പ്രപഞ്ചം: അരിസ്റ്റോട്ടിലിനെ തിരുത്തുകയാണ് ക്വുര്‍ആന്‍

വേട്ടയാടി നടന്നിരുന്ന പ്രാചീന മനുഷ്യന്‍ ഘോരവനങ്ങളിലും മഹാസമുദ്രങ്ങളിലും ദിക്കറിയുന്നതിന് നക്ഷത്രങ്ങളെ നിരീക്ഷിച്ച് തുടങ്ങിയിട്ടുണ്ടാവണം. പിന്നീട് കൃഷി ആരംഭിച്ചതോടെ കാലാവസ്ഥ നിരീക്ഷണത്തിനുള്ള പ്രകൃതിയെയും പ്രപഞ്ചത്തെയും പഠിക്കാതിരിക്കാന്‍ പറ്റില്ല എന്നായി. മനുഷ്യന്റെ പ്രപഞ്ചസിദ്ധാന്തങ്ങള്‍ പിറവിയെടുക്കുന്നത് ഇങ്ങനെയൊക്കെയാണ്. ഇതിനെത്തുടര്‍ന്ന് വിവിധങ്ങളായ നാഗരികതകളില്‍ വിവിധങ്ങളായ പ്രപഞ്ച വീക്ഷണങ്ങളും മിത്തുകളും നിലനിന്നിരുന്നതായി കാണാം. എങ്കിലും മനുഷ്യന്റെ ആദ്യകാല പ്രപഞ്ചവീക്ഷണങ്ങള്‍ സങ്കുചിതവും പരിമിതവുമായിരുന്നു. രാക്ഷസാകാരമുള്ള ആമയുടെയോ, സര്‍പ്പത്തിന്റെയോ മല്‍സ്യത്തിന്റെയോ പുറത്തോ കാളയുടെ മുതുകിലോ ആനയുടെ കഴുത്തിലോ ഉറപ്പിച്ചതായിരുന്നു പ്രാചീനമനുഷ്യന്റെ ഭൂമി. അവന് ആകാശവും അകലെയായിരുന്നില്ല. പൗരാണിക ബാബിലോണിയക്കാരുടെ ദൃഷ്ടിയില്‍ ഭൂമി ഒരു പരന്ന തളിക പോലെ ഇരുന്നു. ആ തളികയ്ക്ക് ചുറ്റും സമുദ്രം. ഭൂമിയെയും സമുദ്രത്തെയും മൂടിക്കൊണ്ട് കമഴ്ത്തിവെച്ചൊരു പാത്രമായിരുന്നു അവരുടെ ആകാശം.
ഇത്തരം മിത്തുകളില്‍ നിന്നും വ്യത്യസ്തമായി നിരീക്ഷണങ്ങളുടെ വെളിച്ചത്തിലുള്ള ശാസ്ത്രീയ ജ്യോതിശാസ്ത്രത്തിന് തുടക്കമുണ്ടാവുന്നത് ഗ്രീസില്‍ നിന്നാണ്. ഗ്രീസിലെ സമോസില്‍ ജീവിച്ചിരുന്ന പൈതഗോറസ് സംഖ്യകളെ അടിസ്ഥാനമാക്കി പ്രപഞ്ചത്തെ വിശദീകരിക്കാന്‍ ശ്രമിച്ചു. ഭൂമി ഉരുണ്ടതാണെന്നും അത് കറങ്ങുന്നത് കൊണ്ടാണ് രാപ്പകലുകള്‍ ഉണ്ടാകുന്നതെന്നും കണ്ടെത്തുന്നത് ഇദ്ദേഹമാണ്. പൈതഗോറസിന്റെയും ശേഷം വന്ന പ്ലൂട്ടോയുടെയും യുടോക്‌സസിന്റെയുമെല്ലാം ഈ വിശ്വവിജ്ഞാന ദര്‍ശനങ്ങളുടെ മൂര്‍ത്തരൂപമാണ് അരിസ്റ്റോട്ടില്‍.
അരിസ്റ്റോട്ടില്‍ കാണിച്ചുകൊടുത്ത പാന്ഥാവിലൂടെയാണ് പാശ്ചാത്യ തത്ത്വചിന്ത പിന്നീട് ഏതാണ്ട് പത്തൊമ്പത് ശതാബ്ദങ്ങള്‍ മുന്നേറിയത്. പ്രപഞ്ചത്തെ സംബന്ധിച്ച അരിസ്റ്റോട്ടിലിയന്‍ ധാരണകളെ മനസ്സിലാക്കിയാല്‍ മാത്രമേ ആ വീക്ഷണത്തില്‍ ലോകം മുഴുകിയിരുന്ന യുഗങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കപ്പെട്ട വിശുദ്ധ ക്വുര്‍ആന്‍ എത്ര പുരോഗമനവും ശാസ്ത്രീയവുമായ ജ്യോതിശാസ്ത്ര വീക്ഷണമാണ് നല്‍കുന്നത് എന്ന് മനസ്സിലാക്കാനാകൂ. അരിസ്റ്റോട്ടിലിയന്‍ പ്രപഞ്ച സിദ്ധാന്തമനുസരിച്ച് തുടക്കവും, ഒടുക്കവുമില്ലാത്ത അനാദിയില്‍ നിലനിന്നിരുന്നതും പരിമിതമായ വിസ്താരമുള്ളതുമായ രൂപമാണ് പ്രപഞ്ചത്തിന്. ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും അദ്ദേഹം വാദിച്ചു. ഇതനുസരിച്ച് സ്ഥിരമായി നില്‍ക്കുന്ന ഭൂമിയെ ഈ വൃത്തപഥത്തില്‍ സൂര്യനും, ചന്ദ്രനും, ഗ്രഹങ്ങളും, നക്ഷത്രങ്ങളും വലം വെക്കുകയാണെന്നാണ്. അരിസ്റ്റോട്ടിലിന്റെ ഭൗതികത്തിലെ പ്രധാനപരികല്‍പന ഉപരിപ്രപഞ്ചത്തിന് ഒരു മാറ്റവും ഇല്ലെന്നുള്ളതായിരുന്നു.
മണ്ണ്, ജലം, അഗ്നി, വായു എന്നീ നാലു ഭൂതങ്ങള്‍ കൊണ്ട് നിര്‍മിതമായിരുന്നു അരിസ്റ്റോട്ടിലിന്റെ ഭൂമി. മണ്ണും ജലവും താഴേക്ക് പതിക്കുമ്പോള്‍ അഗ്‌നിയും, വായുവും മുകളിലേക്കുയരുന്നു. എന്നാല്‍ നക്ഷത്രങ്ങളും ഗ്രഹങ്ങളും ആകാശത്തിന് കുറുകെ കറങ്ങിക്കൊണ്ടിരിക്കുന്നു. ഭൂമിയിലെ ചതുര്‍ഭൂതങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ആകാശ വസ്തുക്കളെന്ന് അദ്ദേഹം വാദിച്ചു. ആകാശ വസ്തുക്കള്‍ അനശ്വരമായ ഈതെര്‍ (aether) എന്ന മൂലകം കൊണ്ട് നിര്‍മിക്കപ്പെട്ടതാണെന്ന് അരിസ്റ്റോട്ടില്‍ കരുതി. അദ്ദേഹം പ്രപഞ്ചത്തെ രണ്ടു തട്ടുകളായി തിരിച്ചു; ചന്ദ്രനു മുകളിലും താഴെയുമായി. ചന്ദ്രനു മുകളിലുള്ള ഭാഗം മാറ്റമില്ലാത്തതും അനശ്വരവുമാണ് ഭൂമി മാറ്റം ഉള്ളതും നശ്വരവും. ക്രിസ്തുവിനു മുമ്പ് 340ല്‍ അരിസ്റ്റോട്ടില്‍ എഴുതിയ നഭസ്സിനെക്കുറിച്ച് (On The Heavens) എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രപഞ്ച വീക്ഷണങ്ങളെല്ലാം അടങ്ങിയിരിക്കുന്നത്.
അരിസ്റ്റോട്ടിലിന്റെ ജ്യോതിശാസ്ത്ര വീക്ഷണങ്ങളെല്ലാം ശേഷം ലോകശ്രദ്ധയാകര്‍ഷിച്ചു. വലിയൊരു കാലയളവോളം അരിസ്റ്റോട്ടിലിന്റെ പ്രപഞ്ചസിദ്ധാന്തങ്ങള്‍ ആയിരുന്നു ജ്യോതിശാസ്ത്രം. ക്രിസ്താബ്ദം മൂന്നാം നൂറ്റാണ്ട് മുതല്‍ പതിനാറാം നൂറ്റാണ്ട് വരെ ഇതിന് കാര്യമായ മാറ്റങ്ങളൊന്നും വന്നില്ല. അതിനുകാരണം ക്രിസ്തുമത പണ്ഡിതന്മാര്‍ക്ക് അനുയോജ്യമായിരുന്നു അരിസ്റ്റോട്ടിലിന്റെ പ്രപഞ്ചം എന്നതായിരുന്നു. നശ്വരമായ ഭൂമി താഴെയും അനശ്വരമായ സ്വര്‍ഗം മുകളിലുമാണല്ലോ! മാത്രമല്ല ഭൂകേന്ദ്രീകൃതമായൊരു പ്രപഞ്ചമായിരുന്നു ക്രൈസ്തവ മതചിന്തയ്ക്ക് ഏറ്റവും അനുയോജ്യം. മനുഷ്യന്‍ ദൈവപുത്രനായതുകൊണ്ട് അവന്റെ വാസസ്ഥലമായ ഭൂമിയ്ക്ക് കേന്ദ്രസ്ഥാനം ഉണ്ടെന്നായിരുന്നു വിശ്വാസം.
അതിനാല്‍ അരിസ്റ്റോട്ടിലിന്റെ പ്രപഞ്ചസിദ്ധാന്തങ്ങള്‍ ക്രിസ്തുമതം ആവേശപൂര്‍വം ഏറ്റെടുത്തു. ഏറ്റവും വലിയ ദാര്‍ശനികനായി അദ്ദേഹം വാഴ്ത്തപ്പെട്ടു. റോമന്‍ കത്തോലിക്കാസഭയുടെ പ്രപഞ്ച വീക്ഷണത്തില്‍ അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തങ്ങള്‍ ഉള്‍പ്പെടുത്തി.
പക്ഷേ അരിസ്റ്റോട്ടിലിന്റെ പ്രപഞ്ച വീക്ഷണങ്ങള്‍ അക്കാലത്ത് പുരോഗമനപരമായിരുന്നു എങ്കിലും പിന്നീടത് ശാസ്ത്ര പുരോഗതിക്ക് സൃഷ്ടിച്ച മാര്‍ഗതടസ്സങ്ങള്‍ ചെറുതായിരുന്നില്ല. അരിസ്റ്റോട്ടിലിന്റെ പ്രപഞ്ച സിദ്ധാന്തങ്ങള്‍ നൂറ്റാണ്ടുകളോളം ലോകത്തെ കബളിപ്പിച്ചു. ക്രൈസ്തവസഭ യൂറോപ്പില്‍ തീര്‍ത്ത ഇരുണ്ടയുഗം അവസാനിക്കുംവരെ അത് തുടര്‍ന്നു.
പ്രപഞ്ചത്തെ സംബന്ധിച്ച അരിസ്റ്റോട്ടിലിയന്‍ തെറ്റിദ്ധാരണകളില്‍ ലോകം മുങ്ങിനിന്നിരുന്ന ഈ യുഗങ്ങള്‍ക്കിടയിലാണ് പ്രവാചകന്റെയും വിശുദ്ധ ക്വുര്‍ആനിന്റെയും അവതരണമുണ്ടാവുന്നത്. ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കുമ്പോഴും വിശുദ്ധ ക്വുര്‍ആനിന്റെ ദൈവികത വ്യക്തമാണെന്ന വസ്തുതയെ തിരസ്‌കരിക്കാന്‍ പൗരാണിക ശാസ്ത്രമേഖലകളെ പഠിച്ച് പ്രവാചകനാണ് ക്വുര്‍ആന്‍ രചന നടത്തിയിട്ടുള്ളതെന്ന് പറഞ്ഞൊപ്പിക്കാനാണ് മിക്ക വിമര്‍ശകരും ശ്രമിക്കാറുള്ളത്. എന്നാല്‍ ഇവ്വിഷയത്തിലുള്ള ഓരോ പഠനങ്ങളും ഇത്തരം വിമര്‍ശനവൈകല്യങ്ങളെ പച്ചയായി ഖണ്ഡിക്കുകയാണെന്ന് കാണാം.
ഒന്നാമതായി ക്വുര്‍ആന്‍ അതിന്റെ അവതരണ കാലത്തെ അറിവിനെ ആശ്രയിച്ച് രചിക്കപ്പെട്ടതാണെങ്കില്‍ അതില്‍നിന്നും ശാസ്ത്രീയമായ ഒരു അബദ്ധമെങ്കിലും സ്ഥാപിക്കാന്‍ ഇന്നോളമുള്ള വിമര്‍ശകരിലാരെക്കൊണ്ടെങ്കിലും കഴിയേണ്ടതായിരുന്നു. പ്രത്യേകിച്ച് പ്രപഞ്ചോല്‍പത്തി മുതല്‍ വിവിധ പ്രാപഞ്ചിക, ജൈവ പ്രതിഭാസങ്ങളെ വരെ വിശദീകരിച്ച ശേഷം  ക്വുര്‍ആന്‍ തന്നെ അതിന്റെ ദൈവികതയെ അംഗീകരിക്കാത്തവരോടായി നടത്തുന്ന വെല്ലുവിളി ഇതില്‍ നിന്നും ഒരു വൈരുധ്യമെങ്കിലും ചൂണ്ടിക്കാനാണ്. അവതരണകാലത്തെ സകലശാസ്ത്ര വൈരുധ്യങ്ങളെയും ഖണ്ഡിച്ച് ശാസ്ത്ര സത്യങ്ങളെ സ്ഥാപിക്കാന്‍ ഒരു വിശുദ്ധ ഗ്രന്ഥത്തിന് കഴിഞ്ഞെങ്കില്‍ അതിന്റെ ദൈവികതയ്ക്ക് പിന്നെ വേറെയെന്ത് ദൃഷ്ടാന്തമാണ് വേണ്ടത്?
തുടക്കമോ ഒടുക്കമോ ഇല്ലാതെ എന്നും മാറ്റമില്ലാതെ നില്‍ക്കുന്ന പ്രപഞ്ചമെന്ന അരിസ്റ്റോട്ടിലിയന്‍ ധാരണയെ ശരിവെക്കുന്ന ഒരു ആയത്ത് പോലും ക്വുര്‍ആനിലുടനീളം പരിശോധിച്ചാലും കാണില്ല എന്ന വസ്തുത തന്നെ ഇത്തരം വിമര്‍ശനങ്ങളെ പച്ചയായി ഖണ്ഡിക്കുന്നുണ്ട് എന്നുമാത്രമല്ല ക്വുര്‍ആന്‍ വിശദീകരിച്ച പ്രപഞ്ച മാതൃകയില്‍ തന്നെയാണ് ആധുനിക ശാസ്ത്രവും എത്തി നില്‍ക്കുന്നതെന്നും കാണാം. പ്രപഞ്ചമാകെ പുകപടലമായി നിലനിന്നിരുന്ന ഒരവസ്ഥയില്‍ നിന്നുമുള്ള രൂപപരിണാമത്തിലൂടെയാണ് ഇന്നത്തെ അവസ്ഥയിലുള്ള ഉപരി പ്രപഞ്ചത്തിന്റെ സൃഷ്ടി എന്നു പറയുന്നതിലൂടെ തന്നെ ഈതര്‍ എന്ന വിശിഷ്ട പദാര്‍ത്ഥത്താല്‍ നിര്‍മിതമായ മാറ്റമില്ലാതെ അനശ്വരമായി നിന്നിരുന്ന ഉപരിലോകം എന്ന അരിസ്റ്റോട്ടിലിയന്‍ ആശയത്തെ ക്വുര്‍ആന്‍ ഖണ്ഡിക്കുന്നുണ്ട്.
‘അതിനു പുറമെ അവന്‍ ആകാശത്തിന്റെ നേര്‍ക്കു തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു. (41:11)
ആറ്റം ന്യൂക്ലിയസ്സിനോട് ഇലക്‌ട്രോന്‍സുകള്‍ കൂടിച്ചേര്‍ന്ന് ആറ്റങ്ങളുണ്ടായത് പ്രപഞ്ചം 3000 ഡിഗ്രി സെല്‍ഷ്യസില്‍ താഴേക്ക് തണുത്തപ്പോള്‍ മാത്രമാണ്. അന്നുവരെയുള്ള  പ്രപഞ്ചത്തില്‍ സ്വതന്ത്രമായി വിഹരിച്ച് നടന്നിരുന്ന ഇലക്‌ട്രോന്‍സുകള്‍ കാരണം പ്രകാശകണങ്ങളായ ഫോട്ടോന്‍സുകള്‍ക്ക് അധികം മുന്നോട്ട് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇലക്‌ട്രോണ്‍ കണങ്ങളില്‍ കൂട്ടിയിടിച്ച് പ്രകാശത്തിന് അധികം നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ കഴിയാത്ത, മൂടല്‍ മഞ്ഞിനകത്ത് സംഭവിക്കുന്നത് പോലുള്ള പുകപടലമായ അവസ്ഥ (eletcron free fog). പ്രപഞ്ചമാകെ പുകപടലമെന്ന അവസ്ഥയില്‍ ആയിരുന്നെന്നും ശേഷം ഈ രൂപത്തിലേക്ക് മാറ്റപ്പെടുകയായിരുന്നെന്നും പറയുന്നതിലൂടെ മാറ്റമില്ലാതെ അനശ്വരമായി നിലനിന്നിരുന്ന പ്രപഞ്ചമെന്ന അരിസ്റ്റോട്ടിലിയന്‍ ജ്യോതിശാസ്ത്രത്തെ പൊളിച്ചെഴുതുക മാത്രമല്ല ആധുനിക ശാസ്ത്ര നിരീക്ഷണങ്ങള്‍ ശരിവെക്കുക കൂടിയാണ് ക്വുര്‍ആനിനെ.
ഈതര്‍ എന്ന വിശിഷ്ട വസ്തുവാല്‍ നിര്‍മിക്കപ്പെട്ട മാറ്റമില്ലാത്ത ഉപരിലോകമെന്നതാണല്ലോ അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തം. എന്നാല്‍ പ്രപഞ്ചം അനുസ്യൂതം മാറിക്കൊണ്ടിരിക്കുകയാണ് എന്നതാണ് ക്വുര്‍ആനിന്റെ ഈ രംഗത്തെ നിരീക്ഷണം.
‘ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.’ (51:47)
പ്രപഞ്ചം അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്ന് തന്നെയാണ് ആധുനിക ശാസ്ത്ര നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നതും. 1924ല്‍ ഋറംശി ജ ഔയയഹല ആണ് വിപ്ലവാത്മകമായ ഈ കണ്ടെത്തല്‍ നടത്തുന്നത്. ഒരു പ്രകാശവസ്തു നമ്മോട് അടുക്കുകയാണെങ്കില്‍ ആവൃത്തി കൂടിയ നീല പ്രകാശവും അകലുകയാണെങ്കില്‍ ആവൃത്തി കുറഞ്ഞ ചുവപ്പ് നിറവും ആയിരിക്കും ദൃശ്യമാവുക. ടെലെസ്‌കോപ്പ് ഉപയോഗിച്ച് ആകാശ നിരീക്ഷണം നടത്തിയ ഔയയഹല കണ്ടത് ചുവപ്പുനീക്കം (red shift) എന്ന പ്രതിഭാസമാണ്. ഇതിനര്‍ത്ഥം ഗാലക്‌സികളെല്ലാം ഒരുപോലെ നമ്മില്‍നിന്നും അകലുകയാണെന്നാണ്. ഇതോടെ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്നതിന് നിരീക്ഷണാത്മക തെളിവായി.
ഇങ്ങനെ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എങ്കില്‍ ഇന്നലെകളില്‍ പ്രപഞ്ചത്തിന്റെ വലിപ്പം ഇതിലും കുറവായിരിക്കണമല്ലോ? അപ്പോള്‍ ഇങ്ങനെ കാലങ്ങള്‍ പിറകോട്ട് പോയാല്‍ പ്രപഞ്ചം ചുരുങ്ങി ചുരുങ്ങി സര്‍വ്വതും ഒന്നിച്ചുചേര്‍ന്നിരുന്ന ഒരു സിംഗുലാരിറ്റി അവസ്ഥയിലെത്തും. അവിടെ നിന്നുള്ള വേര്‍പെടലും, വികാസവുമാണ് ഇന്നത്തെ രൂപത്തിലുള്ള പ്രപഞ്ചത്തിന് കാരണമെന്ന നിഗമനത്തിലേക്ക് ശാസ്ത്രലോകം എത്തുന്നത് അങ്ങനെയാണ്. പിന്നീട് നിരീക്ഷണാത്മകമായ പല തെളിവുകളും ലഭിച്ചതോടെ മഹാവിസ്‌ഫോടനം (bigbang) എന്ന ഈ തിയറിയെ ശാസ്ത്രലോകം പൊതുവെ അംഗീകരിച്ചു.  പ്രപഞ്ചോല്‍പ്പത്തിയെ സംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്
‘ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?’ (21:30).
സര്‍വ്വതും ഒന്നിച്ചു ചേര്‍ന്നിരുന്ന ഒരവസ്ഥയില്‍ നിന്നുള്ള വേര്‍പെടലും വികാസവുമാണ് ഇന്നത്തെ രൂപത്തിലുള്ള പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിക്ക് കാരണമെന്ന് പറയുന്നതിലൂടെ തുടക്കവും, ഒടുക്കവും ഇല്ലാത്ത അനാദികാലമായി നിലനില്‍ക്കുന്ന പ്രപഞ്ചമെന്ന അരിസ്റ്റോട്ടില്‍ മുതല്‍ സ്റ്റഡിസ്റ്റേറ്റ് തിയറിക്കാരുടെ വരെ അന്ധവിശ്വാസത്തെ തിരുത്തുകയാണ് ക്വുര്‍ആന്‍.
ചുരുക്കത്തില്‍ അവതരണ കാലഘട്ടത്തിലെ ഒരു ശാസ്ത്ര തെറ്റിദ്ധാരണയുടെയും ലാഞ്ചനപോ
ലും ക്വുര്‍ആനില്‍ കാണുന്നില്ലെന്നു മാത്രമല്ല അവയെ തിരുത്തി ക്വുര്‍ആന്‍ മുന്നോട്ടുവെച്ച പ്രപഞ്ച മാതൃകയിലേക്ക് തന്നെയാണ് ആധുനിക ശാസ്ത്രവും എത്തിനില്‍ക്കുന്നതെന്ന് വ്യക്തം. പ്രപഞ്ചത്തെ സംബന്ധിച്ച പൂര്‍വികരുടെ തെറ്റായ നിഗമനങ്ങളെ ഖണ്ഡിച്ചുകൊണ്ട് ക്വുര്‍ആന്‍ നല്‍കിയ പ്രപഞ്ച വീക്ഷണം മധ്യകാല ഇസ്‌ലാമിക ലോകത്തെ ശാസ്ത്ര പുരോഗതിയിലും പ്രതിഫലിച്ച് കാണാം. അരിസ്റ്റോട്ടിലിന്റെ ഭൗമകേന്ദ്രീകൃത പ്രപഞ്ചമാതൃക പന്ത്രണ്ടാം  നൂറ്റാണ്ടില്‍ തന്നെ ക്വുര്‍ആനിനെ ആധാരമാക്കി ഇസ്‌ലാമിക ലോകത്ത് വിമര്‍ശനവിധേയമായിട്ടുണ്ട്. സര്‍വലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും എന്ന ക്വുര്‍ആന്‍ വാക്യത്തില്‍ നിന്നും ഒരു പ്രപഞ്ചത്തില്‍ തന്നെ ഒരുപാട് ലോകങ്ങളോ, അല്ലെങ്കില്‍ പ്രപഞ്ചങ്ങള്‍ തന്നെയോ ഒരുപാട് ഉണ്ടാവുമെന്ന് വിശദീകരിച്ചാണ് ഭൂമിയെ ചുറ്റിയുള്ള ഏക പ്രപഞ്ചമെന്ന അരിസ്റ്റോട്ടില്‍ മാതൃകയെ ഫക്രുദ്ദീനുറാസി (11491209) നിഷേധിക്കുന്നത്. ബഹുപ്രപഞ്ചങ്ങള്‍ വ്യത്യസ്ത ഭൗതിക നിയമങ്ങളാല്‍ നിലനില്‍ക്കുകയെന്നത് ആധുനിക ശാസ്ത്ര രംഗത്ത് നിഷേധിക്കാന്‍ കഴിയാത്തൊരു അനുമാനമാണ്. Eternal inflation model  മുതല്‍ String theory വരെ അതിനുള്ള സാധ്യതകളെ മനസ്സിലാക്കിത്തരുന്നുമുണ്ട്. പ്രപഞ്ച സൃഷ്ടിയെ വിശദീകരിക്കുന്ന ഭാഗത്ത് വ്യത്യസ്ത ആകാശങ്ങളെ സൃഷ്ടിക്കുകയും, അവക്കോരോന്നിനും വ്യത്യസ്ത നിയമങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതായി ക്വുര്‍ആനില്‍ കാണാം
‘അങ്ങനെ രണ്ടുദിവസ(ഘട്ട)ങ്ങളിലായി അവയെ അവന്‍ ഏഴു ആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്റെ കാര്യം അവന് നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്’ (41:12).
കൂടാതെ സമീപമായി ആകാശമണ്ഡലത്തിലാണ് ദൃഷ്ടിഗോചരമായ സര്‍വ നക്ഷത്രമണ്ഡലങ്ങളുടെയും സംവിധാനമെന്ന് കൂടെ ക്വുര്‍ആന്‍ ചേര്‍ത്തു പറയുന്നുണ്ട്. ശാസ്ത്രീയമായി പറഞ്ഞാല്‍ സൂര്യനും,
ഗ്രഹങ്ങളും, ഗാലക്‌സികളും, മണ്ണും, വായുവും ഉള്‍പ്പെടെ നമുക്ക് അനുഭവേദ്യമായ ദ്രവ്യം പ്രപഞ്ചത്തില്‍ വെറും 4.6 ശതമാനമേ വരൂ. പ്രകാശം പ്രതിഫലിപ്പിക്കുകയോ ആഗിരണം ചെയ്യുകയോ ചെയ്യുന്നതാണ് ഈ ദൃശ്യദ്രവ്യം. ബാക്കിയുള്ളതില്‍ 23 ശതമാനത്തോളം ശ്യാമദ്രവ്യവും (dark matter), 72 ശതമാനത്തോളം ഭാഗം ശ്യാമോര്‍ജ്ജവുമാണ് (dark energy). പ്രകാശവുമായി ഒരു വിധത്തിലും പ്രതിപ്രവര്‍ത്തിക്കാത്തവയാണ് ഇവ.
ദൃശ്യപ്രകാശത്തിന്റെ ലോകം നമുക്കടുത്തുള്ള ആകാശമണ്ഡലത്തില്‍ മാത്രമൊതുങ്ങുന്ന സംവിധാനമാണെന്ന് ചുരുക്കം. പ്രതാപശാലിയും സര്‍വവ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതാണത്.
അവതരണകാലത്തെ അറിവിനെ ആശ്രയിക്കുകയായിരുന്നില്ലെന്നും മറിച്ച് അന്നു നിലനിന്നിരുന്ന അബദ്ധധാരണകളെ തിരുത്തുകയായിരുന്നു വിശുദ്ധ ക്വുര്‍ആന്‍ ചെയ്തതെന്നും മേല്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ നിന്നും വ്യക്തമാണല്ലോ. മാത്രമല്ല ആറാം നൂറ്റാണ്ടിലെ മരുഭൂമിയില്‍ നിന്നുയിര്‍കൊണ്ട ക്വുര്‍ആന്‍ നല്‍കിയ പ്രപഞ്ചവീക്ഷണമെന്താണോ അവിടെത്തന്നെയാണ് ആധുനികശാസ്ത്രവും എത്തിനില്‍ക്കുന്നതെന്നും കണ്ടു.
ആറാം നൂറ്റാണ്ടില്‍ ആധുനിക ശാസ്ത്രംപോലും ഉയിര്‍കൊണ്ടിട്ടില്ലാത്ത ഇരുണ്ടയുഗത്തില്‍ പ്രപഞ്ചത്തെ ഇത്രകൃത്യമായി വിവരിക്കാന്‍ ആരെക്കൊണ്ടാണാവുക; പ്രപഞ്ചസൃഷ്ടാവിനല്ലാതെ?
‘നിങ്ങള്‍ക്കെങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കാന്‍ കഴിയുക? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക് ശേഷം അവന്‍ നിങ്ങള്‍ക്ക് ജീവന്‍ നല്‍കി. പി
ന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്ക് തന്നെ നിങ്ങള്‍ തിരിച്ചുവിളിക്കപ്പെടുകയും ചെയ്യും. അവനാണ് നിങ്ങള്‍ക്കു വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്. പു
റമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചവനും
അവന്‍ തന്നെയാണ്. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.’ (2:28-29)

Leave a Reply

Your email address will not be published. Required fields are marked *