ഇസ്‌ലാമിക ആദര്‍ശദാര്‍ഢ്യവും ഇന്‍ഡ്യന്‍ സാമൂഹിക ഐക്യവും

”മതമൗലികവാദം ഇസ്‌ലാമിന്റെ സ്ഥായീഭാവമാണ്. അതുമാത്രമാണ് ശരിയെന്ന ഒരു ശാഠ്യം ഇസ്‌ലാമിനുണ്ട്. മതനിരപേക്ഷതയുടെ വേരുകളെ ദുര്‍ബലപ്പെടുത്തുന്ന ഈ ചിന്താശീലം കൈയ്യൊഴിക്കേണ്ടുന്ന കാലമതിക്രമിച്ചിരിക്കുന്നു. ഇസ്‌ലാമിനെപോലെ തന്നെ മറ്റെല്ലാ മതങ്ങളും ദര്‍ശനങ്ങളും ശരിയും സത്യവുമാണെന്ന് ചിന്തിക്കുവാനു
ള്ള വിശാലമനസ്‌കത മുസ്‌ലിംകള്‍ പ്രകടിപ്പിക്കാത്തത്, നമ്മുടെ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന വര്‍ഗീയ ധ്രുവീകരണ പ്രവണതകള്‍ക്ക് ആക്കംകൂട്ടുന്ന നിലപാ
ടാണ്.” ഇസ്‌ലാമിനെതിരെ ഇന്‍ഡ്യയിലെ സെക്യുലര്‍ ബുദ്ധിജീവികള്‍ നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്ന വാദഗതികളാണിത്.  ഫാഷിസത്തിന്റെ വര്‍ത്തമാനകാല തേര്‍വാഴ്ച ഈ വീക്ഷണങ്ങള്‍ക്ക് ഏറെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വാസ്തവത്തില്‍ കണിശമായ വിചാരണക്കു വിധേയമാക്കേണ്ടുന്ന ഒരു സെക്യുലര്‍ മൗലികവാദമാണിത്. മതനിരാസം സമര്‍ത്ഥമായി ഒളിപ്പിച്ചുവെക്കപ്പെട്ട പാശ്ചാത്യന്‍ സെക്യുലര്‍ വീക്ഷണപ്രകാരം ഒരുപക്ഷേ ഈ വാദഗതികള്‍ക്ക് ഇരിപ്പിടം തരപ്പെട്ടേക്കാം. എന്നാല്‍ മതേതരത്വത്തിന്റെ ഇന്‍ഡ്യന്‍ സങ്കല്‍പവുമായി ഈ വീക്ഷണത്തെ ചേര്‍ത്തുകെട്ടാന്‍ സാധ്യമല്ല. ഇന്‍ഡ്യയുടെ മതേതരത്വ സങ്കല്‍പം ഉദാരമാണ്. എല്ലാ മതങ്ങളുടെയും വളര്‍ച്ചക്കും വികാസത്തിനും തുല്യഅവസരം പ്രദാനം ചെയ്യുന്ന നയത്തെയാണ് ഇന്‍ഡ്യ മതേതരത്വം എന്നതുകൊണ്ട് വിവക്ഷിച്ചത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ സ്വീകരിച്ച മതവിരുദ്ധതയുടെ നേരെ എതിര്‍വശത്താണ് ഈ നിലപാ
ട്. ഡോ. എസ്.രാധാകൃഷ്ണനെപ്പോലുള്ളവര്‍ വിശേഷിപ്പിച്ചപ്രകാരം അത് മതനിഷ്പക്ഷതയാണ്. എല്ലാ മതവിശ്വാസികള്‍ക്കും ഒരു രാഷ്ട്രത്തിലെ തുല്യപൗരന്‍മാര്‍ എന്ന നിലയില്‍ ജീവിക്കുവാനുള്ള, ജനാധിപത്യം വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം ഒരു ബഹുമത സമൂഹത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ മതേതരത്വത്തെക്കാള്‍ പ്രായോഗികമായ മറ്റൊരു നയവുമില്ല. ഒരു വ്യക്തി മതേതരനാണ് എന്നുപറയുമ്പോള്‍ മതനിരാസത്തെയാണ് നിഘണ്ടുകള്‍ അടയാളപ്പെടുത്തുന്നതെന്നന്നു ശരിതന്നെ. പക്ഷേ ഒരു രാഷ്ട്രം മതേതരമാണ് എന്നുപറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത്, ഒരു മതവുമായും ഭരണകൂടത്തിന് ബന്ധമില്ലെന്നോ ഒരു മതത്തിനുവേണ്ടി ഭരണകൂടം നിലകൊള്ളുന്നില്ലെന്നോ മാത്രമാണ്. ഇന്‍ഡ്യന്‍ മതേതരത്വമെന്നാല്‍ മതനിഷ്പക്ഷതയാണെന്ന യാഥാര്‍ത്ഥ്യത്തെ മുന്നില്‍വെച്ചുകൊണ്ടുവേണം സെക്യുലര്‍ മൗലികവാദത്തെ നിരൂപണം ചെയ്യാന്‍.
ഒരു മതമോ ദര്‍ശനമോ അതുമാത്രമാണ് ശരിയെന്നു വാദിക്കുന്നത് മതനിരപേക്ഷതക്കു വിരുദ്ധമാണോ? ‘മതമൗലികവാദ’മെന്ന പദംകൊണ്ട് ഇന്നു വ്യവഹരിക്കപ്പെടുന്ന അര്‍ത്ഥത്തില്‍ ആ നിലപാടിനെ അളക്കുവാന്‍ പാ
ടുണ്ടോ? ദാര്‍ശനികമായ ഈ കാര്‍ക്കശ്യം ഇന്‍ഡ്യന്‍ സമൂഹത്തിന് അപരിചിതമായ ഒന്നാണോ? സമൂഹത്തെ  ഈ ചിന്താശീലം വര്‍ഗീയമായി ധ്രുവീകരിക്കുമോ? തുടങ്ങിയ ചോദ്യങ്ങളില്‍ നിന്നായിരിക്കണം സെക്യുലര്‍ മൗലികവാദം വിചാരണ ചെയ്യപ്പെടേണ്ടത്. സ്വന്തത്തെ ശരിയുടെ പക്ഷത്ത് സ്ഥാപിക്കുകയും മറ്റുള്ളവയെ ശരിയുടെ പക്ഷത്തുനിന്നുള്ള വ്യതിയാനമായി കാണുകയും ചെയ്യാത്ത ഏതൊരു ദര്‍ശനമാണ് ഇന്നു ഭൂലോകത്ത് അവശേഷിക്കുന്നത്? ഇത് കേവലം ഇസ്‌ലാമിക ദര്‍ശനത്തിന്റെ മാത്രം ശാഠ്യമാണോ? ദാര്‍ശനികരംഗത്ത് ഉടലെടുക്കുന്ന വിയോജിപ്പുകളാണ് വാസ്തവത്തില്‍ പുതിയ ദര്‍ശനങ്ങളുടെ നിര്‍മിതിക്കുതന്നെ കാരണമായതെന്ന സാമാന്യധാരണക്കെതിരെ മുഖംതിരിഞ്ഞു നിന്നുകൊണ്ട് ഇസ്‌ലാമിന്റെ ദാര്‍ശനിക കാര്‍ക്കശ്യത്തെ മതമൗലികവാദമായും പ്രതിലോമ ചിന്താശീലമായും വര്‍ഗീയ ധ്രുവീകരണ പ്രവണതയായും വിലയിരുത്തുന്ന സെക്യുലര്‍ മൗലികവാദം എത്രമാത്രം ബാലിശമായ യുക്തിക്കാണ് അടിപ്പെട്ടിരിക്കുന്നത്.
എങ്ങനെയാണ് ഒരു ദര്‍ശനത്തിന് വൈരുദ്ധ്യങ്ങളെ കേവലം വൈവിധ്യങ്ങളായി ഉള്‍ക്കൊള്ളാനാവുക? സ്വകാര്യസ്വത്തിന്റെ നിഷ്‌കാസനത്തിലൂടെ മാത്രമേ മാനവികതയുടെ വിമോചനം സാധ്യമാകൂ എന്നു വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് ദര്‍ശനത്തിന് മുതലാളിത്തത്തെ ശരിയുടെയും സത്യത്തിന്റെയും പക്ഷമായി ഉള്‍ക്കൊള്ളാന്‍ സാധ്യമാണോ? രണ്ടുശരികളില്‍ ഒന്നാണ് മുതലാളിത്തമെന്നു വിശ്വസിച്ചില്ലെങ്കില്‍ അത് കമ്മ്യൂണിസ്റ്റ് മൗലികവാദമാകുമോ? നാസ്തികദര്‍ശനങ്ങളുടെ കാര്യമെടുക്കുക, ആസ്തികദര്‍ശനങ്ങളെ രണ്ടു ശരികളിലൊന്നായി വീക്ഷിക്കുവാന്‍ അവക്കു സാധ്യമാണോ? അങ്ങനെ വീക്ഷിക്കുന്നില്ലെങ്കില്‍ അതിനെ നാസ്തിക മൗലികവാദം എന്നുപറയാന്‍ പറ്റുമോ? സെക്യുലര്‍ മൗലികവാദികള്‍ക്ക് എന്തുത്തരമാണ് പറയാനുള്ളത്? ഭാരതത്തിന്റെ ചരിത്രം മാത്രമെടുക്കുക. സര്‍വമതസത്യവാദമായിരുന്നോ ഇവിടെ നിലനിന്നിരുന്നത്? ദാര്‍ശനികരംഗത്തെ തള്ളിപ്പറയലുകള്‍ ഇവിടെ സുലഭമായിരുന്നു. ആസ്തികവും നാസ്തികവുമായ ദര്‍ശനങ്ങള്‍ ഈ മണ്ണില്‍ നിലനിന്നിരുന്നു. ‘വേദങ്ങളുടെ ആത്യന്തികമായ ആധികാരികതയെ അംഗീകരിച്ച ദര്‍ശനങ്ങള്‍ ആസ്തികമെന്നും വേദപ്രമാണങ്ങളുടെ സാധുതയെ ചോദ്യം ചെയ്തവ നാസ്തികങ്ങളെന്നും വിളക്കപ്പെട്ടു. സാംഖ്യം, ന്യായം, യോഗം, വൈശേഷികം. പൂര്‍വമീമാംസ, വേദാന്തം എന്നിങ്ങനെ ആസ്തികദര്‍ശനങ്ങളും ലോകായതം, മാധ്യമികം, സൗത്രാന്തികം, വൈഭാഷികം, ജൈനം എന്നിങ്ങനെ നാസ്തിക ദര്‍ശനങ്ങളും ഭാരത്തില്‍ നിലനിന്നിരുന്നു. ആസ്തികദര്‍ശനങ്ങള്‍ക്കുതന്നെ ധാരാളം ഉള്‍പിരിവുകളുണ്ടായിരുന്നു. ആസ്തികദര്‍ശനങ്ങളില്‍ പ്രധാനപ്പെട്ട വേദാന്തദര്‍ശനത്തിലെ അറിയപ്പെട്ട മൂന്നു ചിന്താധാരകളായിരുന്നു ദ്വൈതം, അദ്വൈതം, വിശിഷ്ടാദ്വൈതം എന്നിവ. ഈ ദര്‍ശനങ്ങളെല്ലാം തന്നെ പരസ്പരം വിമര്‍ശിക്കുകയും തള്ളിപ്പറയുകയും ചെയ്തവയായിരുന്നു. അവ തമ്മില്‍ ചൂടുപിടിച്ച ചര്‍ച്ചകളും സംവാദങ്ങളും നടന്നിരുന്നതായി ഭാരതത്തിന്റെ ചരിത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നു.'(1)
വേദാന്തമതത്തിന്റെ അദ്വൈതവ്യാഖ്യാനം മാത്രമാണ് ശരിയെന്ന് ശഠിച്ച ശ്രീശങ്കരാചാര്യര്‍ ജൈന-ബുദ്ധമതങ്ങള്‍, മീമാംസാമതം, ശൈവമതം, കാപാലികമതം, ശാക്‌തേയമതം, വൈഷ്ണവമതം തുടങ്ങി അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കെതിരായുള്ള മുഴുവന്‍ മതങ്ങളും അര്‍ത്ഥശൂന്യങ്ങളാണെന്ന് വാദിച്ച വ്യക്തിയായിരുന്നു. വിവേക ചൂഢാമണിയില്‍ ശങ്കരനെഴുതി: ”യോഗം കൊണ്ടോ സാംഖ്യം കൊണ്ടോ മതകര്‍മങ്ങള്‍കൊണ്ടോ വെറും വിദ്യകൊണ്ടോ മോക്ഷം നേടാന്‍ കഴിയില്ല. ആത്മാവും ബ്രഹ്മവും ഒന്നാണെന്ന് അനുഭവിച്ചറിയുക മാത്രമാണ് മോക്ഷസാക്ഷാത്കാരത്തിനുള്ള മാര്‍ഗം.”(2) നിര്‍ഗുണമാണ് ബ്രഹ്മമെന്ന ശങ്കരസിദ്ധാന്തം അസംബന്ധമാണെന്നും ചൈതന്യം
നിറഞ്ഞ പരതമാത്മാവ് സഗുണ ബ്രഹ്മമാണെന്നും ശക്തമായി വാദിച്ച വിശിഷ്ടാദ്വൈത ദര്‍ശനത്തിന്റെ പ്രമുഖനായ വക്താവായിരുന്നു രാമാനുജന്‍.(3) ബ്രഹ്മം നിര്‍ഗുണനാണെന്നും ജഗത് മിഥ്യയാണെന്നുമുള്ള ശങ്കരവാദങ്ങളെ ശക്തമായി വിമര്‍ശിച്ച മറ്റൊരു വ്യക്തിത്വമാണ് ദ്വൈതദര്‍ശനത്തിന്റെ ആചാര്യനായിരുന്ന മാധ്വന്‍. ജീവാത്മാവും പരമാത്മാവും ഒന്നല്ലെന്നും ജഗത് മിഥ്യയല്ലെന്നുമാണ് ഉപനിഷത്തുക്കളുടെ സന്ദേശമെന്ന് ശക്തമായി വാദിച്ച മാധ്വാചാര്യര്‍ ശങ്കരവാദങ്ങളെ അതിരൂക്ഷമായി നിരൂപണവിധേയമാക്കിയിരുന്നു.(4) സതി പോ
ലുള്ള സാമൂഹിക അനാചാരങ്ങള്‍ക്കും ബഹുദൈവവിശ്വാസത്തിനും ജാതിചിന്തകള്‍ക്കും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച രാജാറാം മോഹന്‍ റോയിയുടെ ബ്രഹ്മസമാജം, സൃഷ്ടിക്കപ്പെട്ട ജീവികളെയോ വസ്തുക്കളെയോ അവതാരങ്ങളെന്നു വിളിക്കപ്പെടുന്നവരെയോ ആരാധിക്കുന്നത് ശരിയല്ലെന്നു ശക്തമായി വാദിച്ച മതപരിഷ്‌കരണ ചിന്താധാരയായിരുന്നു.(5) ഇസ്‌ലാമും ക്രൈസ്തവതയും ബുദ്ധമതവും ജൈനമതവും തുടങ്ങി ബ്രഹ്മസമാജവും പ്രാ
ര്‍ത്ഥനാസമാജവും പോലുള്ള ഹൈന്ദവനവോത്ഥാന സംരംഭങ്ങളടക്കം അസത്യത്തിന്റെ വക്താക്കളാണെന്നു വാദിച്ച മഹര്‍ഷി ദയാനന്ദസരസ്വതിയുടെ ആര്യസമാജം ദാര്‍ശനികരംഗത്ത് വിഗ്രഹാരാധനയെ ശക്തമായി നിരാകരിക്കുകയും ഏകദൈവവിശ്വാസമാണ് ഉല്‍കൃഷ്ടമെന്ന് വാദിക്കുകയും ചെയ്ത മതപുനരുദ്ധാരണ ചിന്താധാരയായിരുന്നു.(6) ദാര്‍ശനികരംഗത്തെ വിമര്‍ശനങ്ങളും വിയോജിപ്പുകളും നിഷേധങ്ങളും നിരൂപണങ്ങളും ഭാരതചരിത്രത്തില്‍ എന്നെന്നും നിലനിന്നിരുന്ന ഒന്നായിരുന്നു. അതിനെയെല്ലാം മതമൗലികവാദമെന്ന പദം കൊണ്ട് ഇന്നു വ്യവഹരിക്കപ്പെടുന്ന അര്‍ത്ഥതലങ്ങളില്‍ പരിചയപ്പെടുത്താന്‍ ചരിത്രത്തെയും ദര്‍ശനങ്ങളെയും പഠനവിധേയമാക്കുന്നവര്‍ക്ക് സാധ്യമല്ല. ആരാണ് മനുഷ്യന്‍? മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്താണ്? ഐഹികജീവിതത്തിനപ്പുറം മനുഷ്യജീവിതത്തിന് ഒരു തുടര്‍ച്ചയുണ്ടോ? എന്താണ് നന്മ തിന്മകള്‍? എന്താണ് മോക്ഷം? തുടങ്ങി ഒട്ടനവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളായാണ് ദര്‍ശനങ്ങള്‍ ഉടലെടുത്തത്. വ്യത്യസ്തരീതിയില്‍ ദാര്‍ശനികന്‍മാര്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയപ്പോള്‍ അവര്‍ക്ക് വിയോജിപ്പുകളും വിമര്‍ശനങ്ങളും പരസ്പരം ഉന്നയിക്കേണ്ടിവന്നു. നിരൂപണങ്ങളും നിഷേധങ്ങളും ദാര്‍ശനിക ചര്‍ച്ചകളുടെ സ്ഥായീഭാവമായി മാറി. ഇസ്‌ലാമും ഒരു ദര്‍ശനമെന്ന നിലയില്‍ മറ്റിതര ദര്‍ശനങ്ങളോടുള്ള അതിന്റെ വിയോജിപ്പും വിമര്‍ശനങ്ങളും അറിയിക്കുന്നുണ്ട്. മറ്റിതര ദര്‍ശനങ്ങളെ അതു നിഷേധിക്കുകയും നിരൂപണം ചെയ്യുകയും ചെയ്യുന്നുമുണ്ട്. അതിനെ ഒരപരാധമായി കാണുന്ന സങ്കുചിതമായ പ്രവണതയെ സെക്യുലര്‍ മൗലികവാദം എന്നല്ലാതെ മറ്റെന്തുവിളിക്കാന്‍. വാസ്തവത്തില്‍ ‘മതമൗലികവാദം’ ഉടലെടുത്തതുതന്നെ ആക്രമണാത്മകമായ മതനിരപേക്ഷതക്കെതിരായിരുന്നു എന്നാണ് കാറന്‍ ആംസ്‌ട്രോങിനെപ്പോലെയുള്ള പണ്ഡിതന്‍മാരുടെ പക്ഷം. നല്ല മുസ്‌ലിം ചീത്ത മുസ്‌ലിം എന്ന ഗ്രന്ഥത്തില്‍ മഹമൂദ് മംദാനി എഴുതുന്നു: ”മതമൗലികവാദത്തെക്കുറിച്ച് തന്റെ ചരിത്രപരമായ ചര്‍ച്ചകള്‍ കാറന്‍ ആംസ്‌ട്രോങ് സമാപിപ്പിക്കുന്നത് താഴെ പറയുന്ന നിരീക്ഷണത്തോടെയാണ്. മതമൗലികവാദം പൂര്‍വാധുനിക (Premodern) സംസ്‌കാരത്തിലേക്കുള്ള ഒരു തിരിച്ചുപോക്കല്ല, മറിച്ച് മതനിരപേക്ഷത നിര്‍ബന്ധമായി നടപ്പാക്കുന്നതിനെതിരെയുള്ള ഒരു പ്രതികരണം മാത്രമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ആധുനികതയില്ലെങ്കില്‍ മതമൗലികവാദവുമില്ല. കൂടാതെ, മതമൗലികവാദം ഉയര്‍ന്നുവന്നത് ഒരു മതത്തിനകത്തെ ആന്തരികസമരങ്ങളായാണ്, മതങ്ങള്‍ തമ്മിലല്ല. ആക്രമണാത്മകമായ മതനിരപേക്ഷശക്തിയെ ഉള്‍ക്കൊള്ളുന്നു എന്ന് മതയാഥാസ്ഥിതികര്‍ കരുതിയ മതത്തിന്റെ ഉദാരരൂപങ്ങളുടെ ഒരു വിമര്‍ശനമായാണ് മതമൗലികവാദം സ്ഥാനം പിടിച്ചത്.” (പേജ് 40,41)
നിഷേധങ്ങളും നിരാകരണങ്ങളും ദാര്‍ശനികരംഗത്തെ സ്വാഭാവികമായ പ്രവണതകളാണ്. അതിനെയെല്ലാം ‘മതമൗലികവാദ’ത്തിന്റെ പറ്റില്‍ എഴുതിചേര്‍ക്കുന്നത് പ്രതിലോമപരമായ സമീപനം മാത്രമാണ്. എല്ലാം ശരിയെന്നു സമ്മതിക്കും വരെ ഒരു ദര്‍ശനത്തിനും നിലനില്‍ക്കാന്‍ അര്‍ഹതയില്ലെന്ന വാദഗതി ഇന്‍ഡ്യന്‍ മതേതര സങ്കല്‍പത്തിനെതിരാണ്. ഓരോ മതങ്ങള്‍ക്കും അവയുടേതായ നിലപാടുകളുണ്ടാകും. അത് മാറ്റിവെക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ നഷ്ടപ്പെടുന്നത് അവയുടെ തനിമയായിരിക്കും. ക്രൈസ്തവമതത്തെ ഉദാഹരണമെടുക്കുക. ദൈവപുത്രവാദം, കുരിശുമരണം, ഉയിര്‍ത്തെഴുന്നേല്‍പ് എന്നിവയുടെ അടിത്തറയിലാണ് ക്രൈസ്തവതയുടെ തനിമ നിലകൊള്ളുന്നത്. യേശു ദൈവപുത്രനാണെന്നും മനുഷ്യരുടെ പാപം ഏറ്റെടുക്കാനായി അദ്ദേഹം കുരിശില്‍ മരണം വരിച്ചെന്നും മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റെന്നും വിശ്വസിക്കുന്ന ഒരാള്‍ക്ക് മാത്രമാണ് മോക്ഷം പ്രാപിക്കാന്‍ സാധ്യമാകൂ എന്നതാണ് അതിന്റെ നിലപാട്. ഇസ്‌ലാമടക്കം മോക്ഷമാര്‍ഗത്തെപ്പറ്റി സംസാരിച്ച മറ്റിതര ദര്‍ശനങ്ങള്‍ക്കെതിരാണ് ഈ നിലപാട്. എന്നുകരുതി അതിനെ ‘മതമൗലികവാദം’ എന്നുവിളിക്കുവാന്‍ കഴിയുമോ? അനേകം ശരികളിലെ ഒരു ശരി മാത്രമാണ് ക്രൈസ്തവതയുടെ മോക്ഷസങ്കല്‍പമെന്നു വിശ്വസിക്കുന്നതുവരെ ക്രൈസ്തവരെ മുഴുവന്‍ ‘മതമൗലികവാദികള്‍’ എന്നു മുദ്രകുത്താന്‍ പാടുണ്ടോ? അങ്ങനെ ചെയ്യുന്നത് ഇന്‍ഡ്യന്‍ മതനിരപേക്ഷ സങ്കല്‍പങ്ങള്‍ക്കു യോജിച്ചതാണോ? അതെ എന്നുപറയാന്‍ സെക്യുലര്‍ മൗലികവാദികള്‍ക്കല്ലാതെ മറ്റാര്‍ക്കുകഴിയും? ഇസ്‌ലാമിന്റെ കാര്യത്തിലും ഈ ഒരു വിശാലത സ്വീകരിക്കുന്നതില്‍ എന്തപരാധമാണുള്ളത്? സൃഷ്ടിപൂജയെ ശക്തമായി നിരാകരിക്കുകയും ശുദ്ധമായ ഏകദൈവവിശ്വാസത്തിലേക്കും ഏകദൈവാരാധനയിലേക്കും മടങ്ങുകയും ചെയ്യുമ്പോള്‍ മാത്രമേ മനുഷ്യന് മോക്ഷമാര്‍ഗം പ്രാപിക്കാന്‍ സാധ്യമാകൂ എന്ന ഇസ്‌ലാമിന്റെ നിലപാട് ചോദ്യം ചെയ്യാന്‍ എന്തവകാശമാണ് സെക്യുലര്‍ മൗലികവാദികള്‍ക്കുള്ളത്. ആ നിലപാട് മാറ്റിവെക്കുന്നതോടെ ഇസ്‌ലാമിന്റെ തനിമയാണ് നഷ്ടപ്പെടുന്നത്. ഓരോ ദര്‍ശനങ്ങളും അവയുടെ തനിമയെ ഊരിയെറിയുംവരെ ഇന്‍ഡ്യയില്‍ ജീവിക്കാന്‍ അര്‍ഹമല്ലെന്ന സെക്യുലര്‍ മൗലികവാദത്തിന്റെ വീക്ഷണം ഫാഷിസത്തിനുസമാനമാണ്. അല്ല, അതിനെ സെക്യുലര്‍ ഫാഷിസം എന്നുതന്നെ വിളിക്കേണ്ടി വരും. മതേതരത്വമെന്ന് ഒരിക്കലും അതിനെ പരിചയപ്പെടുത്താന്‍ സാധ്യമല്ല. അങ്ങനെ ചെയ്താല്‍ അത് ഇന്‍ഡ്യന്‍ മതേതരത്വ സങ്കല്‍പങ്ങളോടു ചെയ്യുന്ന കടുത്ത അപരാധമായിരിക്കും. കാരണം യോജിക്കാനും പരസ്യമായി തന്നെ വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമാണ് മതനിരപേക്ഷ സംസ്‌കാരം സമ്മാനിക്കുന്നത്. എന്നാല്‍ വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തെ അപരാധമായി പരിചയപ്പെടുത്തുകയാണ് സെക്യുലര്‍ മൗലികവാദം ചെയ്തുകൊണ്ടിരിക്കുന്നത്.
എതിര്‍വീക്ഷണങ്ങളെ നിരാകരിക്കുന്ന ഇസ്‌ലാമിക ദാര്‍ശനിക കാര്‍ക്കശ്യം ഇന്‍ഡ്യയില്‍ വര്‍ഗീയ ധ്രുവീകരണത്തിനു കാരണമായിട്ടുണ്ടെന്ന സെക്യുലര്‍ മൗലികവാദികളുടെ നിലപാട് അബദ്ധം മാത്രമാണ്. ഇന്‍ഡ്യന്‍ സമൂഹത്തില്‍ ഇന്നുകാണപ്പെടുന്ന വര്‍ഗീയ ധ്രുവീകരണപ്രവണതകള്‍ നാമ്പെടുക്കുന്നതിനും എത്രയോ മുമ്പുതന്നെ ഇസ്‌ലാം ഇവിടെയുണ്ട്. ഇസ്‌ലാമിന്റെ ആവിര്‍ഭാവം കഴിഞ്ഞ് എത്രയോ പതിറ്റാണ്ടുകള്‍ക്കുശേഷമാണ് ഈ സമൂഹം വര്‍ഗീയ ധ്രുവീകരണത്തിന് വിധേയമായത്. ഇസ്‌ലാമിന്റെ ദാര്‍ശനിക കാര്‍ക്കശ്യം അതിനൊരു കാരണമായിരുന്നെങ്കില്‍ അത് എത്രയോ മുമ്പുതന്നെ സംഭവിക്കണമായിരുന്നു. വാസ്തവത്തില്‍ ഇന്‍ഡ്യന്‍ ജനതയെ വര്‍ഗീയമായി ധ്രുവീകരിച്ചത് ഇസ്‌ലാമല്ല, മറിച്ച് അതിന്റെ പാപഭാരം പേറേണ്ടത് ഒന്നാമതായി ഇന്‍ഡ്യ ഭരിച്ച ബ്രിട്ടീഷുകാരാണ്. ഹിന്ദു-മുസ്‌ലിം ഐക്യം തങ്ങളുടെ അധികാരകസേരക്ക് ഇളക്കമുണ്ടാക്കുമെന്നു തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാര്‍ ‘ഭിന്നിപ്പിച്ചു ഭരിക്കുക’യെന്ന നികൃഷ്ടനയത്തിലൂടെ ഈ മണ്ണില്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ വിത്തുകള്‍ പാകുകയായിരുന്നു. ഇസ്‌ലാമിന്റെ ദാര്‍ശനിക കാര്‍ക്കശ്യത്തെയല്ല ബ്രിട്ടീഷുകാരന്റെ ‘ഭിന്നിപ്പിച്ചു ഭരിക്കല്‍’ നയത്തെയാണ് നാം ഇവിടെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത്.
ഇന്‍ഡ്യന്‍ ജനതയെ വര്‍ഗീയധ്രുവീകരണത്തിനു വിധേയമാക്കിയതില്‍ ബ്രിട്ടീഷുകാരെപോലെതന്നെ പ്രധാന പുങ്കുവഹിച്ച മറ്റൊരു വിഭാഗമാണ് ഇന്‍ഡ്യയിലെ ബ്രാഹ്മണവിഭാഗം. അവരും രാഷ്ട്രീയമായ ചില താല്‍പര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് അതിനുശ്രമിച്ചത്. ഹൂ കില്‍ഡ് കര്‍ക്കരെ എന്ന ഗ്രന്ഥത്തില്‍ എസ്.എം മുഷ്‌രിഫ് എഴുതുന്നു. ”1857ലെ ഒന്നാം സ്വാതന്ത്ര്യസമരം നയിച്ചത് ഹിന്ദുക്കളും ബ്രാഹ്മണരും മുസ്‌ലിംകളും ഒന്നിച്ചുചേര്‍ന്നായിരുന്നു. മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫറിനെ രാജാവായി പ്രഖ്യാപി
ച്ചതും ഹിന്ദുക്കളും ബ്രാഹ്മണരും മുസ്‌ലിംകളും ചേര്‍ന്നായിരുന്നു. ചുരുക്കത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം വരെയും അതിനുശേഷവും മുസ്‌ലിംകളും ബ്രാഹ്മണരും തമ്മിലുണ്ടായിരുന്ന ബന്ധം ഊഷ്മളമായിരുന്നു. അക്കാലം വരെയും ബ്രാഹ്മണര്‍ മുസ്‌ലിംകള്‍ക്കോ മുസ്‌ലിം ഭരണാധികാരികള്‍ക്കോ എതിരല്ലായിരുന്നു. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യമിതാണ്; പി
ന്നെ എന്തുകൊണ്ടാണ് 19-ാം നൂറ്റാണ്ടിനൊടുവില്‍, കൃത്യമായി പറഞ്ഞാല്‍ 1893 മുതല്‍ ബ്രാഹ്മണവാദികള്‍ മുസ്‌ലിംവിരുദ്ധ നിലപാടെടുത്തു തുടങ്ങിയത്? രാജ്യത്തിന്റെ വിഭജനത്തിലേക്കുവരെ നയിക്കുകയും ഇന്നും തുടരുകയും ചെയ്തുകൊണ്ടിരിക്കുന്ന ഹിന്ദു-മുസ്‌ലിം കലാപങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കാരണമെന്തായിരുന്നു? കാരണമറിയാന്‍ ബ്രാഹ്മണ സാമൂഹികക്രമത്തില്‍ മാറ്റം ലക്ഷ്യംവെച്ചും ഇന്‍ഡ്യയെ -വിശേഷിച്ച് മഹാരാഷ്ട്രയെയും ചില തെക്കന്‍ സംസ്ഥാനങ്ങളെയും- ഇളക്കിമറിച്ച 19-ാം നൂറ്റാണ്ടിനൊടുവില്‍ രൂപംകൊണ്ട പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ ചരിത്രം നാം മനസ്സിലാക്കേണ്ടതുണ്ട്.
പരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍ നിന്ന് സാമാന്യഹിന്ദുക്കളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള നോക്കുകുത്തികളായി ബ്രാഹ്മണര്‍ മുസ്‌ലിംകളെ ഉപയോഗിക്കുന്നു. അതിപുരാതനകാലം മുതല്‍ക്കേ, ബ്രാഹ്മണര്‍ ഇന്‍ഡ്യയുടെ സാമൂഹികജീവിതത്തില്‍ ആധിപത്യം പുലര്‍ത്തിപോ
രുന്നു. ഭീഷണി ഉയര്‍ന്ന ഘട്ടങ്ങളിലെല്ലാം എതിര്‍പ്പുകളെ മറികടക്കാനും മേധാവിത്വം തുടരാനുളള സകലതന്ത്രങ്ങളും അവര്‍ പയറ്റിയിട്ടുമുണ്ട്. ബുദ്ധഭിക്ഷുക്കളെ ആട്ടിയോടിച്ചും കൊന്നൊടുക്കിയും സ്വയംകൃത രചനകളിലൂടെ ബ്രാഹ്മണരെ മഹത്വവല്‍ക്കരിച്ചും ദിവ്യപദവിയിലേക്കുയര്‍ത്തിയും മനുസ്മൃതി എഴുതിയുണ്ടാക്കി ജാതിവ്യവസ്ഥയെ ബലപ്പെടുത്തിയും അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചും സ്വദേശീയരായ ക്ഷത്രിയരാജാക്കന്‍മാരെ തടയാന്‍ വിദേശികളെ ക്ഷണിച്ചുവരുത്തിയും ചരിത്രത്തെ വളച്ചൊടിച്ചും അവര്‍ ഇതുസാധിച്ചു.
എന്നാല്‍, 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ മഹാരാഷ്ട്രയിലെ ജ്യോതിറാവു ഫൂലെ, കാലങ്ങളായി തുടര്‍ന്നുപോന്ന ഈ ബ്രാഹ്മണതതന്ത്രം തുറന്നുകാട്ടി. അത്രയും കാലം വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന സ്ത്രീകള്‍ക്കും മര്‍ദ്ദിതര്‍ക്കും സാധാരണ ഹിന്ദുക്കള്‍ക്കും വേണ്ടി അദ്ദേഹം സ്‌കൂളുകള്‍ സ്ഥാപി
ച്ചു. പുസ്തകങ്ങളും ഗാനങ്ങളും നാടകങ്ങളും രചിച്ച് അവയിലൂടെ സാധാരണക്കാരായ ഹിന്ദുജനതയെ തട്ടിയുണര്‍ത്തി.
മഹാത്മാ ജ്യോതിറാവു ഫൂലെയുടെ പരിഷ്‌കരണപ്രസ്ഥാനത്തിലും അതിനുലഭിച്ച പ്രതികരണങ്ങളിലും പ്രചോദിതരായി കോലാപൂരിലെ മഹാരാജാവ് ഷാഹുജിയും ബറോഡ മഹാരാജാവ് സയാജിറാവു ഗെയ്ക്‌വാദും ജനങ്ങളെ ബോധവല്‍കരിക്കുകയും അദ്ദേഹത്തിന്റെ അധ്യാപനങ്ങളെ ആധാരമാക്കി, ബ്രാഹ്മണരെ മാറ്റിനിര്‍ത്തി പല സാമൂഹികപരീക്ഷണങ്ങളും സ്വന്തം സംസ്ഥാനങ്ങളില്‍ നടപ്പാക്കുകയും ചെയ്തു. ഏകദേശം ഇതേകാലത്തുതന്നെ, ദക്ഷിണേന്ത്യയില്‍ നാരായണഗുരുവിനെയും പെരിയോറെയും
പോലുള്ള പരിഷ്‌കര്‍ത്താക്കളും
സമാനമായ പ്രസ്ഥാനങ്ങള്‍ ആരംഭിച്ചു. 19-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും പരിഷ്‌കരണ പ്രസ്ഥാനം മഹാരാഷ്ട്രയിലും ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ശക്തി പ്രാപിക്കുകയും ഇതരഭാഗങ്ങളിലേക്കുകൂടി വ്യാപിക്കാന്‍ തുടങ്ങുകയും ചെയ്തു.
ഈ സംഭവവികാസങ്ങള്‍ ബ്രാഹ്മണവാദികളെ വല്ലാതെ അസ്വസ്ഥരാക്കി. ഈ പ്രസ്ഥാനം രാജ്യത്തുടനീളം വ്യാപി
ക്കുകയും സ്വന്തം യാതനകള്‍ക്കും ദുരവസ്ഥയ്ക്കും കാരണം ബ്രാഹ്മണരായിരുന്നെന്ന് ഹിന്ദു ബഹുജനം തിരിച്ചറിയുകയും ചെയ്താല്‍ അവര്‍ തീര്‍ച്ചയായും പ്രതികാരം ചെയ്യുമെന്നും അവര്‍ ഭയപ്പെട്ടു. ഈ പ്രതിസന്ധി മറികടക്കാനും തങ്ങള്‍ ചെയ്തുകൂട്ടിയ ക്രൂരകൃത്യങ്ങളക്കുറിച്ച് സാധാരണക്കാരായ ഹിന്ദുക്കളെ വിസ്മൃതിയിലാക്കാനും സമൂഹത്തിനുമേലുണ്ടായിരുന്ന ആധിപത്യം നിലനിര്‍ത്താനുള്ള തന്ത്രങ്ങളാവിഷ്‌കരിക്കാനും വേണ്ടി ബ്രാഹ്മണ നേതാക്കളും ചിന്തകന്‍മാരും ഒത്തുകൂടി. പ്രസ്തുതയോഗത്തില്‍ പൂനെ
യില്‍ നിന്നുള്ള ചില നേതാക്കള്‍ ശക്തമായ ഒരാശയം മുന്നോട്ടുവെച്ചു. പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ കടന്നാക്രമണത്തില്‍ നിന്നും തത്ഫലമായുണ്ടാകുന്ന ഹിന്ദുബഹുജനങ്ങളുടെ ക്ഷോഭത്തില്‍നിന്നും ബ്രാഹ്മണരെ രക്ഷിക്കാന്‍ ഒരേയൊരു മാര്‍ഗമേയുള്ളൂ. ഹിന്ദു-മുസ്‌ലിം ഭിന്നിപ്പുണ്ടാക്കി ഹിന്ദുക്കളുടെ ശ്രദ്ധ പരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍നിന്നും തിരിച്ചുവിടുകയും ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കുകയും ചെയ്യുക എന്നതാണത്. ഈ തന്ത്രം ഐകകണ്‌ഠേന അംഗീകരിക്കുകയും അതിന്റെ ആദ്യപരീക്ഷണം പൂനെയില്‍ വിജയകരമായി നടപ്പാക്കുകയും ചെയ്തു. 1893ല്‍ ഒരു യാദൃശ്ചിക പ്രശ്‌നത്തെച്ചൊല്ലി മുംബൈയില്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയിലുണ്ടായ ഒറ്റപ്പെട്ട ഒരു കലാപത്തെ മുതലെടുത്ത് ഹിന്ദുക്കളെ മുസ്‌ലിംകള്‍ക്കെതിരെ ഇളക്കിവിടുകയും ശക്തമായൊരു വര്‍ഗീയകലാപം പൂനെയില്‍ അവര്‍ സൃഷ്ടിക്കുകയും ചെയ്തു. അതിനുശേഷം അവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടേയില്ല.
1893ല്‍ തുടങ്ങി ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ കലാപങ്ങള്‍, വിവേചനപരവും ബീഭത്സവുമായ ബ്രാഹ്മണ സാമൂഹികക്രമത്തിന്റെ പതനം ലക്ഷ്യംവെച്ചുളള പരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍നിന്ന് ഹിന്ദുക്കളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമല്ലാതെ മറ്റൊന്നുമല്ല. ഈ തന്ത്രത്തില്‍ പ്രധാന ഉന്നം സാധാരണക്കാരായ ഹിന്ദുക്കളായിരുന്നു; മുസ്‌ലിംകള്‍ കേവലം ഇരകളും.
ഇടക്കിടെ വര്‍ഗീയ പ്രശ്‌നങ്ങള്‍ ഊതിക്കത്തിച്ചുകൊണ്ട്, 1893 മുതല്‍ക്കേ ബ്രാഹ്മണര്‍ അവരുടെ തന്ത്രം പ്രയോഗിച്ചുതുടങ്ങിയെങ്കിലും അവയൊന്നും വേണ്ടവിധം ആസൂത്രിതമോ സുസംഘടിതമോ ആയിരുന്നില്ല. അങ്ങനെയിരിക്കെയാണ്, തന്ത്രം വ്യവസ്ഥാപിതമായി നടപ്പാക്കുകയും കേഡര്‍മാര്‍ക്കിടയില്‍ അച്ചടക്കവും ഏകോപനവും ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1925ല്‍ ആര്‍.എസ്.എസ് സ്ഥാപിതമായത്.” (പേജ് 21-23)ഇന്‍ഡ്യന്‍ ജനതയെ വര്‍ഗീയധ്രുവീകരണത്തിനു വിധേയമാക്കിയതിന്റെ പാപഭാരം പേറേണ്ടത് ബ്രിട്ടീഷുകാരും സവര്‍ണ ബ്രാഹ്മണ വിഭാഗങ്ങളുമാണ്. ഇസ്‌ലാമല്ല അതിന്റെ പഴി കേള്‍ക്കേണ്ടതെന്ന് ഇന്‍ഡ്യന്‍ ചരിത്രത്തെ നിഷ്പക്ഷമായി വിലയിരുത്തുന്ന സെക്യുലര്‍ ചരിത്രകാരന്‍മാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുള്ള വസ്തുതയാണ്. പക്ഷേ അതൊന്നും കണ്ടില്ലെന്നു നടിച്ച് പരമാവധി ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ജോലിക്ക് ശമ്പളം വാങ്ങുന്ന സെക്യുലര്‍ മൗലികവാദികള്‍ക്ക് ഇന്‍ഡ്യയുടെ വര്‍ത്തമാനകാല സംഭവവികാസങ്ങള്‍ തന്നെ വേണ്ട പാ
ഠങ്ങള്‍ പകര്‍ന്നു നല്‍കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. വര്‍ത്തമാന ഇന്‍ഡ്യയെ തന്നെ നാം പരിശോധിക്കുക. ആരാണ് വര്‍ഗീയ ധ്രുവീകരണത്തിന്റെ ചുക്കാന്‍ പി
ടിക്കുന്നത്? സവര്‍ണ ഫാഷിസം തന്നെയാണ് അവിടെയും വില്ലന്‍ റോളിലുള്ളതെന്ന് തിരിച്ചറിയാന്‍ വലിയ ‘വ്യായാമ’മൊന്നും ആവശ്യമില്ല. രാമജന്മഭൂമി വിവാദം ഊതികത്തിച്ച് ബാബ്‌രി മസ്ജിദിന്റെ ധ്വംസനം സാധ്യമാക്കിയതിലൂടെ ഉണങ്ങിത്തുടങ്ങിയ ‘വിഭജന’ത്തിന്റെ മുറിവുകളെ വീണ്ടും വ്രണിതമാക്കിയത് അവരാണ്. ബാബ്‌രി മസ്ജിദ് ധ്വംസനം മുതല്‍ ബീഫ് നിരോധനം വരെയുള്ള വര്‍ഗീയ ധ്രുവീകരണത്തിന്റെ രാഷ്ട്രീയ നാടകത്തിന് ചുക്കാന്‍ പിടിക്കുന്നത് ഇന്‍ഡ്യയിലെ സവര്‍ണ ഫാഷിസ്റ്റുകളാണെന്ന് തിരിച്ചറിയാന്‍ എന്താണ് പ്രയാസമുള്ളത്. 22 സംസ്ഥാനങ്ങളില്‍ തങ്ങളുടെ അധികാരക്കസേര ഉറപ്പിക്കാന്‍ ഫാഷിസം ഇന്‍ഡ്യയെ എത്രമാത്രം ആഴത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് വിധേയമാക്കിയതെന്ന് വര്‍ത്തമാന രാഷ്ട്രീയത്തെപ്പറ്റി സാമാന്യധാരണയുള്ള ഒരാള്‍ക്കും പറഞ്ഞുകൊടുക്കേണ്ടതില്ല. ബ്രിട്ടനിലെ ഇക്കണോമിസ്റ്റ് ഇന്റലിജന്റ്‌സ് യൂണിറ്റ് (ഇ.ഐ.യു) തയ്യാറാക്കിയ ഏറ്റവും പുതിയ ആഗോള ജനാധിപത്യസൂചികയില്‍ ഇന്‍ഡ്യ 42-ാം സ്ഥാനത്തേക്ക് താഴ്ന്നിരിക്കുന്നു. തൊട്ടുമുമ്പത്തെ ഇ.ഐ.യു സൂചികപ്രകാരം 32-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്‍ഡ്യ ഫാഷിസത്തിന്റെ ഭരണകാലത്ത് 10 പോയിന്റ് ഇടിവിനു വിധേയമായിരിക്കുന്നു. അതിന്റെ കാരണവും ഇ.ഐ.യു തന്നെ പറഞ്ഞുതരുന്നുണ്ട്. മതവിഭാഗീയ ചിന്തയുടെയും വലതുപക്ഷ ഹിന്ദുത്വശക്തികളുടെയും വളര്‍ച്ച, ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്തെതിരായ അക്രമം, ആള്‍കൂട്ടത്തിന്റെ നിയമം കൈയ്യിലെടുക്കല്‍, എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്തല്‍ എന്നിവയാണ് സൂചികയില്‍ ഇന്‍ഡ്യയെ പിന്നോട്ടടിപ്പിച്ച കാരണങ്ങളില്‍ പ്രധാനപ്പെട്ടത്.  തെരഞ്ഞെടുപ്പ്, ബഹുസ്വരത, മനുഷ്യാവകാശം, സര്‍ക്കാര്‍ പ്രവര്‍ത്തനം, രാഷ്ട്രീയ പങ്കാളിത്തം, രാഷ്ട്രീയ സംസ്‌കാരം എന്നിവയെ അടിസ്ഥാനമാക്കി 165 സ്വതന്ത്ര രാജ്യങ്ങള്‍ക്കും രണ്ട് പ്രവിശ്യകള്‍ക്കുമാണ് ഇ.ഐ.യു റാങ്ക് നല്‍കിയത്. സമ്പൂര്‍ണ ജനാധിപത്യം, പ്രശ്‌നജനാധിപത്യം, ജനാധിപത്യവും ഏകാധിപത്യവും മാറി വരുന്ന ഹൈബ്രിഡ് ഭരണകൂടം, ഏകാധിപത്യ ഭരണകൂടം എന്നിവയുടെ അടിസ്ഥാനത്തിലും ഇ.ഐ.യു രാജ്യങ്ങളെ തരംതിരിച്ചിട്ടുണ്ട്. പ്രശ്‌നങ്ങളുള്ള ജനാധിപത്യരാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്‍ഡ്യയുടെ സ്ഥാനം. ഇത്തവണ ആഗോളമാധ്യമ സ്വാതന്ത്ര്യവും ഇ.ഐ.യു വിലയിരുത്തിയിട്ടുണ്ടായിരുന്നു. അനതനു
സരിച്ച് ഇന്‍ഡ്യയില്‍ മാധ്യമങ്ങള്‍ക്ക് ഭാഗിക സ്വാതന്ത്ര്യമേയുള്ളൂ. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗവണ്‍മെന്റില്‍ നിന്നെന്നതുപോലെ സൈന്യം, ഭീകരര്‍,
വിമതസംഘടനകള്‍ എന്നിവിടങ്ങളില്‍ നിന്നും ഭീഷണി നേരിടേണ്ടി വരുന്നു. ചത്തീസ്ഗഢും ജമ്മു കാശ്മീരും മാധ്യമപ്രവര്‍ത്തകര്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന സംസ്ഥാനങ്ങളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.(7)
വര്‍ത്തമാനകാല ഇന്‍ഡ്യയെ വിലയിരുത്തുമ്പോഴും ഇസ്‌ലാമിന്റെ ദാര്‍ശനിക കാര്‍ക്കശ്യം ഇന്‍ഡ്യയില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടിയിട്ടുണ്ട് എന്നുപറയാന്‍ സാധ്യമല്ല. മറിച്ച് 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ തുടങ്ങി ബീഫ് നിരോധനം വരെ എത്തിനി
ല്‍ക്കുന്ന വര്‍ഗീയ ധ്രുവീകരണ പ്രവണതകള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ടിരിക്കുന്നത് സവര്‍ണ ഫാഷിസമാണ്. അതാണ് ഇന്‍ഡ്യയുടെ മതനിരപേക്ഷ സംസ്‌കാരത്തെയും ബഹുസ്വരതയെയും തല്ലിതകര്‍ത്തുകൊണ്ടിരിക്കുന്നത്. അതിനെതിരെ ഒറ്റക്കെട്ടായി ഇന്‍ഡ്യന്‍ ജനത ഉയര്‍ത്തെഴുന്നേല്‍ക്കേണ്ട കാലത്ത് ഇസ്‌ലാമോഫോബിയയുടെ ഉണര്‍ത്തുപാട്ടുകാരായി സെക്യുലര്‍ മൗലികവാദികള്‍ രംഗപ്രവേശം ചെയ്യുന്നത് ആര്‍ക്കുവേണ്ടിയാണെന്നും എന്തിനുവേണ്ടിയാണെന്നും ശരാശരിബുദ്ധിയുള്ള ഏതൊരു ഇന്‍ഡ്യന്‍ പൗരനും തിരിയും. പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍ ഈ രാജ്യത്തോടും അതിന്റെ മഹനീയമായ സാംസ്‌കാരികപൈതൃകത്തോടും ചെയ്യുന്ന അപരാധത്തിന് ചരിത്രം മാപ്പ് നല്‍കില്ലെന്ന് തിരിച്ചറിയുന്നതാണ് സെക്യുലര്‍ മൗലികവാദികള്‍ക്ക് നല്ലത്.

കുറിപ്പുകള്‍
1. ഹൈന്ദവത ധര്‍മവും ദര്‍ശനവും, എം.എം അക്ബര്‍, ദഅ്‌വ ബുക്‌സ്.
2. Quated by ഹൈന്ദവത ധര്‍മവും ദര്‍ശനവും, ദഅ്‌വ ബുക്‌സ്.
3. ഹൈന്ദവത ധര്‍മവും ദര്‍ശനവും, ദഅ്‌വ ബുക്‌സ
4. Ibid page: 61
5. Ibid page: 81
6. Ibid
7. മാധ്യമം, 2018 ഫെബ്രുവരി ഒന്ന്.

Leave a Reply

Your email address will not be published. Required fields are marked *