാണ് വാട്ടര്‍ സൈക്ക്‌ളിന്റെ പ്രേരകശക്തി. സൂര്യന്റെ സഹായത്താല്‍ മണ്ണ്, സമുദ്രം, അന്തരീക്ഷം എന്നിവയിലൂടെ ജലം നിരന്തരം ചംക്രമണം നടത്തിക്കൊണ്ടിരിക്കുന്നു. 
1580 ല്‍ ഫ്രഞ്ച് ഹൈഡ്രോളിക്‌സ് എഞ്ചിനീയറായിരുന്ന ബര്‍ണാഡ് പളിസി()യാണ് ആദ്യമായി ഇന്നു നാം വിശദീകരിച്ചുകൊണ്ടിരിക്കുന്ന രൂപത്തില്‍ വാട്ടര്‍ സൈക്‌ളിന് നിര്‍വചനം നല്‍കിയത്. സമുദ്രങ്ങളില്‍ നിന്നും, മഞ്ഞുകളില്‍ നിന്നും, അരുവികളില്‍ നിന്നും, ചെടികളില്‍ നിന്നും മറ്റു ജീവജാലങ്ങളില്‍ നിന്നുമായി ബാഷ്പീകരി () ക്കപ്പെടുന്ന ജലം മുകളിലെ തണുത്ത അന്തരീക്ഷത്തിലെത്തുമ്പോള്‍ മേഘ ()മായിമാറുന്നു. പിന്നീട് ഈ മേഘപാളികള്‍ കാറ്റിന്റെ ഗതിവിഗതിക്കനുസരിച്ച് സഞ്ചരിക്കുകയും അനുകൂല സാഹചര്യമുണ്ടാകുമ്പോള്‍ അവ ഘനീഭവിച്ച് മഴയും മഞ്ഞുമായി ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുന്നു. 
മഴയായി ഭൂമിയില്‍പതിക്കുന്ന ജലത്തിന്റെ ഒരുഭാഗം ബാഷ്പീകരിച്ചുകൊണ്ട് അന്തരീക്ഷത്തിലേക്കു തന്നെ തിരിച്ചുപോ
വുകയും ബാക്കിയുള്ളത് ഭൂതലത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. ഭൂതലത്തിലെത്തിച്ചേരുന്ന വെള്ളത്തിന്റെ ഒരുഭാഗം ഭൂഗര്‍ഭജലമായി സൂക്ഷിക്കുകയും ബാക്കിയുള്ളവയില്‍ നിന്ന് സസ്യങ്ങളുടെ വേരുകള്‍ വലിച്ചെടുക്കുകയും വേരുകളില്‍ തങ്ങി 
നില്‍ക്കുന്ന ജലത്തിന്റെ ഒരുഭാഗം സസ്യങ്ങള്‍ പ്രകാശസംശ്ലേഷണത്തി()നായി ഉപയോഗിച്ചതിനുശേഷം അന്തരീക്ഷത്തിലേക്കുതന്നെ വിടുകയും ചെയ്യുന്നു. മറ്റൊരുഭാഗം മണ്ണിലെ ചെറുസുഷിരങ്ങളിലൂടെ ബാഷ്പീകരിച്ച് അന്തരീക്ഷത്തിലെത്തിച്ചേരുന്നു. ഒരുഭാഗം മണ്ണിലൂടെ സഞ്ചരിച്ച് നദികളിലും കായലുകളിലും അവസാനം കടലിലും എത്തിച്ചേരുന്നു.
മേഘങ്ങളെ കാറ്റുപയോഗിച്ച് ആകാശത്തിലൂടെ വ്യാപിപ്പിച്ച് മേഘപാളികള്‍ക്കിടയിലൂടെ മഴവര്‍ഷിപ്പിക്കുന്ന അല്‍ഭുതകരമായ പ്രതിഭാസത്തെകുറിച്ച് വിശുദ്ധഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. മഴക്കുശേഷം നിര്‍ജീവമായിക്കിടന്നിരുന്ന പ്രദേശങ്ങളില്‍ മുളച്ചുപൊ
ന്തുന്ന സസ്യങ്ങളില്‍ വിവേകമതികള്‍ക്ക് പു
നരുജ്ജീവനത്തെ കുറിച്ച വലിയ ചിന്തകളും വിശുദ്ധഖുര്‍ആന്‍ നല്‍കുന്നു. അല്ലാഹു കാര്‍മേഘത്തെ തെളിച്ച് കൊണ്ട് വരികയും, എന്നിട്ട് അത് തമ്മില്‍ സംയോജിപ്പിക്കുകയും, എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നു. എന്ന് നീ കണ്ടില്ലേ? അപ്പോള്‍ അതിന്നിടയിലൂടെ മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം. ആകാശത്ത് നിന്ന് അവിടെ മലകള്‍ പോലുള്ള മേഘകൂമ്പാരങ്ങളില്‍ നിന്ന് അവന്‍ ആലിപ്പഴം ഇറക്കുകയും എന്നിട്ട് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് അവന്‍ ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന് അത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍ വെളിച്ചം കാഴ്ചകള്‍ റാഞ്ചിക്കളയുമാറാകുന്നു‘.10 
അവനത്രെ തന്റെ അനുഗ്രഹത്തിന്ന് (മഴയ്ക്കു) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ അവ (കാറ്റുകള്‍) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ട് പോകുകയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അത് മൂലം എല്ലാതരം കായ്കനികളും നാം പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു. അത് പോലെ നാം മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്നതാണ്. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം‘.11
അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട് അവ (കാറ്റുകള്‍) മേഘത്തെ ഇളക്കിവിടുന്നു.
എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത് പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിന്നിടയില്‍ നിന്ന് മഴപുറത്ത് വരുന്നതായി നിനക്ക് കാണാം. എന്നിട്ട് തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആ മഴ എത്തിച്ചുകൊടുത്താല്‍ അവരതാ സന്തുഷ്ടരാകുന്നു. ഇതിന് മുമ്പ് ആ മഴ അവരുടെ മേല്‍ വര്‍ഷിപ്പിക്കപ്പെടുന്നതിന് മുമ്പ് തീര്‍ച്ചയായും അവര്‍ ആശയറ്റവര്‍ തന്നെയായിരുന്നു. അപ്പോള്‍ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഫലങ്ങള്‍ നോക്കൂ. ഭൂമി നിര്‍ജീവമായിരുന്നതിന് ശേഷം എങ്ങനെയാണ് അവന്‍ അതിന് ജീവന്‍ നല്‍കുന്നത്? തീര്‍ച്ചയായും അത് ചെയ്യുന്നവന്‍ മരിച്ചവരെ ജീവിപ്പിക്കുക തന്നെ ചെയ്യും. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനത്രെ‘.12

2. മഴ
സൂര്യന്റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന് മേഘങ്ങളാവുന്നു. ഈ മേഘങ്ങള്‍ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തില്‍ പതിക്കുന്നതാണ് മഴ. കൂടുതല്‍ തണുപ്പുള്ള പ്രദേശങ്ങളില്‍ ജലമായിട്ടല്ലാതെ ഐസായും മഴയുണ്ടാകാം.  ഉഷ്ണമേഖലാ പ്രദേശങ്ങളിലും അതിനോട് ചേര്‍ന്ന്കിടക്കുന്നയിടങ്ങളിലും ചില സമയത്ത് ഐസ് കഷ്ണങ്ങളും വീഴാം. ഇവയെയാണ് നമ്മള്‍ ആലിപ്പഴം എന്നു വിളിക്കാറുള്ളത്.
അല്ലാഹു നമുക്ക് നല്‍കിയ വലിയൊരനുഗ്രഹമാണ് മഴ. മഴയിലൂടെ ജന്തുജാലങ്ങള്‍ക്ക് പുതിയ ഉണര്‍വും ഉന്‍മേഷവും ലഭിക്കുന്നതോടൊപ്പം സസ്യജാലങ്ങള്‍ക്ക് പുതിയ ജീവന്‍ ലഭിക്കുന്നു. വരണ്ടുണങ്ങിയ ഭൂമി ചൈതന്യവത്താകുന്നു. ഇതിലെല്ലാം ചിന്തിക്കുന്നവര്‍ക്ക് വലിയ പാഠങ്ങളാണുള്ളത്. ഖുര്‍ആനിന്റെ വിശദീകരണം ശ്രദ്ധിക്കുക. നീ കണ്ടില്ലേ, അല്ലാഹു ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു. അനന്തരം അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളിലുള്ള വിള അവന്‍ ഉല്‍പാദിപ്പിക്കുന്നു. പിന്നെ അത് ഉണങ്ങിപോകുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീട് അവന്‍ അതിനെ വൈക്കോല്‍ തുരുമ്പാക്കുന്നു. തീര്‍ച്ചയായും അതില്‍ ബുദ്ധിമാന്‍മാര്‍ക്ക് ഒരു ഗുണപാഠമുണ്ട്.’13
ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്; തീര്‍ച്ച.’14
അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നവന്‍. എന്നിട്ട് അത് മുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകള്‍ പു
റത്ത് കൊണ്ടുവരികയും, അനന്തരം അതില്‍ നിന്ന് പച്ചപിടിച്ച ചെടികള്‍ വളര്‍ത്തിക്കൊണ്ട് വരികയും ചെയ്തു. ആ ചെടികളില്‍ നിന്ന് 
നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്ത് വരുത്തുന്നു. ഈന്തപ്പനയില്‍ നിന്ന് അഥവാ അതിന്റെ കൂമ്പോളയില്‍ നിന്ന് തൂങ്ങി നില്‍ക്കുന്ന കുലകള്‍ പുറത്ത് വരുന്നു. (അപ്രകാരം തന്നെ) മുന്തിരിത്തോട്ടങ്ങളും, പരസ്പരം തുല്യത തോന്നുന്നതും, എന്നാല്‍ ഒരുപോലെയല്ലാത്തതുമായ ഒലീവും മാതളവും (നാം ഉല്‍പാ
ദിപ്പിച്ചു.) അവയുടെ കായ്കള്‍ കായ്ച്ച് വരുന്നതും മൂപ്പെത്തുന്നതും നിങ്ങള്‍ നോക്കൂ. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്.’15
ഓരോ പ്രദേശത്തെയും മഴയുടെ ലഭ്യതയിലും രീതിയിലും സ്വഭാവത്തിലുമെല്ലാം ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. ചില പ്രദേശങ്ങളില്‍ ശക്തമായ മഴയുണ്ടാകുമ്പോള്‍ തന്നെ അടുത്ത പ്രദേശങ്ങളില്‍ മഴയുടെ യാതൊരടയാളങ്ങളും കാണാറില്ല. ചിലയിടങ്ങളില്‍ ചാറ്റല്‍ മഴയുണ്ടാകുന്നു. ചില സമയങ്ങളില്‍ ആലിപ്പഴങ്ങള്‍ വരെ വര്‍ഷിക്കുന്ന രൂപത്തില്‍ മഴയുണ്ടാകുന്നു. മേഘപാളികളില്‍ നിന്നു ഭൂമിയിലെത്തുന്ന മഴത്തുള്ളികള്‍ക്ക് സാധാരണയായി ഒന്നുമുതല്‍ അഞ്ചു മി.മീ വരെ വ്യാസം കാണും. മേഘപാളികളുടെ കീഴ്ഭാഗത്തു കാണപ്പെടുന്ന മഴത്തുള്ളികള്‍ പലപ്പോഴും ഇതിലും വലിയ തുള്ളികളായിരിക്കുമെങ്കിലും ഭൂമിയിലേക്കുള്ള സഞ്ചാരത്തിനിടയില്‍ വായുവിന്റെ ഘര്‍ഷണം മൂലം ചിന്നിച്ചിതറി ഇവ ചെറിയ തുള്ളികളാകുന്നു. സാധാരണ കാണപ്പെടുന്ന മഴത്തുള്ളികള്‍ക്ക് 0.1 മുതല്‍ 2.0 മി.മീ വരെ വ്യാസം കാണും. ചാറ്റല്‍ മഴത്തുള്ളികളുടെ വ്യാസം 0.1 മി.മീ ലും കുറവാണ്. 
ചാറ്റല്‍ മഴ ഒരേപോലുള്ള ധാരാളം ചെറിയ ജലകണികകള്‍ ചേര്‍ന്നുണ്ടാകുന്നതാണ്. വളരെ ചെറിയ ഈ ജലകണികകള്‍ കാറ്റിന്റെ ഗതിയും വേഗവുമനുസരിച്ച് ആടി ഉലയുന്നതുപോലെ തോന്നിക്കും. ഇവ സാധാരണ വളരെ താഴ്ന്ന തലത്തിലുള്ള പാ
ളിമേഘങ്ങളില്‍ നിന്നാണ് ലഭിക്കാറുള്ളത്. മഴകട്ടികൂടിയ പാളിമേഘങ്ങളില്‍ നിന്നു ലഭിക്കുന്നു. ഹിമജലവര്‍ഷംമഴയുടെയും ഹിമത്തിന്റെയും മിശ്രിതമായിരിക്കും. ഹിമപാതംഹിമപ്പരലുകള്‍ മാത്രം അടങ്ങിയതാണ്. ആലിപ്പഴംഹിമക്കട്ടകളാണ്. അവയുടെ വ്യാസം ഒന്നുമുതല്‍ അഞ്ചു സെന്റിമീറ്റര്‍ വരെ കാണും. ചിലപ്പോള്‍ അതിലും വലിപ്പം വളരെ കൂടിയ ആലിപ്പഴവും പെയ്യാറുണ്ട്.’16
ശക്തമായ മഴയുണ്ടാകുമ്പോഴും നമുക്ക് ലഭിക്കുന്ന ജലം മുഴുവനും ഉപയോഗപ്പെടുത്തുവാന്‍ നമുക്ക് സാധിക്കാറില്ല. ഭൂപ്രതലങ്ങളില്‍ പതിക്കുന്ന മഴത്തുള്ളികളില്‍ വലിയ ഒരു അളവ് നദികളിലൂടെ സമുദ്രത്തിലേക്കുതന്നെ തിരിച്ച് പോകുന്നുണ്ട്. ഭൂമിയില്‍ മഴയുടെയും മഞ്ഞിന്റെയും രൂപത്തില്‍ പതിക്കുന്ന ജലം, 0.42 ദശലക്ഷം ഘന കി.മീറ്റര്‍ മാത്രമാണ് കരയില്‍ പതിക്കുന്നത്. ഓരോ വര്‍ഷവും പു
ഴകളിലും അരുവികളിലുമുള്ള 0.038 ശതമാനം ദശലക്ഷം ഘന കി.മീറ്റര്‍ വെള്ളം ഒഴുകി സമുദ്രത്തിലെത്തിച്ചേരുന്നു. പുഴയില്‍ക്കൂടി ഒഴുകുന്ന വെള്ളത്തിന്റെ നാലുശതമാനത്തില്‍ കുറവുമാത്രമേ കൃഷിക്കും മറ്റുമായി ഉപയോഗിക്കുന്നുള്ളൂ. ബാക്കിയുള്ളവ ഒഴുകി കടലിലേക്കുതന്നെ എത്തിച്ചേരും. അതായത് ലോകത്തിലെ മുഴുവന്‍ ജലവും ഒരുലിറ്റര്‍ കുപ്പിയില്‍ ഒതുങ്ങുന്നതാണെന്ന് സങ്കല്‍പ്പിച്ചാല്‍ അതില്‍ കാല്‍ ടീസ്പൂണ്‍ മാത്രമാണ് ശുദ്ധജലമായിട്ടുള്ളത്. അതില്‍ ഒരുതുള്ളി വെള്ളം മാത്രമേ കരയില്‍ ലഭ്യമാകുന്നുള്ളൂ.‘ 17
മാനവ സമൂഹത്തിന് അല്ലാഹുവിന്റെ സൃഷ്ടി വൈഭവം ബോധ്യപ്പെടുത്തിക്കൊണ്ടാണ് വിശുദ്ധഖുര്‍ആന്‍ ജലത്തെക്കുറിച്ച വര്‍ത്തമാനങ്ങള്‍ വിശദീകരിക്കുന്നത്. കൃത്രിമമായി മഴപെയ്യിക്കുവാനുള്ള ശാസ്ത്രജ്ഞ്യന്‍മാരുടെ വര്‍ഷങ്ങളായുള്ള നിരന്തര പരിശ്രമങ്ങളൊന്നും തന്നെ വിജയതീരമണഞ്ഞിട്ടില്ലെങ്കില്‍ ആര്‍ക്കാണ് പകരം മഴ നല്‍കാന്‍ കഴിയുന്നത്? ‘ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?. നിങ്ങളാണോ അത് മേഘത്തിന്‍ നിന്ന് ഇറക്കിയത്? അതല്ല, നാമാണോ ഇറക്കിയവന്‍?. നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്?’18
ഓരോ സൃഷ്ടിക്കും ആവശ്യമായ വെള്ളം അല്ലാഹു നല്‍കുന്നുണ്ട്. എന്നാല്‍ അത് വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുവാന്‍ നമുക്ക് സാധിക്കാത്തതാണ് ഭൂമിയില്‍ ജലക്ഷാമം നേരിടുവാനുള്ള പ്രധാന കാരണം. മഴവെള്ളം ഭൂമിയുടെ ആഴിയിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ കഴിയാതെ സമുദ്രങ്ങളിലേക്കും മറ്റും കുത്തിയൊലിച്ചിറങ്ങുമ്പോള്‍ ഭൂഗര്‍ഭജലത്തില്‍ കുറവു സംഭവിക്കുന്നു. ഭൂഗര്‍ഭ ജലത്തില്‍ കുറവുസംഭവിക്കുന്നതിലൂടെ കിണറുകളിലും കുളങ്ങളിലും മറ്റും വെള്ളമില്ലാതാവുന്നു. മനുഷ്യരുടെ ഇത്തരം ഇടപെടലുകള്‍ കരയിലും കടലിലുമെല്ലാം ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നാണ് ഖുര്‍ആന്‍ വിലയിരുത്തുന്നത്. മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരു വേള മടങ്ങിയേക്കാം‘.19
ഇപ്പോള്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ജലമാകുന്ന ഈ അനുഗ്രഹത്തിന് നന്ദി കാണിക്കണമെന്നും അതല്ലെങ്കില്‍ ഈ അനുഗ്രഹങ്ങളെ തന്നെ തടഞ്ഞുവെക്കാന്‍ കഴിയുന്നവനാണ് അല്ലാഹുവെന്ന കാര്യം തിരിച്ചറിയണമെന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു. അങ്ങനെ അത് (വെള്ളം) കൊണ്ട് നാം നിങ്ങള്‍ക്ക് ഈന്തപ്പനകളുടെയും, മുന്തിരിവള്ളികളുടെയും തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു. അവയില്‍ നിങ്ങള്‍ക്ക് ധാരാളം പഴങ്ങളുണ്ട്. അവയില്‍ നിന്ന് നിങ്ങള്‍ തിന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു‘.20
പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവു വെള്ളം കൊണ്ട് വന്നു തരിക?’21
ജലത്തിന്റെ സവിശേഷതകള്‍ വിശദീകരിക്കുകവഴി രണ്ടുകാര്യങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍ സമര്‍ഥിക്കുന്നത്. ഒന്ന് മനുഷ്യന്റെ നിലനില്‍പ്പിനെ തന്നെ സാരമായി ബാധിക്കുന്ന ജലമെന്ന അത്ഭുതകരമായ സംവിധാനമൊരുക്കിയ അനുഗ്രദാതാവിന് നന്ദി കാണിക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുക എന്നതാണ്.നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്‌കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‘.22 
രണ്ടാമത്തേത് മരണാനന്തര ജീവിതത്തെ കുറിച്ച സമര്‍ഥനങ്ങളാണ്. വരണ്ടുണങ്ങിയ ഭൂമിയില്‍ മഴ വര്‍ഷിക്കുന്നതോടുകൂടി മുളച്ചു പൊന്തുന്ന സസ്യങ്ങളെ പോലെ പുനരുജ്ജീവന നാളില്‍ ഓരോരുത്തരും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുമെന്ന്. ഖുര്‍ആന്‍ പറയുന്നത് കാണുക.
അല്ലാഹുവാണ് കാറ്റുകളെ അയച്ചവന്‍. അങ്ങനെ അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് ആ മേഘത്തെ നിര്‍ജീവമായ നാട്ടിലേക്ക് നാം തെളിച്ചുകൊണ്ട് പോകുകയും, അതുമുഖേന ഭൂമിയെ അതിന്റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം നാം സജീവമാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാകുന്നു ഉയിര്‍ത്തെഴുന്നേല്‍പ്.’23
ആകാശത്ത് നിന്ന് ഒരു തോത് അനുസരിച്ച് വെള്ളം വര്‍ഷിച്ചു തരികയും ചെയ്തവന്‍. എന്നിട്ട് അത് മൂലം നാം നിര്‍ജീവമായ രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു. അത് പോലെ തന്നെ നിങ്ങളും (മരണാനന്തരം) പുറത്തു കൊണ്ടു വരപ്പെടുന്നതാണ്.24
മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം
നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്. 
നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു.) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. 
പിന്നീട് നിങ്ങളെ നാം ശിശുക്കളായി പു
റത്ത് കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ ശക്തിപ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു.) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട്അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും, കൗതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു.25
ജലം ഒരു അനുഗ്രഹമായതുപോലെ തന്നെ ചില സമൂഹങ്ങള്‍ക്കത് ശിക്ഷയുമായിട്ടുണ്ട്. അക്രമങ്ങള്‍ അതിരുകിടക്കുമ്പോള്‍ അഹങ്കാരത്തിന്റെ പരിണിതഫലമായി ജലപ്രളയങ്ങള്‍കൊണ്ട് ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നവരെ കുറിച്ച് പരിശുദ്ധ ക്വുര്‍ആന്‍ വിവരിക്കുന്നതിപ്രകാരമാണ്.
അവരുടെ പാപങ്ങള്‍ നിമിത്തം അവര്‍ മുക്കി നശിപ്പിക്കപ്പെട്ടു. എന്നിട്ടവര്‍ നരകാഗ്‌നിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അപ്പോള്‍ തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ സഹായികളാരെയും അവര്‍ കണ്ടെത്തിയില്ല.26
അങ്ങനെ എല്ലാവരെയും അവരവരുടെ കുറ്റത്തിന് നാം പിടികൂടി. അവരില്‍ ചിലരുടെ നേരെ നാം ചരല്‍കാറ്റ് അയക്കുകയാണ് ചെയ്തത്. അവരില്‍ ചിലരെ ഘോരശബ്ദം പി
ടികൂടി. അവരില്‍ ചിലരെ നാം ഭൂമിയില്‍ ആഴ്ത്തികളഞ്ഞു. അവരില്‍ ചിലരെ നാം മുക്കിനശിപ്പിച്ചു.അല്ലാഹു അവരോട് അക്രമം ചെയ്യുകയായിരുന്നില്ല. പക്ഷെ അവര്‍ അവരോട് തന്നെ അക്രമം ചെയ്യുകയായിരുന്നു.27
അപ്പോള്‍ അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ഥിച്ചു: ഞാന്‍ പരാജിതനാകുന്നു. അതിനാല്‍ (എന്റെ ) രക്ഷയ്ക്കായി നീ നടപടി സ്വീകരിക്കണമേ. അപ്പോള്‍ കുത്തിച്ചൊരിയുന്ന വെള്ളവും കൊണ്ട് ആകാശത്തിന്റെ കവാടങ്ങള്‍ നാം തുറന്നു. ഭൂമിയില്‍ നാം ഉറവുകള്‍ പൊട്ടിക്കുകയും ചെയ്തു. അങ്ങനെ നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞ ഒരു കാര്യത്തിന്നായി വെള്ളം സന്ധിച്ചു. പലകകളും ആണികളുമുള്ള ഒരു കപ്പലില്‍ അദ്ദേഹത്തെ നാം വഹിക്കുകയും ചെയ്തു. നമ്മുടെ മേല്‍നോട്ടത്തില്‍ അത് സഞ്ചരിക്കുന്നു. നിഷേധിച്ചു തള്ളപ്പെട്ടിരുന്നവന്നു (ദൈവദൂതന്ന്) ഉള്ള പ്രതിഫലമത്രെ അത്. തീര്‍ച്ചയായും അതിനെ( പ്രളയത്തെ )നാം ഒരു ദൃഷ്ടാന്തമായി അവശേഷിപ്പിച്ചിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? 28
ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം
അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു‘.29 എന്ന് വിശുദ്ധക്വുര്‍ആന്‍ പറയുമ്പോള്‍ അല്ലാഹു നമുക്ക് നല്‍കിയ ആവെള്ളത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. വരാനിരിക്കുന്ന ക്ഷാമക്കാലത്തെ നേരിടുന്നതിനായി യൂസുഫ് നബി() തയ്യാറെടുത്തതുപോലെ ഓരോ വര്‍ഷവും കടന്നുവരുന്ന വേനല്‍കാലത്തെ നേരിടുന്നതിനായി നാം പ്രത്യേകം തയ്യാറാകേണ്ടതുണ്ട്. വെള്ളത്തിന്റെ മൂല്യം മനസ്സിലാക്കി ചെലവഴിക്കുവാനും ആവശ്യക്കാര്‍ക്ക് നല്‍കുവാനും നമുക്ക് സാധിക്കുകയാണെങ്കില്‍ ജൂതനില്‍ നിന്നും റൂമാ കിണര്‍ വാങ്ങി ആവശ്യക്കാര്‍ക്ക് സൗജന്യമായി വെള്ളം നല്‍കിയ ഉഥ്മാനുബ്‌നു അഫ്ഫാന്‍ () വിന്റെ ചരിത്രമാണ് നമ്മിലൂടെ പുനരുജ്ജീവിക്കപ്പെടുക.

റഫറന്‍സ്
1. ക്വുര്‍ആന്‍ 2:22 
2. മാതൃഭൂമി ഇയര്‍ബുക്ക് 2015 പേജ് 325
3. ക്വുര്‍ആന്‍ 2:22 
4. ക്വുര്‍ആന്‍ 36: 33-35
5. ജലവും ജലസംരക്ഷണവും, ഡോ. പി. സുശീല, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പേജ് 5. 
6. ക്വുര്‍ആന്‍ 21:30
7. ക്വുര്‍ആന്‍ 24:45
8. ക്വുര്‍ആന്‍ 25:54
9. ക്വുര്‍ആന്‍ 32:7,8
10. ക്വുര്‍ആന്‍ 24:43
11. ക്വുര്‍ആന്‍ 7:57
12. ക്വുര്‍ആന്‍ 30:48-50
13. ക്വുര്‍ആന്‍ 39:21
14. ക്വുര്‍ആന്‍ 2:164
15. ക്വുര്‍ആന്‍ 6:99
16. മഴ, സി.കെ രാജന്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പേജ് 2. 
17. ജലവും ജലസംരക്ഷണവും, ഡോ. പി. സുശീല, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പേജ് 12. 
18. ക്വുര്‍ആന്‍ 56:68-70
19. ക്വുര്‍ആന്‍ 30:41
20. ക്വുര്‍ആന്‍ 23: 18,19
21. ക്വുര്‍ആന്‍ 67:30
22. ക്വുര്‍ആന്‍ 2:22 
23. ക്വുര്‍ആന്‍ 35:9 
24. ക്വുര്‍ആന്‍ 43:11 
25. ക്വുര്‍ആന്‍ 22:5 
26. ക്വുര്‍ആന്‍ 71: 25
27. ക്വുര്‍ആന്‍ 29: 40
28. ക്വുര്‍ആന്‍ 54: 10-15
29. ക്വുര്‍ആന്‍ 23: 18

Leave a Reply

Your email address will not be published. Required fields are marked *