ജിഹാദും ഐ.എസ് ദുര്‍വ്യാഖ്യാനങ്ങളും (സംശയങ്ങളും മറുപടിയും)

1. ഐ.എസിന്റെ വീഡിയോകളും അവരുടെ സന്ദേശങ്ങളുമെല്ലാം പരിശോധിക്കുമ്പോള്‍ അവര്‍ പറയുന്ന ഒരു കാര്യമാണ് ജനങ്ങളുടെ മുമ്പില്‍ ഇസ്‌ലാമിന്റെ ആശയങ്ങള്‍ തുറന്നുപറഞ്ഞ് അത് സ്വീകരിക്കുവാനോ തിരസ്‌കരിക്കുവാനോ ഉള്ള സ്വാതന്ത്ര്യം അത് കേള്‍ക്കുന്ന ആളുകള്‍ക്ക് വിട്ടുകൊടുക്കുക എന്നത് ഇസ്‌ലാമിക രീതിയല്ല എന്ന്. മറിച്ച് ബലപ്രയോഗത്തിലൂടെ നിര്‍ബന്ധിച്ച് അമുസ്‌ലിംകളെ ഇസ്‌ലാമിലേക്ക് കൊണ്ടുവരണമെന്നും അങ്ങനെ പടച്ചവന്റെ ഒരു ഭൂമി സൃഷ്ടിച്ചെടുക്കുകയാണ് മുസ്‌ലിമിന്റെ ദൗത്യമെന്നും അവര്‍ പറയുന്നു. ഇതിനെക്കുറിച്ച് യഥാര്‍ത്ഥ ഇസ്‌ലാമിന് എന്താണ് പറയാനുള്ളത്?

ഭീകരപ്രസ്ഥാനങ്ങള്‍ കഴിഞ്ഞ രണ്ടര പതിറ്റാണ്ടു കാലത്തോളമായി അറബ് മുസ്‌ലിം ലോകത്ത് പലരീതികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ലോക രാഷ്ട്രീയത്തില്‍ തന്നെ അവ പല അനുരണനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇസ്‌ലാമിക് സ്റ്റെയ്റ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ഐസിസ്) എന്ന ഭീകരപ്രസ്ഥാനം മുസ്‌ലിംകള്‍ക്ക് 1400 വര്‍ഷമായി പരിചയമില്ലാത്ത ഒരു പുതിയ ഇസ്‌ലാമിനെ സ്വന്തമായി കണ്ടെത്തുന്നതിലും അവതരിപ്പിക്കുന്നതിലും വിജയിച്ചിരിക്കുന്നുവെന്നതാണ് സവിശേഷത. ഭീകരപ്രസ്ഥാനങ്ങളെല്ലാം പ്രവാചകനോ സ്വഹാബിമാര്‍ക്കോ ത്വാബിഇകള്‍ക്കോ അതിനുശേഷമുള്ള നൂറ്റാണ്ടുകളിലെ മുസ്‌ലിംകള്‍ക്കോ ഒന്നും പരിചയമില്ലാത്ത ഒരു വ്യാഖ്യാനം ഇസ്‌ലാമിന് നല്‍കാന്‍ തന്നെയാണ് ശ്രമിച്ചത് എങ്കില്‍ ആ വ്യാഖ്യാനങ്ങളെയും കടന്ന് ഒരു പുതിയ ഇസ്‌ലാമിനെത്തന്നെ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുവാനും സ്ഥാപിക്കാനുമാണ് ഐ.എസ് ശ്രമിച്ചത് എന്ന് സാമാന്യമായി വേണമെങ്കില്‍ പറയാം. വളരെ വിചിത്രമായ്, തീര്‍ത്തും മൗലികമായ്, തീര്‍ത്തും ആധുനികമായ വാദങ്ങളാണ് ഇസ്‌ലാമിന്റെ പേരില്‍ അവരുയര്‍ത്തുന്നത്. ഒരുപക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ഇസ്‌ലാമിനെക്കുറിച്ചു നടന്ന ഓറിയന്റലിസ്റ്റുകളുടെ പഠനങ്ങള്‍ ഇസ്‌ലാമിനെതിരെ ഉന്നയിച്ചിട്ടുള്ള  ആരോപണങ്ങളെ സാധൂകരിക്കുന്നതിന് ഓറിയന്റലിസ്റ്റുകള്‍ പറഞ്ഞതുതന്നെയാണ് യഥാര്‍ത്ഥത്തിലുള്ള ഇസ്‌ലാം എന്നു വരുത്തിതീര്‍ക്കുന്നവിധത്തില്‍ ഇസ്‌ലാമിന്റെ ഓറിയന്റലിസ്റ്റ് വ്യാഖ്യാനങ്ങളെയാണ് ഇസ്‌ലാമിക് സ്റ്റെയ്റ്റ് പിന്തുടരുന്നത് എന്ന് പറയാനാണെനിക്ക് ഇഷ്ടം. മുസ്‌ലിം ലോകത്തെ ഏതെങ്കിലും പണ്ഡിതന്‍മാരെ പിന്തുടരുന്നവരാണ് ഇസ്‌ലാമിക് സ്റ്റേറ്റ് എന്നുപറയുന്നത് ശുദ്ധ കളവായിരിക്കും. കാരണം കഴിഞ്ഞ ഒന്നര സഹസ്രാബ്ദ കാലമായി മുസ്‌ലിം ലോകത്തിന് തീരെ പരിചയമില്ലാത്ത  മതവ്യാഖ്യാനങ്ങളാണ് അവരുടേത്.
ഇവിടെ ബഹുമാന്യനായ സുഹൃത്ത് അവതരിപ്പിച്ച കാര്യം തന്നെ നമ്മള്‍ പരിശോധിക്കുമ്പോള്‍ ഇസ്‌ലാമിക പ്രബോധനം എന്നുപറയുന്നത്, പ്രചരണപ്രവര്‍ത്തനങ്ങള്‍ എന്നുപറയുന്നത് എന്തോ വലിയ അപരാധമാണ് എന്ന തരത്തിലാണ് ഇവരുടെ ലേഖനങ്ങളും വീഡിയോകളുമെല്ലാം സംസാരിക്കുന്നത്. മലയാളി ഐ.എസുകാരുടേതെന്നു പറയുന്ന ഓഡിയോ ക്ലിപ്പില്‍ തന്നെ കേരളത്തിലുള്ള അമുസ്‌ലിം സുഹൃത്തുക്കള്‍ക്ക് മുന്നില്‍ ഇസ്‌ലാമിനെ അവതരിപ്പിക്കുവാനുള്ള പ്രോഗ്രാമുകളെ പരിഹസിക്കുന്നതുകാണാം. ആയിരം വര്‍ഷം ഇസ്‌ലാമിക പ്രബോധനം നിര്‍വഹിച്ചാലും അത് എന്ത് ഫലമാണുണ്ടാക്കാന്‍ പോകുന്നത് എന്നൊക്കെ ചോദിക്കുന്നു. അത്തരമൊരു ചോദ്യം ചോദിക്കുമ്പോള്‍ പരിശുദ്ധ ക്വുര്‍ആനിനെക്കുറിച്ച സാമാന്യമായ ഒരു ധാരണപോ
ലും ഇവര്‍ക്കില്ല എന്നതാണ് സത്യം. കാരണം ആയിരം വര്‍ഷത്തില്‍നിന്ന് അമ്പത് വര്‍ഷം കുറച്ചാല്‍ അത്രയും സുദീര്‍ഘമായ കാലയളവ് തന്റെ ജനതക്കിടയില്‍ നിലനിന്ന പ്രവാചകനാണ് നൂഹ് നബി (അ) എന്ന് പരിശുദ്ധ ക്വുര്‍ആന്‍ തന്നെ വളരെ വ്യക്തമായി നമ്മോട് പറയുന്നുണ്ട്. 950 വര്‍ഷത്തോളം ഒരു സമൂഹത്തില്‍ ദഅ്‌വത്ത് നടത്തുകയായിരുന്നു അദ്ദേഹം. പ്രബോധനദൗത്യങ്ങള്‍ വളരെ വിപുലമായി ചരിത്രത്തില്‍ ആദ്യമായി നിര്‍വഹിച്ച പ്രവാചകനാണ് നൂഹ് നബി (അ). ആ പ്രവാചകന്‍ അത്രയും കാലം പ്രബോധനദൗത്യവുമായി നിലനിന്നിട്ടുപോലും അദ്ദേഹത്തിന്റെ ആശയങ്ങള്‍ സ്വീകരിക്കുവാന്‍ എത്രയാളുണ്ടായി എന്നുചോദിച്ചാല്‍ പരിശുദ്ധ ക്വുര്‍ആന്‍ 71-ാം അധ്യായം സൂറത്തുന്നൂഹിലെ ആദ്യത്തെ വചനങ്ങള്‍ വായിക്കുന്നവര്‍ക്കെല്ലാം അത് മനസ്സിലാകും. നൂഹ് നബി (അ) പറയുന്നത് ഞാന്‍ അവരെ രാത്രി വിളിച്ചു, ഞാന്‍ അവരെ പകല്‍ വിളിച്ചു, ഞാന്‍ അവരോട് രഹസ്യമായി പ്രബോധനം ചെയ്തു, ഞാന്‍ പരസ്യമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു, പക്ഷേ അവരുടെ ധിക്കാരം വര്‍ധിക്കുകമാത്രമേ ചെയ്തുള്ളൂ, അവര്‍ ചെവിയില്‍ പലപ്പോഴും എന്റെ ശബ്ദം കേള്‍ക്കാതിരിക്കാനായി വിരലിട്ടിരുന്നു എന്നൊക്കെയാണ്. ഇവിടെ ഇത്രയും കാലം നൂഹ് നബി (അ) നിര്‍വഹിച്ച പ്രബോധനദൗത്യം അല്ലാഹുവിലേക്ക്, അല്ലാഹുവിന്റെ നിയമങ്ങളിലേക്ക് ജനങ്ങളെ ക്ഷണിക്കുക എന്ന ദൗത്യമായിരുന്നു. അവരെ ക്ഷണിക്കുക എന്നതല്ലാതെ അവരെ സ്വീകരിക്കുവാന്‍ നിര്‍ബന്ധിക്കുക എന്ന രീതി അദ്ദേഹം സ്വീകരിക്കുന്നേയില്ല.  സന്ദേശം ആരും സ്വീകരിക്കാത്തതിന്റെ പേരില്‍ ആരെയും അദ്ദേഹം ആക്രമിക്കുകയോ ഏതെങ്കിലും തരത്തില്‍ ഇത് അടിച്ചേല്‍പ്പിക്കുകയോ ചെയ്യുന്നില്ല അദ്ദേഹം. നൂഹ് നബി (അ) ഒരു സഹസ്രാബ്ദത്തോളം കാലം ഈ സന്ദേശങ്ങള്‍ തന്റെ സമൂഹത്തിനിടയില്‍ പ്രചരിപ്പിക്കുകമാത്രം ചെയ്തുകൊണ്ട് നിലനിന്നതിനെ ഇസ്‌ലാമിക് സ്റ്റെയ്റ്റ് എങ്ങനെയാണ് നോക്കിക്കാണുക എന്നറിയാന്‍ തീര്‍ച്ചയായും ലോകത്തിലെ മുഴുവന്‍ മുസ്‌ലിംകള്‍ക്കും കൗതുകമുണ്ട്.
അവിടെനിന്ന് ആരംഭിക്കുന്നതാണ് ഇസ്‌ലാമിക പ്രബോധനത്തിന്റെ ചരിത്രം. ആ ചരിത്രത്തില്‍ പ്രവാചകന്‍മാരുടെ മുഴുവന്‍ ചരിത്രവും നമ്മള്‍ പരിശോധിക്കുക. ഈ പറഞ്ഞ ആളുകള്‍ക്ക് ജനങ്ങളുടെ മേല്‍ നിര്‍ബന്ധിച്ച് മതം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച ഒരു പ്രവാചകനയെങ്കിലും ഹാജരാക്കാന്‍ കഴിയുമോ? എത്ര പ്രവാചകന്‍മാരുടെ കഥ ക്വുര്‍ആന്‍ പറയുന്നു. അതില്‍ ഇരുപത്തിയഞ്ചോളം പ്രവാചകന്‍മാരെ പരിശുദ്ധ ക്വുര്‍ആന്‍ പേരെടുത്ത് പറയുന്നു. ആ പ്രവാചകന്‍മാരുടെ ജീവിതത്തിലെ പ്രബോധനപ്രവര്‍ത്തനങ്ങളെ നമ്മുടെ മുന്നിലവതരിപ്പിക്കുന്നു. ഈ പ്രവാചകന്‍മാരെല്ലാം തന്നെ ഒന്നൊഴിയാതെ സ്വന്തം സമൂഹങ്ങളിലേക്ക് കടന്നുവരികയും അവര്‍ക്കുമുന്നില്‍ പടച്ചതമ്പുരാനില്‍നിന്നു ദിവ്യബോധനംവഴി ലഭിച്ച ആശയങ്ങള്‍ അവതരിപ്പിക്കുകയും ആശയങ്ങളിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ആ ആശയങ്ങളുടെ സത്യത ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു എന്നല്ലാതെ വാള്‍മുനയില്‍ നിര്‍ത്തി ബലംപ്രയോഗിച്ച് ആശയങ്ങള്‍ സ്വീകരിക്കുവാന്‍ ഒരു മനുഷ്യനെയും ഒരു പ്രവാചകനും നിര്‍ബന്ധിച്ചത് പ്രവാചകന്‍മാരുടെ ചരിത്രത്തിലെവിടെയും നമുക്ക് കാണാന്‍ കഴിയുന്നില്ല. ആശയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ പച്ചയായവര്‍ അവതരിപ്പിച്ചു. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കി. ഇതാണ് സത്യമെന്നവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നിട്ട് സ്വീകരിക്കുവാനും തിരസ്‌കരിക്കുവാനുമുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കി. അങ്ങനെയല്ലാത്ത ഒരു പ്രവാചകനെയെങ്കിലും, വേണ്ട ഏതെങ്കിലുമൊരു പ്രവാചകന്റെ ജീവിതത്തില്‍ നിന്ന് ഏതെങ്കിലും ഒരു സംഭവത്തെയെങ്കിലും, ആശയത്തെ/വിശ്വാസത്തെ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിച്ച ഒരേയൊരു സംഭവത്തെയെങ്കിലും ഇവര്‍ക്ക് ഉദ്ധരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഈ സംവാദത്തിന് ഒരു അര്‍ത്ഥമുണ്ടാകുമായിരുന്നു. അതൊന്നുമില്ലാതെ കേവലമായി പറയുകയാണ്. പ്രവാചകന്‍മാരെല്ലാവരും ജനങ്ങള്‍ക്ക് മുന്നില്‍ ആശയങ്ങള്‍ അവതരിപ്പിക്കുകയും സ്വീകരിക്കുവാനും
തിരസ്‌കരിക്കുവാനും സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുകയാണുണ്ടായതെന്ന കാര്യം വളരെ വ്യക്തമാണ്. പ്രവാചകന്‍മാരുടെ മുഴുവന്‍ പ്രബോധനശൈലി പി
ന്തുടരുന്നതിന്റെ പേരില്‍ പ്രബോധകസംഘങ്ങളെ ആക്രമിക്കുകയാണിവര്‍.
ഇവര്‍ പറയുന്നത് ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും മതനിരപേക്ഷതയുടെയുമെല്ലാം ആധുനികമായ ഒരു രാഷ്ട്രീയാന്തരീക്ഷത്തില്‍ നിലനില്‍പിനുവേണ്ടി ഇസ്‌ലാമില്‍ വെള്ളം ചേര്‍ക്കുകയാണ് പ്രബോധകസംഘങ്ങള്‍ എന്നാണ്. അങ്ങനെയല്ല, ഇസ്‌ലാം അതാണ്. അത് ജനാധിപത്യത്തിലായാലും ജനാധിപത്യത്തിലല്ലെങ്കിലും. മതനിരപേക്ഷസമൂഹത്തിലായാലും മതനിരപേക്ഷ സമൂഹത്തിലല്ലെങ്കിലും. എവിടെയാണെങ്കിലും വിശ്വാസമില്ലാത്ത ആളുകള്‍ക്ക് മുന്നില്‍, അമുസ്‌ലിംകളായ ആളുകള്‍ക്ക് മുന്നില്‍, ഇസ്‌ലാമിനെ ഒരാശയമെന്ന നിലക്ക് അവതരിപ്പിക്കുകയല്ലാതെ അവര്‍ക്കുമേല്‍ ഈ ആശയത്തെ അടിച്ചേല്‍പി
ക്കുകയോ അവരെ ഇസ്‌ലാം സ്വീകരിക്കാന്‍
നിര്‍ബന്ധിക്കുകയോ ചെയ്യുന്ന ഒരു രീതിശാസ്ത്രം പ്രവാചകന്‍മാരുടെ ചരിത്രത്തില്‍ എവിടെയും നമുക്ക് കാണാന്‍ കഴിയുന്നില്ല. അന്തിമപ്രവാചകനായ മുഹമ്മദ് നബി(സ)യുടെ ജീവിതം പരിശോധിക്കുക. അനേകായിരം ആളുകളെ നബി (സ) മക്കയിലും മദീനയിലുമായി ഇസ്‌ലാമിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവരോട് ഇസ്‌ലാമിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. പക്ഷേ പ്രവാചകന്‍ (സ) ബലം പ്രയോഗിച്ച് ഒരാളെയും ഇസ്‌ലാമിലേക്ക് കൊണ്ടുവന്നിട്ടില്ല. ആരുടെമേലും ഇസ്‌ലാം അടിച്ചേല്‍പിച്ചിട്ടില്ല. ഇസ്‌ലാമിനെ പച്ചയായി ആളുകള്‍ക്കുമുന്നില്‍ അവതരിപ്പിക്കുക മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ. എന്തുകൊണ്ട് എന്ന് ചോദിച്ചാല്‍ അങ്ങനെയൊരു കല്‍പന പ്രവാചകന്‍മാര്‍ക്ക് അല്ലാഹു നല്‍കിയിട്ടില്ല. അതാണ് പ്രബോധനത്തിന്റെ താല്‍പര്യമെന്ന് പടച്ചതമ്പുരാന്‍ പറഞ്ഞിട്ടില്ല. ഭീകരപ്രസ്ഥാനങ്ങള്‍ പലപ്പോഴും പടച്ചവന്റെ കാവല്‍ക്കാരായാണ് ആളുകള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്. പടച്ചവന്റെ ഭൂമി മറ്റാരൊക്കെയോ തട്ടിയെടുത്തിരിക്കുന്നു, അത് ഞങ്ങള്‍ തിരിച്ചു പടച്ചവന്റെ കയ്യില്‍ തന്നെ ഏല്‍പിക്കാന്‍പോകുന്നു എന്ന തരത്തിലാണ് വര്‍ത്തമാനങ്ങള്‍. ഈ ചെറിയ പീക്കിരി സംഘങ്ങള്‍ അവരുടെ കയ്യിലുള്ള ആയുധങ്ങളുപയോഗിച്ചു നടത്തുന്ന യുദ്ധങ്ങളിലൂടെ പടച്ചതമ്പുരാന് ഭൂമി തിരിച്ചേല്‍പിക്കാന്‍ പോവുകയാണുപോലും.
പടച്ചതമ്പുരാന്റേതാണ് ഈ ഭൂമി. ഈ ഭൂമിയില്‍ എങ്ങനെയാണ് മനുഷ്യസമൂഹങ്ങള്‍ നിലനില്‍ക്കേണ്ടതെന്നത് പടച്ചതമ്പുരാന്റെ തീരുമാനമാണ്. മനുഷ്യര്‍ക്ക് വിശ്വാസത്തെ സ്വീകരിക്കുവാനും തിരസ്‌കരിക്കുവാനുമുള്ള സ്വാതന്ത്ര്യം നല്‍കിയത് പടച്ചവനാണ്. പരിശുദ്ധ ക്വുര്‍ആന്‍ വളരെ കൃത്യമായി തന്നെ പറഞ്ഞത് ‘ആദമിന്റെ മക്കളെ പടച്ചതമ്പുരാന്‍ ആദരിച്ചിരിക്കുന്നു’ എന്നാണ്. എങ്ങനെയാണ് മനുഷ്യസമൂഹത്തെ പടച്ചവന്‍ ആദരിച്ചിരിക്കുന്നത്? മറ്റ് ജന്തുജാലങ്ങളില്‍നിന്ന്, സസ്യലതാദികളില്‍നിന്ന്, ആകാശഗോളങ്ങളില്‍നിന്ന് എല്ലാം വ്യത്യസ്തമായി പടച്ചതമ്പുരാന്‍ സവിശേഷമായി നല്‍കിയ ആദരവ് എന്താണ്? പരിശുദ്ധ ക്വുര്‍ആനിലൂടെ കടന്നുപോ
കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. സത്യവിശ്വാസത്തെ സ്വീകരിക്കുവാനും തിരസ്‌കരിക്കുവാനുമുള്ള  സ്വാതന്ത്ര്യമാണ് ആ ആദരവിന്റെ പ്രധാനഭാഗം. ഈ പ്രപഞ്ചം മുഴുവന്‍ ദൈവത്തിന്റെ നിയമങ്ങളനുസരിച്ചാണ് ജീവിക്കുന്നത്. ഈ പ്രപഞ്ചത്തിലെ സകലസൃഷ്ടിജാലങ്ങളും ദൈവത്തിന്റെ നിയമങ്ങള്‍ക്ക് വിധേയപ്പെട്ടുകൊണ്ടാണ് മുന്നോട്ടുപോ
കുന്നത്. എന്നാല്‍ മനുഷ്യസമൂഹത്തിനുമാത്രം ദൃശ്യപ്രപഞ്ചത്തില്‍ പടച്ചതമ്പുരാന്‍ സ്വീകരണത്തിനും
തിരസ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. ആ സ്വാതന്ത്ര്യം മനുഷ്യര്‍ക്ക് പടച്ചതമ്പുരാന്‍ നല്‍കിയ സവിശേഷമായ ഒരു ആദരവാണ്. ആ ആദരവ് പടച്ചതമ്പുരാന്റെ ഒരു തീരുമാനമാണ്. ഭൂമിയില്‍ ആ ആദരവ് അനുഭവിച്ചുകൊണ്ട് വിശ്വാസം സ്വീകരിക്കുന്ന മനുഷ്യരും വിശ്വാസം തിരസ്‌കരിക്കുന്ന മനുഷ്യരും പടച്ചതമ്പുരാന്റെ നിയമങ്ങള്‍ അനുസരിക്കുന്ന മനുഷ്യരും അനുസരിക്കാത്ത മനുഷ്യരും എല്ലാം ഉണ്ടാകണമെന്നത്, അവരെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒരു ബഹുസ്വര സമൂഹമാണ് ഭൂമിയില്‍ നിലനില്‍ക്കേണ്ടത് എന്നത് അല്ലാഹുവിന്റെ തീരുമാനാണ്. പരിശുദ്ധ ക്വുര്‍ആനിലെ പത്താമത്തെ അധ്യായം സൂറത്ത് യൂനുസിലെ 99-ാമത്തെ വചനം വളരെ വ്യക്തമായാണ് ആ കാര്യം പറയുന്നത്. ‘പടച്ചതമ്പുരാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഈ ഭൂമിയിലെ സകലമനുഷ്യരും വിശ്വാസം സ്വീകരിക്കുമായിരുന്നു; അവര്‍ വിശ്വസിക്കുമായിരുന്നു’. പക്ഷേ പടച്ചതമ്പുരാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. പടച്ചതമ്പുരാനുവേണ്ടി അടര്‍ക്കളത്തിലിറങ്ങി മനഷ്യരെ മുഴുവന്‍ നിര്‍ബന്ധിച്ച് മുസ്‌ലിമാക്കാന്‍വേണ്ടി ഭീകരപ്രസ്ഥാനങ്ങളുണ്ടാക്കുന്ന ആളുകളോട് പടച്ചതമ്പുരാന്‍ പറയുകയാണ് എനിക്ക് അങ്ങനെയൊരു തീരുമാനമില്ല, എനിക്കങ്ങനെയൊരു ഉദ്ദേശ്യമില്ല, എന്റെ താല്‍പര്യമതല്ല. എത്ര കൃത്യമായാണ് പരിശുദ്ധ ക്വുര്‍ആന്‍ സംസാരിക്കുന്നതെന്ന് നാം പരിശോധിക്കുക. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍, അല്ലാഹു ആഗ്രഹിച്ചിരുന്നെങ്കില്‍, അല്ലാഹു തീരുമാനിച്ചിരുന്നെങ്കില്‍, അല്ലാഹുവിന്റെ താല്‍പര്യമതായിരുന്നുവെങ്കില്‍ ഭൂമി ഏകശിലാത്മകമായ ഒരു മനുഷ്യസമൂഹം കൊണ്ട് അടയാളപ്പെടുത്തപ്പെടുമായിരുന്നു. എല്ലാവരും മുസ്‌ലിംകളാകുമായിരുന്നു, എല്ലാവരും വിശ്വാസികളാകുമായിരുന്നു. എന്നാല്‍ പടച്ചതമ്പുരാന്‍ അത് ഉദ്ദേശിച്ചിട്ടില്ല. എന്നിട്ട് പടച്ച തമ്പുരാന്‍ ആ ആയത്തില്‍ തുടര്‍ന്നു ചോദിക്കുന്നത്, ‘അപ്പോള്‍ നീ എങ്ങനെയാണ് ആളുകളെ വിശ്വാസം സ്വീകരിക്കുവാന്‍ വേണ്ടി നിര്‍ബന്ധിക്കുക’ എന്നാണ്. ലോകത്തുള്ള മുഴുവന്‍ മനുഷ്യരും വിശ്വാസം സ്വീകരിക്കണം, അങ്ങനെ വിശ്വാസികള്‍ മാത്രമായ ഒരു ഭൂമിയാണ് നിലനില്‍ക്കേണ്ടത് എന്ന് പടച്ചതമ്പുരാന്‍ തീരുമാനിച്ചിട്ടില്ലാത്ത സ്ഥിതിക്ക് പിന്നെ എങ്ങനെയാണ് നിങ്ങള്‍ക്ക് ആളുകളെ വിശ്വാസം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കാന്‍ കഴിയുക എന്നാണ് പരിശുദ്ധ ക്വുര്‍ആന്‍ അസന്നിഗ്ധമായി ചോദിക്കുന്നത്.
അതുകൊണ്ട് എന്താണ് പ്രബോധകരുടെ ഉത്തരവാദിത്തമെന്ന് വളരെ കൃത്യമായി ക്വുര്‍ആനിലെ 88-ാമത്തെ അധ്യായം സൂറത്തുല്‍ ഗ്വാശിയയിലെ 22 മുതലുള്ള വചനങ്ങളില്‍ നമുക്ക് വായിക്കുവാന്‍ കഴിയും. ‘നീ ഉല്‍ബോധിപ്പിക്കുക. പ്രവാചകരെ, അങ്ങ് ജനങ്ങളെ ഉല്‍ബോധിപ്പിക്കുക. കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുക. അവരെ ഓര്‍മപ്പെടുത്തുക. നിങ്ങളുടെ ദൗത്യം അതാണ്. ആളുകള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുക എന്നതാണ്. അവരെ ഉപദേശിക്കുക എന്നതാണ്. അവരുടെ മേല്‍ ബലം പ്രയോഗിക്കുക എന്നത്, അവരുടെമേല്‍ നിയന്ത്രണാധികാരം ചെലുത്തുക എന്നത്, അവരെ നിര്‍ബന്ധിച്ച് ആശയത്തിലേക്ക് കൊണ്ടുവരിക എന്നത് അങ്ങയുടെ ദൗത്യമല്ല. അങ്ങയുടെ ജോലിയല്ല.’ പ്രവാചകന്‍ മുഹമ്മദി(സ)നോട് പരിശുദ്ധ ക്വുര്‍ആനില്‍ പറയുന്ന കാര്യം ലോകത്തിലെ മുഴുവന്‍ ഇസ്‌ലാമിക പ്രബോധകര്‍ക്കും ബാധകമാണ്. അതുകൊണ്ടാണ് കഴിഞ്ഞ 1400 വര്‍ഷമായി സ്വഹാബിമാരുടെ കാലം മുതല്‍ക്ക് ചരിത്രത്തിലുടനീളമുണ്ടായ മുഴുവന്‍ ഇസ്‌ലാമിക പ്രബോധകരും ഈ കല്‍പനയെ അക്ഷരംപ്രതി ശിരസാവഹിച്ചതും ജനങ്ങള്‍ക്ക് മുമ്പില്‍ ആശയങ്ങള്‍ സത്യസന്ധമായി അവതരിപ്പിച്ചശേഷം ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം, ഇഷ്ടമുള്ളവര്‍ക്ക് തിരസ്‌കരിക്കാം എന്നുപറഞ്ഞതും. അതല്ലാതെ ജനാധിപത്യരാഷ്ട്രത്തില്‍ നിലനില്‍പിന്റെ സൗകര്യങ്ങള്‍ക്കുവേണ്ടി മുസ്‌ലിംകള്‍ നടത്തുന്ന അഡ്ജസ്റ്റ്‌മെന്റോ ഒത്തുതീര്‍പ്പോ അല്ല അത്. പരിശുദ്ധ ക്വുര്‍ആന്‍ കല്‍പിച്ചിട്ടുള്ളത് അതാണ്. പ്രവാചകന്‍ (സ) ആ രീതിയാണ് പിന്തുടര്‍ന്നുവന്നിട്ടുള്ളത്. ആ രീതി തന്നെയാണ് ഇപ്പോഴുള്ള ഇസ്‌ലാമിക പ്രബോധകരും പിന്തുടരുന്നത്. പരിശുദ്ധ ക്വുര്‍ആന്‍ എങ്ങനെയാണ് പ്രബോധനം നടത്തേണ്ടത് എന്ന് വളരെ കൃത്യമായി പറഞ്ഞുതരുന്നത് നമുക്ക് കാണാന്‍ കഴിയും. ക്വുര്‍ആനിലെ 16-ാമത്തെ അധ്യായം സൂറത്തുന്നഹ്‌ലിലെ 125-ാമത്തെ വചനത്തില്‍ പറയുന്നു, ‘അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് നിങ്ങള്‍ ജനങ്ങളെ ക്ഷണിക്കുക’. എങ്ങനെ? തോക്കുപയോഗിച്ചെന്നല്ല ക്വുര്‍ആന്‍ പറഞ്ഞത്, വാളുപയോഗിച്ച് എന്നല്ല പറഞ്ഞത്, ഏതെങ്കിലും തരത്തില്‍ ആയുധങ്ങളുപയോഗിച്ച് എന്നല്ല പറഞ്ഞത്. ഭീഷണിയുപയോഗിച്ച് എന്നല്ല പറഞ്ഞത്, പ്രലോഭനം ഉപയോഗിച്ച് എന്നല്ല പറഞ്ഞത്, ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചിട്ടില്ലെങ്കില്‍ ഇത് അടിച്ചേല്‍പിക്കണം എന്നല്ല പറഞ്ഞത്. ‘യുക്തിഭദ്രമായി കാര്യങ്ങളെ സമര്‍ത്ഥിച്ചുകൊണ്ട്.’ എന്തുകൊണ്ട് ഇസ്‌ലാമാണ് ശരി എന്ന് ആളുകളെ ബോധ്യപ്പെടുത്തിക്കൊണ്ട്. ആളുകളെ ഉപദേശിച്ചുകൊണ്ട്, സദുപദേശങ്ങള്‍ നടത്തിക്കൊണ്ട്, അവരുമായി സംവാദങ്ങള്‍ നടത്തിക്കൊണ്ട്, അവരുമായി വാദപ്രദിവാദങ്ങള്‍ നടത്തിക്കൊണ്ട്, അവരുമായി ദാര്‍ശനികമായി തര്‍ക്കങ്ങള്‍ നടത്തിക്കൊണ്ട്. വിവിധ ദര്‍ശനങ്ങളെ പിന്തുടരുന്ന ആളുകള്‍ നിങ്ങളുടെ സമൂഹത്തില്‍ ഉണ്ടാകും. അവരുടെ അടുക്കലേക്ക് നിങ്ങള്‍ പ്രബോധനദൗത്യങ്ങളുമായി കടന്നുചെല്ലണം. ഇസ്‌ലാമാണ് ശരി എന്നുപറയണം. ഇസ്‌ലാമിലേക്ക് അവരെ ക്ഷണിക്കണം. എന്തുകൊണ്ട് ഇസ്‌ലാം എന്ന് ബോധ്യപ്പെടുത്താന്‍ വൈജ്ഞാനികമായി ശ്രമിക്കണം. അപ്പോള്‍ തിരിച്ചു ചോദ്യങ്ങളുണ്ടാകും. അവര്‍ പിന്തുടരുന്ന ദര്‍ശനങ്ങളാണ് ശരി എന്നവര്‍ പറയും. അപ്പോള്‍ നിങ്ങളത് കേള്‍ക്കണം. മാന്യമായ സ്‌നേഹസംവാദങ്ങള്‍ നിങ്ങള്‍ക്കിടയില്‍ സംഭവിക്കണം. ആ സംവാദങ്ങളിലൂടെ, സദുപദേശങ്ങളിലൂടെ, യുക്തിഭദ്രമായ സമര്‍ത്ഥനങ്ങളിലൂടെയാണ് നിങ്ങള്‍ ഇസ്‌ലാമിനെ അവതരിപ്പിക്കേണ്ടത്, പ്രബോധനം ചെയ്യേണ്ടത് എന്ന് പരിശുദ്ധ ക്വുര്‍ആന്‍ വളരെ കൃത്യമായി പറഞ്ഞു. ആ പരിശുദ്ധ ക്വുര്‍ആനിന്റെ കല്‍പനയെ പിന്തുടരുക മാത്രമാണ് യഥാര്‍ത്ഥത്തില്‍ പ്രബോധകസംഘങ്ങളെല്ലാം ചെയ്യുന്നതെന്നാണ് സത്യം.
അതുകൊണ്ടാണ് പരിശുദ്ധ ക്വുര്‍ആനിലെ രണ്ടാമത്തെ അധ്യായം സൂറത്തുല്‍ ബക്വറയിലെ 256-ാമത്തെ വചനത്തില്‍ വളരെ കൃത്യമായി  മതത്തിന്റെ കാര്യത്തില്‍ ഒരു ബലാല്‍ക്കാരവുമില്ല എന്ന് പ്രഖ്യാപിച്ചത്. ക്വുര്‍ആനിന്റെ അസന്നിഗ്ധമായ പ്രഖ്യാപനമാണത്. ആ പ്രഖ്യാപനത്തെ ബ്രേക്ക് ചെയ്യാന്‍ ഒരു അബൂബക്കര്‍ ബഗ്ദാദിക്കും ഒരു അവകാശവുമില്ല. എത്ര നീണ്ട താടിയുള്ളവര്‍, എത്ര വലിയ തലപ്പാവുള്ളവര്‍, എത്ര മിന്നുന്ന നീളക്കുപ്പായമണിഞ്ഞവര്‍ ഈ ആശയങ്ങള്‍ക്കെതിരെ, പരിശുദ്ധ ക്വുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്കെതിരെ സംസാരിച്ചാലും അവരോട് നിങ്ങള്‍ പറയുന്ന ഇസ്‌ലാം ഞങ്ങള്‍ക്കാവശ്യമില്ല എന്നു പറയാനേ മുസ്‌ലിംകള്‍ക്ക് കഴിയൂ. എന്തുകൊണ്ടെന്നാല്‍ മുസ്‌ലിംകള്‍ ഇസ്‌ലാം പഠിച്ചത് പരിശുദ്ധ ക്വുര്‍ആനില്‍ നിന്നാണ്. മുസ്‌ലിംകള്‍ ഇസ്‌ലാം പഠിച്ചത് മുഹമ്മദ് നബി(സ)യുടെ ജീവിതചര്യയില്‍ നിന്നാണ്. ക്വുര്‍ആന്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചത് മതത്തിന്റെ കാര്യത്തില്‍ ബലാല്‍ക്കാരമില്ല, മതത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധമില്ല, മതത്തിന്റെ കാര്യത്തില്‍ ഒരുവിധത്തിലുമുള്ള അടിച്ചേല്‍പ്പിക്കലുമില്ല എന്നാണ്. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്നും വളരെ വ്യക്തമായി വേര്‍തിരിഞ്ഞിരിക്കുന്നു, കൃത്യമായി വ്യവച്ഛേദിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ വേര്‍തിരിഞ്ഞിരിക്കുന്നതുകൊണ്ടുതന്നെ എന്താണ് സന്മാര്‍ഗമെന്നും എന്താണ് ദുര്‍മാര്‍ഗമെന്നും വിശദീകരിച്ചുകൊടുക്കേണ്ട ദൗത്യമേ നിങ്ങള്‍ക്കുള്ളൂ. ആ ദൗത്യം നിര്‍വഹിക്കപ്പെടുമ്പോള്‍ സല്‍ബുദ്ധിയുള്ളവര്‍, സന്മനസ്സുള്ളവര്‍, സത്യമാണ് ഇത് എന്ന് ബോധ്യപ്പെടുന്നയാളുകള്‍ -അവര്‍ സ്വാഭാവികമായും നന്മയുടെ ഭാഗം പിന്തുടര്‍ന്നുകൊള്ളും. ധര്‍മത്തിന്റെ വഴി പിന്തുടര്‍ന്നുകൊള്ളും. അല്ലാത്തവര്‍ ഇതിലേക്കു വരാന്‍ യാതൊരു വിധത്തിലുമുള്ള നിര്‍ബന്ധവും ചെലുത്തരുത് എന്നാണ് പരിശുദ്ധ ക്വുര്‍ആന്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നത്.
അല്ലെങ്കിലും എന്താണ് ഇസ്‌ലാമിക പ്രബോധനത്തിന്റെ ലക്ഷ്യം? ഇസ്‌ലാമിനെക്കുറിച്ച് പ്രാഥമിക ധാരണയുള്ളവര്‍ക്ക് മുഴുവനുമറിയാം ഇസ്‌ലാം മരണാനന്തരജീവിതത്തിലുള്ള മോക്ഷത്തിനുള്ള മാര്‍ഗമാണ് എന്ന്. ഇസ്‌ലാം പിന്തുടരുന്നവര്‍ക്കാണ് മരണാനന്തര ജീവിതത്തില്‍ മോക്ഷമുണ്ടാവുക എന്നത് പരിശുദ്ധ ക്വുര്‍ആന്‍ വളരെ കൃത്യമായി തന്നെ നമ്മളെ പഠിപ്പിക്കുന്നു. മരണാനന്തര ജീവിതത്തില്‍ മോക്ഷമുണ്ടാവുക ഇസ്‌ലാം ബോധ്യപ്പെട്ടു സ്വീകരിക്കുന്നവര്‍ക്കാണ്. മതപരിവര്‍ത്തനം മനപരിവര്‍ത്തനമാണ്. അത് ഹൃദയത്തിലാണ് സംഭവിക്കേണ്ടത്. ഇസ്‌ലാം സത്യമാണ് എന്ന് ഒരു മനുഷ്യന് ബോധ്യം വരണം. മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ പ്രവാചകനാണ് എന്ന് അയാളുടെ മനസ്സിന്റെ ആഴങ്ങളില്‍ അയാള്‍ക്കൊരു ബോധ്യം വരണം. പരിശുദ്ധ ക്വുര്‍ആന്‍ ദൈവികഗ്രന്ഥമാണ് എന്ന് സംശയരഹിതമായി അയാള്‍ക്ക് ബോധ്യം വരണം. പടച്ചതമ്പുരാന്‍ മാത്രമാണ് ആരാധനക്കര്‍ഹന്‍ എന്ന വസ്തുത അയാളുടെ ഹൃദയത്തിന്റെ ഉള്ളില്‍ പ്രവേശിക്കണം. അങ്ങനെയാകുമ്പോള്‍ മാത്രമേ അതൊരു മതപരിവര്‍ത്തനമാകൂ. വാള് കാണിച്ച്, തോക്ക് കാണിച്ച്, ഏതെങ്കിലും തരത്തില്‍ ഭീഷണിപ്പെടുത്തി, എന്ത് മനപരിവര്‍ത്തനമാണ് മനുഷ്യരില്‍ ഉണ്ടാക്കാന്‍ കഴിയുക? ആളുകള്‍ ചിലപ്പോള്‍ അഭിനയിച്ചേക്കും; നിങ്ങളുടെ തലയെടുക്കുമെന്നു പറഞ്ഞാല്‍, ഇസ്‌ലാം സ്വീകരിച്ചിട്ടില്ലെങ്കില്‍ നിങ്ങളെ ആക്രമിക്കുമെന്നു പറഞ്ഞാല്‍, നിങ്ങളെ കൊല്ലുമെന്നു പറഞ്ഞാല്‍ ആളുകള്‍  ഇസ്‌ലാം അഭിനയിച്ചേക്കും. അങ്ങനെ അഭിനയിക്കുന്നതിന്റെ പേര് ഇസ്‌ലാമെന്നല്ല. അതിന്റെ പേര് കാപട്യമെന്നാണ്. പരിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞത് നരഗാഗ്നിയുടെ ഏറ്റവും താഴെതട്ടിലുള്ളത് കപടവിശ്വാസികളാണ് എന്നാണ്. ഉള്ളില്‍ വിശ്വാസമില്ലാതെ പുറമേക്ക് വിശ്വാസം അഭിനയിക്കുന്നവര്‍ ആണ് കപടവിശ്വാസികള്‍. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാം ബോധ്യപ്പെടാതെ മുസ്‌ലിമായി ജീവിക്കുന്നയാളുകള്‍. അവര്‍ക്ക് മരണാനന്തര ജീവിതത്തില്‍ കടുത്ത ശിക്ഷയാണുള്ളത് എന്നാണ് പരിശുദ്ധ ക്വുര്‍ആന്‍ പ്രഖ്യാപിക്കുന്നത്. ഇവിടെ വാളുപയോഗിച്ച് ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് മനുഷ്യരുടെ മനസ്സിനകത്ത് ബോധ്യങ്ങളുണ്ടാക്കാന്‍ കഴിയില്ല. ആത്മാര്‍ത്ഥമായ ഇസ്‌ലാമാശ്ലേഷണങ്ങള്‍ അതുവഴി സംഭവിക്കില്ല. ആരെയെങ്കിലും ഭയന്നുകൊണ്ടുള്ള ആശ്ലേഷണങ്ങളേ സംഭവിക്കൂ. ആ അഭിനയങ്ങളില്‍ ഇസ്‌ലാമിന് യാതൊരു താല്‍പര്യവുമില്ല. അത്തരം നാടകങ്ങള്‍ക്ക് മനുഷ്യരെ നിര്‍ബന്ധിച്ചതുകൊണ്ട് അവരുടെ മരണാനന്തര ജീവിതത്തില്‍ അവര്‍ക്ക് യാതൊരു ഉപകാരവും ഉണ്ടാകാന്‍ പോകുന്നില്ല. അതുകൊണ്ടുതന്നെ മരണാന്തര ജീവിതത്തില്‍ മനുഷ്യരുടെ രക്ഷയാഗ്രഹിക്കുന്ന ഇസ്‌ലാമിക പ്രബോധകര്‍ പരിശുദ്ധ ക്വുര്‍ആന്‍ കല്‍പിച്ചതുപോലെ യുക്തിയും സദുപദേശങ്ങളും ദാര്‍ശനികമായ സംവാദങ്ങളും വഴി ഇസ്‌ലാമിനെ ബോധ്യപ്പെടുത്താനല്ലാതെ ഭീഷണികളും ബലപ്രയോഗങ്ങളും വഴി ഇസ്‌ലാമിനെ അടിച്ചേല്‍പിക്കാന്‍ ഒരിക്കലും സന്നദ്ധരാവുകയില്ല എന്നതാണ് സത്യം. ക്വുര്‍ആനിന്റെ കല്‍പന അതാണ്. പ്രവാചകന്‍മാരുടെ മാതൃക അതാണ്. അന്തിമപ്രവാചകനായ മുഹമ്മദ് നബി (സ) പഠിപ്പിച്ചതാണ്. 1400 വര്‍ഷമായി മുസ്‌ലിംകള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. അവരുടെ മുഴുവന്‍ ഇസ്‌ലാമിനെ റദ്ദ് ചെയ്തുകൊണ്ട് ഈ 21-ാം നൂറ്റാണ്ടില്‍ പുതിയ ഒരു ബലപ്രയോഗ ഇസ്‌ലാമിനെ ഏതെങ്കിലുമൊരു ഭീകരപ്രസ്ഥാനം കണ്ടെത്തുന്നുണ്ടെങ്കില്‍, ആ ഭീകരപ്രസ്ഥാനം ആളുകള്‍ക്ക് തിരസ്‌കാരത്തിനും സ്വീകരണത്തിനും സ്വാതന്ത്ര്യം നല്‍കി പ്രബോധനം നിര്‍വഹിക്കുന്ന കൂട്ടായ്മകളെയും വ്യക്തികളെയും അധിക്ഷേപി
ക്കുന്നുണ്ടെങ്കില്‍ ആ അധിക്ഷേപങ്ങളെ ഒരു ബഹുമതിയായി ഏറ്റെടുക്കുകയാണ് അത്തരം പ്രസ്ഥാനങ്ങളും വ്യക്തികളും ചെയ്യേണ്ടത് എന്നു മാത്രമാണ് നമുക്ക് സൂചിപ്പിക്കുവാനുള്ളത്.        

2. മതത്തില്‍ ബലാല്‍ക്കാരമില്ല എന്ന വചനം ഇസ്‌ലാമിന്റെ അടവുനയമാണ്; ഇസ്‌ലാമിന് ശക്തിയും അതിനൊത്ത അധികാരവും ഇല്ലാത്ത സമയത്ത് സ്വീകരിക്കേണ്ട ഒരു അടവുനയം; ഇസ്‌ലാമിന് ശക്തിയും അധികാരവുമൊക്കെ ലഭിച്ചാല്‍ മുസ്‌ലിംകള്‍ക്കുള്ളിലെ ഐ.എസ് പുറത്തുചാടും എന്ന് ഇസ്‌ലാം വിരുദ്ധര്‍ പ്രചരിപ്പിക്കുന്നു. നബി(സ)യ്ക്ക് അധികാരവും ശക്തിയുമൊക്കെ ലഭിച്ചപ്പോള്‍ ശത്രുക്കളോട് നിങ്ങള്‍ ഇസ്‌ലാമിലേക്ക് വരിക, അതല്ലെങ്കില്‍ ഇസ്‌ലാമിക രാഷ്ട്രത്തിന് ജിസ്‌യ നല്‍കുക, അതുമല്ലെങ്കില്‍ ഇസ്‌ലാമുമായി യുദ്ധത്തിലേര്‍പ്പെടുക എന്ന ബലാല്‍ക്കാരത്തിന്റെ വര്‍ത്തമാനങ്ങളാണല്ലോ പറഞ്ഞത് എന്നവര്‍ ചൂണ്ടിക്കാണിക്കുന്നു?

മതത്തില്‍ ബലാല്‍ക്കാരമില്ല എന്ന് തുടങ്ങുന്ന വചനം ഉദ്ധരിച്ചുകൊണ്ട് മനുഷ്യരുടെ വിശ്വാസസ്വാതന്ത്ര്യത്തെ ഒരു മൗലികാവകാശമായി ഇസ്‌ലാം പരിഗണിക്കുന്നു എന്ന് പറയുന്നതിനെ പല കോണുകളില്‍ നിന്നും ആളുകള്‍ വിമര്‍ശിക്കാറുണ്ട്. പ്രത്യേകിച്ചും ഇസ്‌ലാമിനെ വളരെ ഭീകരമായ ഒരു തത്ത്വശാസ്ത്രമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ഓറിയന്റലിസ്റ്റ് ഡാറ്റാ ബെയ്‌സുകളെ അവലംബിച്ചുകൊണ്ട് നിര്‍മിക്കപ്പെട്ടിട്ടുള്ള പല മിഷനറി വെബ്‌സൈറ്റുകളും ഇത് വളരെ കൃത്യമായി തന്നെ പറയുന്നത് കാണാന്‍ കഴിയും. മതത്തില്‍ ബലാല്‍ക്കാരമില്ല എന്ന് പരിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞത് ഇസ്‌ലാമിന് രാഷ്ട്രീയാധികാരമില്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ്; സ്വാഭാവികമായും ആളുകളെ നിര്‍ബന്ധിച്ച് ഇസ്‌ലാമിലേക്ക് കൊണ്ടുവരാന്‍ കഴിയാത്ത, ഇസ്‌ലാമിന്റെ ഒരു ദുര്‍ബലാവസ്ഥയില്‍ പറഞ്ഞുവെച്ച ഒരു കാര്യമാണ്; എന്നാല്‍ പ്രവാചകന് (സ) മദീനയില്‍ അധികാരം കിട്ടിയതോടുകൂടി അദ്ദേഹം ആ നിലപാട് മാറ്റി ആളുകളെ വാള് കാണിച്ച് നിര്‍ബന്ധിച്ച് ഇസ്‌ലാമിലേക്ക് കൊണ്ടുവരുന്ന രീതി സ്വീകരിച്ചു എന്നെല്ലാമാണിവര്‍ പറയാറുള്ളത്. ഇവിടെ നേരത്തെ സൂചിപ്പിച്ചതുപോലെ ഇസ്‌ലാമിക് സ്റ്റെയ്റ്റുമായി ബന്ധപ്പെട്ടയാളുകള്‍ ഓറിയന്റലിസ്റ്റുകള്‍ ഇസ്‌ലാമിനെതിരെ ഉന്നയിക്കുന്ന ഇത്തരം വാദങ്ങളെ അതേപോലെ ഏറ്റെടുക്കുകയും അവര്‍ പറയുന്നത് തന്നെയാണ് ശരി എന്ന് സൂചിപ്പിക്കുകയും ഇസ്‌ലാമിന് അധികാരം ലഭിച്ചാല്‍ ആളുകളുടെമേല്‍ ബലം പ്രയോഗിച്ച് വിശ്വാസം അടിച്ചേല്‍പി
ക്കുവാന്‍ ശ്രമിക്കുകയാണ് വേണ്ടത് എന്ന് സ്ഥാപി
ക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നത് നാം കാണുന്നു. യഥാര്‍ത്ഥത്തില്‍ പരിശുദ്ധ ക്വുര്‍ആനിലെ ഈ വചനത്തെ സംബന്ധിച്ച് ഉന്നയിക്കപ്പെടുന്ന ഇത്തരം എല്ലാ വാദങ്ങളും അടിസ്ഥാനരഹിതമാണ്. എന്തുകൊണ്ടെന്നാല്‍ ക്വുര്‍ആനിലെ മതത്തില്‍ ബലാല്‍ക്കാരമില്ല എന്നുതുടങ്ങുന്ന വചനം അവതരിപ്പിക്കപ്പെട്ടത് ഇസ്‌ലാമിന് രാഷ്ട്രീയാധികാരമില്ലാത്ത സമയത്തല്ല. മക്കയില്‍ പ്രവാചകന്‍ (സ) കേവലം ഒരു പൗരനായിരുന്ന, പ്രജയായിരുന്ന കാലത്ത് അവതരിപ്പിക്കപ്പെട്ട പരിശുദ്ധ ക്വുര്‍ആനിന്റെ വചനമല്ല അത്. മറിച്ച് പ്രവാചകന്‍ (സ) മദീനയിലേക്ക് ഹിജ്‌റ പോയി മദീനയുടെ രാഷ്ട്രത്തലവനായി അവിടുത്തെ സര്‍വസൈന്യാധിപനായി അവിടുത്തെ ന്യായാധിപനായി, മദീനയുടെ പരമാധികാരിയായി വര്‍ഷങ്ങള്‍ പിന്നിട്ടശേഷം മദീനയിലെ ജൂതഗോത്രങ്ങളുമായി ബന്ധപ്പെട്ട ചില സൈനികനടപടികളുണ്ടാകുന്ന കാലത്താണ് പരിശുദ്ധ ക്വുര്‍ആനിലെ ഈ വചനം അവതരിപ്പിക്കപ്പെടുന്നത്.
അബൂദാവൂദിന്റെ സുനനില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ള സ്വഹീഹായ ഒരു ഹദീഥില്‍ എന്തായിരുന്നു ഈ വചനത്തിന്റെ അവതരണ പശ്ചാത്തലമെന്ന് വളരെ കൃത്യമായി വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. റസൂല്‍ (സ) മക്കയില്‍നിന്ന് മദീനയിലേക്ക് ഹിജ്‌റ പോയപ്പോള്‍ പ്രവാചകനെയും കൂടെയുണ്ടായിരുന്നവരെയും സ്വീകരിച്ച മദീനയിലെ അറബികളാണ് അന്‍സ്വാറുകള്‍ എന്ന് അറിയപ്പെടുന്നത്. അന്‍സ്വാരികളായ സ്ത്രീകള്‍ക്കിടയില്‍ പല രീതിയിലുള്ള അന്ധവിശ്വാസങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ ഇസ്‌ലാം സ്വീകരിക്കുന്നതിനുമുന്‍പ് മദീനയില്‍ പ്രചാരത്തിലുണ്ടായിരുന്ന പല അന്ധവിശ്വാസങ്ങളുടെയും ബാക്കിപത്രങ്ങള്‍. ആ അന്ധവിശ്വാസങ്ങളില്‍ പലതിനെയും പ്രവാചകനുമായി ഉണ്ടായ സമ്പര്‍ക്കത്തിലൂടെയാണ് അവര്‍ക്ക് തിരുത്താനായത്. പ്രവാചകന്‍ (സ) മദീനയിലേക്ക് പലായനം ചെയ്ത് എത്തുന്നതിനുമുന്‍പ് മദീനയിലെ അറബ് ഗോത്രങ്ങള്‍ക്കിടയില്‍ ശിശുമരണങ്ങള്‍ വളരെ വ്യാപകമായിരുന്നു. ഉയര്‍ന്ന ശൈശവമരണനിരക്കിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ക്കുണ്ടാകുന്ന കുട്ടികള്‍ മരിക്കാതെ ജീവനോടെ നില്‍ക്കാന്‍ എന്തുചെയ്യണം എന്ന ചര്‍ച്ചകള്‍ അവര്‍ക്കിടയില്‍ നടന്നിരുന്നു. അന്ന് മദീനയില്‍ ജൂതന്‍മാരുണ്ട്. ഈ ജൂതന്‍മാരായ ആളുകള്‍ മോശെ പ്രവാചകന്റെയും അദ്ദേഹത്തിന് അവതരിപ്പിക്കപ്പെട്ട തൗറാത്ത് എന്ന വേദഗ്രന്ഥത്തിന്റെയും പിന്തുടര്‍ച്ച അവകാശപ്പെട്ടിരുന്നവരാണ്. ആ അര്‍ത്ഥത്തില്‍ വേദങ്ങളുമായോ പ്രവാചകന്‍മാരുമായോ നേര്‍ക്കുനേരെ ബന്ധമില്ലാതിരുന്ന മദീനയിലെ അറബികള്‍ ജൂതന്‍മാരെ ഒരുതരം ബഹുമാനത്തോടുകൂടി നോക്കികാണുകയും അവര്‍ക്ക് പടച്ചതമ്പുരാനുമായി എന്തോ വംശീയമായ ബന്ധമുണ്ട് എന്ന് വിചാരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തങ്ങള്‍ക്ക് ഒരാണ്‍കുട്ടിയുണ്ടായി ആ ആണ്‍കുട്ടി മരിക്കാതിരിക്കുകയാണെങ്കില്‍ ജീവനോടെ വളരുകയാണെങ്കില്‍ ആ ആണ്‍കുട്ടിയെ ഞങ്ങള്‍ ജൂതന്‍മാരാക്കി വളര്‍ത്തിക്കൊള്ളാം എന്ന് നേര്‍ച്ച നേരുന്ന ഒരു സമ്പ്രദായം അന്‍സ്വാരി സ്ത്രീകള്‍ക്കിടയില്‍ ഉണ്ടായിരുന്നു. വ്യാപകമായ ശിശുമരണങ്ങളുടെ ഒരു കാലത്ത് എന്റെ ആണ്‍കുട്ടിയെ ഞാന്‍ ജൂതനാക്കി വളര്‍ത്തിക്കൊള്ളാം എന്ന് നേര്‍ച്ച നേര്‍ന്നാല്‍ ജൂതന്‍മാരുമായി പടച്ചതമ്പുരാന് സവിശേഷമായ എന്തോ ഒരു ബന്ധമുണ്ട് എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ആ കുട്ടിയെ ദൈവം തമ്പുരാന്‍ ജീവിക്കാന്‍ അനുവദിച്ചേക്കും എന്ന പ്രത്യാശയുടെ അടിസ്ഥാനത്തില്‍ ഉണ്ടായ, അവരുടെ പ്രാദേശികമായ ഒരു അന്ധവിശ്വാസത്തില്‍നിന്നു വളര്‍ന്നുവന്ന ഒരാചാരമായിരുന്നു അത്. അങ്ങനെ മദീനയിലെ പല അന്‍സ്വാരി കുടുംബങ്ങളിലും ജൂതന്‍മാരായി വളര്‍ത്താന്‍ നേര്‍ച്ച നേരപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജൂതന്‍മാരായി വളര്‍ന്ന ആണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. ജൂതന്‍മാരായി അവര്‍ വളര്‍ത്തിയ അവരുടെ രക്തത്തില്‍പി
റന്ന ആ ആണ്‍കുട്ടികളെ തങ്ങളുടെ വീടുകളില്‍ താമസിപ്പിക്കുന്നതിനുപകരം മദീനയിലെ പ്രബല ജൂതഗോത്രമായിരുന്ന ബനൂനദീറുകാരുടെ കോളനിയില്‍ കൊണ്ടുചെന്നാക്കുകയാണ് അന്ന് ഇവര്‍ ചെയ്തിരുന്നത്. ജൂതസംസ്‌കാരമനുസരിച്ച്, ജൂതആചാരങ്ങളനുസരിച്ച്, ജൂതവിശ്വാസങ്ങളനുസരിച്ച് ഈ കുട്ടികള്‍ വളര്‍ന്നുവരുന്നതിനുവേണ്ടിയാണ് അവരുടെ നേര്‍ച്ചയില്‍ സത്യസന്ധതയുള്ളതുകൊണ്ടുതന്നെ ഇങ്ങനെ ചെയ്തിരുന്നത്. പ്രവാചകന്‍ (സ) മദീനയിലെത്തിയപ്പോള്‍ ഈ മാതാപിതാക്കളെല്ലാം ഇസ്‌ലാം സ്വീകരിച്ചു. എന്നാല്‍ ബനൂനദീറുകാരായി വളര്‍ന്ന അവരുടെ ആണ്‍കുട്ടികള്‍ ജൂതമതത്തില്‍ തന്നെ നിലനില്‍ക്കുന്ന അവസ്ഥാവിശേഷമുണ്ടായി. അങ്ങനെ നിലനില്‍ക്കുന്ന സമയത്താണ് ബനൂനദീര്‍ ഗോത്രം മദീന എന്നുപറയുന്ന രാഷ്ട്രസംവിധാനത്തിനെതിരില്‍ രാജ്യദ്രോഹപരമായ കലാപക്കൊടി ഉയര്‍ത്തുന്നത്. അപ്പോള്‍ രാജ്യത്തിന്റെ സുരക്ഷക്കുവേണ്ടി ബനൂനദീറുകാര്‍ക്കെതിരെ സൈനികനടപടി സ്വീകരിച്ച് അവരെ മദീന രാജ്യത്തുനിന്ന് അന്നത്തെ രാഷ്ട്രീയമായ നീതിശാസ്ത്രമനുസരിച്ച് പുറത്താക്കാനുള്ള തീരുമാനമുണ്ടായി. അപ്പോള്‍ ഈ അന്‍സ്വാരികളില്‍ പലരും ബനൂനദീറുകാരുടെ കൂടെ ജൂതന്‍മാരായി ജീവിക്കുന്ന ആണ്‍മക്കളെ ചെന്നുകണ്ട് അവരോട് ഇസ്‌ലാം സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ജൂതന്‍മാരുടെ കോളനിയില്‍ നിന്ന് തങ്ങളുടെ കുടുംബങ്ങളിലേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബനൂനദീറുകാര്‍ മദീന വിട്ടുപോകുമ്പോള്‍ അവരുടെ കൂടെ മദീന വിട്ട് ജൂതന്‍മാരായി പോകുന്നതിനുപകരം സ്വന്തം കുടുംബങ്ങളിലേക്ക് തിരിച്ചുവന്ന് ഇസ്‌ലാമിലേക്ക് വരണമെന്ന് ഈ കുട്ടികളില്‍ പലരോടും ഈ മാതാപി
താക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പല കുട്ടികളും ആ ആവശ്യത്തെ തിരസ്‌കരിക്കുകയും നിരാകരിക്കുകയും ഞങ്ങള്‍ ജൂതന്‍മാരായി തന്നെ നിലനില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അറിയിക്കുകയും ചെയ്തു. ഈ സമയത്ത് ഇങ്ങനെ മനോവിഷമം അനുഭവിച്ച മാതാപിതാക്കളില്‍ ചിലര്‍ പ്രവാചകന്റെ (സ) സന്നിധിയിലേക്ക് കടന്നുവന്നുകൊണ്ട് പ്രവാചകരേ, ഞങ്ങള്‍ക്ക് ഞങ്ങളുടെ ആണ്‍കുട്ടികള്‍ ജൂതന്‍മാരായി ബനൂനദീറുകാരുടെ കൂടെ പോ
കുന്നതില്‍ മനോവിഷമമുണ്ട്, അവരെ ഇസ്‌ലാം സ്വീകരിക്കുവാന്‍ മാതാപിതാക്കള്‍ക്കുള്ള അധികാരമുപയോഗിച്ച് ഞങ്ങള്‍ക്ക് നിര്‍ബന്ധിച്ചുകൂടേ എന്ന് ചോദിച്ചപ്പോള്‍ അതിനു മറുപടിയായാണ് യഥാര്‍ത്ഥത്തില്‍ പരിശുദ്ധ ക്വുര്‍ആനിലെ രണ്ടാമധ്യായം സൂറത്തുല്‍ ബക്വറയിലെ 256-ാമത്തെ വചനമായി ഈ ആയത്ത് അവതരിപ്പിക്കപ്പെടുന്നത്. ‘മതത്തിന്റെ കാര്യത്തില്‍ യാതൊരു ബലപ്രയോഗവുമില്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍നിന്നും വളരെ വ്യക്തമായി വേര്‍തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു’ എന്ന് പരിശുദ്ധ ക്വുര്‍ആന്‍ പ്രഖ്യാപിക്കുന്നത് മക്കയില്‍ ഇസ്‌ലാമിന് രാഷ്ട്രീയാധികാരമില്ലാത്ത സമയത്തല്ല, മറിച്ച് മദീന എന്ന രാഷ്ട്രം വളര്‍ന്ന് വികസിച്ച് രാജ്യദ്രോഹനടപടികളുടെ പേരില്‍ രാഷ്ട്രത്തിനുള്ളിലുള്ള ഒരു ഗോത്രത്തിനെതിരില്‍ സൈനികനടപടി സ്വീകരിക്കുവാന്‍ സന്നദ്ധമായി നില്‍ക്കുന്ന ഒരു സമയത്ത്, പ്രവാചകന്‍ (സ) മദീനയുടെ അധികാരിയായ സര്‍വസൈന്യാധിപനായ, പരമോന്നത ന്യായാധിപനായ ഒരു കാലഘട്ടത്തില്‍, ഇസ്‌ലാമിന് എല്ലാവിധ രാഷ്ട്രീയാധികാരങ്ങളുമുണ്ടായിരുന്ന ഒരു സമയത്ത് അവതരിപ്പിക്കപ്പെട്ട വചനമാണിത് എന്നര്‍ത്ഥം.
നമ്മള്‍ ആലോചിക്കുക, അന്ന് പ്രവാചകന്‍ (സ) ആണ് ഭരണാധികാരി. ഇസ്‌ലാമിക ശരീഅത്താണ് ഭരണവ്യവസ്ഥ. അവിടെ എന്ത് വിധിക്കണമെന്ന്, എന്ത് തീരുമാനമെടുക്കണമെന്ന് പ്രവാചകനാണ് തീരുമാനിക്കുന്നത്. സൈന്യം ഇസ്‌ലാമിക രാഷ്ട്രത്തിന്റേതാണ്, ഇസ്‌ലാമിന്റെ കയ്യിലാണ്. ഇവിടെ മാതാപിതാക്കള്‍ ചോദിക്കുന്നത് സ്വന്തം മക്കളെക്കുറിച്ചുമാണ്. ആ മക്കളാകട്ടെ, അന്ധവിശ്വാസപരമായ, ഇസ്‌ലാം സ്വീകരണത്തിനുമുമ്പുള്ള, ഒരു നേര്‍ച്ചയുടെ ഭാഗമായി ജൂതന്‍മാരായി വളര്‍ത്തപ്പെട്ട മക്കളുമാണ്. ആ മക്കളെ പ്രായപൂര്‍ത്തിയായതിനുശേഷം ഇസ്‌ലാമിലേക്ക് മടങ്ങിവരാന്‍ നിര്‍ബന്ധിക്കുന്നതിനെക്കുറിച്ചാണ് പരിശുദ്ധ ക്വുര്‍ആന്‍ കര്‍ക്കശമായി ‘ലാ ഇക്‌റാഹ ഫിദ്ദീന്‍’ എന്നുപറഞ്ഞത്. മാതാപി
താക്കള്‍ക്ക് മക്കളുടെ കാര്യത്തില്‍ പലരീതിയിലുമുള്ള അധികാരങ്ങള്‍ ഉണ്ട് എന്ന് നമുക്കറിയാം. എന്നിട്ടുപോലും മുസ്‌ലിമല്ലാത്ത മക്കളെ നിര്‍ബന്ധിച്ച് ഇസ്‌ലാം സ്വീകരിപ്പിക്കുവാന്‍, മുസ്‌ലിമല്ലാത്ത മക്കളെ ഒരു യഹൂദ ഗോത്രത്തോടൊപ്പം നാടുവിടുന്നതില്‍നിന്ന് പിന്തിരിപ്പിക്കുവാന്‍, മാതാപിതാക്കള്‍ക്ക് ഒരു ഇസ്‌ലാമിക രാഷ്ട്രത്തില്‍ പോലും യാതൊരുവിധ അവകാശവുമില്ല എന്ന് വ്യക്തമാക്കുന്ന വചനമാണ് പരിശുദ്ധ ക്വുര്‍ആനിലെ ഈ വചനം. അതുകൊണ്ടു തന്നെ ‘ലാ ഇക്‌റാഹ ഫിദ്ദീന്‍’ എന്നു ക്വുര്‍ആന്‍ പറയുന്നത് ഒരു ഉപായമെന്ന നിലക്കാണ് എന്ന ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. പരിശുദ്ധ ക്വുര്‍ആന്‍ ഒരു നയം എന്ന നിലക്ക് ഏതെങ്കിലുമൊരു ഗത്യന്തരമില്ലായ്മയുടെ അടിസ്ഥാനത്തില്‍ പറയുന്നൊരു കാര്യമല്ലത്. ഏതുസാഹചര്യത്തിലും എത്ര രാഷ്ട്രീയാധികാരമുണ്ടായാലും നൈതികമായ ഒരു നിലപാട് എന്ന നിലയില്‍, മനുഷ്യാസ്തിത്വത്തിന് പടച്ചതമ്പുരാന്‍ നല്‍കിയിട്ടുള്ള സ്വാതന്ത്ര്യത്തോടുള്ള ആദരവ് എന്നനിലയില്‍, മുസ്‌ലിംകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ഒരു മൂല്യമായിട്ടാണ് പരിശുദ്ധ ക്വുര്‍ആന്‍ അത് പഠിപ്പിക്കുന്നത്.
ഇവിടെ ഒരു ഹദീഥില്‍ പ്രവാചകന്‍ (സ) സ്വഹാബിമാരോട്, അവിശ്വാസികളോട് ഒന്നുകില്‍ ഇസ്‌ലാം സ്വീകരിക്കുക, അല്ലെങ്കില്‍ ജിസ്‌യ നല്‍കുക, അല്ലെങ്കില്‍ വാളിന് ഇരയാവുക എന്നുപറയാന്‍ നിര്‍ദ്ദേശിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇബ്‌നു മാജയുടെ സുനനില്‍ പ്രവാചകന്‍ (സ) തന്റെ ഒരു അനുചരനോട് പറഞ്ഞ വര്‍ത്തമാനങ്ങളെയാണ് പലപ്പോഴും ഈ രീതിയില്‍ എടുത്തുദ്ധരിക്കാറുള്ളത്. നാം മനസ്സിലാക്കേണ്ട കാര്യം പ്രവാചകന്‍ (സ) അത് പറയുന്നത് ഏതെങ്കിലും പ്രബോധകരോടല്ല. ഇസ്‌ലാമിക പ്രബോധനം എന്ന ദൗത്യത്തിനുവേണ്ടി അയക്കപ്പെടുന്ന ഏതെങ്കിലും ദൗത്യസംഘത്തോടല്ല പ്രവാചകന്‍ (സ) ഇത് സംസാരിക്കുന്നത്. മറിച്ച് മിലിറ്ററി ഓപ്പറേഷനുകള്‍ക്കുവേണ്ടി പോകുന്ന, സൈനികനടപടികള്‍ക്കുവേണ്ടി പോകുന്ന പട്ടാളക്കാരുടെ തലവനോടാണ് റസൂല്‍ (സ) ഇബ്‌നു മാജയുടെ സുനനില്‍ ഉദ്ധരിക്കപ്പെട്ട ഈ ഹദീഥില്‍ സംസാരിക്കുന്നത് നമ്മള്‍ കാണുന്നത്. അവരോട് എന്താണ് റസൂല്‍ (സ) പറയുന്നത്? കൂടെയുള്ള പട്ടാളക്കാരെ നേതാവ് എന്ന നിലയില്‍ ആര്‍ദ്രതയോടെ പരിഗണിക്കണം. സൈനികനടപടികള്‍ക്കുവേണ്ടിയുള്ള യാത്രയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കരുത്, ആളുകളെ വെറുതെ കൊലപ്പെടുത്തരുത്, സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കരുത്, അവിടെ വൃക്ഷലതാദികള്‍ നശിപ്പിക്കുന്ന അവസ്ഥാവിശേഷം ഉണ്ടാകരുത്, ആളുകള്‍ക്ക് അംഗവൈകല്യം വരുത്തരുത്, ശവശരീരങ്ങളോട് അനാദരവ് കാണിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളെല്ലാം പറയുന്ന കൂട്ടത്തില്‍ റസൂല്‍ (സ) പറയുന്നൊരു കാര്യമാണ് ഏതെങ്കിലും അമുസ്‌ലിം ഗോത്രത്തെ കണ്ടാല്‍ ഈ മൂന്ന് നിര്‍ദ്ദേശങ്ങള്‍ വെക്കണം എന്നത്.  അത് പറയുന്നതിന് പ്രത്യേകമായൊരു പശ്ചാത്തലമുണ്ട്. മദീന എന്ന ഒരു ഇസ്‌ലാമിക രാഷ്ട്രം വളര്‍ന്നുവരുന്നു. ആ ഇസ്‌ലാമിക രാഷ്ട്രത്തിനുപുറത്ത് മരുഭൂവാസികളായ ഒരുപാട് അറബ് ഗോത്രങ്ങളുണ്ട്. ആ അറബ് ഗോത്രങ്ങള്‍ അന്നത്തെ രീതിയനുസരിച്ച് ആയുധങ്ങള്‍ കൈവശമുള്ള ഗോത്രങ്ങളാണ്. ആ അറബ് ഗോത്രങ്ങള്‍ മദീനക്കെതിരെ സൈനികമായ വെല്ലുവിളികളുയര്‍ത്തുകയും മദീനയുടെ രാജ്യസുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യാന്‍ ശ്രമിച്ചവരാണ്. അതോടൊപ്പം മക്കയില്‍ നിന്നും മദീനയെ ആക്രമിക്കാന്‍ വന്ന മക്കയില്‍ നിന്നുള്ള സൈനികര്‍ പലപ്പോഴും ഇത്തരം മരുഭൂവാസികളായ അറബ് ഗോത്രങ്ങളുമായി സഖ്യത്തിലേര്‍പ്പെട്ട് ഒന്നിച്ച് മദീനയെ ആക്രമിക്കുവാനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു. സ്വാഭാവികമായും മദീന ഒരു രാഷ്ട്രമെന്ന നിലക്ക് ഭദ്രമായി വരുന്നതിന്റെ ഭാഗമായി ചുറ്റപാടിലുമുള്ള ഇത്തരം രാഷ്ട്രീയമായ, സൈനികമായ വെല്ലുവിളികളെ നേരിടുന്നതിന് സൈനികസംഘങ്ങളെ അയക്കുന്ന സമയത്ത് റസൂല്‍ (സ) പറഞ്ഞ വര്‍ത്തമാനമാണത്. ദഅ്‌വത്തിന്റെ (പ്രബോധനത്തിന്റെ) രീതിശാസ്ത്രമല്ല റസൂല്‍ (സ) അവിടെ പറയുന്നത്. മറിച്ച് മദീനക്കു ചുറ്റുമുള്ള മരുഭൂവാസികളായ ഗോത്രങ്ങളെ കണ്ടുമുട്ടുമ്പോള്‍ എന്തു ചെയ്യണമെന്നാണ്.
ഒന്നാമതായി പ്രവാചകന്‍ (സ) പറഞ്ഞു, അവരെ നിങ്ങള്‍ ഇസ്‌ലാമിലേക്ക് ക്ഷണിക്കണം. ഈ ക്ഷണത്തിന് സൈനികനടപടിയുമായി യാതൊരു ബന്ധവുമില്ല. ഒരു മുസ്‌ലിം ഏതൊരവസരത്തിലും പ്രബോധകനാണ്. അവന്‍ കച്ചവടക്കാരനായാലും സൈനികനായാലും അധ്യാപകനായാലും എന്തായാലും അയാള്‍ പ്രബോധകനാണ്. ജീവിതത്തിലെ ഏതു രംഗത്തേക്ക് കടന്നു ചെല്ലുമ്പോഴും ഇസ്‌ലാം എന്ന ആശയം അയാളെത്തിച്ചേരുന്ന സമൂഹത്തോട് അയാള്‍ പറഞ്ഞുകൊണ്ടേയിരിക്കും. ആ ഇസ്‌ലാമിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടേയിരിക്കും. ഇവിടെ നിര്‍ണായകമായൊരു സൈനിക നടപടിക്കുവേണ്ടിയാണ് നിങ്ങള്‍ പോ
കുന്നതെങ്കില്‍ പോലും അമുസ്‌ലിം  ഗോത്രങ്ങളെ കണ്ടുമുട്ടുമ്പോള്‍ അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാന്‍ മറക്കരുത് എന്ന വസ്തുതയാണ് റസൂല്‍ (സ) ഈ സൈനികസംഘങ്ങളുടെ തലവന്‍മാരോട് പറയുന്നത്. ഹദീഥിന്റെ പ്രയോഗം വളരെ കൃത്യമായി ഇസ്‌ലാമിലേക്ക് ക്ഷണിക്കുക എന്നാണ്. ഇസ്‌ലാമിലേക്ക് ക്ഷണിക്കേണ്ടത് എങ്ങനെയാണ്? ഇത് പരിശുദ്ധ ക്വുര്‍ആന്‍ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോ
ലെ ഇസ്‌ലാമിലേക്ക് ആളുകളെ ക്ഷണിക്കേണ്ടത് യുക്തിഭദ്രമായി കാര്യങ്ങള്‍ സമര്‍ത്ഥിച്ചുകൊണ്ടാണ്, സദുപദേശങ്ങള്‍ നല്‍കിക്കൊണ്ടാണ്, അവരുമായി ദാര്‍ശനികമായ സംവാദങ്ങളിലേര്‍പ്പെട്ടുകൊണ്ടാണ്. ഒരു സൈനികനടപടിക്കുവേണ്ടി പോകുന്ന യാത്രക്കിടയില്‍ അമുസ്‌ലിം ഗോത്രങ്ങളെ കണ്ടുമുട്ടിയാല്‍ പോലും ഈ ദൗത്യങ്ങള്‍ മറന്നുപോകരുതെന്നും അവരോട് പ്രബോധനം നടത്തണമെന്നും അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കണമെന്നും പ്രവാചകന്‍ (സ) കല്‍പിച്ചു. എന്നാല്‍ അവര്‍ ഇസ്‌ലാം സ്വീകരിക്കാന്‍ സന്നദ്ധമായിട്ടില്ലെങ്കിലോ? ഈ പറയുന്ന ഐ.എസിന്റെ കര്‍മശാസ്ത്രപ്രകാരം പ്രവാചകന്‍ (സ) പറയേണ്ടത് ഇസ്‌ലാമിലേക്ക് വരാന്‍ അവര്‍ സന്നദ്ധമായിട്ടില്ലെങ്കില്‍ അവരെ ഭീഷണിപ്പെടുത്തണമെന്നാണ്, അവരെ കൊന്നുകളയണമെന്നാണ്, ഇസ്‌ലാം സ്വീകരിക്കാന്‍ സന്നദ്ധമാകാത്തതിന്റെ പേരില്‍ ഗോത്രങ്ങളെ നിഷ്‌കാസനം ചെയ്യണമെന്നാണ്. എന്നാല്‍ റസൂല്‍ (സ) പറഞ്ഞത് അതൊന്നുമല്ല. അവര്‍ ഇസ്‌ലാം സ്വീകരിക്കുവാന്‍ സന്നദ്ധമാകുന്നില്ലെങ്കില്‍ പ്രബോധനം എന്ന ദൗത്യം അവിടെ അവസാനിക്കുന്നു. ബാക്കിയുള്ളത് രാഷ്ട്രീയമായ നടപടിക്രമങ്ങളാണ്, മദീന എന്ന ഇസ്‌ലാമിക രാഷ്ട്രം പറഞ്ഞയക്കുന്ന സൈനികസംഘം സ്വീകരിക്കേണ്ട രാഷ്ട്രീയമായ നടപടിക്രമങ്ങളെക്കുറിച്ചാണ്. ആ ഗോത്രങ്ങള്‍ക്ക് മുന്നില്‍ വെക്കേണ്ട രാഷ്ട്രീയമായ ഓപ്ഷനുകളെക്കുറിച്ചാണ് പിന്നെയുള്ള നബിസംസാരം. റസൂല്‍ (സ) പറഞ്ഞത്, അവര്‍ ഇസ്‌ലാം സ്വീകരിക്കാന്‍ സന്നദ്ധമാവുകയാണെങ്കില്‍ നിങ്ങള്‍ക്ക് അവരോട് വേണമെങ്കില്‍ മദീനക്കുള്ളിലേക്ക് വരാന്‍ പറയാം. ഇത് രാഷ്ട്രീയമായ ഒരു ചോയ്‌സാണ്. ഇനി അതിന് താല്‍പര്യമില്ലെങ്കില്‍ അവര്‍ക്ക് മരുഭൂനിവാസികളായ മുസ്‌ലിംകളായി കഴിയാം. പ്രവാചകന്റെ (സ) പ്രയോഗം വളരെ ശ്രദ്ധേയമാണ്. മുസ്‌ലിമായി കഴിഞ്ഞാല്‍ പിന്നെ ഇസ്‌ലാമികേതരമായ ഒരു രാഷ്ട്രസംവിധാനത്തിനുകീഴില്‍ ജീവിക്കാന്‍ പാടില്ല എന്നല്ല പ്രവാചകന്‍ (സ) പറയുന്നത്. മദീനയുടെ അതിര്‍ത്തിക്ക് പുറത്തുള്ള മരുഭൂനിവാസികളായ മനുഷ്യരോടാണ് ഈ പറയുന്നത് എന്നോര്‍ക്കണം. കേരളത്തിലുള്ള, ഇന്‍ഡ്യയിലുള്ള മനുഷ്യരോടല്ല. മദീനയിലേക്ക് വളരെ എളുപ്പത്തില്‍ കടന്നുകയറാന്‍ കഴിയുന്ന മനുഷ്യര്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ പോലും ഒരു പൊളിറ്റിക്കല്‍ ചോയ്‌സ് എന്ന നിലയില്‍ അവര്‍ക്ക് ഇസ്‌ലാമിക രാഷ്ട്രത്തിനകത്ത് ജീവിക്കണോ പു
റത്തുജീവിക്കണോ എന്നുതീരുമാനിക്കാം എന്നാണ് പ്രവാചകന്‍ (സ) പറയുന്നത്. ആ രാഷ്ട്രീയമായ ചോയ്‌സിന് വിശ്വാസവുമായി ബന്ധമൊന്നുമില്ല. പ്രവാചകന്‍ (സ) പറഞ്ഞത് അവര്‍ക്ക് ഒന്നുകില്‍ മദീനയുടെ അതിര്‍ത്തിക്കുള്ളിലേക്ക് വരാം. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാഗമാകാം. എന്നിട്ട് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സൈനികനടപടികളുടെ ഭാഗമായി പട്ടാളക്കാരായി ജോലി ചെയ്യാം. സ്വാഭാവികമായും യുദ്ധങ്ങളില്‍ അവര്‍ക്ക് പങ്കെടുക്കാം. എന്നാല്‍ മദീനക്കുപുറത്തുതന്നെയാണ് താമസിക്കാന്‍ തീരുമാനിക്കുന്നതെങ്കില്‍ അവര്‍ക്ക് അങ്ങനെയുമാകാം. അത് രാഷ്ട്രീയമായ ഒരു ചോയ്‌സാണ്. എന്നിട്ട് വീണ്ടും റസൂല്‍ (സ) പറഞ്ഞുകൊടുത്തു ഇനി ഇതിനൊന്നും അവര്‍ക്ക് താല്‍പര്യമില്ല, അവര്‍ക്ക് ഇസ്‌ലാം ശരിയെന്നു ബോധ്യപ്പെടുന്നില്ല, ഇസ്‌ലാം സത്യമാണെന്ന് ബോധ്യപ്പെടുന്നില്ല എന്നാണെങ്കില്‍ നിങ്ങള്‍ അവരോട് ജിസ്‌യ നല്‍കാന്‍ ആവശ്യപ്പെടണം. ജിസ്‌യ നല്‍കാന്‍ ആവശ്യപ്പെടുക എന്നാല്‍ ഇസ്‌ലാമിക രാഷ്ട്രത്തിന് കപ്പം കൊടുക്കാന്‍ ആവശ്യപ്പെടണം. ഇത് അന്നത്തെ രാഷ്ട്രീയ നൈതികതവെച്ച് ഏതുരാജ്യവും ആവശ്യപ്പെടുന്ന കാര്യമാണ്. നമ്മള്‍ ഇന്‍ഡ്യയുടെ ചരിത്രം പരിശോധിക്കുക. ഇന്‍ഡ്യയുടെ ചരിത്രത്തില്‍ നാട്ടുരാജ്യങ്ങള്‍ ഉണ്ടായിരുന്നു. ആ നാട്ടുരാജ്യങ്ങള്‍ യുദ്ധങ്ങള്‍ നടത്തിയിരുന്നു. യുദ്ധങ്ങള്‍ നടത്തിയ സമയത്ത് അയല്‍രാജ്യങ്ങളോട് അവര്‍ പറഞ്ഞത് എന്താണ്? നിങ്ങള്‍ക്ക് കപ്പം തന്ന് ഞങ്ങളുടെ അധികാരം അംഗീകരിക്കാം. അങ്ങനെ നിങ്ങള്‍ ഞങ്ങള്‍ക്ക് കപ്പം തന്നാല്‍ സ്വാഭാവികമായും നമ്മള്‍ സഖ്യരാഷ്ട്രങ്ങളായിരിക്കും. നിങ്ങളെ ഞങ്ങള്‍ സംരക്ഷിക്കും. മറ്റ് രാഷ്ട്രങ്ങള്‍ നിങ്ങളെ ആക്രമിക്കില്ല. ഇതേപോലെ മദീനക്കുപുറത്ത് സൈനികമായ കലാപങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്ന ഗോത്രങ്ങളുടെ അടുത്തേക്കുചെന്നാല്‍ അവരോട് വേണമെങ്കില്‍ മദീനക്ക് കപ്പം നല്‍കി മദീനയോട് കരാറില്‍ ഏര്‍പ്പെട്ട് മദീനയുടെ സംരക്ഷണത്തില്‍ പുറത്തുനിന്നുള്ള ആക്രമണകാരികളെ തുരത്തുന്ന തരത്തില്‍ നിങ്ങള്‍ക്ക് രാഷ്ട്രീയമായ സഖ്യത്തില്‍ ഏര്‍പ്പെടാം എന്നുപറയാനാണ് പ്രവാചകന്‍ (സ) പഠിപ്പിക്കുന്നത്. ഇത് ആ കാലഘട്ടത്തില്‍ ഏതു രാജ്യവും ചുറ്റുമുണ്ടാകുന്ന ഇത്തരം രാഷ്ട്രീയവെല്ലുവിളികളോട് പ്രതികരിക്കുന്ന ഒരു രീതി മാത്രമാണ്. അതിനും സന്നദ്ധമല്ലെങ്കില്‍ യുദ്ധം ചെയ്യുക എന്ന് റസൂല്‍ (സ) അവരോട് പറഞ്ഞു. നമ്മള്‍ ഒന്നാമതായി മനസ്സിലാക്കേണ്ടത് അവര്‍ പോയത് സൈനികനടപടിക്കാണ് എന്ന വസ്തുതയാണ്. ആ സൈനികനടപടിക്ക് സ്വാഭാവികമായും നേരെചെന്ന് യുദ്ധം ചെയ്താല്‍ മതി. പക്ഷേ പ്രവാചകന്‍ (സ) വളരെ നയതന്ത്രപരമായി അതല്ലാത്ത രാഷ്ട്രീയമായ സാധ്യതകള്‍ അന്വേഷിക്കണം എന്ന് മുസ്‌ലിംകളോട് കല്‍പിക്കുകയാണ്. പ്രബോധനം ആ രാഷ്ട്രീയമായ ചോയ്‌സുകളുമായി ബന്ധപ്പെട്ട ഒരു കാര്യമല്ല. ഇസ്‌ലാമിനെ സത്യസന്ധമായി അവര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നുവെന്നു മാത്രമേയുള്ളൂ. ആ അവതരണം വഴി ഇസ്‌ലാം ശരിയാണെന്ന് ബോധ്യപ്പെട്ട് അവരത് സ്വീകരിച്ചാല്‍ അവരുടെ പൊളിറ്റിക്കല്‍ ഓപ്ഷനുകളെക്കുറിച്ചു പറഞ്ഞു, ഒന്നുകില്‍ മദീനക്കുള്ളിലേക്കു വരാം, അല്ലെങ്കില്‍ മദീനക്ക് പു
റത്തുനില്‍ക്കാം. ഇതുരണ്ടും അവര്‍ക്ക് ചെയ്യാം. ഇനി ഇസ്‌ലാം സ്വീകരിക്കാന്‍ അവര്‍ സന്നദ്ധമല്ലെങ്കില്‍ മദീനക്ക് കപ്പം നല്‍കാം. യുദ്ധത്തിനുപോ
കുന്ന ഒരു സൈനികന്‍, സൈനികനടപടിക്ക് പോ
കുന്ന ഒരു സൈനികന്‍ രാജ്യത്തിന് വെല്ലുവിളിയുയര്‍ത്തുന്ന കലാപശബ്ദങ്ങളെ അമര്‍ച്ച ചെയ്യാന്‍ പോകുന്ന ഒരു സൈനികന്‍, ആണിത് പറയുന്നത് എന്നോര്‍ക്കണം, നമുക്ക് സൈനികനടപടിയിലേക്ക് പോകേണ്ടതില്ല, നമുക്ക് യുദ്ധം ചെയ്യേണ്ടതില്ല, നിങ്ങള്‍ക്ക് കപ്പം തന്നുകൊണ്ട് മദീനാ രാജ്യവുമായി സഖ്യത്തിലേര്‍പ്പെടാം, മദീന നിങ്ങളെ സംരക്ഷിക്കും. നിങ്ങള്‍ മുസ്‌ലിംകളാണോ അമുസ്‌ലിംകളാണോ എന്നത് ഇവിടെ ഒരു വിഷയമേ അല്ല. അതാണ് നാം മനസ്സിലാക്കേണ്ടത്. അവര്‍ അമുസ്‌ലിംകളായി നിലനിന്നുകൊണ്ടുതന്നെ മദീന അവരെ സംരക്ഷിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകും; അവരില്‍ നിന്നു കപ്പം സ്വീകരിച്ചുകൊണ്ട്. അതുമല്ലെങ്കില്‍ സൈനിക നടപടി നേരിടേണ്ടി വരും. ആ സൈനികനടപടി നേരിടേണ്ടി വരുന്നത് അവര്‍ അമുസ്‌ലിംകളായതുകൊണ്ടല്ല. അവര്‍ അവിശ്വാസികളായതുകൊണ്ടല്ല. അവര്‍ ഇസ്‌ലാം സ്വീകരിക്കാത്തതുകൊണ്ടല്ല. മറിച്ച് അവര്‍ ആ സൈനികനടപടികള്‍ നേരിടേണ്ടി വരുന്നത് മദീന എന്ന ഇസ്‌ലാമിക രാഷ്ട്രത്തിനെതിരില്‍ രാഷ്ട്രീയമായ വെല്ലുവിളികളുയര്‍ത്തിക്കൊണ്ട് മരുഭൂമിയില്‍ കലാപശ്രമങ്ങള്‍ നടത്തുന്നതുകൊണ്ടാണ്.
ഇതേകാര്യമാണ് ഈ ഹദീഥിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ടുകൊണ്ട് പില്‍ക്കാലത്ത് ചില ഖലീഫമാര്‍ പുറത്തുള്ള സാമ്രാജ്യങ്ങളിലേക്ക് ദൂതന്‍മാരെ പറഞ്ഞയച്ചപ്പോള്‍ അവര്‍ക്കയച്ച കത്തുകളില്‍ ഇതേ വാചകങ്ങള്‍ ആവര്‍ത്തിച്ചതിലുള്ളത്. ആ രാജ്യത്തെ രാജാക്കന്‍മാരെ ഒരു ദഅ്‌വ ബാധ്യത എന്ന നിലയില്‍ അവര്‍ ഇസ്‌ലാമിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അങ്ങനെ അവര്‍ ഇസ്‌ലാം സ്വീകരിക്കാന്‍ സന്നദ്ധമല്ലെങ്കില്‍ അവരെ കൊന്നുകളയുമെന്നല്ല പറഞ്ഞത്; നിങ്ങള്‍ക്ക് കപ്പം നല്‍കാം, കപ്പം നല്‍കിക്കൊണ്ട് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സഖ്യരാജ്യമായി നിലനില്‍ക്കാം. നിങ്ങള്‍ക്ക് സംരക്ഷണം നല്‍കും ഈ രാജ്യം. അതിനു സന്നദ്ധമല്ലെങ്കില്‍ സ്വാഭാവികമായും യുദ്ധം ചെയ്യേണ്ടി വരും. അന്ന് സാമ്രാജ്യങ്ങളുടെ കാലമാണ്. ദേശരാഷ്ട്രങ്ങളുടെ കാലമല്ല. ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ കീഴടക്കപ്പെടുക. അതാണ് അന്നത്തെ രാജ്യനിയമം. ഒന്നുകില്‍ നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തി വികസിപ്പിക്കുക. മറ്റ് രാഷ്ട്രങ്ങളെ ഈ രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുക. അല്ലെങ്കില്‍ നമ്മള്‍ മറ്റു രാജ്യങ്ങളുടെ ഭാഗമായി അലിഞ്ഞില്ലാതാവുക. അന്ന് എല്ലാ രാജ്യങ്ങളും സ്വാഭാവികമായും സാമ്രാജ്യങ്ങളെന്ന നിലക്ക് സ്വീകരിച്ചൊരു രാഷ്ട്രീയനൈതികത ആ കാലഘട്ടത്തിലെ ഖലീഫമാരും പിന്തുടര്‍ന്നു എന്നുമാത്രമേയുള്ളൂ. അവിടെയൊന്നും ഏതെങ്കിലും ആളുകളെ ചെന്നുകണ്ട് വാള്‍ കാണിച്ച് ഇസ്‌ലാം മതം സ്വീകരിച്ചിട്ടില്ലെങ്കില്‍ തല കൊയ്യുമെന്നു പറയുന്ന ഒരു സമ്പ്രദായം, അങ്ങനെ നിര്‍ബന്ധിച്ച് ഇസ്‌ലാം സ്വീകരിപ്പിക്കുന്ന ഒരു സമ്പ്രദായം പ്രവാചകനോ (സ) സ്വഹാബിമാരോ സ്വീകരിച്ചിട്ടില്ല. കാരണം എത്ര അധികാരമുണ്ടായാലും ആളുകളെ നിര്‍ബന്ധിച്ച് ഇസ്‌ലാമിലേക്ക് കൊണ്ടുവരരുത് എന്ന തത്ത്വമാണ് ‘മതത്തില്‍ ബലാല്‍ക്കാരമില്ല’ എന്നുപറയുന്ന പരിശുദ്ധ ക്വുര്‍ആനിന്റെ പ്രഖ്യാപനത്തില്‍ നിന്ന് അവര്‍ പഠിച്ചിട്ടുള്ളത് എന്നതാണ് സത്യം. അങ്ങനെയല്ല എന്നുപറയുന്നത് ഓറിയന്റലിസ്റ്റുകളും ഇസ്‌ലാമിക് സ്റ്റെയ്റ്റുകാരുമെല്ലാമാണ്. അവര്‍ പരിശുദ്ധ ക്വുര്‍ആനിനെയ

Leave a Reply

Your email address will not be published. Required fields are marked *