മക്തി തങ്ങളെക്കുറിച്ച് ഒരു പുസ്തകം

ലോകത്തുടനീളം നടന്ന നവോത്ഥാന-പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമായി വര്‍ത്തിച്ചത് ധിഷണാശാലികളായ ഏതെങ്കിലും വ്യക്തികളുടെ ദീര്‍ഘദൃഷ്ടിയും ബുദ്ധിവൈഭവവും ആസൂത്രണപാടവവും വൈജ്ഞാനിക സമ്പത്തും ആത്മാര്‍ഥതയോടെയുള്ള പ്രവര്‍ത്തനങ്ങളുമായിരിക്കും. വ്യത്യസ്ത സമൂഹങ്ങളിലും സമുദായങ്ങളിലും നടന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഈ വസ്തുത നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. പ്രവാചക കാലഘട്ടത്തിനുശേഷം ലോകത്തിന്റെ വ്യത്യസ്ത ഭാഗത്തുള്ള മുസ്‌ലിം സമൂഹങ്ങളില്‍ അവരുടെ മത-സാമൂഹിക-സാംസ്‌കാരിക രംഗത്തെ ഉന്നമനത്തിന് വേണ്ടിയും, മതവിരുദ്ധ, അന്ധവിശ്വാസോന്മുഖ സാമൂഹ്യ മുരടിപ്പിനെതിരായും പോരാടിയ ധാരാളം പരിഷ്‌കര്‍ത്താക്കളെ കാണാന്‍ കഴിയും.
കേരളീയ മുസ്‌ലിം സമുദായത്തിന്റെ നവോത്ഥാന/പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ മുന്നേറ്റങ്ങള്‍ക്കും വേണ്ടി യത്‌നിച്ച വ്യക്തികള്‍ക്കും, സംഘടതിസംരംഭങ്ങള്‍ക്കും പ്രചോദനമായിത്തീര്‍ന്ന മഹാനായ ഥനാഉല്ലാഹ് മക്തി തങ്ങളുടെ ജീവിതത്തെ അതിസൂക്ഷ്മമായി വിശകലനം ചെയ്യുന്ന പുസ്തകമാണ് മുസ്തഫാ തന്‍വീര്‍ എഴുതിയ ഥനാഉല്ലാഹ് മക്തി തങ്ങള്‍: പ്രബോധകനും പരിഷ്‌കര്‍ത്താവും (കോഴിക്കോട്: കെ.എന്‍.എം പ്രസിദ്ധീകരണ വിഭാഗം, 2017).
1847ല്‍ വെളിയങ്കോട് ജനിച്ച് 1912ല്‍ കൊച്ചിയില്‍ മരണപ്പെടുന്നതിനിടക്കുള്ള 65 വര്‍ഷക്കാലത്ത് മാപ്പിളമാര്‍ക്കിടയില്‍ വ്യത്യസ്ത തലങ്ങളിലുള്ള മക്തി തങ്ങളുടെ ഇടപെടലുകള്‍ കേരളീയ ചരിത്ര രചനയില്‍ വിശിഷ്യാ മുസ്‌ലിം ചരിത്ര രചനയില്‍ എത്രത്തോളം പഠനവിധേയമാക്കിയിട്ടുണ്ട് എന്ന് പരിശോധിച്ചാല്‍ വളരെ കുറച്ചേ നമുക്ക് കാണാന്‍ സാധിക്കുകയൊള്ളൂ. കൊളോണിയല്‍ കാലഘട്ടത്തില്‍ അധിനിവേശ പ്രവര്‍ത്തനങ്ങളുടെ മുഖ്യ അജണ്ടകളിലൊന്നായ ക്രിസ്തുമത പ്രചരണം ലോകത്തുടനീളം നടന്നുവന്നു. കോളനിവത്കൃത കേരളത്തിലും മിഷനറി പ്രവര്‍ത്തനം ശക്തമായി നടന്നു. പ്രൊട്ടസ്റ്റന്റ്/കത്തോലിക്ക ക്രിസ്തുമത പ്രചരണവും ഇസ്‌ലാം വിമര്‍ശനവും  വംശീയ അധിക്ഷേപങ്ങളും മുസ്‌ലിം സമുദായത്തിന് വെല്ലുവിളിയായി നില്‍ക്കുകയും, ഇതൊന്നും അറിയാതെ അജ്ഞതയുടെ ആഴങ്ങളില്‍ വീണ് മാപ്പിള സമൂഹം ഉഴലുകയും ചെയ്യുന്ന സമയത്താണ് മക്തി തങ്ങള്‍ തന്റെ ദൗത്യം മനസ്സിലാക്കി കര്‍മ രംഗത്തേക്ക് വരുന്നത്.
ഒരു മുസ്‌ലിമിന്റെ പ്രധാനപ്പെട്ട കര്‍മങ്ങളില്‍ ഒന്നാണ് ദഅ്‌വത്ത് (പ്രബോധനം) എന്ന് മനസ്സിലാക്കിയ തങ്ങള്‍ ക്രിസ്തുമതത്തിന്റെ ഇസ്‌ലാം വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനും ഇസ്‌ലാമിന്റെ അജയ്യത സ്ഥാപി
ക്കാനുമാണ് ആദ്യമായി ശ്രമിച്ചത്. പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയുമെല്ലാം തങ്ങള്‍ തന്റെ ദൗത്യം നിര്‍വഹിച്ചു. ക്രിസ്തുമതത്തിന്റെ ദൗര്‍ബല്യം വ്യക്തമാക്കികൊണ്ട് ഉത്തരേന്ത്യന്‍ മുസ്‌ലിം പണ്ഡിതന്മാര്‍ രചിച്ച ഗ്രന്ഥങ്ങള്‍ തങ്ങളെ വല്ലാതെ സ്വാധീനിച്ചു. പ്രത്യേകിച്ച് കീറാനവിയുടെ ഇള്ഹാറുല്‍ ഹക്വ്. ഇതില്‍നിന്നെല്ലാം പ്രചോദനമുള്‍ക്കൊണ്ട തങ്ങള്‍ ത്രിയേകത്വ സിദ്ധാന്തം, കുരിശുമരണം തുടങ്ങിയ ക്രിസ്തുമതത്തിന്റെ ബാലിശമായ അടിത്തറകളെ നിരൂപണം ചെയ്തുകൊണ്ടെഴുതിയ ഗ്രന്ഥമാണ് കഠോരകുഠാരം. മാനക മലയാളത്തില്‍ ഒരു മുസ്‌ലിം എഴുതിയ ആദ്യത്തെ ഗ്രന്ഥമാണിത്. തുടര്‍ന്ന് തങ്ങള്‍ നടത്തിയ ക്രൈസ്തവ ഖണ്ഡനങ്ങളുടെ ചരിത്രവും ക്രിസ്ത്യന്‍ പൗരോഹിത്യത്തിനേറ്റ പ്രഹരവും പുസ്തകം ഇഴകീറി പരിശോധിക്കുന്നുണ്ട്.
ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സ്വന്തം സമുദായത്തിന്റെ അജ്ഞത മനസ്സിലാക്കിയ തങ്ങള്‍ അവരുടെ ഉന്നമനത്തിന് വേണ്ടി ശക്തമായി പോ
രാടി. ആധുനിക വിദ്യാഭ്യാസം നേടാനും കൊളോണിയല്‍ ആധുനികത നല്‍കിയ ഭാഷാ, വിദ്യാഭ്യാസ, ശാസ്ത്ര വിജ്ഞാനങ്ങള്‍ ആര്‍ജിച്ച് സമുദായ ഉന്നമനത്തിന് ഉപയോഗിക്കാനും തങ്ങള്‍ മുസ്‌ലിംകളോട് ആവശ്യപ്പെട്ടു. കൊളോണിയല്‍ ആധുനികതയുടെ വിദ്യാഭ്യാസം ആര്‍ജിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ മക്തി തങ്ങളെ ബ്രിട്ടീഷ് അനുകൂലിയാക്കി ചിത്രീകരിക്കുന്നതിന്റെ സാംഗത്യം പുസ്തകം ചോദ്യം ചെയ്യുന്നുണ്ട്. മാപ്പിളമാര്‍ക്കിടയിലെ മതവിദ്യാഭ്യാസത്തെ കാലോചിതമായി പരിഷ്‌കരിക്കാന്‍ തങ്ങള്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു. പക്ഷെ സമുദായത്തില്‍ അള്ളിപ്പിടിച്ചിരുന്ന പൗരോഹിത്യം അതിനെയെല്ലാം എതിര്‍ക്കുകയും തങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്തു.
ഒരേ സമയം വ്യത്യസ്ത മേഖലകളിലൂടെ കടന്നുപോയ തങ്ങളുടെ ജീവിതത്തെ ഗ്രന്ഥകാരന്‍ വിശകലനം ചെയ്യുന്നുണ്ട്. അപകര്‍ഷതാ ബോധമില്ലാതെ ഇസ്‌ലാം മാത്രമാണ് സത്യം എന്ന് പറയുന്ന മതപ്രബോധനം, സ്വന്തം സമുദായത്തിനുള്ളിലെ പരിഷ്‌കരണം, പത്രപ്രവര്‍ത്തനം, പ്രസംഗം തുടങ്ങിയ മേഖലകളിലെല്ലാം തങ്ങള്‍ ശോഭിച്ചു. ക്രൈസ്തവ വിമര്‍ശനങ്ങള്‍ക്ക് മറുപടി, ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനത്തിന്റെ പ്രാ
ധാന്യം, സമുദായം ആ രംഗത്ത് സ്വീകരിക്കുന്ന അലംഭാവം തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വിശകലനവും അപഗ്രഥനവും അടങ്ങുന്ന മക്തി തങ്ങളുടെ പുസ്തകങ്ങളും ലഘുലേഖകളും പഠനങ്ങളുമാണ് പു
സ്തകത്തിന്റെ ആദ്യ ഭാഗത്ത് ചര്‍ച്ച ചെയ്യുന്നത്. മക്തി തങ്ങളുടെ ഇടപെടലുകള്‍ ചരിത്ര-ആത്മകഥാരചനാ രംഗത്തും ദേശീയ ബോധ നിര്‍മിതിക്കും ഐക്യകേരളമെന്ന ആശയത്തിനും ഭാഷാ പഠന നൈപു
ണിക്കും പ്രേരണയായി വര്‍ത്തിച്ച വസ്തുത തെളിവുകളുടെ പിന്‍ബലത്തില്‍ പു
സ്തകത്തിന്റെ അവസാന ഭാഗത്ത് ചര്‍ച്ച ചെയ്യുന്നുണ്ട്.
മതവിശ്വാസം മുറുകെ പിടിക്കുകയും പ്രബോധനം നടത്തുകയും ചെയ്യുന്ന മുസ്‌ലിംകള്‍ക്ക് നവോത്ഥാന പ്രക്രിയയിലോസാമൂഹ്യ പുരോഗതിയിലോ വിദ്യാഭ്യാസ രംഗത്തോ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല എന്നും അത്തരം വ്യക്തികള്‍ മതമൗലിക വാദത്തിന്റെ വക്താക്കളായിരിക്കുമെന്നും ലിബറലുകള്‍ക്കേ പുരോഗമനവും നവോത്ഥാനവും സാധിക്കുകയുള്ളൂവെന്നുമുള്ള വര്‍ഗീയ/സെക്കുലര്‍ ഫാഷിസ്റ്റുകളുടെ പ്രചരണങ്ങള്‍ക്ക് ശക്തമായ മറുപടികൂടിയാണ് മക്തി തങ്ങളുടെ ജീവിതം എന്ന വസ്തുത പുസ്തകം ചരിത്ര രചനാ ശാസ്ത്രത്തിന്റെ മാനദണ്ഡങ്ങള്‍ വഴി തന്നെ സമര്‍ഥിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *