ജയിലനുഭവങ്ങള്‍ ഊക്കില്‍ പറയുന്നു: നിര്‍ത്തരുതൊരിക്കലും ഇസ്‌ലാമിക പ്രബോധനം!

മെസപ്പൊട്ടോമിയന്‍ നഗരമായ നീനവയില്‍ നിന്ന് എങ്ങനെയോ ഹിജാസിലെത്തിയ ക്രിസ്ത്യന്‍ അടിമയായിരുന്നു അദ്ദാസ്. അതിസമ്പന്നനായ റബീഅയുടെ ത്വാഇഫിലുള്ള തോട്ടം പരിചാരകന്‍. സൃഷ്ടിശ്രേഷ്ഠനായ മുഹമ്മദ് നബി(സ)യെ തികച്ചും അവിചാരിതമായാണ് അദ്ദാസ് കണ്ടുമുട്ടിയത്. ത്വാഇഫിലുള്ള തന്റെ ബന്ധുക്കളില്‍ നിന്ന് സംരക്ഷണം ലഭിക്കുമെന്നുകരുതി അവിടേക്കുചെന്ന നബി(സ)യെ അവരെല്ലാവരും കൂടി കൂകിവിളിച്ചും കല്ലെറിഞ്ഞും ഓടിച്ച സംഭവം പ്രസിദ്ധമാണ്. ഓടിത്തളര്‍ന്ന മാനവരിലെ മഹോന്നതന്‍ (സ) റബിഇന്റെ തോട്ടത്തിനരികിലാണ് വിശ്രമിച്ചത്. പരിക്ഷീണിതനായ നബി(സ)യെ കണ്ടപ്പോള്‍ ദയ തോന്നിയ റബിഇന്റെ മക്കള്‍ ഒരു താലത്തില്‍ അല്‍പം മുന്തിരിയെടുത്ത് അത് അദ്ദേഹത്തിനു കൊടുത്തയച്ചു. താന്‍ നല്‍കിയ മുന്തിരിക്കൂട്ടത്തില്‍ നിന്ന് ഒരെണ്ണമെടുത്ത് ‘അല്ലാഹുവിന്റെ നാമത്തില്‍’ എന്നുച്ചരിച്ച് കഴിക്കാനാരംഭിച്ച നബിനടപടി അദ്ദാസിന് ആശ്ചര്യകരമായ അനുഭവമായിരുന്നു. ദൈവനാമത്തില്‍ ഭക്ഷണം കഴിക്കാനാരംഭിക്കുന്നത് മുമ്പൊരിക്കലും ആ അടിമ കണ്ടിട്ടില്ല. അതേക്കുറിച്ച് ചോദിച്ച അദ്ദാസുമായി നബി (സ) സംസാരമാരംഭിച്ചത് നീനവയിലേക്ക് നിയോഗിക്കപ്പെട്ട യൂനുസ് നബി(അ)യെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. അല്‍പനേരത്തെ ആ സംഭാഷണം അവസാനിപ്പിച്ചത് അദ്ദാസിന്റെ ഇസ്‌ലാം സ്വീകരണത്തോടുകൂടിയായിരുന്നു. മക്കാ കാലത്ത് ഇസ്‌ലാം സ്വീകരിച്ച ആദ്യത്തെ ക്രിസ്ത്യാനിയായാണ് അദ്ദാസിനെ (റ) ഇസ്‌ലാമിക ചരിത്രം പരിചയപ്പെടുത്തുന്നത്. ഇസ്‌ലാം സ്വീകരിച്ച തങ്ങളുടെ ദാസന്റെ നടപടിയില്‍ കയര്‍ക്കുകയും ആദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത തന്റെ യജമാനന്‍മാരോട് അദ്ദാസ് (റ) പറഞ്ഞ വരികള്‍ ശ്രദ്ധേയമാണ്: ”അദ്ദേഹത്തേക്കാള്‍ ഉത്തമനായി ഇന്ന് ഈ ഭൂമിയില്‍ ആരും തന്നെയില്ല. ഒരു പ്രവാചകന് മാത്രം വെളിപ്പെടുത്താന്‍ കഴിയുന്ന സത്യങ്ങളാണ് ഇന്ന് അദ്ദേഹം എനിക്ക് പറഞ്ഞുതന്നത്.”
അദ്ദാസിന്റെ (അ) ഇസ്‌ലാം സ്വീകരണചരിത്രം നമുക്കുനല്‍കുന്ന നിരവധി വിലപ്പെട്ട അറിവുകളുണ്ട്. ഇസ്‌ലാമിക പ്രബോധനം എത്രത്തോളം വലിയ ബാധ്യതയാണെന്ന അറിവാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ക്ഷീണിച്ച് അവശനായിരിക്കുമ്പോള്‍ പോലും അനുകൂലമായ അവസരമുണ്ടായപ്പോള്‍ സത്യവിശ്വാസത്തിന്റെ തെളിനീര്‍ പകര്‍ന്നുനല്‍കുവാന്‍ പ്രവാചകന്‍ (സ) കാണിച്ച ആവേശം നമുക്കെല്ലാം പാഠമാകേണ്ടതാണ്. സ്വര്‍ഗപാതയിലേക്ക് കൈപിടിച്ചുനടത്തുവാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കികൂടായെന്ന വലിയ പാഠം ഈ സംഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്. പ്രവാചകജീവിതത്തിലെ ചെയ്തികളില്‍ നിന്ന് ഈ പാഠം പഠിച്ചവരായ സ്വഹാബിമാരും താബിഉകളും അവരുടെ പിന്‍ഗാമികളുമെല്ലാം തങ്ങളുടെ ജീവിതത്തിലൂടെയും സംസാരത്തിലൂടെയും ഇസ്‌ലാം എത്തിക്കുവാന്‍ ശ്രമിച്ചതുമൂലമാണ് ബാങ്കുവിളി മുഴങ്ങാത്ത ഒരു നിമിഷംപോലും ഭൂഗോളത്തിലില്ലാത്ത സ്ഥിതിവിശേഷം സംജാതമായത്. വ്യക്തിയുടെ ഉത്തരവാദിത്തമായും സമൂഹത്തിന്റെ ബാധ്യതയായും ഉത്തമസമുദായമാകുന്നതിനായുള്ള പ്രവര്‍ത്തനമായുമെല്ലാം പഠിപ്പിക്കപ്പെട്ട ദഅ്‌വത്ത് യഥാരൂപത്തില്‍ നിര്‍വഹിക്കപ്പെടുന്നതുവഴിയാണ് ഉമ്മത്തിന് അഭിമാനകരമായ അസ്തിത്വമുണ്ടാവുകയെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. ആദര്‍ശപ്രബോധനമെന്ന ഉത്തരവാദിത്തം നിര്‍വഹിക്കപ്പെടാതിരുന്നപ്പോള്‍ അനുഭവിക്കേണ്ടിവന്ന പരീക്ഷണങ്ങള്‍ക്കും പി
ന്നോക്കാവസ്ഥയ്ക്കുമെല്ലാമുള്ള ഉദാഹരണങ്ങളും ചരിത്രത്തില്‍ നിരവധിയുണ്ട്. സമുദായശാക്തീകരണത്തിനും നവോത്ഥാനത്തിനും വേണ്ടിയുള്ള ശ്രമങ്ങളെല്ലാം തുടങ്ങേണ്ടത് ദഅ്‌വത്തിന്റെ നൈരന്തര്യത്തോടു കൂടിയാകണമെന്ന് പറയുന്നത് അതുകൊണ്ടാണ്.
ഇസ്‌ലാമികപ്രബോധനത്തെ അസംബന്ധമായും ഇസ്‌ലാംസ്വീകരണത്തെ കുറ്റകൃത്യമായും കാണുന്ന മാനസികാവസ്ഥ സൃഷ്ടിക്കുന്നതില്‍ സാമ്രാജ്യത്വവും ഫാഷിസവും ഏറെക്കുറെ വിജയിച്ചുകഴിഞ്ഞ വര്‍ത്തമാനകാല സാഹചര്യത്തില്‍ ദഅ്‌വത്തിന്റെ പ്രസക്തിയും പ്രധാന്യവും വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളത്. സര്‍വലോകങ്ങളുടെയും നാഥന്‍ സര്‍വമനുഷ്യര്‍ക്കുമായി കനിഞ്ഞുനില്‍കിയ, വിമോചനത്തിന്റെ വേദഗ്രന്ഥവും കാരുണ്യത്തിന്റെ പ്രവാചകജീവിതവും വരച്ചുകാണിക്കുന്ന ജീവിതദര്‍ശനം മനുഷ്യരായി പിറന്നവരുടെയെല്ലാം ജന്മാവകാശമാണെന്ന വസ്തുത ആര് മറച്ചുവെക്കാനും തമസ്‌കരിക്കാനും ശ്രമിച്ചാലും യാഥാര്‍ത്ഥ്യമല്ലാതെയാവുകയില്ലെന്ന് ഉറക്കെ പറയേണ്ട ബാധ്യത മുസ്‌ലിംകള്‍ക്കുണ്ട്. ആരൊക്കെയോ പടച്ച അന്ധകാരങ്ങള്‍ക്കകത്ത് പെട്ടുപോയവര്‍ അവയാണ് നിത്യസത്യമെന്നു കരുതുകയും വെളിച്ചത്തെ പഴിക്കുകയും ഇരുട്ടിനെ പുകഴ്ത്തുകയും ചെയ്യുമ്പോള്‍ ഇരുട്ടും വെളിച്ചവും വേര്‍തിരിച്ചു മനസ്സിലാക്കി കൊടുക്കുകയെന്ന പ്രവാചകദൗത്യത്തിന്റെ പിന്‍മുറക്കാര്‍ നിശബ്ദരാവുകയല്ല, പ്രത്യുത കൂടുതല്‍ ശക്തമായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് ചെയ്യേണ്ടത്. ഇസ്‌ലാമിനെക്കുറിച്ച അറിവില്ലായ്മയുടെ തട്ടകത്തിലാണ് ഇസ്‌ലാം വെറുപ്പിന്റെയും ഇസ്‌ലാം ഭീതിയുടെയും മുട്ടകളെ വിരിയിച്ചെടുക്കുവാന്‍ ഇരുട്ടിന്റെ ഉപാസകര്‍ ശ്രമിക്കുന്നത്. വെറുപ്പുല്‍പാ
ദനത്തിന്റെ വെടിക്കെട്ടുകള്‍ക്ക് അകത്തുനിന്നും പുറത്തുനിന്നുമെല്ലാം തീ കൊളുത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതുകണ്ട് അമ്പരന്നു നില്‍ക്കുകയല്ല സത്യവിശ്വാസികളുടെ ദൗത്യം. ഈ വെടിക്കെട്ടുകള്‍ കണ്ട് സത്യമതത്തെ തെറ്റിദ്ധരിച്ച നിരവധി അദ്ദാസുമാര്‍ നമുക്കുചുറ്റുമുണ്ട്. നിഷ്‌കളങ്ക മനസ്സുള്ള നല്ല മനുഷ്യര്‍. അവര്‍ ഇസ്‌ലാമിനെ അറിഞ്ഞതും അറിഞ്ഞുകൊണ്ടിരിക്കുന്നതും മുതലാളിത്തത്തിന്റെയും അക്രമദേശീയതയുടെയും പാലു കുടിച്ചു വളരുന്ന മീഡിയയില്‍ നിന്നാണ്! അവര്‍ വിരിച്ച വലയില്‍ കുടുങ്ങി ഇസ്‌ലാമിനെ രക്ഷിക്കാന്‍ വാളെടുക്കുന്ന തലതിരിഞ്ഞ ‘മത’പ്രവര്‍ത്തകരില്‍ നിന്നാണ്. അവരെല്ലാം കൂടി സൃഷ്ടിച്ചെടുത്ത കൂരിരുട്ടിനെ ഭേദിക്കേണ്ടത് കരുണാനിധിയായ അല്ലാഹുവില്‍ നിന്ന് കരുണക്കടലായ അന്തിമപ്രവാചകനിലൂടെ ഒഴുകിയ കാരുണ്യദര്‍ശനത്തിന്റെ വിളക്കായിത്തീരേണ്ടവര്‍ ആളിക്കത്തിക്കൊണ്ടാണ്.  അതുചെയ്യാതിരിക്കുന്നത് മാനവരാശിയോടു ചെയ്യുന്ന മഹാപാതകമായിരിക്കും.
സത്യമറിയാതെ തെറ്റിദ്ധരിച്ചവരും യാഥാര്‍ത്ഥ്യമറിയാന്‍ കൊതിക്കുന്നവരുമായ നിരവധി അദ്ദാസുമാരെ പരിചയപ്പെടാന്‍ കഴിഞ്ഞ ‘നല്ല കാല’മായി പൊലീസ് കസ്റ്റഡിയിലും റിമാന്‍ഡിലുമായിരുന്ന രണ്ട് ആഴ്ചകളെ ഓര്‍ക്കാനാണ് എന്നിലെ പ്രബോധകന്‍ എന്നെ പ്രേരിപ്പിക്കുന്നത്. ഒന്നും രണ്ടും മൂന്നും നാലും നക്ഷത്രങ്ങളുള്ള ഉദ്യോഗസ്ഥന്‍മാര്‍ മുതല്‍ കൊലക്കുറ്റം ആരോപിക്കപ്പെട്ട കുറ്റവാളികള്‍ വരെ സത്യമതത്തെക്കുറിച്ച തികഞ്ഞ അജ്ഞതയിലാണ് ജീവിക്കുന്നതെന്ന അറിവ് നമ്മുടെ ബാധ്യതയുടെ ആഴമാണ് വ്യക്തമാക്കുന്നത്. ഇസ്‌ലാമിനെ കുഴപ്പമായി മനസ്സിലാക്കിയവര്‍ക്ക് ഇസ്‌ലാമിക പ്രബോധകര്‍ കുഴപ്പക്കാരാണെന്നു തോന്നുക സ്വാഭാവികമാണ്. പ്രസ്തുത സ്വാഭാവികത നാം തിരിച്ചറിഞ്ഞേ പറ്റൂ. തെറ്റിദ്ധരിച്ചവരെയെല്ലാം കുറ്റക്കാരായി വിധിച്ച് കല്ലെറിയുകയല്ല, അവരെ ശരി ധരിപ്പിക്കുവാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ഗൗരവമായി ചിന്തിക്കുകയാണ് നാം
ചെയ്യേണ്ടത്. കുറ്റവാളിയെന്ന സംശയത്തോടുകൂടിയുള്ള ചോദ്യം ചെയ്യലുകള്‍ക്ക് നടുവില്‍പോലും ‘ഇങ്ങനെയെല്ലാമാണോ ഇസ്‌ലാം’ എന്ന് ആശ്ചര്യത്തോടെ ചോദിക്കുന്നവരില്‍ ‘ക്രൂരതയുടെ ഇസ്‌ലാം’ ചിത്രമുണ്ടാക്കിയത് ആരായിരുന്നാലും അവരാണ് മാപ്പര്‍ഹിക്കാത്ത കുറ്റം ചെയ്തവര്‍. ‘ഇങ്ങനെയെല്ലാമാണ് ഇസ്‌ലാമെങ്കില്‍ എനിക്കും മുസ്‌ലിമാകാമായിരുന്നു’വെന്ന് തമാശയോടുകൂടിയാണെങ്കിലും പറയുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാര്‍ നമ്മുടെയെല്ലാം ഹൃദയത്തിനകത്തേക്ക് കുറ്റബോധത്തിന്റെ ചാട്ടുളിയാണ് എറിയുന്നത്. ഇങ്ങനെയൊന്നുമല്ല ഇസ്‌ലാമെന്നു ധരിച്ചവരെ ഇങ്ങനെയെല്ലാമാണ് ഇസ്‌ലാം എന്നു ധരിപ്പിക്കേണ്ട ഉത്തരവാദിത്തമുള്ള സമാധാനമതത്തിന്റെ വക്താക്കളുടെ മനസ്സുകള്‍ക്കകത്തേക്കാണ് ആ ചാട്ടുളി തറഞ്ഞുപോകുന്നത്. തെരുവിലും പേജിലുമായി നിരവധി ഇസ്‌ലാമിക പ്രബോധന സംരംഭങ്ങള്‍ നടന്നിട്ടും അല്‍ഖാഇദയുടെ ജിഹാദും ഐസിസിന്റെ ഹിജ്‌റയുമെല്ലാം തന്നെയാണ് ഇസ്‌ലാമിന്റേതെന്ന് കരുതുന്നവരാണ് കേരളത്തില്‍ പോലുമുള്ള ഉദ്യോഗസ്ഥരില്‍ പലരുമെങ്കില്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുവാന്‍ പ്രബോധനരംഗത്തുള്ളവര്‍ക്ക് കഴിയുമോ? ഇസ്‌ലാം വിരുദ്ധരും ഇസ്‌ലാമിനെ രക്ഷിക്കാനെന്ന പേരില്‍ ആയുധമെടുത്തവരും സൃഷ്ടിച്ചതാണ് ഭീകരതയുടെ
പുകമറയെന്നു പറഞ്ഞ് മാറിനില്‍ക്കുവാന്‍ നമുക്കാര്‍ക്കെങ്കിലും സാധിക്കുമോ? ഭീകരതയുടെ പുകപടലങ്ങള്‍ സൃഷ്ടിച്ച് ഇസ്‌ലാമിനെ വികൃതവല്‍ക്കരിക്കുവാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ പ്രസ്തുത പുകപടലങ്ങള്‍ നീക്കുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കേണ്ട ഉത്തരവാദിത്തം എല്ലാ മുസ്‌ലിംകള്‍ക്കുമില്ലേ? ഭൂമിയുടെ അധികാരം നഷ്ടപ്പെട്ട അല്ലാഹുവിന് അത് തിരിച്ചുപിടിച്ചുകൊടുക്കുകയാണ് മുസ്‌ലിംകളുടെ ദൗത്യമെന്ന് പഠിപ്പിക്കുകയും അതിനനുസൃതമായി ജിഹാദും ഹിജ്‌റയുമെല്ലാം വ്യാഖ്യാനിക്കുകയും ചെയ്യുന്നവര്‍ക്ക് ക്വുര്‍ആനും നബിവചനങ്ങളും
പഠിപ്പിക്കുന്ന സര്‍വലോകനാഥനെ മനസ്സിലായിട്ടു പോലുമില്ലെന്ന് വിളിച്ചുപറയേണ്ട ബാധ്യത ഓരോ പ്രബോധകന്റേതുമല്ലേ? ഇസ്‌ലാം ഭീതിയുടെ മഹാസമുദ്രത്തിനുനടുവില്‍ തെറ്റിദ്ധാരണകളുടെ കയത്തില്‍ മുങ്ങിത്താഴുന്നവര്‍ക്കെതിരെ മുഷ്ടിയുയര്‍ത്തുന്നതിനുമുന്‍പ്, പരമകാരുണിക
നും സ്‌നേഹനിധിയുമായ രക്ഷിതാവില്‍ നിന്നുള്ള സമാധാനദര്‍ശനത്തിന്റെ കൈനീട്ടിക്കൊടുത്ത് അവരെ രക്ഷിക്കാന്‍ ശ്രമിക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമല്ലേ? വിമര്‍ശനങ്ങളുടെയും തെറിവിളികളുടെയും ആക്രമണങ്ങളുടെയും അതിക്രമങ്ങളുടെയും തിരമാലകള്‍ക്ക് മുമ്പില്‍ ആശ്ചര്യപ്പെട്ടു നില്‍ക്കുകയല്ല, അതില്‍ മുങ്ങിത്താഴുന്നവരെ രക്ഷിക്കുവാന്‍ ശ്രമിക്കുകയാണ് നമ്മുടെ ദൗത്യമെന്ന് വീണ്ടും വീണ്ടും തെര്യപ്പെടുത്തുന്നതായിരുന്നു പ്രസ്തുത രണ്ട് ആഴ്ചകള്‍!
സത്യദൂതന്‍ (സ) പഠിപ്പിച്ചതെത്ര ശരി! ‘വിശ്വാസിയുടെ കാര്യം അത്ഭുതകരം തന്നെ! എല്ലാം അയാള്‍ക്ക് ഗുണകരം തന്നെ. വിശ്വാസിക്ക് മാത്രമുള്ളതാണീ അവസ്ഥ. സന്തോഷകരമായ നന്മകളെന്തെങ്കിലും അയാള്‍ക്കുണ്ടായാല്‍ അല്ലാഹുവിനോടയാള്‍ കൃതാര്‍ത്ഥനാവുകയും അതയാള്‍ക്ക് നന്മ നല്‍കുകയും ചെയ്യുന്നു. ദുഃഖകരമായ പ്രയാസങ്ങളെന്തെങ്കിലുമുണ്ടായാല്‍ അതയാള്‍ ക്ഷമിക്കുകയും അതും അയാള്‍ക്ക് നന്മയായി ഭവിക്കുകയും ചെയ്യുന്നു.’ (മുസ്‌ലിം)

Leave a Reply

Your email address will not be published. Required fields are marked *