പ്രബോധകര്‍ വേട്ടയാടപ്പെടുമ്പോള്‍

”അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍(വിശ്വാസികള്‍)ക്കുണ്ടായതുപോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കുകയാണോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തുതന്നെയുണ്ട്.”(1)
”അതല്ല, നിങ്ങളില്‍ നിന്ന് ധര്‍മ സമരത്തിലേര്‍പ്പെട്ടവരെയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകളയാമെന്ന് നിങ്ങള്‍ വിചാരിച്ചിരിക്കുകയാണോ?”(2)
”ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നതുകൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യന്‍ വിചാരിക്കുകയാണോ? അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട് . അപ്പോള്‍ സത്യം പറഞ്ഞവന്‍ ആരെന്ന് അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും.”(3)
ഖുസാഈ ഗോത്രത്തിലെ ധനാഢ്യയാണ് ഉമ്മു അന്‍മാറ. തനിക്ക് സഹായത്തിന് ഒരു അടിമയെ അന്വേഷിച്ചു. അവര്‍ക്ക് കിട്ടിയത് തമീം ഗോത്രക്കാരനായ അറത്തിന്റെ മകന്‍ ഖബ്ബാബിനെയാണ്. ആരോഗ്യദൃഢഗാത്രനായ, ബുദ്ധിസാമര്‍ത്ഥ്യവും തന്റേടവും സ്ഫുരിക്കുന്ന മുഖമുള്ള പ്രായപൂര്‍ത്തിയാവാത്ത ഖബ്ബാബ് എന്ന ഈ ബാലനെ ഉമ്മു അന്‍മാറ ഒരു കൊല്ലന്റെയടുക്കല്‍ വാള്‍ നിര്‍മാണം സ്വായത്തമാക്കാന്‍ അയച്ചു. പിന്നീട് വാള്‍ നിര്‍മാണത്തില്‍ പ്രസിദ്ധനായ ഖബ്ബാബിനെ ജോലിക്കാരനാക്കി അവളൊരു വാളുനിര്‍മാണശാല ആരംഭിച്ച് അതിലൂടെ ലാഭം കൊയ്യാന്‍ തുടങ്ങി.
സമൂഹത്തില്‍ നടക്കുന്ന അനീതി ഒഴിവുസമയങ്ങളില്‍ ഖബ്ബാബിന്റെ മനസ്സില്‍ വല്ലാത്ത കോളിളക്കം സൃഷ്ടിച്ചു. അതിന് പരിഹാരം അന്വേഷിച്ചപ്പോഴാണ് മക്കയില്‍ ധര്‍മത്തിന്റെയും നീതിയുടെയും സദാചാരത്തിന്റെയും സന്ദേശങ്ങള്‍കൊണ്ട് ജനങ്ങളുടെ, പ്രത്യേകിച്ച് പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെ ഹൃദയാന്തരാളങ്ങളില്‍ പുളകത്തിന്റെ പൂത്തിരി കത്തിച്ചുകൊണ്ടിരിക്കുന്ന മുഹമ്മദിനെപ്പറ്റി കേട്ടത്. മുഹമ്മദ് ദൈവദൂതനാണെന്നും, അദ്ദേഹത്തിന്റെ നാവില്‍നിന്നു വരുന്നത് ദിവ്യസന്ദേശങ്ങളാണെന്നും മനസ്സിലാക്കുകയും അതില്‍ ആകൃഷ്ടനാവുകയും ചെയ്ത ഖബ്ബാബ് അധികം താമസിയാതെ ഇസ്‌ലാമിന്റെ വിശിഷ്ടപാതയിലേക്ക് കടന്നുവന്നു. തന്റെ അടിമ ഇസ്‌ലാം സ്വീകരിച്ച കുറ്റത്തിന് ഉമ്മു അന്‍മാറയുടെ ശിക്ഷ ഒരു മനുഷ്യന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഖബ്ബാബിന്റെ ശരീരം നഗ്നമാക്കി പുറംഭാഗം ചുട്ടുപഴുത്ത കല്ലിന്‍മേല്‍ ചേര്‍ത്തുവെക്കും. അദ്ദേഹത്തിന്റെ മാംസം കരിഞ്ഞുപോകുന്നതുവരെ  അത് തുടരും. തുടര്‍ന്ന് ചൂടുള്ള ഇരുമ്പുദണ്ഡ് എടുത്ത് അദ്ദേഹത്തിന്റെ തലയില്‍വെക്കും. ചരിത്രത്തിലെ ഹേമന്തങ്ങളും വസന്തങ്ങളും കഴിഞ്ഞുപോ
യി. ‘മുസ്‌ലി’മായതിന്റെ പേരില്‍ സമൂഹത്തില്‍ നിന്ന് മുഹമ്മദി(സ)നും സഹപ്രവര്‍ത്തകര്‍ക്കും അനുഭവിക്കേണ്ടി വന്ന ഉപദ്രവങ്ങളില്‍ ഒരു പങ്ക് ഖബ്ബാബിന് കിട്ടിക്കൊണ്ടിരുന്നു.
അങ്ങനെയിരിക്കെ ഖബ്ബാബടങ്ങുന്ന ഒരു കൂട്ടം സ്വഹാബിമാര്‍ ക്വുറൈശികളുടെ മര്‍ദ്ദനം കഠിനമായിത്തീര്‍ന്നപ്പോള്‍, ഞങ്ങള്‍ക്കുവേണ്ടി അവിടുന്ന് പ്രാര്‍ത്ഥിക്കുന്നില്ലേ, രക്ഷ തേടുന്നില്ലേ എന്ന് നബി(സ)യോട് സങ്കടപ്പെടുകയുണ്ടായി. ഒരു പുതപ്പ് തലയിണയാക്കിക്കൊണ്ട് കഅ്ബയുടെ നിഴലില്‍ വിശ്രമിക്കുകയായിരുന്ന തിരുദൂതര്‍ (സ) പറഞ്ഞു: ”നിങ്ങളുടെ മുമ്പ് (മുന്‍സമുദായങ്ങളില്‍) ഒരാളെ പിടിച്ചു ഭൂമിയില്‍ കുഴിവെട്ടി അതില്‍ നിര്‍ത്തി അവന്റെ തലയില്‍ വാളുളി വെച്ച് അവനെ രണ്ട് പൊ
ളിയാക്കുമായിരുന്നു. ഇരുമ്പിന്റെ ചീര്‍പ്പുകൊണ്ട് അവന്റെ മാംസവും എല്ലുമല്ലാത്ത ഭാഗം മുഴുവനും വാര്‍ന്നെടുക്കുകയും ചെയ്തിരുന്നു. അതൊന്നും തന്നെ അവന്റെ മതത്തില്‍ നിന്നും അവനെ തടയുമായിരുന്നില്ല. അല്ലാഹുവാണേ സത്യം, ഒരു വാഹനക്കാരന്‍ (യമനിലെ) സ്വന്‍ആഇല്‍ നിന്ന് ഹദ്വര്‍മൗത്തിലേക്ക് പോകുമ്പോള്‍ അല്ലാഹുവിനെയും ആടുകളെ സംബന്ധിച്ച് ചെന്നായെയുമല്ലാതെ മറ്റൊന്നും പേടിക്കാനില്ലാത്തവണ്ണം ഇക്കാര്യം പരിപൂ
ര്‍ണമാക്കുകതന്നെ ചെയ്യും, പക്ഷേ നിങ്ങള്‍ ധൃതിപ്പെടുകയാണ് ചെയ്യുന്നത്.”(4)
പ്രതികൂലങ്ങളുടെ കാഠിന്യം മാത്രമുള്ള പ്രതലങ്ങളിലൂടെ സഞ്ചരിച്ച ഖബ്ബാബിനോട് പോലും നബി (സ) പറഞ്ഞ ഈ മറുപടി ഓരോ പ്രബോധകനും
ഹൃദയത്തില്‍ കൊത്തിവെക്കേണ്ടതാണ്. സത്യസന്ധമായി ദൈവിക പ്രകാശത്തെ ചുറ്റുമുള്ളവര്‍ക്ക് എത്തിച്ചുകൊടുത്തവരാരും പട്ടുപരവതാനിയില്‍ പാദമൂന്നി നടന്നിട്ടില്ല.
പരശ്ശതം പ്രകോപനങ്ങളും, അനിര്‍വചനീയമായ തടവറകളും, നിസ്തുലമായ സാമൂഹിക ഭ്രഷ്ടും ഏല്‍ക്കേണ്ടിവന്ന നിരവധി പ്രബോധകരുടെ ചോരയും കണ്ണീരും വാര്‍ന്ന് സമ്മിശ്ര വികാരമുണര്‍ത്തുന്ന സമരചരിത്രങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്ന് വായിക്കുവാന്‍ സാധിക്കും. സംരക്ഷണമായി മാറേണ്ട പിതാവില്‍നിന്ന് ബഹിഷ്‌കരണം സ്വീകരിക്കേണ്ടി വന്ന ഇബ്‌റാഹീം (അ), തണലായി മാറേണ്ട പ്രിയതമനില്‍ നിന്ന് കിരാതമായ പീഡനങ്ങളേല്‍ക്കേണ്ടി വന്ന ആസ്യ (റ), അല്ലാഹു നിരീക്ഷിക്കുന്നുണ്ട് എന്ന ഒറ്റക്കാരണത്താല്‍ ശരീരത്തിന്റെ ‘സുഖം’ ഉപേക്ഷിച്ചതുകൊണ്ട് കാരാഗൃഹം സ്വീകരിക്കേണ്ടി വന്ന യൂസുഫ് (അ), ജനിച്ച മണ്ണും വളര്‍ന്ന നാടും ഉപേക്ഷിച്ച് പലായനം ചെയ്ത മുഹമ്മദ് (സ)… ദുര്‍ഘടമായ പാ
തകള്‍ താണ്ടുന്നതിനനുസരിച്ച്  അവരുടെ ആദര്‍ശദൃഢത ഒരിക്കലും കുറഞ്ഞില്ല. മറിച്ച് ഈമാനും തവക്കുലും വര്‍ധിക്കുകയാണ് ചെയ്തത്.
ജീവിതത്തിന്റെ ദുരിതപൂര്‍ണമായ അടര്‍ക്കളത്തില്‍ ലക്ഷ്യം മുന്നില്‍കണ്ട് ഒരല്‍പം
പോലും നിഷ്‌ക്രമിക്കാതെ പൊരുതിയവര്‍ക്കെല്ലാം അത്ഭുതങ്ങള്‍ സൃഷ്ടിക്കുവാനും മറ്റുള്ളവരെക്കാള്‍ ഉന്നതസ്ഥാനീയരാവാനും സാധിച്ചിട്ടുണ്ട്. പ്രസിദ്ധ പണ്ഡിതനായ ഇമാം ഇബ്‌നുല്‍ ജൗസിയുടെ ഒരു നിരീക്ഷണമുണ്ട്. എണ്ണയും വെള്ളവും ഒരു പാത്രത്തില്‍ സംഗമിക്കുമ്പോള്‍ എണ്ണ വെള്ളത്തിനുമുകളില്‍ പൊ
ന്തി നില്‍ക്കുന്നുവെന്ന ലളിതമായ പ്രകൃതി പ്രതിഭാസത്തില്‍ നിന്ന്, ഈ രണ്ട് പദാര്‍ത്ഥങ്ങളും തമ്മിലുള്ള ഒരു സംഭാഷണം സങ്കല്‍പി
ച്ച് ഒരു വലിയ ജീവിതരഹസ്യം മെനഞ്ഞെടുക്കുകയാണ് അദ്ദേഹം. വെള്ളം എണ്ണയോട് ഒരല്‍പം നീരസത്തോടെ ചോദിച്ചു: ‘നീ എന്തിനാണ് എന്റെ മുകളില്‍ കയറി നില്‍ക്കുന്നത്? ഞാനല്ലേ നിന്റെ മരം മുളപ്പിച്ച് വളര്‍ത്തിയത്? ഒരു മര്യാദയൊക്കെ വേണ്ടേ?’ എണ്ണയുടെ മറുപടി ഇപ്രകാരമായിരുന്നു. ‘നീ പറഞ്ഞത് ശരി തന്നെ. എന്നാല്‍ ഞാന്‍ ഒരുപാട് ഇടിയും പൊ
ടിയും അരക്കലും പിഴിക്കലുമൊക്കെ സഹിച്ചാണ് ഈ നിലയിലെത്തിയത്. നീയാകട്ടെ സുരക്ഷിതത്വം തേടി സുഖമായി ഒഴുകുകയായിരുന്നു. നിരാശ കൈവെടിഞ്ഞ് എല്ലാം സഹിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഞാന്‍ ഉയര്‍ന്ന സ്ഥാനത്തെത്തിയത്.’ സംഭാഷണം അവവസാനിപ്പിച്ചതിനുശേഷം ഇബ്‌നുല്‍ ജൗസിയുടെ കൂട്ടിച്ചേര്‍ക്കല്‍: ”പ്രയാസങ്ങളുടെയും പരീക്ഷണങ്ങളുടെയും അടിയും ഇടിയും സഹിക്കാതെ ഈ ഭൗതികജീവിതത്തിലും മരണാനന്തരവും ഉന്നതി പ്രാപിക്കാന്‍ മനുഷ്യന് സാധ്യമല്ല. ഒരു ബുദ്ധിമുട്ടും പേറാന്‍ സന്നദ്ധനാകാതെ സുരക്ഷിതനായി കഴിയാന്‍ ആഗ്രഹിക്കുന്നവന്റെ സ്ഥാനം എല്ലാത്തിന്റെയും താഴെത്തന്നെയായിരിക്കും.”
മനുഷ്യരെല്ലാം നഷ്ടത്തിലാണെന്ന് കാലത്തെവെച്ച് സത്യം ചെയ്തുകൊണ്ട് അല്ലാഹു പറയുന്നുണ്ട്. നാലു വിഭാഗങ്ങള്‍ക്കുമാത്രമേ അതില്‍നിന്ന് രക്ഷയുള്ളൂ; അടിയുറച്ച് വിശ്വസിക്കുകയും അതനുസരിച്ച് സല്‍കര്‍മങ്ങള്‍ ചെയ്യുകയും സത്യം കൊണ്ടും ക്ഷമ കൊണ്ടും മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്യുന്നവരാണവര്‍.(5) ദൈവത്തില്‍ നിന്നുള്ള സത്യസന്ദേശം ചുറ്റുമുള്ളവരെ അറിയിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ സീമാതീതമാണെന്നും അത്തരം സന്ദര്‍ഭങ്ങളിലെല്ലാം ക്ഷമയോടെ തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നുമാണ് ഈ വചനങ്ങളുടെ സാരം.
പ്രതിസന്ധികളുടെ കൂരമ്പുകള്‍ക്കിടയിലും ദൗത്യത്തില്‍ നിന്ന് അണുഅളവ് പി
റകോട്ട് പോവാതെ ക്ഷമിച്ച് മുന്നേറുന്നവരാണ് നഷ്ടം സംഭവച്ച പരശ്ശതങ്ങളുടെ മുകളില്‍ വിജയകിരീടം അണിയുക എന്ന് തീര്‍ച്ച.
104 തവണയാണ് സ്വബ്‌റ് (ക്ഷമ) എന്ന വാക്കും അതിന്റെ വ്യത്യസ്ത പ്രയോഗങ്ങളും ക്വുര്‍ആനില്‍ ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഭീമമായ ദുരിതങ്ങള്‍ വന്നാലും ക്ഷമയെ ജീവിതത്തോട് ചേര്‍ത്തുപിടിക്കാന്‍ ഒരു പ്രബോധകന് കഴിയണം. ‘അല്ലാഹു ക്ഷമാലുക്കളെ സ്‌നേഹിക്കുന്നു’, ‘തീര്‍ച്ചയായും ദൈവം ക്ഷമിക്കുന്നവരുടെ കൂടെയാണ്’, ‘നമസ്‌കാരവും ക്ഷമയും മുഖേന നിങ്ങള്‍ പടച്ചവനോട് സഹായം തേടിക്കൊള്ളുക’ തുടങ്ങിയ ക്വുര്‍ആനിക വചനങ്ങള്‍ പ്രബോധകന് പുതിയ ദൗത്യവും ഊര്‍ജ്ജവും നല്‍കണം. പരീക്ഷണങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോകുമ്പോഴും ‘ഇതെല്ലാം എന്റെ രക്ഷിതാവ് എന്നെ സ്‌നേഹിക്കുന്നുവെന്നതിന്റെ തെളിവാണ്’ എന്ന ബോധം ഏതു വേദനയെയും മാധുര്യമുള്ളതാക്കി മാറ്റും. ‘ഏതൊരു പ്രയാസത്തിന്റെ കൂടെയും എളുപ്പമുണ്ട്'(6) എന്ന അല്ലാഹു നല്‍കിയ ഉറപ്പ് പ്രബോധകന് ശുഭപ്രതീക്ഷ നല്‍കണം. ഇരുള്‍ മൂടിയ രാത്രിയെയും ഇളംവെയില്‍ പകരുന്ന പു
ലരിയെയും പരസ്പരം ചേര്‍ത്തു പരാമര്‍ശിക്കുന്ന ക്വുര്‍ആന്‍(7) ഒരു വലിയ ജീവിതയാഥാര്‍ത്ഥ്യമാണ് മനുഷ്യനെ പഠിപ്പിക്കുന്നത്. പ്രതിസന്ധികള്‍കൊണ്ട് ജീവിതം ഇരുള്‍ മൂടുമ്പോള്‍ അതിനപ്പുറം ആനന്ദത്തിന്റെ ഒരു പുതുപുലരി പിറക്കാന്‍ പോകുന്നുണ്ടെന്നത് മനസ്സിന് സമാധാനവും ധൈര്യവുമാണ്.
കോഴിമുട്ടയുടെ പുറംതോട് അതിനുള്ളിലെ വസ്തുവിന് ഒരു ‘ബന്ധന’മായി തോന്നാം. എന്നാല്‍ മുട്ടക്ക് പ്രായമാകും വരെയുള്ള ഒരു സംരക്ഷണകവചമാണത്. ആ കാലമത്രയും ക്ഷമിച്ചിരിക്കണം. അങ്ങനെ ക്ഷമിച്ചിരുന്നാലാണ് അത് ഒരു പുതിയ സൃഷ്ടിയായി മാറുക. ഈ വീക്ഷണത്തിലൂടെ ജീവിതപ്രയാസങ്ങളെ നോക്കിക്കാണാന്‍ പ്രബോധകന് സാധിക്കണം. വിലക്കുകളുടെയും, തടവറകളുടെയും വിചാരണയുടെയും കാലത്തിനുശേഷം തന്നെ കാത്തിരിക്കുന്നത് അനിര്‍വചനീയമായ ആനന്ദം നുകരാന്‍ കഴിയുന്ന അനുഭവങ്ങളായിരിക്കും. യൂസുഫ് നബി(അ)യുടെ ജീവിതം അതാണ് നമ്മെ പഠിപ്പിക്കുന്നത്. ചെയ്യാത്ത കുറ്റത്തിന് നീണ്ടകാലം കാരാഗൃഹത്തിലടക്കപ്പെട്ട യൂസുഫ് ക്ഷമിച്ചു മുന്നേറിയപ്പോള്‍ പിന്നീടദ്ദേഹത്തിന് ലഭിച്ച സമ്മാനം തന്നെ ജയിലിലടച്ച രാജ്യത്തിന്റെ ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്യുന്ന നേതാവായി വാഴാനുള്ള അവസരമായിരുന്നു.
അടിയുറച്ച ഈമാനും തവക്കുലും കൈമുതലാക്കിയവര്‍ക്ക് ദുരിതങ്ങള്‍ക്കുമുമ്പില്‍ പതറാതെ ജീവിതയാത്ര തുടരാന്‍ സാധിക്കുമെന്നതിന് ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. പ്രസിദ്ധ കവയിത്രിയായിരുന്ന ഖന്‍സാ ബിന്‍ത് അംറ് തന്റെ സഹോദരന്‍ സഖറിന്റെ മരണത്തില്‍ താങ്ങാനാവാതെ ദുഃഖത്തോടെ പാടി:
‘എന്റെ നയനമേ; നന്നായി കരയുക
ധര്‍മനിഷ്ഠനായ സഖറിനെയോര്‍ത്ത്’
തന്റെ എല്ലാമെല്ലാമായിരുന്ന സഹോദരന്റെ വേര്‍പാട് കാരണമുണ്ടായ വികാരതീവ്രതയില്‍ നിന്നു കവിതയെഴുതിയ ആ സ്ത്രീയുടെ പിന്നീടുള്ള ജീവിതം അത്ഭുതമാണ്. ഈ വനിതാരത്‌നം പിന്നീട് ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ ഉമറി(റ)ന്റെ കാലത്തുനടന്ന ഖാദിസിയ്യ യുദ്ധത്തിലേക്ക് തന്റെ നാലുമക്കളെയും വിട്ടു. മക്കള്‍ പ്രതികരണം ഇങ്ങനെ. ”അവരെ രക്തസാക്ഷികളാക്കി എന്നെ ആദരിച്ച ദൈവമേ, നിനക്ക് സ്തുതി. നാളെ നിന്റെ സ്വര്‍ഗീയ ആരാമത്തില്‍ എന്നെയും അവരെയും ഒരുമിച്ചു കൂട്ടേണമേ” സഹോദരന്റെ വേര്‍പാടില്‍ മനംനൊന്ത് മാനസികനില തന്നെ താളം തെറ്റിയ ഈ സഹോദരിക്ക് ജീവിതത്തിന്റെ പ്രതീക്ഷയായിരുന്ന നാലു മക്കളും നഷ്ടപ്പെട്ടപ്പോള്‍ പതറാതെ പി
ടിച്ചുനില്‍ക്കാന്‍ സാധിച്ചത് അവരുടെ വിശ്വാസം നല്‍കിയ അപാരമായ കരുത്ത് കൊണ്ട് തന്നെയായിരുന്നു.
ഇബ്‌നു അബ്ബാസി(റ)ന് കാഴ്ച നഷ്ടപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ നിലപാടിങ്ങനെ: ‘അല്ലാഹു എന്റെ കണ്ണിലെ വെളിച്ചം എന്റെ മനസ്സിന് തന്നിട്ടുണ്ട്.’ ഒരേദിവസം തന്നെ ഉര്‍വത്ബ്‌നു സുബൈറിന്റെ (റ) മകനും കാലും നഷ്ടപ്പെട്ടപ്പോള്‍ അദ്ദേഹം പ്രതികരിച്ചു. ‘പടച്ചവനേ, നീ എനിക്ക് നാല് അവയവങ്ങള്‍ തന്നു, ഒന്നുമാത്രം തിരിച്ചെടുത്തു. നാലുമക്കളെ തന്നു. ഒരു മകനെയും നീ കൊണ്ടുപോ
യി. എന്നില്‍നിന്ന് എടുത്തതിനേക്കാള്‍ കൂടുതല്‍ എനിക്ക് നീ തന്നിട്ടുണ്ട്. നിനക്ക് സ്തുതി.’
ഭീകരതയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സമൂലം ഇസ്‌ലാമിനുചുറ്റും കറങ്ങിക്കൊണ്ടിരിക്കണമെന്ന പടിഞ്ഞാറിന്റെ താല്‍പര്യത്തിന് കുടപിടിക്കുന്ന തരത്തില്‍ കേരളത്തില്‍ പോ
ലും ഇസ്‌ലാമിക പ്രബോധകരെ ഉന്നംവെച്ചുള്ള കത്തിയേറിന്റെ സാഹചര്യത്തില്‍ ചരിത്രത്തിലെ ഇസ്‌ലാമിക പ്രചാരകരുടെ ‘പരീക്ഷണസമൃദ്ധമായ’ ജീവിത്തില്‍ നിന്ന്
പാഠമുള്‍ക്കൊള്ളാന്‍ ഓരോ പ്രബോധകനും സാധിക്കേണ്ടതുണ്ട്. പ്രതിസന്ധികളുടെ കനല്‍പഥങ്ങളെ ശുഭപ്രതീക്ഷയോടെ താണ്ടിക്കടക്കുന്നവരാണവര്‍. പ്രലോഭനങ്ങളുടെ ഭംഗിവാക്കുകളെ പുച്ഛിച്ചുതള്ളിയവര്‍. അധികാരികളുടെ പു
ഷ്പഹാരങ്ങളാല്‍ അകം പുളകംകൊണ്ടവരല്ലവര്‍. അനുമോദനത്തിന്റെ പുഷ്പഹാരങ്ങള്‍ കഴുത്തിലണിഞ്ഞവരല്ല അവര്‍. അഗ്നിനാളങ്ങള്‍ കണ്ട് പതറാത്ത ഇബ്‌റാഹീ(അ)മിന്റെ, ഫറോവയുടെ മുന്നില്‍ ഭയവിഹ്വലനാവാത്ത മൂസാ(അ)യുടെ, പ്രമാണിമാരുടെ ഭീഷണിയില്‍ നിഷ്പ്രഭവനാവാത്ത നൂഹിന്റെ (അ), അപവാദങ്ങളുടെ ശരവര്‍ഷത്തില്‍ അടിയറവ് പറയാത്ത ഈസാ(അ)യുടെ, ഖുറൈശികളുടെ ബഹിഷ്‌കരണത്തില്‍ ആദര്‍ശത്തെ തിരസ്‌കരിക്കാത്ത മുഹമ്മദി(സ)ന്റെ അനുപമ മാതൃകകളെ നെഞ്ചോടുചേര്‍ത്ത് വെച്ചുകൊണ്ട് ലക്ഷ്യത്തിലേക്കു കുതിക്കാന്‍ പ്രചോദനമാകണം പു
തിയ കാലത്തെ മലയാളക്കരയിലെ പ്രബോധകവേട്ടകള്‍.

കുറിപ്പുകള്‍
1. ക്വുര്‍ആന്‍ 2:214
2. ക്വുര്‍ആന്‍ 3:142
3. ക്വുര്‍ആന്‍ 29:23
4. ബുഖാരി
5. ക്വുര്‍ആന്‍ 103:1-3
6. ക്വുര്‍ആന്‍ 94:5,6
7. ക്വുര്‍ആന്‍ 92:1,2

Leave a Reply

Your email address will not be published. Required fields are marked *